ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, March 13, 2012

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കലക്ടറേറ്റില്‍

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കലക്ടറേറ്റില്‍
കണ്ണൂര്‍: കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്‍റിക്കേഷന്‍ സെന്‍ററില്‍ നടത്തുന്ന എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ഥം കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  മാര്‍ച്ച് 14, 21, 28 തീയതികളില്‍ രാവിലെ 8.30 മുതല്‍ ഒരു മണിവരെ നടത്തും.  അന്നേദിവസം നോര്‍ക്ക റൂട്ട്സിന്‍െറ കോഴിക്കോട് ഓഫിസില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

ചേലോറ സമരം: നഗരസഭാധ്യക്ഷയുടെ ചേംബറില്‍ മാലിന്യം തള്ളി

 
 ചേലോറ സമരം: 
നഗരസഭാധ്യക്ഷയുടെ
ചേംബറില്‍ മാലിന്യം തള്ളി
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ പ്ളാസ്റ്റിക് മാലിന്യം സമരസമിതി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേംബറില്‍ കൊണ്ടുവന്ന് തള്ളി. സംഭവത്തില്‍ സ്ത്രീകളുള്‍പ്പെടെ 24 പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചേലോറ മാലിന്യവിരുദ്ധ പ്രക്ഷോഭം 76 ദിവസത്തിലേക്ക് കടന്ന തിങ്കളാഴ്ച, രാവിലെ ഒമ്പതരയോടെ മാലിന്യവുമായത്തെിയ നഗരസഭയുടെ വണ്ടികള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി മൂന്ന് ലോഡ് മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി.
പ്ളാസ്റ്റിക് വേര്‍തിരിച്ച് ഒഴിവാക്കിയ മാലിന്യമാണ് ചേലോറയില്‍ നിക്ഷേപിക്കുന്നതെന്നും കുഴിയെടുത്ത് മാലിന്യം മൂടുമെന്നും ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതിക്കു മറുപടിയായി മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചിരുന്നു. ഇതിനു വിരുദ്ധമായി ഇന്നലെ കൊണ്ടുവന്ന മാലിന്യത്തില്‍ നിറയെ പ്ളാസ്റ്റിക്കായിരുന്നു. ഇക്കാര്യം പൊലീസിനോട് സൂചിപ്പിച്ചപ്പോള്‍ തങ്ങളോട് പരാതിപ്പെട്ടിട്ട് കാര്യമില്ളെന്നായിരുന്നു മറുപടി.
തുടര്‍ന്നാണ് സഞ്ചിയിലാക്കിയ പ്ളാസ്റ്റിക് മാലിന്യവുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരക്കാര്‍ ഉച്ച 12.15ഓടെ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജയുടെ ചേംബറിലത്തെിയത്. പ്ളാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച വാഗ്വാദങ്ങള്‍ക്കിടെ ചെയര്‍പേഴ്സന്‍ പൊലീസിനെ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തി. ഇതോടെ പ്രകോപിതരായ സമരക്കാര്‍ മാലിന്യം ചേംബറില്‍ തള്ളി.
സമരസമിതി കണ്‍വീനര്‍ ചാലോടന്‍ രാജീവന്‍, പിഷാരടി ഏച്ചൂര്‍, സൈനു, മുഹമ്മദ്, ജോണി, നിര്‍മല, കമല തുടങ്ങി 24 പേരെ ടൗണ്‍ സി.ഐ സുകുമാരനും സംഘവും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. എന്നാല്‍, ചെയര്‍പേഴ്സന്‍െറ ചേംബറില്‍ തങ്ങള്‍ മാലിന്യം തള്ളിയിട്ടില്ളെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രശ്നം സൃഷ്ടിച്ചതാണെന്നും സമരസമിതി കണ്‍വീനര്‍ ചാലോടന്‍ രാജീവന്‍ പറഞ്ഞു.
മാലിന്യ പ്രശ്നം: അറസ്റ്റിലായ
വീട്ടമ്മമാര്‍ക്ക് കൊടുംയാതന
