ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 22, 2012

നഗരസഭ തീരുമാനം നിയമവിരുദ്ധം

പെട്ടിപ്പാലത്ത് ബയോഗ്യാസ് പ്ളാന്‍റ്: നഗരസഭ തീരുമാനം നിയമവിരുദ്ധം
തലശ്ശേരി: നഗരത്തിലെ മാലിന്യ പ്രശ്ന പരിഹാരത്തിന് പെട്ടിപ്പാലമടക്കമുള്ള സ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കുമെന്ന നഗരസഭ തീരുമാനം നിയമ വിരുദ്ധം. തീരപ്രദേശമായ പെട്ടിപ്പാലമടക്കം അഞ്ച് കേന്ദ്രങ്ങളിലാണ് ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന നഗരസഭ യോഗം തീരുമാനിച്ചത്.
അഞ്ചര കോടിയില്‍ പരം ചെലവ് വരുന്ന പദ്ധതിയുടെ പ്രവൃത്തി കണ്ണൂര്‍ റെയ്ഡ്കോക്ക് കരാര്‍ നല്‍കാനും തീരുമാനമായിരുന്നു. പെട്ടിപ്പാലം, ടൗണ്‍ഹാള്‍ പരിസരം, ലോറി സ്റ്റാന്‍ഡ്, ചാലില്‍, ബീവറേജ് സ്റ്റാള്‍ എന്നിവിടങ്ങളിലാണ് ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കാന്‍ തീരുമാനമായത്.
എന്നാല്‍, തീരപ്രദേശത്ത് മാലിന്യ നിക്ഷേപമോ, ഒരു വിധ നിര്‍മാണമോ പാടില്ല എന്നാണ് തീരദേശ സംരക്ഷണ നിയമം (സി.ആര്‍.സെഡ് ആക്ട്) അനുശാസിക്കുന്നത്. കൂടാതെ പെട്ടിപ്പാലത്ത് ഒരുവിധത്തിലുള്ള മാലിന്യ നിക്ഷേപവും പാടില്ല എന്ന് കോസ്റ്റല്‍ സോണ്‍ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് മറികടന്ന് പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിച്ചതിന് നഗരസഭ സെക്രട്ടറി കോസ്റ്റല്‍ സോണ്‍ അതോറിറ്റി വിശദീകരണം തേടിയിരുന്നു. ഇതിനിടെയാണ് നിയമം മറികടന്ന് പെട്ടിപ്പാലത്ത് ബയോ ഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കാന്‍ നഗരസഭ നീക്കം നടത്തുന്നത്.
പുതിയ സ്റ്റാന്‍ഡില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ബയോ ഗ്യാസ് പ്ളാന്‍റ് നിലവില്‍ പ്രവര്‍ത്തന രഹിതമാണ്. ഇത് പ്രവര്‍ത്തന ക്ഷമമാക്കാന്‍ നടപടി സ്വീകരിക്കാതെയാണ് പുതിയ പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ നഗരസഭ നീക്കം നടത്തുന്നത്. കൂടാതെ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും നഗരസഭ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ളാന്‍റുകളും പ്രവര്‍ത്തനരഹിതമാണ്. പെട്ടിപ്പാലത്ത് മുമ്പ് പ്രവര്‍ത്തിച്ച അറവു ശാല സ്ഥിതി ചെയ്ത സ്ഥലത്ത് മണ്ണിട്ട് പ്രത്യേക ഗ്രൗണ്ട് സ്ഥാപിച്ച് അവിടെ പ്ളാന്‍റ് സ്ഥാപിക്കാനാണ് നഗരസഭയുടെ നീക്കം.
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച അറവു ശാല ഹൈകോടതി വിധിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്നു. ഇവിടെ ഇപ്പോള്‍ പ്ളാസ്റ്റിക്ക് മാലിന്യം കുമിഞ്ഞ് കൂടി ദുര്‍ഗന്ധം വമിക്കുകയാണ്. എന്നാല്‍, പ്ളാന്‍റ് സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും എന്ത് വില കൊടുത്തും ഇത് തടയുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി അറിയിച്ചു. അടിയന്തര പ്രതിഷേധ യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി  സി.പി. അഷ്റഫ്, ആക്ടിങ് പ്രസിഡന്‍റ് യു.കെ. സയിദ് എന്നിവര്‍ സംസാരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി  ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ടി.വി. രാഘവന്‍, കോണിച്ചേരി അബ്ദുറഹിമാന്‍, എ.പി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks