ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 18, 2013

SOLIDARITY


PRABODHANAM WEEKLY


മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍ റവന്യൂ വകുപ്പിന് തടയാനായില്ല

 
 മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍
റവന്യൂ വകുപ്പിന് തടയാനായില്ല
 കണ്ണൂര്‍: മുണ്ടേരിക്കടവിലെ നീര്‍ത്തടം നികത്തല്‍ തടയാനുള്ള റവന്യൂ വകുപ്പിന്‍െറ നീക്കം വിഫലമായി. റവന്യൂ ഉദ്യോഗസ്ഥരുടെ വിലക്ക് കണക്കിലെടുക്കാതെ റിയല്‍ എസ്റ്റേറ്റ് ലോബി യഥേഷ്ടം നികത്തല്‍ തുടരുകയാണ്. മുണ്ടേരി, ചേലേരി വില്ളേജുകളിലായി രണ്ട് ഏക്കറോളം നീര്‍ത്തട ഭൂമിയാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണമായി മണ്ണിട്ടു നികത്തിയെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിത പക്ഷിസങ്കേതമായി പ്രഖ്യാപിച്ച തണ്ണീര്‍ത്തടത്തിന്‍െറ ഭാഗമാണിത്. നികത്തലിനെതിരെ സ്ഥലമുടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കല്‍ മാത്രമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടാലുടനെ നികത്തല്‍ പഴയപടി തുടരുന്നു.
സംഭവം വിവാദമായതിനെതുടര്‍ന്ന് ചക്കരക്കല്ല് പൊലീസ് ഇടക്കിടെ ഈ ഭാഗത്ത് പട്രോളിങ് നടത്തുന്നുണ്ട്. പൊലീസിന്‍െറ വരവറിഞ്ഞാല്‍ മാറിനില്‍ക്കുന്ന തൊഴിലാളികള്‍ അവര്‍ പോയിക്കഴിഞ്ഞാലുടന്‍ നികത്തല്‍ തുടരും. മുണ്ടേരിപ്പുഴയും തീരവും ചേരുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ അര ഏക്കര്‍ ഭൂമി ദിവസങ്ങള്‍ക്കകമാണ് നികത്തിയെടുത്തത്. 800 ഹെക്ടറോളം വിസ്തൃതിയുള്ള കാട്ടാമ്പള്ളി തണ്ണീര്‍ത്തട മേഖലയുടെ പരിധിയില്‍പെട്ട ഈ പ്രദേശത്ത് പലയിടത്തും സമാനരീതിയില്‍ നികത്തല്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭൂമി വിലക്കുവാങ്ങിയവരാണ് അധികാര സ്വാധീനവും സാമ്പത്തിക ശക്തിയും ഉപയോഗപ്പെടുത്തി യഥേഷ്ടം നികത്തുന്നത്.
പ്രദേശം പക്ഷിസങ്കേതമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടായ സാഹചര്യത്തിലാണ് പലരും ഇവിടെ ഭൂമി സ്വന്തമാക്കിയത്. നികത്തിക്കൊണ്ടിരിക്കുന്ന പ്ളോട്ടുകളിലൊന്ന് ആറുമാസം മുമ്പ് കൈമാറ്റം ചെയ്യപ്പെട്ടതാണ്. അതേസമയം, സ്ഥലവാസികളായ പരമ്പരാഗത കര്‍ഷകര്‍ നീര്‍ത്തടം നികത്തുന്നതിന് എതിരാണ്. നികത്തല്‍ തടയാന്‍ ചടങ്ങുപോലെ നോട്ടീസ് നല്‍കുന്നതോടെ റവന്യൂ വകുപ്പിന്‍െറ നടപടി അവസാനിക്കുന്നു. നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനോ നികത്തിയ ഭൂഭാഗം പൂര്‍വസ്ഥിതിയിലാക്കാനോ ഒരു നീക്കവും ഉണ്ടാവുന്നില്ല. ഇത് നികത്തല്‍ ലോബിക്ക് സഹായകമാവുന്നു. നീര്‍ത്തടത്തിന്‍െറ പരിധിയില്‍പെട്ട സ്വകാര്യ ഭൂമി നികത്തുന്നതിനും അനുമതി നല്‍കരുതെന്നാണ് ചട്ടം.
നീര്‍ത്തടം നികത്തല്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാഴ്ച മുമ്പ് വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അനധികൃതമായി നികത്തിയതെന്ന് കണ്ടത്തെിയ ഭൂമിയിലാണ് റവന്യൂ അധികൃതരുടെ സ്റ്റോപ്പ് മെമ്മോ മറികടന്ന് നികത്തല്‍ പൂര്‍ത്തിയാക്കിയത്. നികത്താന്‍ പാടില്ലാത്ത ‘നഞ്ച’ വിഭാഗത്തില്‍പെട്ട ഭൂമിയെ രജിസ്ട്രേഷന്‍ സമയത്ത് ‘തോട്ടം’ ആക്കി മാറ്റി കൃത്രിമം നടത്തുന്ന പ്രവണതയും വ്യാപകമായുണ്ട്. ആധാരം എഴുത്തുകാരും രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ചേലേരി വില്ളേജില്‍ നീര്‍ത്തടം നികത്തുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച കൊളച്ചേരി പഞ്ചായത്ത് ഓഫിസില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Courtesy:Madhyamam

അറബ്വസന്തം അന്യവത്കരണത്തിനെതിരായ ചെറുത്തുനില്‍പ് -എ.കെ രാമകൃഷ്ണന്‍

 അറബ്വസന്തം അന്യവത്കരണത്തിനെതിരായ ചെറുത്തുനില്‍പ് -എ.കെ രാമകൃഷ്ണന്‍
ന്യൂദല്‍ഹി: യൂറോപ്യന്‍ ചിന്താരീതിയെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആധുനിക ഇസ്ലാമിക ലോകത്ത് വേണ്ടത്ര ഉണ്ടായില്ളെന്നും അതിന്‍െറ ബഹിര്‍സ്ഫുരണമാണ് അറബ് വസന്തമായി പുറത്തുവന്നതെന്നും ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല പ്രഫസര്‍ എ.കെ രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങള്‍ കൂടിയുണ്ടെങ്കിലും ആധുനികതയുടെ ലോകവീക്ഷണം ഇസ്ലാമിക ലോകത്തെ അന്യവത്കരിച്ചതിനെതിരെയുള്ള സ്വത്വത്തിന്‍െറ ചെറുത്തുനില്‍പാണ് അറബ് തെരുവുകളില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘മാറുന്ന കാലത്തെ ഇസ്ലാമിന്‍െറ ഇടം’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദല്‍ഹി-ഹരിയാന ഘടകം ന്യൂദല്‍ഹി രാജേന്ദ്ര ഭവനില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു രാമകൃഷ്ണന്‍.
 മതഗ്രന്ഥങ്ങളിലുള്ള പാരമ്പര്യമായ ജ്ഞാനവും സമകാലിക വിഷയങ്ങളിലുള്ള അറിവും രണ്ട് അറകളില്‍ നില്‍ക്കുന്ന സ്ഥിതിയാണിപ്പോള്‍. ഈ അവസ്ഥ മാറി  രണ്ടും ഉള്‍ചേര്‍ന്നുനിന്നെങ്കില്‍ മാത്രമേ ഇസ്ലാമിന്‍െറ ഇജ്തിഹാദ് അര്‍ഥവത്താകൂ എന്ന് രാമകൃഷ്ണന്‍ പറഞ്ഞു. വ്യാഖ്യാനങ്ങളുടെ സമകാലികതയിലാണ് ഇസ്ലാമിക സമൂഹം ഊന്നേണ്ടത്. ഇന്നത്തെ കാലത്തെക്കുറിച്ചും അതിന്‍െറ ദര്‍ശനങ്ങളെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടെങ്കിലേ പ്രസക്തമായ വ്യാഖ്യാനത്തിന് സാധ്യമാകൂ. ഇത്തരം ബോധ്യമുള്ള  ബൗദ്ധികനിരയെയാണ് ഇസ്ലാം ഇന്ന് തേടുന്നതെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.  ഇസ്ലാമിക ശരീഅത്ത് ശിക്ഷാവിധികളുടെ സമാഹാരമല്ളെന്നും സാമൂഹിക സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള നടപടിക്രമമാണെന്നും ‘മാധ്യമം, മീഡിയാ വണ്‍‘ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. സാമൂഹിക സുരക്ഷക്കുള്ള സാഹചര്യം സൃഷ്ടിച്ച ശേഷം കടുത്ത നിയമലംഘനം നടത്തുന്നവര്‍ക്കുള്ളതാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു. 
ഇസ്ലാമിക രാഷ്ട്രീയം നിഷിദ്ധമെന്നുപറഞ്ഞ് മാറ്റിനിര്‍ത്തിയ കാലം കഴിഞ്ഞുവെന്നും അതൊരു വിപ്ളവ ബദലാണെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞുവെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.   ദല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സി. ചന്ദ്രന്‍, ഫാദര്‍ തോമസ് (സി.ബി.സി.ഐ) എന്നിവര്‍ സംസാരിച്ചു. 

MADHYAMAM


നിയമം നീതിയുടെ വഴിയിലൂടെ നീങ്ങണം -ഡോ. സെബാസ്റ്റ്യന്‍ പോള്‍

 നിയമം നീതിയുടെ വഴിയിലൂടെ നീങ്ങണം -ഡോ. സെബാസ്റ്റ്യന്‍ പോള്‍
 പഴയങ്ങാടി: നിയമം നിയമത്തിന്‍െറ വഴിക്കല്ല, നീതിയുടെ വഴിക്കാണ് നീങ്ങേണ്ടതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. പഴയങ്ങാടി ഫ്രൈഡേ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ‘നീതി നിഷേധം ഇന്ത്യയില്‍’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അനുച്ഛേദം 14ല്‍ പൗരന്‍െറ അവകാശത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇവ പാലിക്കപ്പെടുന്നില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റലിക്കാര്‍ക്ക് സ്വന്തം നാട്ടില്‍പോയി  വോട്ട് ചെയ്യാന്‍ നാല് ആഴ്ച സമയം അനുവദിച്ച കോടതി അതേ നിയമത്തിന്‍െറ ആനുകൂല്യം ഇന്ത്യന്‍ പൗരനായ മഅ്ദനിക്ക് അനുവദിക്കുകയില്ല എന്നത് നീതി നിഷേധമാണ്. നീതി നടപ്പാക്കാനുള്ള ഉപകരണമാണ് നിയമം എന്ന തിരിച്ചറിവാണ് വേണ്ടത്. 11 വര്‍ഷമായി ജീവിക്കാനുള്ള അവകാശത്തിന് നിരാഹാരം നടത്തുന്ന ഇറോം ഷര്‍മിളക്കെതിരെ ആത്മഹത്യക്ക് കേസെടുത്ത നാടാണ് ഇന്ത്യ. സ്വാതന്ത്ര്യം നേടുന്ന സമയത്ത് എ.കെ.ജിയെ ജയിലിലടച്ച ഭരണകൂട ഭീകരതയുടെ നീതി നിഷേധം  ആറ് പതിറ്റാണ്ടിന് ശേഷം മഅ്ദനിയെ ജയിലിലടച്ച് തുടരുകയാണ്.
മഹാ സാമ്രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞ ജീര്‍ണത ഇന്ത്യയെയും ബാധിച്ച വര്‍ത്തമാനകാല സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സംരക്ഷിക്കാന്‍ ജനങ്ങളും മാധ്യമങ്ങളും മുന്നോട്ടു വരണം -അദ്ദേഹം പറഞ്ഞു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മാടായി ഗ്രാമപഞ്ചായത്തംഗം പി.എം. ഹനീഫ് സംബന്ധിച്ചു. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും ഡോ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.

‘അബ്ദുല്‍ ഖാദര്‍ ജീലാനിയുടേത് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം’

 ‘അബ്ദുല്‍ ഖാദര്‍ ജീലാനിയുടേത്
തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം’
കണ്ണൂര്‍: മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയെപോലുള്ളവരുടെ സംഭാവനകള്‍ സമൂഹത്തില്‍ വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ളെന്ന് എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ്സ് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വ്യാപകമായിരുന്ന ആര്‍ഭാടങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ജീലാനിയുടെ അധ്യാപനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് ചെമ്മനാട് ജുമാമസ്ജിദ് ഖത്തീബ് ഹുസൈന്‍ സഖാഫി കാമിലി അഭിപ്രായപ്പെട്ടു. വൈജ്ഞാനിക മേഖലകളില്‍ ജീലാനി അര്‍പ്പിച്ച സംഭാവനകള്‍ കേരളീയ സമൂഹത്തില്‍ ഇനിയും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈഖ് ജീലാനിയെകുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ആധ്യാത്മിക മേഖലകളില്‍ കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തികളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജുമൈല്‍ കൊടിഞ്ഞി, തഫ്സല്‍ ഇഅ്ജാസ് എന്നിവര്‍ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് ബിനാസ് സ്വാഗതവും സെക്രട്ടറി അഷിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.

ദലിത്, ന്യൂനപക്ഷ വിശാല ഐക്യമുന്നണി രൂപപ്പെടണം -ഡോ.ടി.ടി.ശ്രീകുമാര്‍

 ദലിത്, ന്യൂനപക്ഷ വിശാല ഐക്യമുന്നണി
രൂപപ്പെടണം -ഡോ.ടി.ടി.ശ്രീകുമാര്‍
തൃശൂര്‍:  ദലിത്-ന്യൂനപക്ഷ-ഫെമിനിസ്റ്റ് - മനുഷ്യാവകാശ സംഘടനകളുടെ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന വിശാല ഐക്യമുന്നണി രാജ്യത്ത് രൂപപ്പെടേണ്ടതുണ്ടെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ഡോ.ടി.ടി.ശ്രീകുമാര്‍.  ഈ രാഷ്ട്രീയം  പ്രായോഗിക തലത്തിലേക്ക് വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ് രൂപവത്കരണത്തിന്‍െറ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സോഷ്യല്‍ ഓഡിറ്റിങ് സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരവേദികള്‍ക്കപ്പുറം സംഘടനകള്‍ പരസ്പരം മനസ്സിലാക്കുന്ന വിശാല സംവിധാനമാണ് രൂപം കൊള്ളേണ്ടത്. യോജിക്കാവുന്ന മേഖലകള്‍ കണ്ടത്തെണം. കേവലം അനുഷ്ഠാനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സമരങ്ങളെ ചലനാത്മകമാക്കണം. സാമൂഹിക മാറ്റത്തിനായി പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്കും സ്വയംവിമര്‍ശങ്ങള്‍ക്കും മുന്‍തൂക്കം നല്‍കണം.
1920 കളില്‍ മുസ്ലിംകളും ഈഴവരും ദലിതുകളുമടങ്ങുന്ന സമൂഹം ശ്രീമൂലം അസംബ്ളിയിലെ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന് വേണ്ടി നടത്തിയ നിവര്‍ത്തന പ്രക്ഷോഭം ധീരസമരമുറയായിരുന്നു. ഇതടക്കമുള്ള നവോത്ഥാന സംഭവങ്ങളെ പഠനവിഷയമാക്കാതെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് പോകാനാവില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
തങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ മറ്റാര്‍ക്കും അവകാശമില്ളെന്ന പൊതുനിലപാടാണ് സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ തിരുത്തിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്  ചൂണ്ടിക്കാട്ടി. 
കിനാലൂരിലും മൂലമ്പള്ളിയിലും തെരഞ്ഞെടുപ്പ് വേളയില്‍ സോളിഡാരിറ്റി സ്വീകരിച്ച നിലപാടില്‍ വിയോജിപ്പുണ്ടെന്ന് സമരപക്ഷ സെഷനില്‍ സംസാരിച്ച സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. വനിതകള്‍ക്ക് സംഘടനയില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ചലച്ചിത്ര സംവിധായകന്‍ കെ.പി. ശശി നിര്‍ദേശിച്ചു. വിളയോടി വേണുഗോപാല്‍, ജി.ഒ. ജോസ്, ഡോ. വി. വേണുഗോപാല്‍, റോബിന്‍ എന്നിവരും സംസാരിച്ചു.
പുരുഷ കേന്ദ്രീകൃത മൂല്യവ്യവസ്ഥയാണ് സോളിഡാരിറ്റിക്കുള്ളതെന്ന് യുവജന സെഷനില്‍ അഭിപ്രായപ്പെട്ട മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന തനിക്ക് സംഘടനയോട് പ്രശ്നാധിഷ്ഠിത അടുപ്പമാണുള്ളതെന്ന് വെളിപ്പെടുത്തി. ലൈംഗിക ന്യൂനപക്ഷങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സോളിഡാരിറ്റി വിമുഖത കാണിച്ചുവെന്നും അവര്‍ പറഞ്ഞു. രേഖാ രാജ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ശോഭാ സുബിന്‍ എന്നിവരും സംസാരിച്ചു.
സാംസ്കാരിക സെഷനില്‍ ഡോ. എം.പി. പരമേശ്വരന്‍, എം.ജി. രാധാകൃഷ്ണന്‍, ഡോ. ആസാദ്, കെ.കെ. ബാബുരാജ്, ടോമി മാത്യു എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റിയുടെ മാധ്യമ അവാര്‍ഡുകള്‍ പി. സുരേഷ് ബാബു (മാതൃഭൂമി), അനീഷ് ബര്‍സോം (റിപ്പോര്‍ട്ടര്‍ ടിവി), ഡോക്യുമെന്‍ററി സംവിധായകന്‍ എ.എസ്. അജിത്കുമാര്‍ എന്നിവര്‍ ഡോ. ടി.ടി. ശ്രീകുമാറില്‍ നിന്ന് ഏറ്റുവാങ്ങി. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ മത്സര വിജയികള്‍ക്ക് സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
സോളിഡാരിറ്റി സംസ്ഥാന രക്ഷാധികാരി ടി. ആരിഫലി സമാപന പ്രഭാഷണം നിര്‍വഹിച്ചു.  സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും സി.എം. ശരീഫ് നന്ദിയും പറഞ്ഞു.