നഗരസഭാ ഓഫിസില്‍ മാലിന്യം നിറച്ച പ്ളാസ്റ്റിക് സഞ്ചികള്‍ കൊണ്ടിട്ടതിന് അറസ്റ്റിലായ വീട്ടമ്മമാര്‍ക്ക് അനുഭവിക്കേണ്ടി വന്നത് കൊടുംയാതന. ഒമ്പത് മണിക്കൂറോളം ഭക്ഷണമോ വെള്ളമോ കിട്ടാതെ ഇവര്‍ വലഞ്ഞു. 21 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ്ചെയ്തത്. ഇതില്‍ 15 പേര്‍ വനിതകളാണ്. 65 വയസ്സുകാരിയായ സമരനായിക രാധ ഉള്‍പ്പെടെയുള്ള വീട്ടമ്മമാരാണ് ഇതിലുള്ളത്.
തിങ്കളാഴ്ച ഉച്ച 12 മണിയോടെയാണ് ഇവരെ ടൗണ്‍പൊലീസ് നഗരസഭാ ഓഫിസില്‍നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്.  ഇവരെ വൈകീട്ട് 5.50 വരെ ടൗണ്‍ പൊലീസ്  സ്റ്റേഷനില്‍ നിര്‍ത്തി. കോടതി സമയം കഴിഞ്ഞശേഷം തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ വസതിയിലാണ് ഇവരെ ഹാജരാക്കിയത്.
14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ ജാമ്യം കിട്ടാത്ത കുറ്റങ്ങളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയത്. നഗരസഭാ കൗണ്‍സിലറെ കൈയേറ്റംചെയ്തുവെന്ന ആരോപണവുമുണ്ട്. ജാമ്യം ലഭിക്കണമെങ്കില്‍ ഓരോരുത്തരും ഒരുലക്ഷം രൂപയും തുല്യതുകക്കുള്ള ആള്‍ജാമ്യവും ഹാജരാക്കണം.
 റിമാന്‍ഡിലായവരെ രാത്രി 9.30 ഓടെ കണ്ണൂരിലത്തെിച്ചശേഷമാണ് ഹോട്ടലില്‍നിന്ന് ഭക്ഷണവും വെള്ളവും നല്‍കിയത്. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും മരുന്നു കഴിക്കുന്ന രോഗികളും ഇക്കൂട്ടത്തിലുണ്ട്. സ്ത്രീകളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് അനുബന്ധിച്ച വനിതാ ജയിലിലും പുരുഷന്മാരെ സബ് ജയിലിലുമാണ് പാര്‍പ്പിച്ചത്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും മറ്റും ചികിത്സയിലുള്ളവരെ ഡോക്ടര്‍മാരുടെ കുറിപ്പ് കൈവശമില്ലാത്തതിനാല്‍ മരുന്ന് കഴിക്കാന്‍ ജയിലധികൃതര്‍ അനുവദിച്ചില്ളെന്നും റിമാന്‍ഡിലായവര്‍ പറഞ്ഞു.നഗരസഭക്ക് ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നതാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
ചേലോറയിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ മാത്രം നിക്ഷേപിക്കുമെന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് സമരസമിതി നല്‍കിയ നിവേദനത്തിന് ലഭിച്ച മറുപടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാവിലെ നഗരസഭയുടെ ലോറികളില്‍ കൊണ്ടുവന്ന മാലിന്യങ്ങളില്‍ പ്ളാസ്റ്റിക് സഞ്ചികളില്‍ നിറച്ച മാലിന്യങ്ങളും ഉണ്ടായിരുന്നു. സമരസമിതി പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തപ്പോള്‍ നഗരസഭയില്‍ പോയി പരാതി പറയാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് തങ്ങള്‍ മാലിന്യം നിറച്ച പ്ളാസ്റ്റിക് സഞ്ചികളുമായി നഗരസഭാ ഓഫിസിലത്തെിയതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
ചേലോറയില്‍ ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: മാലിന്യവിരുദ്ധ സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ചേലോറ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലാചരിക്കാന്‍ സമരസമിതി തീരുമാനിച്ചു. പരീക്ഷയെയും മറ്റും ബാധിക്കാത്ത രീതിയിലായിരിക്കും ഹര്‍ത്താല്‍. അറസ്റ്റിലായവര്‍ ജയിലിലും മറ്റു സമരസമിതി പ്രവര്‍ത്തകര്‍ സമരപ്പന്തലിലും ഇന്ന് ഉപവാസമനുഷ്ഠിക്കും.