ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 9, 2011

Haroon Sahib

നന്‍മയുടെ പാസ്സ് വേഡ്
വീണുകിട്ടിയ അനുഗ്രഹമാണ് തനിക്ക് സേവന ജീവിതമെന്ന് ഹാറൂന്‍ വിശ്വസിക്കുന്നു. അതിന് നന്ദിപറയുന്നത് മടിത്തട്ടില്‍ എപ്പോഴും കൂട്ടിനുള്ള ലാപ്ടോപ്പിനോടാണ്. പിന്നെ സര്‍വശക്തനോടും.
സ്വന്തം വേദനകള്‍ക്ക് അവധി നല്‍കിയ ഹാറൂണ്‍ കിടക്കയില്‍ തലയിണകള്‍ക്കുമേല്‍ ചാരിക്കിടന്ന് നെഞ്ചിനു മുകളിലായി ഉയര്‍ത്തിവെച്ച സ്റ്റാന്‍ഡിന്റെ സഹായത്തോടെ ലാപ്ടോപ്പിലൂടെ വേദനിക്കുന്ന സഹജീവികളുടെ കഥകള്‍ സൈബര്‍ ലോകത്ത് വിഹരിക്കുന്നവരെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. സമാന മനസ്കരെ കണ്ടെത്തി സഹായ യത്നങ്ങള്‍ നടത്തുന്നു. ഇതൊരു ജീവിത ദൌത്യമാണ് ഇദ്ദേഹത്തിന്.
നല്ലെട്ട് തകര്‍ന്ന് നാലുവര്‍ഷത്തോളമായി കിടപ്പിലാണ് കണ്ണൂര്‍ താണ കൊടപ്പറമ്പ് 'സഹറി'ലെ പി. ഹാറൂന്‍. പരസഹായം കൂടാതെ ചരിഞ്ഞുകിടക്കാന്‍ പോലും കഴിയില്ല. വീല്‍ചെയറിന്റെ തുണയോടെ മാത്രം സഞ്ചാരം.
കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ബ്ലോഗിന്റെയും അപാര സാധ്യതകളെ വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നതിന് എത്രത്തോളം പ്രയോജനപ്പെടുത്താമെന്ന് പരീക്ഷിച്ച് വിജയം വരിച്ചതിന്റെ ആഹ്ലാദം ആ മുഖത്തു വായിച്ചെടുക്കാം.
www.haroonp.blogspot.com എന്ന ബ്ലോഗില്‍ പരതിയാല്‍ മനുഷ്യപ്പറ്റിന്റെ ഉറവ വറ്റാത്ത മനസ്സുകളുടെ സ്പര്‍ശം അറിയാം. വര്‍ഷങ്ങളായി വേദനയില്‍ ഉഴലുന്നവര്‍ അനുഭവിച്ചുതീര്‍ക്കുന്ന യാതനയുടെ ആഴം കാണാം.
