ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 7, 2013

ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് പരസ്യ വധശിക്ഷ നല്‍കണം -ജമാഅത്തെ ഇസ്ലാമി

 ബലാത്സംഗക്കേസുകളിലെ
പ്രതികള്‍ക്ക് പരസ്യ വധശിക്ഷ നല്‍കണം
-ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം കര്‍ക്കശമാക്കണമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവശ്യപ്പെട്ടു.
ബലാത്സംഗക്കേസുകളിലെ പ്രതികളുടെ ശിക്ഷ പരസ്യമായി നടപ്പാക്കണമെന്നും ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇതുപകരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരത്തില്‍ ശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ബലാത്സംഗങ്ങള്‍ വളരെ കുറവാണെന്ന് അമീര്‍ തുടര്‍ന്നു. ദല്‍ഹി കൂട്ടബലാത്സംഗത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അമീര്‍, ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് ജനങ്ങളൊന്നടങ്കവും രാജ്യത്തെ പ്രധാന പാര്‍ട്ടികളും കടുത്തശിക്ഷ ആവശ്യപ്പെട്ടത് സ്വാഗതം ചെയ്തു. അതേസമയം, രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പിന്നിലുള്ള സാമൂഹിക, സാമ്പത്തിക കാരണങ്ങള്‍ കാണാതിരിക്കരുത്. പാശ്ചാത്യ സംസ്കാരത്തിന്‍െറ അധിനിവേശവും നഗ്നതയുടെ വാണിജ്യവത്കരണവും അശ്ളീലങ്ങളുടെയും മദ്യത്തിന്‍െറയും വ്യാപനവുമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. രാജ്യത്തെ ക്രിമിനല്‍ ശിക്ഷാ നിയമങ്ങള്‍, ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിശേഷിച്ചും ദുര്‍ബലമാണ്. നിലവിലുള്ള നിയമങ്ങള്‍ ഇരകളോട് നീതി ചെയ്യുന്നതിന് പകരം അവരെ പീഡിപ്പിക്കുകയാണ്. ബലാത്സംഗക്കേസുകളിലെ മഹാഭൂരിഭാഗവും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള ശേഷിയുണ്ടാകില്ല.  ഇതുമൂലം രാജ്യത്തെ ബലാത്സംഗക്കേസുകളിലെ പ്രതികളില്‍ 26 ശതമാനം പേര്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. അതിനാല്‍, ഇത്തരം കേസുകളിലെ നിയമനടപടികള്‍ രാഷ്ട്രീയ, ഭരണ സ്വാധീനങ്ങളില്‍നിന്ന് മുക്തമാക്കണം. ജസ്റ്റിസ് വര്‍മ കമീഷനും ജസ്റ്റിസ് ഉഷ മെഹ്റ കമീഷനും മുമ്പാകെ ജമാഅത്തെ ഇസ്ലാമി ഇതടക്കമുള്ള അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നുണ്ടെന്നും അമീര്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ നുസ്റത്ത് അലി, അഖിലേന്ത്യാ നേതാക്കളായ മുഹമ്മദ് സലീം എന്‍ജിനീയര്‍, മുഹമ്മദ് അഹ്മദ്,  ഇഅ്ജാസ് അഹ്മദ് അസ്ലം, ശഫീ മദനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks