ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, November 30, 2011

 കണ്ണൂരില്‍ ഡിസംബര്‍ 10ന് ആര്‍മി മേള
മിസൈല്‍, ടാങ്കുകള്‍, ആയുധങ്ങള്‍  എന്നിവയുടെ പ്രദര്‍ശനവും
സൈനിക അഭ്യാസ പ്രകടനവുമുണ്ടാകും
കണ്ണൂര്‍: കരസേനയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 10ന് കണ്ണൂരില്‍ ആര്‍മി മേള നടത്തുമെന്ന് കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ലഫ്റ്റനന്റ് കേണല്‍ വി.യു. മനോജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ പരിപാടികളോടെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലും പൊലീസ് പരേഡ് ഗ്രൌണ്ടിലുമായാണ് മേള നടക്കുക. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മേള കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചത്. ആദ്യമായാണ്  കണ്ണൂരില്‍ ആര്‍മി മേള നടത്തുന്നത്. 10ന് രാവിലെ 8.30 മുതല്‍ പൊലീസ് പരേഡ് ഗ്രൌണ്ടില്‍ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം നടക്കും.
 ടി. 72 ടാങ്കുകള്‍, ബ്രഹ്മോസ് മിസൈല്‍, ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍, വിവിധതരം ഗണ്ണുകള്‍, മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. കര്‍ണാടക^കേരള സബ്ഏരിയ കമാന്‍ഡിങ് ഓഫിസര്‍ എ.കെ. പ്രധാന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ അവസരമുണ്ടാകും. ഉച്ച 2.30നാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറുക.
പരിപാടി കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. ആകാശത്തും ഭൂമിയിലും സൈനികര്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തും. ഫ്ലൈറ്റ് പാസ്റ്റ്, സ്കൈ ഡൈവിങ്, പാരമേട്ടോര്‍ ഗ്ലൈഡിങ്, ഡേര്‍ ഡെവിള്‍ ടീമിന്റെ മോട്ടോര്‍ സൈക്കിള്‍ ഡിസ്പ്ലേ, ഹോട്ട് എയര്‍ ബലൂണ്‍, ആര്‍മി നായകളുടെയും കുതിരകളുടെയും പ്രദര്‍ശനവും അഭ്യാസവും എന്നിവ മേളയുടെ ഭാഗമായുണ്ടാകും. കലാപരിപാടികളും ഉണ്ടാകും.  പ്രവേശം സൌജന്യമാണ്. രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട്ട് ആര്‍മി മേള നടന്നിരുന്നെങ്കിലും ഇത്രയും വിപുലമായിരുന്നില്ല. കണ്ണൂരില്‍ നടക്കുന്ന മേളയുടെ  റിഹേഴ്സല്‍ ജവഹര്‍ സ്റ്റേഡിയത്തിലും പൊലീസ് ഗ്രൌണ്ടിലുമായി നടക്കും. റിഹേഴ്സല്‍ മേളയിലും പൊതുജനങ്ങളെ പ്രവേശിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

No comments:

Post a Comment

Thanks