ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, September 9, 2012

 ജമാഅത്തെ ഇസ്ലാമി
നേതൃസംഗമം
കണ്ണൂര്‍: സേവനസന്നദ്ധതയും ത്യാഗമനോഭാവവും നഷ്ടപ്പെടുന്നതോടെ മനുഷ്യത്വം പ്രതിസന്ധിയിലകപ്പെടുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ഐ.സി.എം സ്കൂളില്‍ നടന്ന ജമാഅത്തെ ഇസ്ലാമി മേഖലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതപ്രതിസന്ധികളില്‍ മനുഷ്യത്വത്തെ കര്‍മോത്സുകരാക്കിയവരായിരുന്നു മുന്‍കഴിഞ്ഞുപോയ നേതാക്കള്‍. ഒട്ടിയ വയറുമായി കഴിയുന്ന ജനലക്ഷങ്ങളുടെ മുന്നില്‍ മുദ്രാവാക്യങ്ങളുടെ ആവേശമല്ല, ആഹാരത്തിന്‍െറയും സേവനത്തിന്‍െറയും രൂപത്തില്‍ നേതാക്കള്‍ പ്രത്യക്ഷപ്പെടണം. സി.പി. ഹബീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വി.ടി. ഇഖ്ബാല്‍, നാസര്‍ ചെറുകര, സലീല്‍ ഹസന്‍, മുഹമ്മദ് ഫാറൂഖ്, സി. അബ്ദുസ്സമദ് എന്നിവര്‍ സംസാരിച്ചു.

ജമാഅത്ത് അമീര്‍ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു

 ജമാഅത്ത് അമീര്‍ ഒമാന്‍ 
 ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു 
മസ്കത്: കേരളമെന്നാല്‍ ‘ദൈവത്തിന്‍െറ നന്മ’യാണെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് ബിന്‍ ഹമദ് ആല്‍ഖലീലി. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയുമായി മസ്കത്തിലെ മതകാര്യമന്ത്രാലയം ഓഫിസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം
കേരളത്തോടും മലയാളികളോടുമുള്ള തന്‍െറ മമത അറിയിച്ചത്. കേരളം എന്ന പദം അറബിയില്‍ ‘ദൈവിക നന്മ’ എന്നര്‍ഥം വരുന്ന ‘ഖൈറുല്ല’ എന്ന വാക്കിനെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ഗ്രാന്‍ഡ് മുഫ്തി വിശദീകരിച്ചു. നൂറ്റാണ്ടുകളായി ഊഷ്മളമായ സ്നേഹബന്ധം തുടരുന്നവരാണ് ഒമാനികളും ഇന്ത്യക്കാരും. അവരില്‍ മലയാളികളുമായി ബന്ധം കൂടുതല്‍ ശക്തമാണ്.കേരളത്തില്‍ നടക്കുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും കുറിച്ച് താല്‍പര്യപൂര്‍വം ചോദിച്ചറിഞ്ഞ അദ്ദേഹം ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചും മറ്റുള്ളവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റുന്നതോടൊപ്പം തീവ്രവാദനിലപാടുകളെ ചെറുക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഇസ്ലാം സമാധാനത്തിന്‍െറ മതമാണ്.
സമാധാനപരമായ പ്രബോധനത്തിലൂടെയും സംവാദങ്ങളിലൂടെയുമാണ് മുസ്ലിംകള്‍ ആശയപ്രചാരണം നടത്തേണ്ടത്.
അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാനായി ശക്തമായ നിലപാടുകളെടുക്കുമ്പോള്‍തന്നെ അവ മറ്റുള്ളവരെ കടന്നാക്രമിക്കുന്ന തരത്തിലാകരുതെന്നും മുഫ്തി പറഞ്ഞു. മത, സാമൂഹിക രംഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം അബുല്‍അഅ്ലാ മൗദൂദി 20ാം നൂറ്റാണ്ടില്‍ മൂല്യങ്ങളുടെ വീണ്ടെടുപ്പിനായി പോരാട്ടം നടത്തിയ നേതാവാണെന്ന് അനുസ്മരിച്ചു.
മീഡിയ വണ്‍ ചാനല്‍ സി.ഇ.ഒ അബ്ദുസ്സലാം വാണിയമ്പലം, കേരള ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇസ്രായേലി സാന്നിധ്യം വിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രതിഷേധം

ഇസ്രായേലി സാന്നിധ്യം
വിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രതിഷേധം
ഹൈദരാബാദ്: ഇന്‍ഡസ് ഫൗണ്ടേഷന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്തോ ഗ്ളോബല്‍ എജുക്കേഷന്‍ സമ്മിറ്റിനെതിരെ ഫ്രന്‍റ്സ് ഓഫ് ഫലസ്തീന്‍ (എഫ്.ഒ.പി), എസ്.ഐ.ഒ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഇസ്രായേലില്‍നിന്നുള്ള ടെല്‍അവീവ്, ഹൈഫ യൂനിവേഴ്സിറ്റികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് എഫ്.ഒ.പി, എസ്.ഐ.ഒ  പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന താജ് ഡക്കാന്‍ ഹോട്ടലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇസ്രായേലിനെ അക്കാദമികമായി ബഹിഷ്കരിക്കുക എന്ന സാര്‍വദേശീയ സമരങ്ങളുടെ ഭാഗമാണ് തങ്ങളുടെ സമരമെന്ന് എഫ്.ഒ.പി, എസ്.ഐ.ഒ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

‘അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണം’

‘അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെ
നിജസ്ഥിതി പുറത്തുകൊണ്ടുവരണം’
 കരുനാഗപ്പള്ളി: അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട മുഴുവന്‍ ദുരൂഹമരണങ്ങളുടെയും നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരാന്‍ ഭരണകൂടം തയാറാകണമെന്ന് പ്രക്ഷോഭസമ്മേളനത്തില്‍ ആവശ്യം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാനകമ്മിറ്റി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭസമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
നാട്ടില്‍ അനീതിയുണ്ടായാല്‍ അതിനെതിരെ കലാപമുണ്ടായില്ളെങ്കില്‍ ആ നാട് കത്തിയമരുമെന്ന് പ്രഖ്യാപിച്ച പുരോഗമന സംഘടനകളും ഒഴിഞ്ഞുമാറുന്ന ഘട്ടത്തില്‍, ആത്മീയതയുടെ മറവിലുള്ള ജനാധിപത്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരായ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം വിലമതിക്കുന്നതാണെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത പ്രമുഖ അഭിഭാഷകനും നൈതിക സംവാദത്തിന്‍െറ പത്രാധിപരുമായ അഡ്വ. ആര്‍. പത്മകുമാര്‍ അഭിപ്രായപ്പെട്ടു. ആരെയും കണ്ടാല്‍ ചിരിക്കുന്ന സത്യാന്വേഷിയായ ഒരു പരദേശിയുടെ മരണം മതേതര മാനവികതയുടെ ആലയങ്ങളെന്ന് പ്രചരിപ്പിക്കുന്നിടത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. സത്നം സിങ്ങിന്‍െറ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ ജനം വിശ്വസിക്കുന്നില്ല. ജനങ്ങള്‍ക്ക് സംശയമില്ലാത്ത അന്വേഷണമാണ് വേണ്ടത്. പുരോഗമന യുവജനരാഷ്ട്രീയപാര്‍ട്ടികള്‍ വഞ്ചനപരമായ നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളും ആത്മീയകൊലപാതകങ്ങളും നാട്ടുനടപ്പായിരിക്കുകയാണെന്ന് അധ്യക്ഷതവഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു.
ആത്മീയത സുതാര്യമായിരിക്കണമെന്നും അമൃതാനന്ദമയീ മഠത്തില്‍ ആത്മീയത കാപാലികതയുടെ ക്രൗര്യം വെളിപ്പെടുത്തുന്നതായും ഇത് സാക്ഷാല്‍ ആത്മീയതക്ക് അപമാനമാണെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം പി.പി.  അബ്ദുറഹ്മാന്‍ പെരിങ്ങാടി അഭിപ്രായപ്പെട്ടു. ആത്മീയ മഠങ്ങള്‍ യുവതയെ കാത്ത് പല്ലിളിച്ചുകൊണ്ടിരിക്കുകയാണെന്നും മത കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള പ്രക്ഷോഭം അത് എളുപ്പമല്ളെന്ന കാര്യം ഓര്‍ക്കണമെന്നും സാമൂഹികപ്രവര്‍ത്തകന്‍ ടി.എന്‍. ജോയ് പറഞ്ഞു. 23 കാരനായ പരദേശി ദാഹിച്ച് പട്ടിയെപ്പോലെ ഇഴഞ്ഞ് കക്കൂസിലെ വെള്ളം കുടിച്ച് മരിച്ചതിന്‍െറ നിജസ്ഥിതി അറിയേണ്ടതും അറിയിക്കേണ്ടതും ഇതിന് സത്യസന്ധവും വിശ്വാസ്യവുമായ അന്വേഷണമാണ് വേണ്ടതെന്നും പരിസ്ഥിതിപ്രവര്‍ത്തകനായ ടി.കെ. വിനോദന്‍ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.എം. ഷെരീഫ്, എസ്.ഐ.ഒ ജില്ലാപ്രസിഡന്‍റ് ഫാസില്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാപ്രസിഡന്‍റ് എ.എ കബീര്‍ സ്വാഗതവും ജില്ലാസെക്രട്ടറി അനീഷ് യൂസഫ് നന്ദിയും പറഞ്ഞു.