ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, March 11, 2011

NEW KERALA DEVELOPMENT FORUM

പുതിയ കേരളം വികസന ഫോറം 
ഇന്ന് തുടങ്ങും
കൊച്ചി: സോളിഡാരിറ്റി ഒരുക്കുന്ന പുതിയ കേരളം വികസന ഫോറം ത്രിദിന സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30 ന് എറണാകുളം ടൌണ്‍ഹാളില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധനും 'ഇന്ത്യന്‍ എക്സ്പ്രസ്' മുന്‍ ഡെവലപ്മെന്റ് എഡിറ്ററുമായ ഡോ. ദേവീന്ദര്‍ ശര്‍മ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സച്ചാര്‍ കമ്മിറ്റി സെക്രട്ടറി അബൂസാലിഹ് ശരീഫ്, ടി.കെ. അബ്ദുല്ല, ക്ലോഡ് അല്‍വാരിസ്, വി.എം. സുധീരന്‍, എം.കെ. മുഹമ്മദലി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍, പി.ഐ. നൌഷാദ്, ശബീന ശര്‍ഖി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
വൈകുന്നേരം 6.30 ന് മാധ്യമസംവാദം എം.ഡി. നാലപ്പാട് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ കെ.എം. റോയ്, എം.ജി. രാധാകൃഷ്ണന്‍, ഒ. അബ്ദുറഹ്മാന്‍, ജോണി ലൂക്കോസ്, എം.വി. നികേഷ്കുമാര്‍, ഭാസുരേന്ദ്ര ബാബു, വി.എം. ഇബ്രാഹിം, എന്‍.പി. ചെക്കുട്ടി എന്നിവര്‍ പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന 'പുതിയകേരളം പുതിയ സമീപനം' സംവാദത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ജി. കാര്‍ത്തികേയന്‍, കെ.ആര്‍. മീര, കെ.ഇ.എന്‍, കെ.പി. രാമനുണ്ണി, കമല്‍, ഫാ. പോള്‍ തേലക്കാട്, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ജെ. രഘു, ജി. ശങ്കര്‍, കൂട്ടില്‍ മുഹമ്മദലി, കെ.എ. ഫൈസല്‍ എന്നിവര്‍ പങ്കെടുക്കും. 
ഞായറാഴ്ച വൈകുന്നേരം മൂന്നിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ജനപക്ഷ വികസന സമ്മേളനം പ്രമുഖ നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. മെയിന്‍സ്ട്രീം വീക്ക്ലി എഡിറ്റര്‍ സുമിത് ചക്രവര്‍ത്തി, തെഹല്‍ക റിപ്പോര്‍ട്ടര്‍ ആശിഷ് ഖേതന്‍, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, ടി.ടി. ശ്രീകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സാറാ ജോസഫ്, സി.ആര്‍. നീലകണ്ഠന്‍, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ബി.ആര്‍.പി. ഭാസ്കര്‍, പി. മുജീബ് റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.എ. ശഫീഖ് എന്നിവര്‍ പങ്കെടുക്കും.
 പുതിയ കേരളം വികസന ഫോറം
തല്‍സമയ സംപ്രേഷണം
കൊച്ചി: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പുതിയ കേരളം വികസന ഫോറത്തിന്റെ സുപ്രധാന സെഷനുകള്‍ തല്‍സമയ സംപ്രേഷണത്തിന് സംവിധാനമൊരുക്കിയതായി ജനറല്‍ കണ്‍വീനര്‍ കളത്തില്‍ ഫാറൂഖ് അറിയിച്ചു.
www.keraladevelopmentforum.com
www.solidarityym.org
www.solidarityy.net
www.jihkerala.org 
എന്നീ വെബ് സൈറ്റുകളില്‍ പരിപാടി ലൈവായി കാണാം.

HAJJ 2011

* തുടര്‍ച്ചയായി നാലുവട്ടം അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം
* രണ്ടാമത് അവസരം നല്‍കില്ല 
* രണ്ടു വയസ്സുവരെ ഉള്ളവരെ കൂടെ കൊണ്ടുപോകാം* ഹജ്ജ്: അപേക്ഷാ ഫോറം വിതരണം 16 മുതല്‍

