ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 20, 2011

മലബാറിനോടുള്ള അവഗണന: പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റ് സ്തംഭിച്ചു


മലബാറിനോടുള്ള അവഗണന: പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റ് സ്തംഭിച്ചു
തിരുവനന്തപുരം: മലബാര്‍ മേഖലയോടുള്ള വികസന വിവേചനത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം പ്രതിഷേത്തിന്റെ കൊടുങ്കാറ്റായി. നാല് കവാടങ്ങളും സെക്രട്ടേറിയറ്റ് അനക്സും ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തില്‍ ഭരണസിരാകേന്ദ്രം സ്തംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് വളയല്‍ ഭരണകൂട വിവേചനത്തിന് കനത്ത താക്കീതായി. ഏഴ് മണിക്കൂറോളം നീണ്ട ഉപരോധം സമാധാനപരമായിരുന്നു.
പുലര്‍ച്ചെ ആറിന് ആരംഭിച്ച സെക്രട്ടേറിയറ്റ് വളയല്‍ ഉച്ചക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. അര്‍ധരാത്രി മുതല്‍ എത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളും അനക്സും ഉപരോധിച്ചാണ് സമരത്തിന് തുടക്കമിട്ടത്. പിന്നീട് കന്റോണ്‍മെന്റ് ഗേറ്റിലെ ഉപരോധക്കാരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. അതിനുശേഷമാണ് ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാനായത്. അനക്സും മറ്റ് മൂന്ന് ഗേറ്റുകളും ഉപരോധം അവസാനിക്കുംവരെ അടഞ്ഞുകിടന്നു. പാലക്കാട് മുതല്‍ കാസര്‍കോടുവരെ ആറ് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മേഖലയോട് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കടുത്ത അവഗണനയാണ് കാട്ടിയതെന്ന് സമരക്കാര്‍ വിളിച്ചുപറഞ്ഞു. മലബാറിനോടുള്ള വിവേചനങ്ങള്‍ അക്കമിട്ട് നിരത്തിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഓട്ടന്തുള്ളല്‍, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങളും ശ്രദ്ധ പിടിച്ചുപറ്റി.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയോട് മുന്നണികള്‍കാട്ടുന്ന പൊറുക്കാനാവാത്ത വിവേചനത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭം വിപ്ലവ കൊടുങ്കാറ്റാകുമെന്നും അത് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
വിദ്യാഭ്യാസവകുപ്പ് കൂടുതല്‍ തവണ കൈകാര്യംചെയ്തത് മലബാര്‍ മേഖലയില്‍നിന്ന് വിജയിച്ച മുസ്ലിംലീഗ് മന്ത്രിമാരാണ്. എന്നാല്‍ വിദ്യാഭ്യാസകാര്യത്തില്‍ മലബാര്‍ ഇപ്പോഴും വട്ടപ്പൂജ്യമാണ്^മുജീബ്റഹ്മാന്‍ ചൂണ്ടിക്കാട്ടി. വികസനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി തെലുങ്കാനയിലും ഝാര്‍ഖണ്ഡിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ പാഠമാണ്. മലബാര്‍ വികസന വിവേചനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമീഷനെ പ്രഖ്യാപിക്കണമെന്നും കോഴിക്കോട് ആസ്ഥാനമായി സെക്രട്ടേറിയറ്റിന്റെ  അനക്സ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുല്യനീതി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു. മലബാറുകാര്‍ക്ക് കിട്ടേണ്ടത് നിഷേധിക്കുന്നത് ജനാധിപത്യസംവിധാനങ്ങള്‍ക്ക് യോജിച്ചതല്ല. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് നേരെ തെരഞ്ഞെടുക്കപ്പെട്ടവരാരും ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാറിലെ ജനങ്ങളെ രണ്ടാംകിട പൌരന്മാരായി കാണുന്ന രീതി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് ആവശ്യപ്പെട്ടു. കുറ്റകരമായ അനീതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഭരണനേതൃത്വങ്ങളെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഐക്യകേരളം രൂപപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സന്തുലിത വികസനം ഉണ്ടായിട്ടില്ലെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബറലി ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് ബുഹാരി മന്നാനി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാനപ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, കെ. സജീദ്, ഈയച്ചേരി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks