ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 16, 2013

ബീമാപള്ളിയില്‍ നടന്നത് ആസൂത്രിത പൊലീസ് അതിക്രമം -ഗീലാനി

 ബീമാപള്ളിയില്‍ നടന്നത് ആസൂത്രിത പൊലീസ് അതിക്രമം -ഗീലാനി
തിരുവനന്തപുരം: ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ദല്‍ഹി യൂനിവേഴ്സിറ്റി പ്രഫസറുമായ എസ്.എ.ആര്‍. ഗീലാനി. റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുന്ന കാലത്തോളം നിരാലംബരായി തീര്‍ന്ന ഇരകള്‍ വീണ്ടും പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. ‘വംശീയ ജനാധിപത്യത്തിനെതിരെയുള്ള ഓര്‍മപ്പെടുത്തലാണ് ബീമാപള്ളി’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ നടത്തിയ പ്രതിഷേധ സംഗമം ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീലാനി.
പൊലീസിന്‍െറ ആസൂത്രിത അതിക്രമമാണ് ബീമാപള്ളിയില്‍ നടന്നതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യമായത്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷമാണെന്നാണ് പൊലീസ് ഉണ്ടാക്കിയ കഥ. സംഭവിച്ചതെന്താണെന്ന് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പക്ഷേ, അത് പൂഴ്ത്തിവെച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് പറയുന്ന ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ദിരഗാന്ധി വധവുമായി ബന്ധപ്പെട്ട് 150ഓളം സിഖുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. അവരിലാര്‍ക്കും മനുഷ്യാവകാശങ്ങള്‍ ലഭിച്ചില്ല. കശ്മീരില്‍ 17ഉം 18ഉം വര്‍ഷങ്ങളായി ഭര്‍ത്താക്കന്മാര്‍ എവിടെയെന്നറിയാതെ കഴിയുന്ന പകുതി വിധവകളായ സ്ത്രീകള്‍ നിരവധിയാണ്. പിതാക്കളെവിടെയെന്ന് അവരുടെ മക്കള്‍ ചോദിക്കുന്നു. ഭര്‍ത്താക്കന്മാരെ അന്വേഷിച്ച് ന്യൂദല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധ സമരത്തിനൊരുങ്ങിയ കുടുംബാംഗങ്ങളെ ആട്ടിയോടിച്ചു. ദല്‍ഹി പ്രസ്ക്ളബില്‍ പോലും അവര്‍ക്ക് ഇടം നല്‍കിയില്ല.
ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യാവകാശങ്ങള്‍ പരസ്യമായി ലംഘിക്കപ്പെടുന്നു. മാധ്യമങ്ങളും അതിന് കൂട്ടുനില്‍ക്കുന്നു. ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കിയാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകൂ. അവകാശ നിഷേധങ്ങള്‍ക്കെതിരെ ക്രിയാത്മകമായി പോരാടണം. അവകാശങ്ങള്‍ ചോദിച്ച് വാങ്ങണം. ചോദ്യങ്ങള്‍ ഉയരുന്നിടത്തുമാത്രമേ അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബീമാപള്ളിയില്‍ നടന്നത് ഏകപക്ഷീയമായ പൊലീസ് വെടിവെപ്പായിരുന്നുവെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പറഞ്ഞു. ചരിത്രത്തിലെ വ്യാജ ഏറ്റുമുട്ടലുകളുടെ പട്ടികയില്‍ ബീമാപള്ളി വെടിവെപ്പും ചേര്‍ക്കപ്പെടും. കുറ്റവാളികള്‍ ആരാണെന്ന് വ്യക്തമായിട്ടും അവര്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് ഭരണം ഒരുക്കുന്നത്. എന്നാല്‍ സമൂഹം കുറ്റവാളിയാക്കപ്പെട്ടവര്‍ക്ക് ഇനി രക്ഷപ്പെടാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി.കെ. ഫാറൂഖ്, കെ.കെ. കൊച്ച്, അഡ്വ. ഷാനവാസ്, വര്‍ഷ ബഷീര്‍, അഷ്റഫ് കടയ്ക്കല്‍, റെനി ഐലിന്‍, കെ. ഷാഹിര്‍, അബ്ദുല്‍ അസീസ്  തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks