ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 26, 2012

പാസ്പോര്‍ട്ട് അപേക്ഷ; ഇഷ്ടദിവസവും സമയവും മുന്‍കൂട്ടി തെരഞ്ഞെടുക്കാം

പാസ്പോര്‍ട്ട് അപേക്ഷ; 
ഇഷ്ടദിവസവും
സമയവും മുന്‍കൂട്ടി തെരഞ്ഞെടുക്കാം
കോഴിക്കോട്: പാസ്പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നതിന് ഇഷ്ടദിവസവും സമയവും അപേക്ഷകര്‍ക്ക് മുന്‍കൂട്ടി തെരഞ്ഞെടുക്കാമെന്ന് പാസ്പോര്‍ട്ട് ഓഫിസര്‍ കെ.പി. മധുസൂദനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുലര്‍ച്ചെ വന്ന് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫിസില്‍ മാര്‍ച്ച് അഞ്ച് മുതല്‍ തത്കാല്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂവെന്നും, വെസ്റ്റ്ഹില്‍ ചുങ്കത്തിന് സമീപവും വടകരയിലും പ്രവര്‍ത്തനം തുടങ്ങിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മാര്‍ച്ച് 15നുശേഷം കണ്ണൂര്‍ സവിത തിയറ്ററിനടുത്തും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലും പുതിയ സേവാ കേന്ദ്രങ്ങള്‍ തുറക്കും.
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുമ്പോള്‍ തെരഞ്ഞെടുക്കുന്ന ഏത് സേവാകേന്ദ്രത്തിലും അപേക്ഷ നല്‍കാവുന്നതാണ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത് ഇപ്രകാരം:
1. www.passportindia.gov.in വെബ്സൈറ്റില്‍ ലോഗ്ഓണ്‍ ചെയ്യുക.
2. അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും അതിനായി ഒരു പാസ്വേര്‍ഡും സൃഷ്ടിക്കുക.
3. അപേക്ഷാഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ (രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം) ഇ-ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ വെബ്സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുകയോ ആവാം.
4. അപേക്ഷാ റഫറന്‍സ് നമ്പര്‍ (എ.ആര്‍.എന്‍.) കുറിച്ചുവെക്കണം. ലഭ്യതയനുസരിച്ച് ഇഷ്ടമുള്ള ദിവസവും സമയവും അപേക്ഷാഫോറത്തില്‍ പൂരിപ്പിക്കുമ്പോള്‍ കൂടിക്കാഴ്ചാ ദിവസവും സമയവും ലഭിക്കും. ഇതിന്‍െറ പ്രിന്‍റൗട്ട് സൂക്ഷിക്കുക.
5. നിര്‍ദേശിക്കപ്പെട്ട ദിവസം, കൂടിക്കാഴ്ചാ സമയത്തിന് മുമ്പായി സേവാ കേന്ദ്രത്തില്‍ എത്തുക (കോഴിക്കോട്ട് ഇഷ്ടദിവസം കിട്ടിയില്ളെങ്കില്‍ വടകര, കണ്ണൂര്‍, പയ്യന്നൂര്‍ സേവാകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം).
6. ആവശ്യപ്പെട്ട എല്ലാ യഥാര്‍ഥ രേഖകളും പകര്‍പ്പുകളുമായി അപേക്ഷകന്‍ നേരിട്ടത്തെണം.
7. സെക്യൂരിറ്റിക്കാരന്‍ എ.ആര്‍.എന്‍ സ്ളിപ് പരിശോധിച്ച ശേഷം ഉള്ളിലേക്ക് കടത്തിവിടും.
8. അകത്തുകടന്നാല്‍ പ്രീ വെരിഫിക്കേഷന്‍ കൗണ്ടറിലത്തെി രേഖകള്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കണം. അതിനുശേഷം ടോക്കണ്‍ നല്‍കും. ടോക്കണ്‍ കാണിച്ചാല്‍ അടുത്ത ഹാളിലേക്ക് കടത്തിവിടും.
9. വിസിറ്റേഴ്സ് ലോഞ്ചില്‍ കടന്നാല്‍ മുന്നിലെ ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡ് നോക്കി ഇനി പോകേണ്ട കൗണ്ടര്‍ മനസ്സിലാക്കണം. (കുടിവെള്ളം, ടോയ്ലറ്റ്, വികലാംഗര്‍ക്കും ശിശുപരിചരണത്തിനുമുള്ള സംവിധാനം എന്നിവ വെയ്റ്റേഴ്സ് ലോഞ്ചിലുണ്ട്)
10. ഊഴമനുസരിച്ച് തുടര്‍ന്ന് എ കൗണ്ടറില്‍ എത്തണം. ഇവിടെ 13 ടേബ്ളുകളുണ്ടാവും. ലഭിക്കുന്ന കൗണ്ടറിലത്തെിയാലുടന്‍ അപേക്ഷകന്‍െറ ഫോട്ടോയും ബയോമെട്രിക് വിരലടയാളവും ഒപ്പും എടുക്കും. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
11. തുടര്‍ന്ന് ‘ബി’ കൗണ്ടറിലത്തെി രേഖകള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കണം. പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാരുടെ സേവനം ‘ബി’ കൗണ്ടര്‍ മുതല്‍ ലഭ്യമാവും. (നാലു വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രം ഫോട്ടോ കൊണ്ടുവരാം).
12. രേഖകള്‍ കൃത്യമാണെങ്കില്‍ ‘സി’ കൗണ്ടറിലേക്ക് ഊഴമനുസരിച്ച് പോകണം. പാസ്പോര്‍ട്ട് ഗ്രാന്‍ഡിങ് ഓഫിസര്‍ അപേക്ഷ പരിശോധിച്ച് സ്ളിപ് നല്‍കും. അപേക്ഷയില്‍ സംശയമുണ്ടെങ്കില്‍ തൊട്ടടുത്ത മുറിയിലെ അസി. പാസ്പോര്‍ട്ട് ഓഫിസറെ കാണാന്‍ നിര്‍ദേശിക്കും.
13. സ്ളിപ് ലഭിച്ചാല്‍ പിന്‍വാതിലിലൂടെ പുറത്തുപോകാം. പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കമ്പ്യൂട്ടര്‍ മുഖേന ബന്ധപ്പെട്ട എസ്.പി ഓഫിസിലേക്ക് പോകും. സേവാ കേന്ദ്രത്തില്‍ ഒരാള്‍ക്ക് 45 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാം.
14. ഓണ്‍ലൈനില്‍ തൊട്ടടുത്ത മൂന്നു ദിവസത്തേക്കുള്ള അപേക്ഷകളേ സ്വീകരിക്കൂ. ദിവസവും വൈകീട്ട് ആറിനുശേഷം സൈറ്റ് തുറന്നുകൊടുക്കും. ഒരു ഐ.പിയില്‍ മൂന്ന് ബുക്കിങ്ങുകളേ പരിഗണിക്കൂ. സംശയങ്ങള്‍ക്ക് 1800-258-1800 എന്ന  24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.
അപേക്ഷകള്‍ കൃത്യമാണെങ്കില്‍ മൂന്നു ദിവസത്തിനകം പാസ്പോര്‍ട്ട് ഡെസ്പാച്ച് ചെയ്യും. ചെയ്താലുടന്‍ അപേക്ഷയില്‍ പറയുന്ന ഇ-മെയില്‍ വിലാസത്തിലും ഫോണില്‍ എസ്.എം.എസ് ആയും വിവരം ലഭിക്കും.
തത്കാല്‍ അപേക്ഷയും മാര്‍ച്ച് പകുതിക്കുശേഷം സേവാകേന്ദ്രത്തിലേക്ക് മാറ്റും. അതോടെ, എരഞ്ഞിപ്പാലം മേഖലാ ഓഫിസ് പാസ്പോര്‍ട്ടുകളുടെ പ്രിന്‍റിങ്, ഡെസ്പാച്ച് എന്നിവക്ക് മാത്രമായി നിജപ്പെടുത്തും.
അപേക്ഷാ ഫീസ് ആയിരം രൂപ പണമായി തന്നെ അടക്കണമെന്നും പാസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. സേവാകേന്ദ്രം ഇന്‍ ചാര്‍ജ് വി. പങ്കജാക്ഷനും ടാറ്റ കണ്‍സല്‍ട്ടന്‍സി പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പെട്ടിപ്പാലത്ത് തീപിടിച്ച മാലിന്യലോറി ചിറക്കരയിലെ വര്‍ക്ഷോപ്പില്‍

 പെട്ടിപ്പാലത്ത് തീപിടിച്ച മാലിന്യലോറി
ചിറക്കരയിലെ വര്‍ക്ഷോപ്പില്‍
തലശ്ശേരി:  പെട്ടിപ്പാലത്തെ മാലിന്യസമരത്തിനുനേരെ  കഴിഞ്ഞയാഴ്ച നടന്ന പൊലീസ് നടപടിക്കിടയില്‍ തീവെച്ചു നശിപ്പിക്കപ്പെട്ട നഗരസഭയുടെ മാലിന്യ ലോറി, നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പ് വര്‍ക്ഷോപ്പില്‍ കണ്ടത്തെി. മാലിന്യലോറിക്ക് തീവെച്ചത് സമരക്കാരാണെന്ന് നഗരസഭയും  നഗരസഭയിലെ  ഭരണപക്ഷത്തിന്‍െറ ആസൂത്രിത നാടകമാണെന്ന് സമരസംഘടനാ പ്രതിനിധികളും  പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടയില്‍ എരഞ്ഞോളിപ്പാലത്തിന് സമീപത്തെ ടാറ്റാ മോട്ടോര്‍സ് വര്‍ക്ഷോപ്പില്‍ ലോറിയത്തെിച്ചത് ദുരൂഹതക്കിടയാക്കി.
മാലിന്യലോറി കത്തിച്ച സംഭവത്തില്‍ പൊലീസ് മഹസര്‍ തയാറാക്കിയെങ്കിലും  പ്രതികളെ തിരിച്ചറിയുന്നതിന് ഫോറന്‍സിക് പരിശോധനകളോ  മറ്റു നടപടിക്രമങ്ങളോ പൂര്‍ത്തീകരിക്കാനായിട്ടില്ളെന്നാണ് വിവരം. തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ പൊലീസ് കസ്റ്റഡിയിലോ കോടതിയുടെ അധീനതയിലോ സൂക്ഷിക്കുന്നതിനുപകരം ധൃതിപിടിച്ച്, അറ്റകുറ്റപ്പണിക്കെന്ന വ്യാജേന വര്‍ക്ഷോപ്പിലത്തെിച്ചതിലും ദുരൂഹതയുണ്ട്. പൊതു ഉടമസ്ഥതയിലുള്ള ലോറിയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ തെളിവുകള്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന് മാത്രമല്ല കേസ് ദുര്‍ബലപ്പെടാനും സാധ്യതയുണ്ട്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ന്യൂമാഹി പൊലീസ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ല. തലശ്ശേരി-കൂത്തുപറമ്പ് റോഡിലെ സ്വകാര്യ വര്‍ക്ഷോപ്പില്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കാണാവുന്ന വിധത്തിലാണ് ലോറി പാര്‍ക്ക് ചെയ്തിട്ടുള്ളത്. ലോറി കത്തിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാലിന്യവിരുദ്ധ സമരസംഘടനകള്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

MOIDU HAJI

 

PRABODHANAM WEEKLY

വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍

വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍
പാനൂര്‍: വെല്‍ഫെയര്‍  പാര്‍ട്ടി കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍ പാനൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസലാം പതാക കൈമാറി. ബി. ഉസ്മാന്‍ സ്വാഗതവും എം. അബ്ദുറഹീം നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്‍റായി ജയറാം നമ്പ്യാര്‍, ജനറsല്‍ സെക്രട്ടറിയായി ബഷീര്‍ മാസ്റ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.

പെട്ടിപ്പാലം മാലിന്യ പ്രശ്നം യു.ഡി.എഫിനെതിരെ പുന്നോലില്‍ ലീഗിന്‍െറ പേരില്‍ ഫ്ളക്സ്

 പെട്ടിപ്പാലം മാലിന്യ പ്രശ്നം
യു.ഡി.എഫിനെതിരെ പുന്നോലില്‍
ലീഗിന്‍െറ പേരില്‍ ഫ്ളക്സ്
തലശ്ശേരി: പെട്ടിപ്പാലത്തുണ്ടായ സംഘര്‍ഷത്തിലും ബലം പ്രയോഗിച്ച് മാലിന്യം തള്ളിയ നഗരസഭാ നടപടിയിലും യു.ഡി.എഫിനെ വിമര്‍ശിച്ച് മുസ്ലിം ലീഗിന്‍െറ പേരില്‍ ഫ്ളക്സ് ബോര്‍ഡ്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പുന്നോലില്‍ സ്ഥാപിച്ച ഫ്ളക്സില്‍ ‘ഈ ക്രൂരതകള്‍ കണ്ടില്ളെന്ന് നടിച്ചവരോട്...കാലം എത്ര മാറിയാലും മറക്കില്ല ഞങ്ങള്‍’ എന്ന തലക്കെട്ടില്‍ പൊലീസ് ക്രൂരതയുടെ നാല് ചിത്രങ്ങള്‍ സഹിതമാണുള്ളത്. ഡിവൈ.എസ്.പി ഷൗക്കത്തലിയെ സസ്പെന്‍ഡ് ചെയ്യുക, ഉമ്മന്‍ചാണ്ടിയുടെ പൊലീസ് തല്ലിച്ചതച്ചത് ഞങ്ങളെപ്പോലെ യു.ഡി.എഫിന് സിന്ദാബാദ് വിളിക്കുന്നവരെ, തലശ്ശേരിയിലെ യു.ഡി.എഫ് നേതാക്കള്‍ക്ക് ജനങ്ങളോട് മാപ്പ് പറയേണ്ടി വരും, ലീഗ് കൊടി പൊലീസ് കത്തിച്ചിട്ടും നേതാക്കള്‍ക്ക് നാവ് പൊന്തിയില്ല തുടങ്ങിയ കുറ്റപ്പെടുത്തലുകളും ഫ്ളക്സിലുണ്ട്.
എന്നാല്‍, ഫ്ളക്സ് നാട്ടിയത് പാര്‍ട്ടിയുടെ അറിവോടെയല്ളെന്ന് ന്യൂമാഹി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് കെ.കെ. ബഷീര്‍ പ്രതികരിച്ചു. പെട്ടിപ്പാലം വിഷയത്തില്‍ പഞ്ചായത്ത് കമ്മിറ്റി ഇടപെടേണ്ടന്നാണ് ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. ജനങ്ങളോടൊപ്പം നില്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മണ്ഡലം കമ്മിറ്റിയാണ് പെട്ടിപ്പാലം കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും മാലിന്യ നിക്ഷേപത്തിനെതിരെ സമര രംഗത്തുള്ള മാലിന്യവിരുദ്ധ സമിതിയുടെ മുഖ്യഭാരവാഹിയുമായ സിദ്ദീഖ് സന സജീവമായി സമരത്തിലുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ സിദ്ദീഖ് സനയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
അതിനിടെ, സംഘര്‍ഷത്തിനുശേഷം ചേര്‍ന്ന ന്യൂമാഹി ഗ്രാമപഞ്ചായത്ത് യോഗത്തില്‍ പെട്ടിപ്പാലം വിഷയം ചര്‍ച്ചക്ക് പോലുമെടുത്തില്ല. ബജറ്റ് അവതരണമായതിനാല്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ളെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ പറയുന്നത്. മുഴുവന്‍ അംഗങ്ങളും ഹാജരായിരുന്നെങ്കിലും ആരും വിഷയം ഉന്നയിച്ചില്ളെന്ന് അവര്‍ പറഞ്ഞു. പഞ്ചായത്തംഗമായ ലീഗിലെ പി.സി.റിസാല്‍ വിശാല സമരമുന്നണി സ്റ്റിയറിങ് കമ്മിറ്റി അംഗവും ആദ്യഘട്ടത്തില്‍ സമരത്തിന് നേതൃത്വം നല്‍കിയ ആളുമാണ്. പെട്ടിപ്പാലത്ത് പൊലീസ് ഇടപെടലുണ്ടായാല്‍ തങ്ങള്‍ അംഗത്വം രാജിവെക്കുമെന്ന് ആറ് യു.ഡി.എഫ് അംഗങ്ങള്‍ വാക്ക് നല്‍കിയെങ്കിലും അവരെ ഇപ്പോള്‍ കാണാന്‍ പോലുമില്ളെന്ന് സമരക്കാര്‍ പറയുന്നു.
Courtesy: Madhyamam

നഗരസഭയുടെ പാപഭാരം പൊലീസ് ചുമക്കരുത് -സോളിഡാരിറ്റി

നഗരസഭയുടെ പാപഭാരം പൊലീസ്
ചുമക്കരുത് -സോളിഡാരിറ്റി
കണ്ണൂര്‍: പെട്ടിപ്പാലം സംഭവത്തില്‍ തലശ്ശേരി നഗരസഭയുടെ പാപഭാരം സ്വന്തം ചുമലിലേക്ക് കയറ്റിവെക്കുന്ന നടപടികളില്‍നിന്ന് പൊലീസ് പിന്‍വാങ്ങണമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. മാസങ്ങളായി സമരം ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ തല്ലിച്ചതച്ച സംഭവത്തിലൂടെ നഗരഭസഭയുടെ തിട്ടൂരം നടപ്പാക്കുന്ന ദല്ലാള്‍പടയുടെ നിലവാരത്തിലേക്ക് പൊലീസ് തരംതാഴ്ന്നു. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞതും മാലിന്യവണ്ടിക്ക് തീകൊളുത്തിയതും നഗരസഭ മെനഞ്ഞ തിരക്കഥയുടെ ഭാഗമാണെന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കെ നഗരസഭക്കെതിരെ കേസെടുത്ത് കുറ്റവാളികളെ പിടികൂടാനുള്ള ആര്‍ജവം പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടാവണം. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.എം. മഖ്ബൂല്‍, എന്‍.എം.ശഫീഖ്, കെ. സാദിഖ്, പി.സി. ശമീം, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു. ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.