2011 ഹജ്ജിനുള്ള അപേക്ഷാ ഫോറം വിതരണം മാര്‍ച്ച് 16ന് ആരംഭിക്കും. 14 ജില്ലാ കലക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ മദ്റസ അധ്യാപക ക്ഷേമനിധി ഓഫിസ്, തിരുവനന്തപുരം പാളയത്തെ ന്യൂനപക്ഷ ഡയറക്ടറേറ്റ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നാണ് ഫോറം വിതരണം ചെയ്യുക. ഏപ്രില്‍ 30വരെ അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സ്വീകരിക്കും. രജിസ്ട്രേഡ് തപാല്‍, സ്പീഡ് പോസ്റ്റ്, കൊറിയര്‍ സര്‍വീസ് മുഖേനയേ അപേക്ഷകള്‍ സ്വീകരിക്കൂ. നേരിട്ട് ഓഫിസില്‍ സ്വീകരിക്കില്ല.
അപേക്ഷാ ഫോറം മൊത്തമായി നല്‍കില്ല. ഒരു കവറില്‍ പരമാവധി അഞ്ച് പേര്‍ക്കേ അവസരം നല്‍കൂ. ഫോറം വാങ്ങാനെത്തുന്നവര്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറവും ഉപയോഗിക്കാം. അപേക്ഷയോടൊപ്പം മലയാളത്തില്‍ അച്ചടിച്ച നിബന്ധനകളും നല്‍കും. ഇത്തവണ 14 പേരെ ഹജ്ജ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കാന്‍ വ്യാഴാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൌസില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ക്കുള്ള താമസ സൌകര്യം ഒരുക്കാന്‍ മക്കയിലേക്ക് ഈ മാസം 29ന് പുറപ്പെടുന്ന കേന്ദ്ര സാങ്കേതിക സംഘത്തില്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി സ്പെഷല്‍ ബില്‍ഡിങ് സബ് ഓഫിസിലെ അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. നാസറിനെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രതിനിധിയായി നിശ്ചയിച്ചു.
ഇത്തവണ തീര്‍ഥാടകര്‍ക്ക് കൊണ്ടുപോകാനുള്ള ബാഗേജ് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കും. മൂന്ന് തരം സ്യൂട്ട്കേസാണ് നല്‍കുക. 25, 20, 10 കിലോ ബാഗേജുകള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിക്കാന്‍ ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. മറ്റൊരുതരം ബാഗേജും കൊണ്ടുപോകാന്‍ തീര്‍ഥാടകരെ അനുവദിക്കില്ല.
ഇത്തവണത്തെ ഹജ്ജിനുള്ള വിവിധ ഘട്ടങ്ങളുടെ സമയക്രമവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗീകരിച്ചു. മേയ് രണ്ടാം വാരമാണ് തീര്‍ഥാടകരുടെ നറുക്കെടുപ്പ്. നാലാം തവണ തുടര്‍ച്ചയായി അപേക്ഷിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. ഇവരുടെ എണ്ണം അധികരിച്ചാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്പോര്‍ട്ടും ഒന്നാംഗഡുവായ 31,000 രൂപ അടച്ചതിന്റെ രശീതിയും ജൂണ്‍ 15നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം. ഹാജിമാര്‍ക്കുള്ള പരിശീലനം മേയ്, ജൂണ്‍ മാസങ്ങളില്‍ നടത്തും. ജൂണ്‍ 30നകം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തവരുടെ അവസരം നഷ്ടപ്പെടും. പകരം വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അവസരം നല്‍കും.
തീര്‍ഥാടകരുടെ വിമാന യാത്രാ ഷെഡ്യൂള്‍ ആഗസ്റ്റില്‍ പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 27നാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനം. അവസാന വിമാനം ഒക്ടോബര്‍ 30നാണ്. നവംബര്‍ നാലിനാണ് അറഫാദിനം. രണ്ടാമത്തെ തവണ തെരഞ്ഞെടുക്കപ്പെടാന്‍ ആര്‍ക്കും അര്‍ഹത ഉണ്ടാകില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.എ. റഹീം എം.എല്‍.എ പറഞ്ഞു. ബദല്‍ ഹജ്ജിനും അവസരം നല്‍കില്ല. രണ്ട് വയസ്സുവരെയുള്ളവരെ തീര്‍ഥാടകര്‍ക്ക് കൂടെ കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Courtesy:Madhyamam

PRAVASI VOTE

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍: അപേക്ഷകള്‍
സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന് കമീഷന്‍
 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള പ്രവാസികളുടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ നയതന്ത്ര കാര്യാലയങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. ഇതു സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച വിവിധ ഇന്ത്യന്‍ എംബസികളില്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ച ഫോം നമ്പര്‍ 'ആറ്^എ' ആണ് അപേക്ഷകര്‍ പൂരിപ്പിച്ച് നല്‍കേണ്ടത്. ഇതോടൊപ്പം സമര്‍പ്പിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും ഇന്ത്യന്‍ മിഷനുകളുടെ അറ്റസ്റ്റേഷന്‍ ആവശ്യമില്ലെന്നും വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വ്യാഴാഴ്ച  പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അപേക്ഷകള്‍ എംബസി സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് നേരത്തെ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തത് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷകര്‍ക്കുമിടയില്‍ കടുത്ത ആശയക്കുഴപ്പത്തിന് കാരണമാക്കിയിരുന്നു. എംബസികള്‍ സാക്ഷ്യപ്പെടുത്താത്തവ പരിഗണിക്കാനാവില്ലെന്നും അത്തരം അപേക്ഷകള്‍ മാറ്റിവെക്കുമെന്നും മുഖ്യ  തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോയും അറിയിച്ചിരുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ചില താലൂക്ക് ഓഫിസുകള്‍ നിരസിക്കുകയും ചെയ്തു. യു.എ.ഇയിലെ യു.ഡി.എഫ് അനൂകൂല സംഘടനാ പ്രവര്‍ത്തകരുടെ ഏതാനും അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ കൊണ്ടുപോയെങ്കിലും മലപ്പുറം ജില്ലയിലെ താലൂക്ക് ഓഫിസില്‍ നിന്ന് തിരിച്ചയച്ചിരുന്നു.
60 ദിര്‍ഹം (ഏകദേശം 740 രൂപ) മുടക്കി അപേക്ഷ സാക്ഷ്യപ്പെടുത്തി അയക്കേണ്ടതു കാരണം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണമാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരാഴ്ചയിലേറെയായിട്ടും ഒമാന്‍, സൌദി തുടങ്ങിയ രാജ്യങ്ങളിലെ എംബസികളില്‍ ഒരു അപേക്ഷകന്‍ പോലും പാസ്പോര്‍ട്ട് സാക്ഷ്യപ്പെടുത്താന്‍ എത്തിയിരുന്നില്ല.
നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ മാര്‍ച്ച് 26 വരെയാണ് രജിസ്ട്രേഷന് അവസരം. പരിശോധനക്കും മറ്റും ഏഴ് ദിവസം ആവശ്യമായതിനാല്‍ മാര്‍ച്ച് 19നെങ്കിലും നാട്ടില്‍ ലഭിക്കുംവിധം അപേക്ഷകള്‍ അയക്കണം.
Courtesy:Madhyamam