ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, October 14, 2012

‘ടീന്‍ ഇന്ത്യ’ നിലവില്‍ വന്നു

 
 
 
 
 കൗമാരത്തിന് പ്രതീക്ഷയുടെ കരുത്തുമായി
‘ടീന്‍ ഇന്ത്യ’  നിലവില്‍ വന്നു
തലശ്ശേരി: കൗമാരത്തിന് പുത്തന്‍ പ്രതീക്ഷയുടെ കരുത്തുമായി  ‘ടീന്‍ ഇന്ത്യ’ പിറന്നു. മലര്‍വാടി ബാലസംഘത്തിന്‍െറ നേതൃത്വത്തിലുള്ള ‘ടീന്‍ ഇന്ത്യ’ അതിന്‍െറ മുഖ്യ രക്ഷാധികാരിയായ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയാണ് കൗമാര കേരളത്തിന് സമര്‍പ്പിച്ചത്. തലശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാനതല പ്രഖ്യാപന സമ്മേളനം നിറഞ്ഞ സദസ്സിനാലും പ്രൗഢമായ വേദിയാലും ശ്രദ്ധേയമായി. കൗമാരത്തിന് പുതിയ ദിശാബോധവും ഊര്‍ജവും പകരുന്ന സംഘടനയുടെ ആദ്യ സംഗമത്തില്‍ ഹൈസ്കൂള്‍  ക്ളാസുകളിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ഒത്തുകൂടി.
‘ഇന്നത്തെ പൗര ജനങ്ങളാണ് നമ്മള്‍’ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച സംഘടനയുടെ ആദ്യ സംഗമത്തില്‍14 ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. സംഘടനയുടെ സംസ്ഥാനതല പ്രഖ്യാപനത്തെ  ആവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
കൗമാരം ഇന്നിന്‍െറ പൗരത്വമാണെന്നും അതിന്‍െറ ഉത്തരവാദിത്വം പുതുതലമുറയെ ബോധിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്നും പ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലി. വിദ്യാര്‍ഥികള്‍ തന്നെ  തയാറാക്കിയ സമ്മേളനത്തിന്‍െറ പ്രഖ്യാപന ‘ഡിസ്പ്ളേ’ കൗതുകകരമായിരുന്നു.
കൗമാര പ്രായത്തിലുള്ള കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാനും അവര്‍ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ അവരെ തന്നെ സന്നദ്ധമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. സ്വഭാവ രൂപീകരണം, ധാര്‍മിക ശിക്ഷണം, സര്‍ഗാത്മക ശേഷികളുടെ പരിശീലനവും പ്രോത്സാഹനവും, ചിന്താപരവും വൈജ്ഞാനികപരവുമായ വളര്‍ച്ച, സാമൂഹിക സേവനം തുടങ്ങിയവയിലൂന്നിയതാണ് ജാതി, മത, ലിംഗ വിവേചനമില്ലാതെ ആരംഭിച്ച ‘ടീന്‍ ഇന്ത്യ’യുടെ കര്‍മ പദ്ധതി.
ഭാവിയിലേക്കുള്ള വിദൂര ലക്ഷ്യം മാത്രമല്ല,  ഇന്നത്തെ നന്മകളാണ് കൗമാരക്കാര്‍ ഈ രാജ്യത്തിന് നല്‍കേണ്ടത് എന്ന് സംഘടന പ്രചരിപ്പിക്കും.
മലര്‍വാടി ബാലസംഘം സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചന സമിതിയംഗം അമീനുല്‍ ഹസന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
‘ടീന്‍ ഇന്ത്യ’ സംസ്ഥാന രക്ഷാധികാരി ടി.കെ. ഹുസൈന്‍ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി വഫ മറിയം ആദ്യ അംഗത്വം ഏറ്റുവാങ്ങി.
എറണാകുളത്ത് നിന്നുള്ള യൂസുഫ് സബാഹ് രണ്ടാമത് അംഗത്വം ഏറ്റുവാങ്ങി. മലര്‍വാടി ബാലസംഘത്തിന്‍െറ നേതൃത്വത്തില്‍ പുറത്തിറക്കിയ ‘ചോദ്യപുസ്തകം’ എന്ന ഗ്രന്ഥത്തിന്‍െറ പ്രകാശനം അമീനുല്‍ ഹസന്‍ നിര്‍വഹിച്ചു. മലര്‍വാടി വിജ്ഞാനോത്സവ ജേതാവ് ആകാശ് പുസ്തകം ഏറ്റുവാങ്ങി.
ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല, മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയംഗം ബി. അബ്ബാസലി എന്നിവര്‍ സംസാരിച്ചു.
‘ടീന്‍ ഇന്ത്യ’ സംസ്ഥാന കണ്‍വീനര്‍ എസ്. ഖമറുദ്ദീന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ. മഹമൂദ് ശിഹാബ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks