ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, September 17, 2010

MAHAL SAMVIDHANAM/ www.kanhirode.co.cc

മഹല്ല് സംവിധാനം:
ഒരു പുനര്‍ വിചിന്തനം

ഒരു പ്രദേശത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുകയും തീര്‍ച്ചപ്പെടുത്തുകയും ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട സംരംഭമാണ് യഥാര്‍ത്ഥത്തില്‍ മഹല്ല് സംവിധാനം എന്നു പറയുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മഹല്ല് സംവിധാനം എന്നത് നഷ്ടപ്പെട്ടുപോയ ഇസ്ലാമിക ഖിലാഫത്തിന്റെ ഇന്നത്തെ വകഭേദമാണ്. ഇസ്ലാമിലെ ആരാധനകളും സാങ്കേതിക സംജ്ഞകളുമൊക്കെ ഇന്ന് ആത്മാവ് നഷ്ടപ്പെട്ട് കേവല ജഢമായി തീര്‍ന്നതുപോലെ തന്നെ മഹല്ല് സംവിധാനങ്ങളും അതിന്റെ ആന്തരിക ചൈതന്യവും ലക്ഷ്യബോധവും നഷ്ടപ്പെട്ട് കേവലാര്‍ത്ഥത്തിലുള്ള ചില നടപടിക്രമങ്ങള്‍ മാത്രമായി അധ:പതിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് മഹല്ല് സംവിധാനം എങ്ങനെ കാര്യക്ഷമമാക്കാം എന്ന അന്വേഷണം ആരംഭിച്ചതും അതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചതും.
സാമൂഹ്യജീവിത്തിന്റെ എല്ലാ തലങ്ങളിലും ഔന്നത്യം പുലര്‍ത്തിയിരുന്ന മുസ്ലിംകളെയാണ് ചരിത്രത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുക. എന്നാല്‍ ഇന്ന് ദേശീയവും ദേശാന്തരീയവുമായ തലങ്ങളിലെ മുസ്ലിം സമൂഹം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബാഹ്യമായ പ്രശ്നങ്ങളോടൊപ്പം മുസ്ലിം സമൂഹത്തില്‍ ആഭ്യന്തര പ്രശ്നങ്ങളും ധാരാളമുണ്ട്. എന്നാല്‍ മുസ്ലിംകള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനായി മാതൃകാപരമായ ഒട്ടേറെ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട് എന്നത് വിസ്മരിക്കാനാവില്ല.
പക്ഷെ പല കാരണങ്ങളാല്‍ താഴെ തട്ടിലേക്ക് ഇതിന്റെ ഗുണഫലങ്ങള്‍ എത്തുന്നില്ല എന്നതാണ് വാസ്തവം. അതിന്റെ ഏറ്റവും പ്രധാനകാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ്. അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്ന മുസ്ലിം സമൂഹത്തിന്റെ വളര്‍ച്ചയും വികാസവും മുന്‍നിര്‍ത്തി ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മുസ്ലിം സമൂഹത്തിന്റെ സമഗ്രപുരോഗതിക്കായി ഒരു പൊതുവേദി എന്ന നിലയില്‍ ശോഭിക്കാനാവുക മഹല്ല് സംവിധാനങ്ങള്‍ക്കാണ്.
ഏറെ പോരായ്മകള്‍ ഉണ്ടെങ്കിലും മുസ്ലിം കൂട്ടായ്മയുടെ രംഗവേദിയായി ഇന്നും നിലനില്‍ക്കുന്ന മഹല്ല് സംവിധാനത്തിന്റെയും പരമ്പരാഗത സ്ഥാപനങ്ങളുടെയും ശാസ്ത്രീയമായ നവീകരണത്തിലൂടെ മുസ്ലിം ഉമ്മത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക സാമൂഹിക മേഖലകളില്‍ വന്‍മുന്നേറ്റം നടത്തുവാന്‍ സാധിക്കും. സാമൂഹ്യമാറ്റത്തിന്റെ അടിസ്ഥാന ഘടകമായി മഹല്ലുകള്‍ പരിഗണിക്കപ്പെടണം. മഹല്ല് പരിധിയില്‍ താമസിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും-ജാതിമത ഭേദമന്യേ-മുഴുവന്‍ മേഖലകളിലും വഴികാട്ടിയെന്ന നിലയില്‍ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നതാകണം മഹല്ലുകള്‍. അതിന്റെ പരിധിയില്‍ ജീവിക്കുന്ന മുഴുവന്‍ ആളുകളുടെയും പ്രശ്നങ്ങളിലും പ്രയാസങ്ങളിലും അവര്‍ക്ക് സാന്ത്വനവും പരിഹാരവും നല്‍കുന്ന അഭയകേന്ദ്രവും പ്രതീക്ഷയും ആകണം പള്ളികള്‍. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളെയും സ്പര്‍ശിക്കുന്ന നവോത്ഥാന പ്രക്രിയയുടെ ചാലകശക്തിയായി മഹല്ലുകള്‍ മാറേണ്ടതുണ്ട്.
ആദര്‍ശപരമായും സാംസ്കാരികമായും മുസ്ലിംകള്‍ തന്നെയാണ് മുന്നോക്ക സമൂഹം. ആരുടെയെങ്കിലും ഔദാര്യത്തിനുവേണ്ടി കൈ നീട്ടി നില്‍ക്കേണ്ടവരല്ല, മറിച്ച് ഈ ലോകത്തിന്റെ തന്നെ സമൂലമായ പരിവര്‍ത്തനത്തിന് നേതൃത്വം വഹിക്കേണ്ട ഉന്നത സമൂഹമാണ് നമ്മള്‍ എന്ന ബോധവും തിരിച്ചറിവും നമുക്കുണ്ടാകണം. ഒരു രാഷ്ട്രത്തിലെ പൌരന്‍മാര്‍ എന്ന നിലയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ശ്രമിക്കുന്നതിനോടൊപ്പം തന്നെ സ്വന്തമായ ആസൂത്രണത്തിലൂടെയും സൂക്ഷ്മമായ പ്രയോഗവല്‍ക്കരണത്തിലൂടെയും സ്വാശ്രയത്വം കൈവരിക്കുക എന്ന ബാധ്യതയും മുസ്ലിംകള്‍ക്കുണ്ട്.
സാമൂഹ്യ-സാമ്പത്തിക തിന്മകളായ ഭിക്ഷാടനം, കളവ്, ഭവനഭേദനം, പിടിച്ചുപറി തുടങ്ങിയവ ഉച്ഛാടനം ചെയ്യപ്പെടേണ്ടതുണ്ട്. യുവാക്കള്‍ ഇന്ന് അകപ്പെട്ടുകൊണ്ടിരിക്കുന്ന അപഭ്രംശത്തില്‍ നിന്നും അവരെ തടയേണ്ടതും ശരിയായ മാര്‍ഗ്ഗം കാണിച്ചുകൊടുക്കേണ്ടതുമുണ്ട്. മാത്രമല്ല, യുവാക്കളുടെ കര്‍മ്മശേഷി മൊത്തം സമൂഹത്തിനും രാഷ്ട്രത്തിനും ഉപകരിക്കുന്ന തരത്തില്‍ ഉപയോഗപ്പെടുത്തപ്പെടണം. നാടൊട്ടുക്കും പെണ്‍വാണിഭ സംഘങ്ങള്‍ അരങ്ങുവാഴുമ്പോള്‍ നാട്ടിലെ പെണ്‍കുട്ടികളും യുവതികളും ഭര്‍തൃമതികളും വകഭേദമന്യേ ഒളിച്ചോട്ടം നടത്തുന്ന അല്ലെങ്കില്‍ വൃത്തികേടുകള്‍ കാണിക്കുന്നതായി നിരന്തരം റിപോര്‍ട്ട് വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതുണ്ട്. കുടുംബകലഹങ്ങളും ഛിദ്രതകളും വ്യാപകമാകുന്ന വര്‍ത്തമാന കാലത്ത് ഇത്തരം പ്രശ്നങ്ങളില്‍ ക്രിയാത്മകമായ മാധ്യസ്ഥ ശ്രമങ്ങളും പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങളും നടത്തപ്പെടേണ്ടതുണ്ട്. മുസ്ലീം സമൂഹത്തിലെ കുടുംബപ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് മുസ്ലീം സമൂഹത്തില്‍ മേല്‍ക്കോയ്മകള്‍ നേടാന്‍ നിര്‍മ്മത ഭൌതിക പ്രസ്ഥാനങ്ങള്‍ വലിയ ശ്രമങ്ങള്‍ നടത്തി വരുന്ന സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.
മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു കാരണമായി ഭവിക്കാറുള്ള വിഷമയാണ് ദാരിദ്യ്രം എന്നു പറയുന്നത്. ദാരിദ്യ്രം മനുഷ്യന്റെ ആഭിജാത്യവും സ്വാഭിമാനവും നഷ്ടപ്പെടുത്തുകയും പല വിധത്തിലുള്ള അക്രമങ്ങള്‍ നടത്തുവാന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഭിക്ഷാടനം, കളവ്, ഭവനഭേദനം, പിടിച്ചുപറി, വേശ്യാവൃത്തി, ഒളിച്ചോട്ടം തുടങ്ങിയ സാമൂഹ്യതിന്‍മകള്‍ ഉണ്ടാക്കുന്നതിന് പുറമേ കുടുംബ കലഹങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും മദ്യപാന മയക്കുമരുന്ന് ശീലങ്ങള്‍ക്കും അവ വഴിവെക്കുന്നു.
ദാരിദ്യ്രത്തെ കുഫ്റിന് തുല്യമായാണ് പ്രവാചകന്‍ തിരുമേനി (സ.അ) പരിചയപ്പെടുത്തിയിട്ടുള്ളെതെന്നത് നാം മറന്നുകൂട. ആയതിനാല്‍ ദാരിദ്യ്രം സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടേണ്ടുതുണ്ട്. ഇസ്ലാമിന്റെ സാമ്പത്തിക കാഴ്ചപ്പാട് എന്താണെന്ന് നാം മറന്നുപോയതാണ് സമുദായത്തില്‍ പ്രത്യേകിച്ചും, സമൂഹത്തില്‍ പൊതുവേയും ദാരിദ്യ്രം ഇത്ര ഭീകരമായി കൂടാന്‍ കാരണം. ഇസ്ലാമിക കാഴ്ചപ്പാടില്‍ സമ്പത്ത് അല്ലാഹുവിന്റേതാണ്. അതിന്റെ കൈകാര്യ കര്‍ത്താക്കളാണ് നാം. സമ്പത്ത് നല്‍കപ്പെട്ടവരോട് അത് അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുവാനും അവന്‍ ശക്തമായി ആവശ്യപ്പെടുന്നത് നമുക്ക് കാണാം. ഇത് സംബന്ധമായ ഖുര്‍ആനിക സൂക്തങ്ങളും പ്രവാചകവചനങ്ങളും നാം സസൂക്ഷ്മം മനസ്സിലാക്കണം.
സമ്പന്നര്‍ തങ്ങളുടെ സമ്പത്തിന്റെ നിശ്ചിത ശതമാനം എല്ലാ വര്‍ഷവും ഇസ്ലാമിക ബൈത്തുല്‍ മാലില്‍ അടക്കുകയും ഇസ്ലാമിക ഭരണകൂടം അത് അര്‍ഹതപ്പെട്ടവര്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക രീതി. അല്ലാതെ ഇന്ന് കാണപ്പെടുന്ന തരത്തില്‍ പാവപ്പെട്ടവര്‍ സമ്പന്നന്റെ വീട്ടുപടിക്കല്‍ ഭിക്ഷാടനത്തിന് പോകുകയും സമ്പന്നര്‍ എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകള്‍ക്ക് വേണ്ടി ഓച്ഛാനിച്ച് നില്‍ക്കുകയും ചെയ്യുന്ന രീതി ഇസ്ലാമില്‍ ഇല്ല എന്നും നാം മനസ്സിലാക്കണം. ഭിക്ഷാടനത്തെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്ലാം എന്നത് നാം വിസ്മരിക്കരുത്. അതും പരിശുദ്ധ റമദാന്‍ മാസത്തിലാണ് പാവപ്പെട്ടവരെ നാം തെരുവിലിറക്കുന്നത് എന്നതും ഗൌരവപ്പെട്ട വിഷയമാണ്. അതിനാല്‍ മഹല്ലിലെ സകാത്ത് കൊടുക്കാന്‍ ബാധ്യതപ്പെട്ടവരുടെ ലിസ്റ് മഹല്ല് കമ്മറ്റി തയ്യാറാക്കുകയും സകാത്ത് സംഘടിതമായി സ്വരൂപിച്ച് അര്‍ഹതപ്പെട്ടവര്‍ക്കിടയില്‍ ശാസ്ത്രീയമായി വിതരണം നടത്തുകയും ചെയ്തുകൊണ്ട് നാട്ടിലെ ദാരിദ്യ്രപ്രശ്നത്തിന് പരിഹാരം കാണുകയും വേണം.
മറ്റൊരു കാരണം, മത ഭൌതിക വിദ്യാഭ്യാസം വേണ്ട വിധത്തിലും അളവിലും ലഭിക്കുന്നില്ല എന്നതാണ്. മദ്രസാ വിദ്യാഭ്യാസത്തെ അറബി-മലയാള ഭാഷയില്‍ നിന്നും മോചിപ്പിക്കുകയും ഖുര്‍ആനും ഹദീസ്സും അടിസ്ഥാന വിഷയങ്ങളായി പഠിപ്പിക്കപ്പെടുകയും ചെയ്യണം. മദ്രസാ വിദ്യാഭ്യാസത്തില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ ജീവിതവീക്ഷണം ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ മദ്രസാ വിദ്യാഭ്യാസത്തെ പുനക്രമീകരിക്കണം. ശരിയായ വിദ്യാഭ്യാസം ഒരു പരിധിവരെ പ്രശ്നപരിഹാര മാര്‍ഗ്ഗമാണെന്ന് തിരിച്ചറിയണം.
മേല്‍ വിവരിച്ച സംഗതികളുടെ അടിസ്ഥാനത്തില്‍ മഹല്ല് സംവിധാനം എന്നത് ഒരു കേവല കൂട്ടായ്മ അല്ലെന്നും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഒരു ബോഡിയാണെന്നും മനസ്സിലാക്കാന്‍ കഴിയും. മഹല്ല് പരിധിയിലെ മദ്രസകളും പള്ളികളും പരിപാലിക്കുക, അവിടെ ഉദ്യോഗസ്ഥരെ നിയമിക്കുക, അവര്‍ക്ക് ശമ്പളം നല്‍കുക, കുടിപ്പണം പിരിക്കുക, ഖാദിമാരെ നിശ്ചയിക്കുക, വര്‍ഷത്തില്‍ വഅള് പരമ്പരകള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് (ഇതൊന്നും വേണ്ടതില്ല എന്നല്ല ഇതിനര്‍ത്ഥം) ക്രിയാത്മകവും പുരോഗമനപരവുമായ പ്രവര്‍ത്തനങ്ങള്‍ മഹല്ലിന്റെ കീഴില്‍ നടക്കേണ്ടതുണ്ട്.
തൊഴില്‍ സാധ്യത, ഉല്‍പാദനം, വിതരണം, പരിസരശുചീകരണം, ആരോഗ്യമുള്ള സംസ്കാര സമ്പന്നമായ കുടുംബം, പരസ്പര സഹകരണത്തിലും ഗുണകാംക്ഷയിലും ഉറച്ച കൂട്ടായ്മ, പൊതുസമൂഹത്തിന് കൂടി ആശ്രയമാകുന്ന ശക്തവും മാനവികവുമായ സാമൂഹിക ബന്ധങ്ങളും ഇടപെടലുകളും തുടങ്ങി ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളിലും ഔന്നത്യം പുലര്‍ത്തുന്ന ഒരു മാതൃകാ സമൂഹത്തിന്റെ പുനര്‍നിര്‍മിതിക്കായി മഹല്ലുകളുടെ അജണ്ടകളും മുന്‍ഗണനാ ക്രമങ്ങളും പുനര്‍നിര്‍ണയിക്കപ്പെടേണ്ടതുണ്ട്. യുവാക്കളുടെ കര്‍മശേഷിയും പ്രായമായവരുടെ അനുഭവജ്ഞാനവും മതപണ്ഡിതരുടെ കൃത്യമായ മാര്‍ഗ്ഗദര്‍ശനവും സമ്മേളിച്ചാല്‍ നമുക്ക് വിപ്ളവം സൃഷ്ടിക്കാനാകും.
മുന്‍ചൊന്ന പോലെ ഇസ്ലാമിക ഖിലാഫത്തിന്റെ ഇന്നത്തെ വകഭേദമാണ് മഹല്ല് സംവിധാനം. അതിനാല്‍ തന്നെ ഇസ്ലാമിക ഖിലാഫത്തിന്റെ കീഴില്‍ ഉണ്ടായിരുന്ന മുഴുവന്‍ സംരംഭങ്ങളും മഹല്ല് സംവിധാനത്തിന്റെ കീഴിലും ഉണ്ടാവേണ്ടതുണ്ട്. ജുമുഅ സ്ഥാപിക്കല്‍, നിക്കാഹ് നടത്തുക, കുടുംബപ്രശ്നങ്ങളില്‍ ഇടപെടുക, സക്കാത്ത് സംവിധാനം നിലനിര്‍ത്തുക, ജനങ്ങളുടെ ക്ഷാമ-ക്ഷേമ കാര്യങ്ങള്‍ നിരന്തരമായി അന്വേഷിക്കുക, മഹല്ല് പൌരന്‍മാരുടെ പ്രത്യേകിച്ച് യുവതീ-യുവാക്കളുടെ സാംസ്കാരികാന്തരീക്ഷം പഠിക്കുകയും നന്മയിലധിഷ്ഠിതമാക്കുവാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യുക തുടങ്ങി അതിന്റെ ശ്രദ്ധയില്‍ ഉണ്ടായിരിക്കേണ്ട സംഗതികള്‍ നിരവധിയാണ്.
മേല്‍ വിവരിച്ച സംഗതികള്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ഏതൊരു പ്രസ്ഥാനത്തിന്റെയും, ഏത് ഭരണ സംവിധാനങ്ങളുടെയും വിജയത്തിന് ധൈഷണികമായും വൈജ്ഞാനികമായും മാനസികമായും കരുത്തുറ്റ ഒരു നേതൃത്വം ഉണ്ടാവേണ്ടത് അനിവാര്യമാണ്. മഹല്ല് സംവിധാനവും ഇതില്‍ നിന്നും വിഭിന്നമല്ല.

  • മഹല്ലിന് ഒരു ഖാദി അനിവാര്യമാണ്. ഖാദി തന്നെ മഹല്ല് പ്രസിഡന്റാ കുന്നതാണ് ഏറ്റവും ഉത്തമം. ഖാദിയുടെ അധികാരങ്ങള്‍ മഹല്ലിലെ ജനറല്‍ ബോഡിയിലോ അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയംഗങ്ങളുടെ യോഗത്തിലോ വെച്ച് നിര്‍ണയിക്കേണ്ടതാണ്.
  • മഹല്ലിനെ 100 അല്ലെങ്കില്‍ സൌകര്യപ്രദമായ എണ്ണം വീടുകളുടെ അടിസ്ഥാനത്തില്‍ ക്ളസ്ററുകളായി തിരിക്കുക. മഹല്ല് കമ്മറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ ക്ളസ്ററുകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയും ചെയ്യുക. ഉദാ: 50 പേര്‍ക്ക് ഒരു കമ്മറ്റിയംഗം.
  • ഇങ്ങനെ വിഭജിക്കപ്പെടുന്ന ക്ളസ്ററുകളുടെ ഉത്തരവാദിത്വം അതത് ക്ളസ്റര്‍ കമ്മറ്റിയംഗങ്ങള്‍ക്കായിരിക്കും.
  • ഓരോ ക്ളസ്ററിലെയും ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം, സാംസ്കാരികാന്തരീക്ഷം, വിവാഹിതര്‍, അവിവാഹിതര്‍, അനാഥര്‍, രോഗികള്‍, പ്രവാസികള്‍ മുതലായ കാര്യങ്ങള്‍ കൃത്യമായി നിരന്തരം കമ്മറ്റിയെ അറിയിക്കേണ്ടത് അതത് ക്ളസ്റര്‍ പ്രതിനിധികളുടെ ഉത്തരവാദിത്വമായിരിക്കും.
  • മഹല്ല് കമ്മറ്റി ഓഫീസില്‍ മുഴുവന്‍ വീടുകളുടെയും ക്ളസ്റര്‍ തിരിച്ചുള്ള കൃത്യമായ രജിസ്റര്‍ സൂക്ഷിക്കുകയും രജിസ്ററില്‍ മേല്‍പറഞ്ഞ മുഴുവന്‍ വിവരങ്ങളും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയും വേണം.
  • ജനനം, മരണം, വിദേശത്തേക്കുള്ള പോക്കും-വരവും തുടങ്ങിയവ കമ്മറ്റിയെ അറിയിക്കണം.
  • വിദേശത്തുള്ള മഹല്ല് മെമ്പര്‍മാരുടെ അഡ്രസ്സും അവരുമായി ബന്ധപ്പെടാനുള്ള സംവിധാനവും ഉണ്ടായിരിക്കണം.
  • മഹല്ലിന്റെ സുപ്രധാന തീരുമാനങ്ങളെല്ലാം പ്രവാസികളെ അപ്പപ്പോള്‍ അറിയിക്കണം.

