ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, June 7, 2012

ടെറസില്‍ വിളഞ്ഞ മുന്തിരിമണികള്‍

ടെറസില്‍ വിളഞ്ഞ മുന്തിരിമണികള്‍
കണ്ണൂര്‍: ജൈവവളവും അടുക്കള മാലിന്യവും മാത്രമിട്ട് വളര്‍ത്തി ടെറസിലേക്കു പടര്‍ത്തിയ മുന്തിരിക്കുലകള്‍. കണ്ണൂര്‍ താണ മാണിക്കക്കാവിനു സമീപം ഇംതിയാസിന്‍െറ വീട്ടിലാണ് മുന്തിരിക്കുലകള്‍ വിളഞ്ഞു നില്‍ക്കുന്നത്.
കൃഷിയിലും പൂന്തോട്ടങ്ങളിലും കമ്പമുള്ള ഇംതിയാസ് കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ഫ്ളവര്‍ഷോയില്‍ നിന്നാണ് മുന്തിരിത്തൈകള്‍ വാങ്ങിയത്. മുന്തിരി കൃഷി രീതി അറിയില്ലായിരുന്നെങ്കിലും, ചെടിയുടെ ചുവട്ടില്‍ പുല്ലുകള്‍ നിരത്തി ഈര്‍പ്പം നിലനിര്‍ത്തിയിരുന്നു.
അഞ്ചര സെന്‍റ് പുരയിടത്തിലാണ് ഇംതിയാസും ദീനുല്‍ ഇസ്ലാം സഭ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ ഭാര്യ രഹനയും ചെടികള്‍ നട്ടു വളര്‍ത്തുന്നത്.
പേരക്ക, ആത്തിച്ചക്ക, മധുര നാരങ്ങ, വെണ്ണപ്പഴം എന്നിവയൊക്കെ ഇവരുടെ പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഈത്തപ്പഴത്തിന്‍െറ ചെടി നട്ടതും കരുത്തോടെ വളരുന്നുണ്ട്. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളും ഇവര്‍ ഇത്തിരി സ്ഥലത്ത് നട്ടു വളര്‍ത്തുന്നുണ്ട്. വഴുതനങ്ങ, വെണ്ട, കോവയ്ക്ക, പയര്‍, കാബേജ് എന്നിവയൊക്കെ ഇവരുടെ അടുക്കളത്തോട്ടത്തിലുണ്ട്. സ്ഥലമുണ്ടെങ്കില്‍ കൂടുതല്‍ ചെടികള്‍ വളര്‍ത്തണമെന്നാണ് മോഹമെന്നും ഇംതിയാസ് പറയുന്നു.
കുലയില്‍ പഴുക്കുന്ന കായ്കളൊക്കെ  പറിച്ചു തിന്നുന്നതാണ് മക്കളായ ഇഹ്സാന്‍െറയും റെനിയയുടെയും ഹോബി. വീട്ടില്‍ വിളഞ്ഞ മുന്തിരിയെന്ന അഭിമാനത്തോടെ കൂട്ടുകാര്‍ക്കും ഇവര്‍ മുന്തിരികള്‍ നല്‍കാറുണ്ട്.
Courtesy: Madhyamam