ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 13, 2010

SOLIDARITY PAVILION

കേരളോത്സവത്തിനിടെ സംഘര്‍ഷം; 50 പേര്‍ക്കെതിരെ കേസ്


കേരളോത്സവത്തിനിടെ സംഘര്‍ഷം;
50 പേര്‍ക്കെതിരെ കേസ്
മുണ്ടേരി പഞ്ചായത്ത് കേരളോത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 50 പേര്‍ക്കെതിരെ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ കണ്ണോത്ത് റിജിത്ത്, റിഗേഷ്, ബിജു, ഗിരീശന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിച്ചതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഷമീര്‍ മുണ്ടേരി, ഷിഖില്‍ കമാല്‍പീടിക, ഷഫീഖ് മീത്തലെപള്ളി, അലി മീത്തലെപള്ളി, നവാസ് പുറവൂര്‍, റമീസ് മായന്‍മുക്ക്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ടി.വി. അബ്ദുല്‍ ഖാദര്‍, ശരീഫ്, ഹാരിസ്, ഇസ്മാഈല്‍ എന്നിവരെ മര്‍ദിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ അശോകന്‍, സനീഷ്, ബിജു, സുജിത്ത്, സൂരജ്, സനീഷ്, ജിഷിന്‍, പ്രജീഷ്, രതീശന്‍, കണ്ടാലറിയാവുന്ന മറ്റു 30 പേര്‍ എന്നിവര്‍ക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്.ശനിയാഴ്ച വൈകുന്നേരം മുണ്ടേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ ഫുട്ബാള്‍ സെമിഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് എസ്.ഡി.പി.ഐ^സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
തലമുണ്ട എ.കെ.ജി ക്ലബും മായന്‍മുക്ക് ബ്രദേഴ്സ് ക്ലബും തമ്മിലായിരുന്നു മത്സരം. ടീമുകളെ അനുകൂലിച്ച് കാണികളില്‍നിന്ന് ഇരുസംഘങ്ങള്‍ അണിനിരക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംഘര്‍ഷത്തെത്തുടര്‍ന്ന് ഫുട്ബാള്‍ മത്സരം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച കലാമത്സരങ്ങള്‍ നടന്നു.

മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു


മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഞായറാഴ്ച നടത്തിയ കായികമത്സരത്തിനൊടുവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി എട്ടുപേര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
പൊലീസ് സാന്നിധ്യത്തില്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപനസമ്മേളനം എടക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, സി. ഉമ, കട്ടേരി പ്രകാശന്‍, പി.സി. നൌഷാദ്, കെ.ടി. ഭാസ്കരന്‍, സി. കുമാരന്‍ മാസ്റ്റര്‍, കെ.സി. വാസന്തി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രന്‍ സ്വാഗതവും വി.വി. പ്രജീഷ് നന്ദിയും പറഞ്ഞു. സമ്മാനദാനം സി. ശ്യാമള നിര്‍വഹിച്ചു.

അധ്യാപകന്റെ വീട്ടുകിണറ്റില്‍ കീടനാശിനി ഒഴിച്ചു


അധ്യാപകന്റെ വീട്ടുകിണറ്റില്‍ കീടനാശിനി ഒഴിച്ചു
കാഞ്ഞിരോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അധ്യാപക ദമ്പതികളുടെ വീട്ടുകിണറ്റില്‍ വിഷാംശമുള്ള കീടനാശിനി ഒഴിച്ചതായി പരാതി.മാണിയൂര്‍ വേശാലയിലുള്ള ഗ്രാമികയിലെ മധു^വിജയകുമാരി ദമ്പതികളുടെ വീട്ടുകിണറാണ് കീടനാശിനി ഒഴിച്ച് മലിനമാക്കിയത്. വീട്ടുകാരുടെ പരാതിപ്രകാരം ചക്കരക്കല്ല് പൊലീസ് കേസെടുത്തു.
ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. രാവിലെ കിണര്‍വെള്ളത്തിന്റെ മണം മാറിയതിനാല്‍ വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു.മധു മാസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പഠനയാത്രയിലായിരുന്നു. ശനിയാഴ്ച രാത്രി അജ്ഞാതര്‍ ഭാര്യ വിജയകുമാരിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതായും ഭീതി കാരണം അയല്‍വാസിയെ അറിയിച്ചതിനെത്തുടര്‍ന്ന് രാത്രി ഒന്നര വരെ അയല്‍വാസികള്‍ വീടിന് സുരക്ഷ നല്‍കിയതായും അതിനുശേഷമാണ് കൃത്യം നടത്തിയതെന്നും ടീച്ചര്‍ പറഞ്ഞു.