ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 13, 2012

സംഘടനകള്‍ നിലപാട് വ്യക്തമാക്കണം -സോളിഡാരിറ്റി

 
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് ട്രേഡ് യൂനിയന്‍:
സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തില്‍ ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍  നടത്തുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ നിയമനടപടികള്‍ വന്ന സാഹചര്യത്തില്‍ വന്‍കിട മാര്‍ക്കറ്റിങ് കമ്പനികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ട്രേഡ് യൂനിയനുകളെ ഉപയോഗപ്പെടുത്തുന്നത് സാമൂഹികവിരുദ്ധമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആംവെ, ആര്‍.എം.പി തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കെതിരെവരെ കേസുകള്‍ വന്ന സാഹചര്യത്തിലാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിനുവേണ്ടി ട്രേഡ് യൂനിയനുകള്‍ രംഗത്തുവന്നത്. എ.ഐ.ടി.യു.സിയിലൂടെ ആരംഭിച്ച ഈ കടന്നുകയറ്റം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പകരം ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും തട്ടിപ്പുകാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ സമരം ചെയ്ത ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത്കോണ്‍ഗ്രസ്  സംഘടനകള്‍ ട്രേഡ് യൂനിയനുകളുടെ ജനവഞ്ചനയില്‍ നിലപാട് വ്യക്തമാക്കണം. തൊഴിലാളികളുടെ പേരില്‍ എല്ലാ ചൂഷണങ്ങളെയും പിന്തുണക്കുന്ന സംസ്കാരത്തിലേക്ക് ട്രേഡ് യൂനിയനുകള്‍ അധഃപതിക്കരുത്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങുമായി  ബന്ധപ്പെട്ട കേസുകള്‍ സമ്മര്‍ദത്തിന്റെ  ഫലമായി സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരിക്കുകയാണ്. സത്യസന്ധമായി അന്വേഷിച്ച ഉദ്യോഗസ്ഥന്മാരെ സ്ഥലംമാറ്റുകയും കേസന്വേഷണത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പ് നിയന്ത്രിക്കാന്‍  നിയമം കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും കമ്പനികളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.  ആര്‍.എം.പിയുടെയും ആംവേയുടെയും കേരളത്തിലെ പ്രധാനികള്‍ ചേര്‍ന്നാണ് മോണാവി രൂപവത്കരിച്ചിരിക്കുന്നത്.  വമ്പിച്ച തട്ടിപ്പാണ് മൊണാവിയിലൂടെ നടക്കുന്നത്. പക്ഷേ, സര്‍ക്കാര്‍ ഇത് തടയാനോ നടപടിയെടുക്കാനോ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രേഡ് യൂനിയനുകള്‍ ജനവഞ്ചനയില്‍നിന്ന് പിന്മാറണമെന്നും തട്ടിപ്പുകാരെ ഒറ്റപ്പെടുത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, മീഡിയാ സെക്രട്ടറി സി.എം. ശരീഫ് എന്നിവരും പങ്കെടുത്തു.

No comments:

Post a Comment

Thanks