മഹല്ലിന്റെ കീഴിലെ ഉപസമിതികള്‍

1. വിദ്യാഭ്യാസ സമിതി:

ഒരു സമൂഹത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്ക് ഏറ്റവും അടിസ്ഥാനപരമായി വേണ്ടുന്നതാണ് വിദ്യാഭ്യാസം. ശരിക്കും മുറക്കുമുള്ള വിദ്യാഭ്യാസം ഉണ്ടെങ്കില്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ ഒരു പരിധിവരെ സ്വയം പരിഹൃതമാകും.

  • മഹല്ലില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളെക്കുറിച്ചുമുള്ള കണക്കെടുപ്പ് നടത്തുകയും മത ഭൌതിക വിദ്യാഭ്യാസ രംഗത്തെ പുരോഗതി മനസ്സിലാക്കി പിന്തുണക്കുകയും ചെയ്യുക.
  • ദാരിദ്യ്രത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോകുവാന്‍ ആവശ്യമുള്ള കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്തുകൊടുക്കുക.
  • പി എസ് സി, യു പി എസ് സി, റെയില്‍വെ തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ മഹല്ലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും മഹല്ല് യഥാസമയം അത് ജനങ്ങളിലെത്തിക്കുകയും ചെയ്യുക.
  • ഇത്തരം പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പരിശീലനം നല്‍കുക.
  • മഹല്ലിലെ ബുദ്ധി വൈകല്യമുള്ളവര്‍, വികലാംഗര്‍ തുടങ്ങിയവരുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുക.
  • വിദ്യാഭ്യാസപരമായ മുഴുവന്‍ കാര്യങ്ങളും മഹല്ലിനെ അപ്പപ്പോള്‍ അറിയിക്കുക.

2. വിവാഹബ്യൂറോ:

മഹല്ലിന്റെ പരിധിയില്‍ പ്രായം തികഞ്ഞ വിവാഹം നടക്കപ്പെടാതെ നില്‍ക്കുന്ന സ്ത്രീ-പുരുഷന്‍മാര്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുവാനാണ് ഈ ഉപസമിതി. കൂടാതെ അനുയോജ്യമായവരെ കണ്ടെത്തി പരസ്പരം ചേര്‍ക്കുകയും വേണം.

  • മഹല്ലിലെ പ്രായം തികഞ്ഞ സ്ത്രീ-പുരുഷന്‍മാരുടെ കണക്കെടുക്കുക.
  • ഇവരുടെ ഫോട്ടോ അടക്കമുള്ള വിശദവിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി സൂക്ഷിക്കുക.
  • എല്ലാ ആഴ്ചയിലെയും വിവാഹ പരസ്യങ്ങള്‍ ശ്രദ്ധിച്ച് ചേരുന്ന വീട്ടുകാരെ വിവരം അറിയിക്കുക.
  • പ്രീ മാര്യേജ് കൌണ്‍സലിങ്ങ് സംഘടിപ്പിക്കുക.
  • മഹല്ലിലെ കുടുംബത്തിലുള്ള പ്രശ്നങ്ങളില്‍ യഥാവിധി ഇടപെടുകയും കൌണ്‍സലിംഗ്, മാധ്യസ്ഥത തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുക.
  • പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ വിളിപ്പിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക.

3. സകാത്ത് സെല്‍:

സകാത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇതിന്റെ ആമുഖത്തില്‍ ചേര്‍ത്തിട്ടുണ്ട്. സകാത്ത് സെല്ലിനെ വീണ്ടും രണ്ട് ഉപവകുപ്പുകളായി തിരിക്കേണ്ടതും സംഭരണത്തിനും വിതരണത്തിനും പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടായിരിക്കണ്ടതുമാണ്.

  • എല്ലാ വീടുകളുടെയും സാമ്പത്തിക സര്‍വ്വെ നടത്തുക.
  • സര്‍വ്വെയില്‍ വളര്‍ത്തുമൃഗങ്ങള്‍, ഭൂമി, ധരിക്കുന്നതും അല്ലാത്തതുമായ ആഭരണങ്ങള്‍, വീടിന്റെ നിലവാരം, വീട്ടിലുപയോഗിക്കുന്ന വസ്തുക്കള്‍, വിദേശത്തുള്ളവര്‍, ഗവണ്‍മെന്റ് ജീവനക്കാര്‍, അവരുടെ ഗ്രേഡ്, കച്ചവടക്കാര്‍, കര്‍ഷകര്‍, കൂലിപ്പണിക്കാര്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, തൊഴിലില്ലാത്തവര്‍, വികലാംഗര്‍, ഭവനരഹിതര്‍, നിത്യരോഗികള്‍ തുടങ്ങി ഇവിടെ പരാമര്‍ശിച്ചതും അല്ലാത്തതുമായ വിശദവിവരങ്ങള്‍ വേണം.
  • സര്‍വ്വെയില്‍ മഹല്ല് നിവാസികളുടെ സാമ്പത്തിക ബാധ്യതകളും കടന്നുവരണം. കടം, കച്ചവടസംബന്ധമായ ബാധ്യതകള്‍, പലിശയുമായി ബന്ധപ്പെട്ടത്, സ്വകാര്യവ്യക്തികളുമായി ബന്ധപ്പെട്ടത് തുടങ്ങിയവ.
  • ഈ സെല്ലിന് ഒരു മുഴുസമയ ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കണം.
  • തീരുമാനിക്കപ്പെടുന്ന ദിവസങ്ങളിലും സമയങ്ങളിലുമൊഴികെ പ്രവര്‍ത്തിക്കുന്ന ഒരു മുഴുസമയ ഓഫീസും ഉണ്ടായിരിക്കണം.
  • സര്‍വ്വെയില്‍ ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് സക്കാത്ത് ദാതാക്കള്‍, സക്കാത്തിന്നര്‍ഹരായവര്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തെ കാണണം.
  • ഓരോ വര്‍ഷവും വിവരങ്ങള്‍ അപ്ഡേറ്റു ചെയ്യണം.
  • സകാത്ത് ദാതാക്കളെ ലഭ്യമായ വിവരമനുസരിച്ച് അവര്‍ നല്‍കേണ്ട സകാത്ത് വിഹിതം മുന്‍കൂട്ടി രേഖാമൂലം അറിയിക്കണം.
  • അത് ശേഖരിക്കാന്‍ ഉദ്യോഗസ്ഥന്‍ ഇന്ന ദിവസം അദ്ധേഹത്തിന്റെ വീട്ടില്‍ ചെല്ലുമെന്ന് അറിയിക്കുകയും അന്നേ ദിവസം അവിടെ പോയി സകാത്ത് ശേഖരിക്കുകയും വേണം.
  • പണമായും, കാര്‍ഷികവിളകളായും, സ്വര്‍ണ്ണമായും സകാത്ത് സ്വീകരിക്കാവുന്നതാണ്.
  • നല്‍കപ്പെടുന്ന സകാത്തിന് മതിയായ റസീപ്പ്റ്റ് നല്‍കണം.
  • സകാത്ത് സെല്‍ ഉദ്യോഗസ്ഥന്റെ ശമ്പളം സെല്ലിന്റെ വരവില്‍ നിന്നും നല്‍കണം.
  • സകാത്തിന്നര്‍ഹരായവരുടെ ലിസ്റ് ഏറ്റവും അര്‍ഹരായവര്‍ എന്ന നിലയില്‍ മുന്‍ഗണനാ ക്രമത്തില്‍ ക്രോഡീകരിക്കണം.
  • സകാത്തിന്നര്‍ഹരായവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് സെല്ലിലെ അംഗങ്ങള്‍ കൂട്ടായ് ഇരുന്ന് ആലോചിക്കണം. ആവശ്യമെങ്കില്‍ ആളെ വിളിപ്പിക്കാവുന്നതാണ്.
  • അദ്ദേഹത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടും വിധം സകാത്ത് നല്‍കണം. (പിന്നീട് ആവിഷയത്തില്‍ അയാള്‍ വേറൊരാളെ സമീപിക്കുവാന്‍ ഇടവരരുത്)
  • സകാത്ത് ശേഖരണ വിതരണ സംവിധാനം വര്‍ഷത്തിലെ എല്ലാ മാസവും ഉണ്ടാവണം.
  • ശമ്പളത്തിന്റെ സകാത്ത് അതത് മാസത്തിലെ പത്താം തിയ്യതിക്കകം ശേഖരിച്ചിരിക്കണം.
  • ടാക്സി, ഓട്ടോ, തുടങ്ങിയവയുടെ സകാത്ത് അതത് ദിവസങ്ങളില്‍ ശേഖരിക്കണം.
  • ഈ വിഷയത്തില്‍ സകാത്ത് ദാതാവ് നല്‍കുന്ന വിവരങ്ങള്‍ ചോദ്യം ചെയ്യാതെ അംഗീകരിക്കണം.
  • മാസത്തില്‍ രണ്ട് തവണയെങ്കിലും സകാത്ത് സെല്‍ അംഗങ്ങള്‍ കൂടിയിരിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും വേണം.
  • വിവരങ്ങള്‍ അപ്പപ്പോള്‍ മഹല്ലിനെ അറിയിക്കുകയും വേണം.
4. സാംസ്കാരിക സമിതി

  • മഹല്ലിലെ കൈത്തൊഴില്‍ അറിയുന്ന യുവതി യുവാക്കളുടെ കണക്കെടുക്കുക.
  • അവരുടെ കഴിവുകള്‍ കൂട്ടമായി പ്രയോജനപ്പെടുത്താവുന്ന സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുക. ഉദാ. ഗാര്‍മെന്റ്സ് യൂനിറ്റ്, ഫുഡ് പ്രൊസ്സെസ്സിംഗ് യൂനിറ്റ്, ബാഗ് നിര്‍മ്മാണം തുടങ്ങിയവ.
  • ഇതിനാവശ്യമായ ഫണ്ട് സകാത്ത് സെല്ലില്‍ നിന്ന് അപേക്ഷനല്‍കി വായ്പയായ് സ്വീകരിക്കാവുന്നതാണ്.
  • മഹല്ലിലെ വിവിധ മേഖലകളില്‍ കഴിവുള്ള സ്ത്രീ പുരുഷന്‍മാരുടെയും കുട്ടികളുടെയും കണക്കെടുക്കുക. ഉദാ. സംഗീതം, പ്രസംഗം, മറ്റു കലാ കായിക രംഗങ്ങള്‍.
  • ഇത്തരത്തില്‍ കഴിവുള്ളവരെ സംഘടിപ്പിക്കുകയും കൂട്ടായ്മ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക.
  • അവരുടെ കഴിവുകള്‍ പോഷിപ്പിക്കാനാവശ്യമായ ശില്‍പ്പശാലകള്‍, മത്സരങ്ങള്‍, പെരുന്നാള്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക.
  • മുഴുവന്‍ വിവരങ്ങളും അപ്പപ്പോള്‍ മഹല്ലിനെ അറിയിക്കുക
5. സാമ്പത്തീക സഹായ സമിതി

മഹല്ലിലെ സാമ്പത്തീക വിദഗ്ദര്‍ അടങ്ങുന്ന സമിതിയായിരിക്കും ഇത്. മഹല്ലിലെ പ്രവാസികളില്‍നിന്നും സമ്പന്നരില്‍നിന്നും ഷെയറുകള്‍ സ്വീകരിച്ച് ഒരു നിശ്ചിത ആസ്തി ഉണ്ടാക്കുക.

  • മൊത്തം ആസ്തിയുടെ പകുതി ലാഭകരമായ ഒരു ബിസ്സ്നസ്സില്‍ നിക്ഷേപിക്കുക.
  • ബാക്കിവരുന്ന പകുതികൊണ്ട് ഒരു പലിശ രഹിത ബാങ്ക് തുടങ്ങുക.
  • നിശ്ചിത ഒഴിവു ദിവസങ്ങളിലൊഴിച്ച് ബാക്കി ദിവസങ്ങളില്‍ നിശ്ചിത സമയം പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസ് ഇതിന് ആവശ്യമാണ്.
  • ഒരു പാര്‍ട്ട് ടൈം ഉദ്യോഗസ്ഥനെ നിയമിക്കണം.
  • മഹല്ലിലുള്ള മെമ്പര്‍മാര്‍ക്ക് സ്വര്‍ണ്ണത്തിന്റെ ഈടില്‍ വായ്പ അനുവദിക്കുകയാണ് പലിശ രഹിത ബാങ്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.
  • മാര്‍ക്കറ്റ് വിലയുടെ 75% വരെ വായ്പയായി അനുവദിക്കാവുന്നതാണ്.
  • സ്വരൂപിക്കപ്പെടുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ വായ്പ നല്‍കാവുന്ന കൂടിയ തുക തീരുമാനിക്കപ്പെടേണ്ടതാണ്.
  • വായ്പയുടെ കാലാവധി കൂടിയാല്‍ ആറ് മാസമായിരിക്കും.
6. ജനസമ്പര്‍ക്ക സമിതി

  • മഹല്ലിലെ അമുസ്ലിംകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മറ്റു മതസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായ സംവിധാനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക.
  • നാടിന്റെ പുരോഗതിക്കും ഐക്യത്തിനും കൂട്ടായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നേതൃത്വം നല്‍കുക.
  • നാടിനെ ഗ്രസിക്കുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ സംവിധാനം ഒരുക്കുക.
  • ലഹരിക്കടിപ്പെട്ടവരെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ എത്തിക്കുക.
  • മാനസീക രോഗീകളെ ആശുപത്രിയിലെത്തിക്കുക.
  • ഇത്തരത്തിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തീക സഹായം സംഘടിപ്പിച്ചു നല്‍കുക.
  • പ്രവാസി സെല്‍, വനിതാ സെല്‍ തുടങ്ങി മഹല്ലിന്റെ സാധ്യതകള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി ഇതിനെ വിപുലീകരിക്കാവുന്നതാണ്.