ഒമാനിലെ സലാലയില്‍ ബിസിനസ് നടത്തുകയായിരുന്നു ഹാറൂന്‍. 2006 ഫെബ്രുവരിയില്‍ നാട്ടില്‍ വന്നപ്പോള്‍ വീടിന്റെ മട്ടുപ്പാവില്‍ വളരുന്ന മുന്തിരിവള്ളികളെ പരിചരിക്കാന്‍ കയറിയതായിരുന്നു. ടെറസില്‍ നിന്ന് താഴെയിറങ്ങുമ്പോള്‍ കാലൊന്ന് വഴുതിയതേ ഓര്‍മയുള്ളൂ. താഴെ വീണപ്പോള്‍തന്നെ നട്ടെല്ല് തകര്‍ന്നു. അരക്ക് താഴെ ശരീരത്തിന്റെ ചലനമറ്റു. മംഗലാപുരത്തും വെല്ലൂരിലും മറ്റും ചികിത്സാപരീക്ഷണത്തിന്റെ നാളുകളായിരുന്നു പിന്നീട്. ഫലം കിട്ടിയില്ല.
മനസ്സ് തളരാതിരിക്കാന്‍ വായനയാണ് സഹായിച്ചത്. ഒരു പാട് പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. പുസ്തകങ്ങള്‍ എത്തിക്കാന്‍ സുഹൃത്തുകളും സഹായിച്ചു.
ഒരു വര്‍ഷം മുമ്പാണ് മൂത്തമകന്‍ എന്‍ജിനീയറായ അര്‍ഷാദ് ലാപ്ടോപ് കൊണ്ടുവന്നുകൊടുത്തത്. മകന്റെ സഹായത്തോടെ തന്നെ ഇ.മെയില്‍ വിലാസവും ബ്ലോഗും ഉണ്ടാക്കി. 'ഒരു നുറുങ്ങ്' എന്ന പേരിലുള്ള ബ്ലോഗില്‍ നട്ടെല്ലിനു ശേഷിയില്ലാതെ ദുരിതക്കിടക്കയില്‍ കഴിയുന്ന നിരവധിയാളുകളുടെ ജീവിതാവസ്ഥകള്‍ എഴുതി.
ജീവിക്കാന്‍ കൊതിയോടെ എന്ന തലക്കെട്ടില്‍ കോട്യം കിടങ്ങൂരില്‍ രാജേഷിന്റെ കഥയാണ് ആദ്യം ബ്ലോഗില്‍ എഴുതിയത്. ജന്മനാ ശരീരം തളര്‍ന്ന് അവശതയിലായിരുന്ന രാജേഷ് ആത്മഹത്യ ശ്രമം നടത്തിയ ദിവസമാണ് ഹാറൂന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുന്നത്. പാലിയേറ്റിവ് വളണ്ടിയര്‍ മുഖേന ലഭിച്ചതായിരുന്നു ഫോണ്‍നമ്പര്‍. രാജേഷിനെക്കുറിച്ച് ഹാറൂന്‍ ബ്ലോഗില്‍ എഴുതിയതിന് ധാരാളം പ്രതികരണങ്ങള്‍ ഉണ്ടായി. വിദേശത്തുനിന്നുപോലും നിരവധിപേര്‍ രാജേഷിന്റെ അക്കൌണ്ടിലേക്ക് സഹായം അയച്ചുകൊടുത്തു. ജീവിതം പങ്കുവെക്കാന്‍ ഒരു കൂട്ടുകാരിയെത്തി. സഹായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോട്ടയം എം.ജി യൂനിവേഴ്സിറ്റിയിലെ ശരീഫിന്റെ സഹകരണവും ഉണ്ടായി.

കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ സുരേന്ദ്രനെക്കുറിച്ചാണ് ഹാറൂന്‍ ഒടുവില്‍ ബ്ലോഗിലെഴുതിയിട്ടുള്ളത്. സ്പൈനല്‍ മസ്കുലര്‍ അസ്ട്രോഫി ബാധിച്ച് കിടപ്പിലായ സുരേന്ദ്രന്‍ ബോള്‍പെന്‍ റീഫില്ലറുകള്‍ ഉപയോഗിച്ച് വരക്കുന്ന ചത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന ബ്ലോഗ് രചന നിരവധി സുമനസ്സുകളുടെ കണ്ണു തുറപ്പിച്ചു.
സൈബര്‍ കൂട്ടായ്മയിലൂടെ സൃഷ്ടിച്ചെടുത്ത സൌഹൃദ വ്യൂഹത്തിന്റെ സഹായത്തോടെ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ 40 പേര്‍ക്ക് പ്രതിമാസം ചെറിയൊരു തുക ജീവിത ചെലവിനായി എത്തിച്ചു കൊടുക്കാന്‍ കഴിയുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കുപുറമെ ന്യൂസ്ലന്‍ഡ്, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലുള്ള മലയാളികളൊക്കെ സഹായം എത്തിക്കുന്നുണ്ട്. ഈയിടെ ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ ഒരാള്‍ ഹാറൂനിനെ അന്വേഷിച്ചെത്തി സഹായ സന്നദ്ധത അറിയിച്ചു.
നിരവധി അശരണരായ രോഗികള്‍ക്ക് വീട് നിര്‍മിക്കാനും സഹായമെത്തിച്ചു. കേരളത്തില്‍ എവിയെങ്കിലും നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവരുണ്ടെങ്കില്‍ ഹാറൂനിന് വിവരം ലഭിക്കും. ബ്ലോഗ് സൌഹൃദത്തിന്റെ ഫലമാണിത്. കഴിയാവുന്നത്രയാളുകളെ നേരിട്ട് കാറില്‍പോയി കണ്ട് വിവരം ശേഖരിക്കും. അല്ലാത്തതിന് സുഹൃത്തുക്കളെ ആശ്രയിക്കും. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ മാത്രം നട്ടെല്ല് തകര്‍ന്ന് കഴിയുന്ന 200 പേരുണ്ടെന്നാണ് കണക്ക്. ഹാറൂനിന്റെ അഭ്യര്‍ഥന പ്രകാരം ആരോഗ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് നടത്തിയ കണക്കെടുപ്പില്‍ കിട്ടിയ വിവരമാണിത്. പക്ഷേ, ഇവര്‍ക്ക് സഹായ പദ്ധതി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ എന്തുകൊണ്ടോ ലക്ഷ്യത്തിലെത്തിയില്ല.
കോഴിക്കോട്ടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നട്ടെല്ല് തകര്‍ന്ന് രോഗികളെത്തിയാല്‍ ഡോക്ടര്‍മാര്‍ പലരും ഹാറൂനിനെ വിളിക്കും. തകര്‍ന്ന നട്ടെല്ല് പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും രോഗിക്ക് ധൈര്യവും ആത്മവിശ്വാസവും പകരാന്‍ ഹാറൂനിന് കഴിയുമെന്ന് ഡോക്ടര്‍മാര്‍ക്കറിയാം. വേദനയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനുള്ള സന്നദ്ധ സംഘടനകളുടെ ബോധവത്കരണ പരിപാടികളില്‍ ഹാറൂനിന്റെ ശബ്ദം ജീവിതം തകര്‍ന്നുവെന്ന് കരുതിയ പലര്‍ക്കും പ്രത്യാശ പകരുന്നു.
'വീഴ്ചയാണ് എന്നെ സേവന പാതയിലേക്ക് നയിച്ചത്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനും അനുഭവം നിമിത്തമായി. അതുകൊണ്ടാണ് 'വീണുകിട്ടിയ' അനുഗ്രഹമാണ് എന്റെ ജീവിതമെന്ന് പറയുന്നത്' ബോധവത്കരണ പരിപാടികളില്‍ ഹാറൂന്‍ ഇങ്ങനെയാണ് തന്റെ അവസ്ഥയെ വിശദീകരിക്കുന്നത്.
ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിന്റെ സഹായം കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നതാണ് മന്ത്രിമാര്‍ക്കു മുന്നില്‍ പരാതികള്‍ ബോധ്യപ്പെടുത്തിയ ഹാറൂനിന്റെ അനുഭവം.
അതുകൊണ്ടാണ് സമാന്തരമായി ചെറിയ രീതിയിലുള്ള സഹായ പ്രവര്‍ത്തനം നടത്തുന്നത്. ഇത് എത്രകാലം തുടരാന്‍ കഴിയുമെന്നറിയില്ല. പ്രാദേശികമായ സഹകരണം ഉണ്ടെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ കുറേ ചെയ്യാന്‍ കഴിയും. പക്ഷേ സ്വന്തം അയല്‍ക്കാരെക്കുറിച്ചു പോലും നമ്മളാരും ആന്വേഷിക്കാറില്ലല്ലോ! അദ്ദേഹം പരിതപിക്കുന്നു.
ഭാര്യ സറീനയും പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളയാളാണ്. ഏഴുമക്കളുണ്ട്. മൂത്തമകന്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. മറ്റുള്ളവര്‍ വിദ്യാര്‍ഥികളാണ്.
ഹാറൂനിന്റെ ഇ.മെയില്‍ വിലാസം
haroonpulsarakath@gmail.com
ബ്ലോഗ്: www.haroonp.blogspot.com


Courtesy:Madhyamam Click_06-01-2011/വേണു കള്ളാര്‍/venu.kallar@gmail.com

No comments:

Post a Comment

Thanks