ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 1, 2012

തീരുമാനമാകാതെ മാലിന്യ പ്രശ്നം

 തീരുമാനമാകാതെ മാലിന്യ പ്രശ്നം
തലശ്ശേരി: പെട്ടിപ്പാലം മാലിന്യ പ്രക്ഷോഭത്തിന് തുടക്കമായിട്ട്  ഒരു വര്‍ഷം പിന്നിടുമ്പോഴും തീര്‍പ്പു കല്‍പിക്കാനാവാതെ മാലിന്യ പ്രശ്നം വീണ്ടും സജീവമാകുന്നു. 2011 ഒക്ടോബര്‍ 31നാണ് നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പെട്ടിപ്പാലത്ത് ആദ്യ സമരം ആരംഭിക്കുന്നത്. ദശാബ്ദങ്ങളായുള്ള മാലിന്യ നിക്ഷേപം മൂലം പെട്ടിപ്പാലം വാസികള്‍ക്ക് ശുദ്ധ വായുവും ജീവജലവും കിട്ടാക്കനിയായപ്പോഴാണ് വിവിധ സംഘടനകള്‍ സമരവുമായി രംഗത്തത്തെിയത്.
2011 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ മാലിന്യ വിരുദ്ധ വിശാല സമര മുന്നണിയും സമര രംഗത്ത് സജീവമായി. പൊതുജനാരോഗ്യ സംരക്ഷണ സമിതിക്ക് കീഴിലുള്ള മദേഴ്സ് എഗൈന്‍സ്റ്റ് വേസ്റ്റ് ഡംപിങ് എന്ന സംഘടനയിലൂടെ പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനാളുകളും തുടര്‍ന്നുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ആദ്യ ഘട്ടത്തില്‍ സമരത്തിന് പിന്തുണയുമായത്തെിയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീട് കളമൊഴിയുകയായിരുന്നു.
മാലിന്യം തള്ളുന്ന നഗരസഭക്കെതിരെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ന്യൂ മാഹി പഞ്ചായത്തിനെതിരെയുമുള്ള സമരം പിന്നീട് പ്രദേശത്തെ ജനങ്ങള്‍ ഏറ്റെടുക്കുകയും ജനകീയ സമരമാവുകയുമായിരുന്നു.
മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കാന്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാലിന്യ പ്ളാന്‍റുകള്‍ സ്ഥാപിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം പാഴ്വാക്കായതോടെ പെട്ടിപ്പാലം പ്രശ്നം പരിഹരിക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാവുകയുമായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്ന സമരം പൊലീസിനെ ഉപയോഗിച്ച് നഗരസഭ അടിച്ചമര്‍ത്താന്‍ ശ്രമം നടത്തി. 2012 മാര്‍ച്ച് 20ന് പുലര്‍ച്ചെ നാല് മണിക്ക് പൊലീസിന്‍െറ നേതൃത്വത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളി. ഇത് തടഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറു കണക്കിന് സമരക്കാരെ പൊലീസ് ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയും ഇവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയും ചെയ്തു.  തുടര്‍ന്ന് സമരക്കാരുടെ കടുത്ത പ്രക്ഷോഭത്തെതുടര്‍ന്ന് പെട്ടിപ്പാലം സന്ദര്‍ശിച്ച സംസ്ഥാന ശുചിത്വ മിഷന്‍ മാലിന്യം തള്ളുന്ന നഗരസഭയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
ഒരു ബക്കറ്റ് മാലിന്യം പോലും പെട്ടിപ്പാലത്ത് നിക്ഷേപിക്കരുതെന്നും മാലിന്യ നിക്ഷേപം തുടര്‍ന്നാല്‍ പ്രദേശത്തെ വെള്ളം കുടിക്കാന്‍ പോലും സാധിക്കാതാവുമെന്നും മിഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്ന നഗരസഭക്കെതിരെ തീരദേശ സംരക്ഷണ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോ മാലിന്യം നിക്ഷേപിക്കുന്നതോ തീരദേശസംരക്ഷണ നിയമ (സി.ആര്‍.സെഡ് ആക്ട്) പ്രകാരം കുറ്റകരമാണെന്ന് അതോറിറ്റി അയച്ച നോട്ടീസില്‍ സൂചിപ്പിച്ചു.
എന്നാല്‍, പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന കോസ്റ്റല്‍ സോണ്‍ അതോറിറ്റിയുടെ ഉത്തരവിന് ഹൈകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചെന്ന അവകാശ വാദവുമായി ഇപ്പോള്‍ നഗരസഭ ഇവിടെ വീണ്ടും മാലിന്യ നിക്ഷേപത്തിന് ഒരുങ്ങുകയാണ്. ഇതിന്‍െറ പശ്ചാത്തലത്തില്‍ സമരത്തിന്‍െറ ഒന്നാം വര്‍ഷം ആചരിക്കുന്ന സാഹചര്യത്തിലും മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സമര സമിതി പ്രവര്‍ത്തകര്‍.

No comments:

Post a Comment

Thanks