ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, September 30, 2012

പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിനുള്ള നിയമ പോരാട്ടം തുടരും- ടി. ആരിഫലി

 പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിനുള്ള
നിയമ പോരാട്ടം തുടരും- ടി. ആരിഫലി
കൊച്ചി: രാജ്യത്ത് പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിന് അനുവാദം നേടിയെടുക്കാനുള്ള നിയമപോരാട്ടം തുടരുമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി പറഞ്ഞു. കൊച്ചി കേന്ദ്രമായുള്ള ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ്സ് ആന്‍ഡ് ക്രെഡിറ്റ്സ് ലിമിറ്റഡിന്‍െറ (എ.ഐ.സി.എല്‍) വാര്‍ഷിക ജനറല്‍ ബോഡിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
എ.ഐ.സി.എല്ലിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നിയമ യുദ്ധത്തിലാണിപ്പോള്‍. ഇസ്ലാമിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം ലഭ്യമാക്കാനുള്ള വലിയ ചുമതലയാണ് എ. ഐ.സി.എല്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഇസ്ലാമിക നിയമ വ്യവസ്ഥയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് തയാറാകാനാവില്ല. മുംബൈ ഹൈകോടതിയില്‍ ഇതുസംബന്ധിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പലിശ രഹിത ഇസ്ലാമിക സാമ്പത്തിക ക്രമം രാജ്യത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ ചര്‍ച്ചകളിലൊക്കെ എ.ഐ.സി.എല്‍ പരാമര്‍ശിക്കപ്പെടുകയും പരിചയപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. ശരീഅത്ത് ബോര്‍ഡിന്‍െറ നിയന്ത്രണത്തില്‍ നടത്തുന്ന രാജ്യത്തെ ഏക സ്ഥാപനം എന്ന നിലയിലാണ് ഈ ചര്‍ച്ചകള്‍ വരുന്നത്. ഗുജറാത്തിലെ യൂനിവേഴ്സിറ്റിയില്‍ നടന്ന സെമിനാറില്‍ പോലും ഇക്കാര്യം ചര്‍ച്ചാവിഷയമായി.
രാജ്യത്തെ മുസ്ലിം സമൂഹത്തില്‍ കെട്ടിക്കിടക്കുന്ന പണം പശ്ചാത്തല വികസനമടക്കമുള്ള കാര്യങ്ങളിലേക്ക് കൊണ്ടുവരണമെന്ന് സര്‍ക്കാറും ആഗ്രഹിക്കുന്നുണ്ട്.  ബ്യൂറോക്രസിയാണ് പ്രധാന തടസ്സം.
വിദേശത്ത് അധ്വാനിച്ച് കൊണ്ടുവരുന്ന പണം നമ്മുടെ രാജ്യത്തിന്‍െറ വികസന സംരംഭങ്ങളില്‍ വിനിയോഗിക്കപ്പെടണമെന്നത് ജനങ്ങളുടെ കൂടി ആഗ്രഹവുമാണ്.
ഇതിന് തടസ്സം നില്‍ക്കുന്നവരെ കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള ശ്രമവും തുടരുന്നുണ്ടെന്ന് അമീര്‍ വ്യക്തമാക്കി.
എ.ഐ.സി.എല്‍ ചെയര്‍മാന്‍ എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കമ്പനി സെക്രട്ടറി തന്‍വീര്‍ മുഹ്യിദ്ദീന്‍ കണക്ക് അവതരിപ്പിച്ചു.
മാനേജിങ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍ സ്വാഗതവും ഡയറക്ടര്‍ സി. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks