ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 7, 2013

ഇസ്ലാമില്‍ കാര്‍ക്കശ്യം ഉന്നയിച്ചവര്‍ ഇപ്പോള്‍ ഇസ്ലാമിനെ വരവേല്‍ക്കുന്നു -അമീര്‍

 
 
 ഇസ്ലാമില്‍ കാര്‍ക്കശ്യം ഉന്നയിച്ചവര്‍ ഇപ്പോള്‍ ഇസ്ലാമിനെ വരവേല്‍ക്കുന്നു -അമീര്‍
 തലശ്ശേരി: ഇസ്ലാമിക നിയമവ്യവസ്ഥകളുടെ മേല്‍ കാര്‍ക്കശ്യവും കാടത്തവും ആരോപിച്ചവര്‍ സ്വന്തം ചെയ്തികളില്‍നിന്ന് കരകയറാന്‍ ഇസ്ലാമിക നിയമവ്യവസ്ഥയുടെ പിന്നാലെ വരുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. ചേറ്റംകുന്ന് ബ്രൈറ്റ് സ്കൂള്‍ ഗ്രൗണ്ടില്‍ ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ ജനകീയ വിപ്ളവങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കാലിക പ്രസക്തിയെയാണ് ഉയര്‍ത്തി കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്‍േറത് കാര്‍ക്കശ്യ നിയമവ്യവസ്ഥയാണെന്ന് പറഞ്ഞവര്‍ അതേ നിയമവ്യവസ്ഥ വന്നാലേ നമ്മുടെ സമൂഹം രക്ഷപ്പെടുകയുള്ളൂവെന്ന് ഏറ്റുപറയേണ്ടിവന്നിരിക്കുന്നു. ഇന്ത്യയിലെ സ്ത്രീ പീഡന കേസുകളില്‍ ഉയര്‍ന്ന ഏകചോദ്യം അരാജകത്വം ഇല്ലാതാക്കാനുള്ള വഴിയെന്ത് എന്നാണ്.
സ്ത്രീ സുരക്ഷക്കും കുടുംബ ഭദ്രതക്കും നേരത്തേതന്നെ ഉയര്‍ന്ന പരിഗണന നല്‍കിയ മതമാണ് ഇസ്ലാം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന കര്‍ശന ശിക്ഷാവിധികളെ പൊതുസമൂഹം ഒറ്റക്കെട്ടായി ഇപ്പോള്‍ സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്. ശിക്ഷയെക്കാള്‍ പ്രാധാന്യം സാമൂഹിക ബോധവത്കരണവും സദാചാര ജീവിത സാഹചര്യം സൃഷ്ടിക്കലുമാണ്. മാനസിക വിപ്ളവത്തിലൂടെ ഇസ്ലാമിന് അത് സാധിച്ചെടുക്കാനാകും. ശിക്ഷ നടപ്പാക്കേണ്ടതില്ലാത്തവിധം സമൂഹം ഉയര്‍ന്ന ധാര്‍മിക ബോധം പുലര്‍ത്തുകയെന്നതാണ് ഇസ്ലാമിക സാമൂഹിക ശ്രമത്തിന്‍െറ കാതല്‍.
തീവ്രവാദ ഭീകരവാദ ആരോപണങ്ങളെയും അകറ്റി നിര്‍ത്തലുകളെയും അതിജയിച്ചുകൊണ്ടാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നേറുന്നത്. അതിന്‍െറ രണ്ടാം  ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ മാറ്റങ്ങള്‍ ഇതിന്‍െറ ഭാഗമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് മൂസ നദ്വി, പി.സി. മുനീര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ് യു. ഉസ്മാന്‍ സ്വാഗതവും ജില്ല സമിതി അംഗം സി. അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks