ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 15, 2012

മീഡിയവണ്‍ ഫെബ്രുവരി 10ന്

  മീഡിയവണ്‍ ഫെബ്രുവരി 10ന്
 കോഴിക്കോട്: പുതു ദൃശ്യമാധ്യമ സംസ്കാരത്തിന് തുടക്കംകുറിക്കാന്‍ ‘മീഡിയവണ്‍’ ചാനല്‍ മിഴിതുറക്കുന്നു. മാധ്യമം ദിനപത്രത്തിന്‍െറ രജത ജൂബിലി ഉപഹാരമായ മീഡിയവണിന്‍െറ ഒൗപചാരിക ഉദ്ഘാടനം 2013 ഫെബ്രുവരി 10ന് നടക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം വെള്ളിപറമ്പില്‍ ആസ്ഥാന മന്ദിരത്തിന്‍െറയും ആധുനിക സ്റ്റുഡിയോ കോംപ്ളക്സിന്‍െറയും നിര്‍മാണം പൂര്‍ത്തിയായതായി മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അറിയിച്ചു.യാഥാര്‍ഥ്യങ്ങളുടെ കലര്‍പ്പില്ലാത്ത അവതരണമാണ് ചാനല്‍ ലക്ഷ്യംവെക്കുന്നത്. വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കുമൊപ്പം കുടുംബ സദസ്സുകള്‍ക്ക് ആസ്വാദ്യകരമായ വേറിട്ട വിനോദപരിപാടികളും ചാനല്‍ സംപ്രേഷണം ചെയ്യും. പ്രാദേശിക വാര്‍ത്തകള്‍ക്കുപുറമെ ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കും. ക്രിയാത്മക വിമര്‍ശത്തിന് മതിയായ ഇടംനല്‍കുന്ന ചാനല്‍, കേരളത്തിന് ദിശാബോധം നല്‍കുന്ന സംവാദങ്ങളായിരിക്കും അവതരിപ്പിക്കുക. യുവജനങ്ങളെയും സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം അഭിമുഖീകരിക്കുന്ന പരിപാടികള്‍ക്ക് പ്രാധാന്യമുണ്ടാകും.
പ്രവാസി സമൂഹത്തിന്‍െറ സ്പന്ദനങ്ങള്‍ക്കൊപ്പമായിരിക്കും മീഡിയവണ്‍. കേരളത്തിന്‍െറ സാമൂഹിക, സാമ്പത്തിക വികസനത്തിന് പ്രവാസി സമൂഹം നല്‍കിയ സംഭാവനകള്‍ ചാനലിന്‍െറ വാര്‍ത്തയിലും പരിപാടികളിലും പ്രതിഫലിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍നിന്ന് തത്സമയ സംപ്രേഷണം സാധ്യമാക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, ദല്‍ഹി, ദുബൈ എന്നിവിടങ്ങളിലും  സ്റ്റുഡിയോകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് തുടക്കം മുതല്‍ ചാനല്‍ ലഭ്യമാകും.
പരിചയസമ്പന്നരോടൊപ്പം പുതുതലമുറയുടെ മികവും പ്രകടമാവുന്ന ടീമാണ് മീഡിയവണ്‍ സജ്ജമാക്കിയിട്ടുള്ളത്. വര്‍ധിച്ച ജനപങ്കാളിത്തവും കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലയിലുമായി മാധ്യമം ദിനപത്രത്തിനും ഗള്‍ഫ് മാധ്യമത്തിനുമുള്ള വിശാലമായ ശൃംഖലകളും അഭ്യുദയകാംക്ഷികള്‍ നല്‍കുന്ന കരുത്തും കൈമുതലാക്കിയാണ് മീഡിയവണ്‍ സംപ്രേഷണം തുടങ്ങുന്നത്.
വലിയൊരു സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാനല്‍ എന്നത് ഉത്തരവാദിത്തബോധം വര്‍ധിപ്പിക്കുന്നുണ്ടെന്നും അതുള്‍ക്കൊണ്ടുതന്നെയാണ് മീഡിയവണ്‍ ദൃശ്യമാധ്യമ ലോകത്തേക്ക് പ്രവേശിക്കുന്നതെന്നും മീഡിയവണ്‍ ശില്‍പികള്‍ പറഞ്ഞു.

റെയില്‍വേ അവഗണന: വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച് നടത്തി

 
 
 റെയില്‍വേ അവഗണന:
വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച് നടത്തി
കണ്ണൂര്‍: കേരള ജനതയോടുള്ള റെയില്‍വേയുടെ അവഗണനക്കെതിരായ പ്രതിഷേധ ജ്വാലയായി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച്. വര്‍ഷങ്ങളായി തുടരുന്ന കേരളത്തോടുള്ള റെയില്‍വേ അവഗണനയില്‍ സംസ്ഥാനത്തെ ജനപ്രതിനിധികള്‍ കൂട്ടുപ്രതികളാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.സി. ഭാസ്കരന്‍ പറഞ്ഞു.റെയില്‍വേ ബജറ്റില്‍ കേരളത്തിന് സ്പെഷല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന സമരം വെസ്റ്റ് കോസ്റ്റ് റെയില്‍വേ സോണ്‍ അനുവദിക്കുക, തലശ്ശേരി-മൈസൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുക, കണ്ണൂരില്‍ മോണോ റെയില്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. റെയില്‍വേ പാസഞ്ചേഴ്സ് കോ ഓഡിനേഷന്‍ കമ്മിറ്റി നേതാവ് അഡ്വ. റഷീദ് കവ്വായി, കേരള ട്രെയിന്‍ ട്രാവല്‍സ് ആക്ഷന്‍ ഫോറം നേതാവ് ഷാജി ദാമോദരന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല നേതാക്കളായ ജബീന ഇര്‍ഷാദ്, പി.ബി.എം.ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം എന്നിവര്‍ സംസാരിച്ചു.
സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, വി.കെ. ഖാലിദ്, എന്‍.എം. ശഫീഖ്, ഷാഹിന ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

സാംസ്കാരിക സഞ്ചാരം 23ന് ജില്ലയില്‍

സാംസ്കാരിക സഞ്ചാരം
23ന് ജില്ലയില്‍
കണ്ണൂര്‍: തനിമ കലാസാഹിത്യവേദി സാംസ്കാരിക സഞ്ചാരം ഡിസംബര്‍ 23 മുതല്‍ 25 വരെ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ സഞ്ചാരത്തിന് സ്വീകരണം നല്‍കും.  സഞ്ചാരത്തിന് സ്വീകരണം നല്‍കാന്‍ ജില്ല തല സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികള്‍: കെ.പി.എ. റഹീം (ചെയ) ജമാല്‍ കടന്നപ്പള്ളി (വൈസ് ചെയ) ടി.കെ.ഡി.  മുഴപ്പിലങ്ങാട് (ജന. കണ്‍) പ്രശാന്ത് ഒളവിലം (കണ്‍) സി.പി. മുസ്തഫ (സെക്ര) എം.കെ. മറിയു (ജോ. സെക്ര) പ്രശാന്ത് നമ്പ്യാര്‍ (ട്രഷ).

ആത്മാര്‍ഥത തെളിയിക്കേണ്ടത് നിയമസഭ പ്രമേയം പാസാക്കിക്കൊണ്ട്

 മഅ്ദനി: ആത്മാര്‍ഥത തെളിയിക്കേണ്ടത്
നിയമസഭ പ്രമേയം പാസാക്കിക്കൊണ്ട്
-സോളിഡാരിറ്റി
 കോഴിക്കോട്: മഅ്ദനിക്ക് കര്‍ണാടക ജയിലില്‍ പൗരാവകാശം ലംഘിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രിയും രാഷ്ട്രീയ കക്ഷികളും സമ്മതിച്ച സാഹചര്യത്തില്‍ മഅ്ദനിയുടെ ജാമ്യവും വിചാരണയും ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി ആത്മാര്‍ഥത തെളിയിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. വിചാരണ കൂടാതെ ജയിലിലടക്കുന്നവരെ പുറത്തുകൊണ്ടുവരുമെന്ന് പ്രസ്താവിച്ച മുസ്ലിംലീഗിനും സി.പി.എമ്മിനും മഅ്ദനി വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ ബാധ്യതയുണ്ട്.
ജനവികാരത്തെ തന്ത്രപരമായി മറികടക്കാന്‍ നടത്തുന്ന കേവല പ്രസ്താവനകളാണിതെങ്കില്‍ സോളിഡാരിറ്റിയും സാമൂഹിക പ്രസ്ഥാനങ്ങളും ഒന്നിച്ചുചേര്‍ന്ന് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും ജനകീയ വിചാരണക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.