ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 16, 2012

ഡിഗ്രി പരിഷ്കാരം: പ്രശ്നപരിഹാരം ഉടന്‍ വേണം -ജനകീയ സംവാദം

 
ഡിഗ്രി പരിഷ്കാരം:
 പ്രശ്നപരിഹാരം ഉടന്‍ വേണം 
-ജനകീയ സംവാദം
കോഴിക്കോട്: ഡിഗ്രി തലത്തില്‍ നടപ്പാക്കിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിവേണമെന്ന് എസ്.ഐ.ഒ   സംഘടിപ്പിച്ച ജനകീയ സംവാദത്തില്‍ ആവശ്യം.
സിലബസ് പരിഷ്കരണങ്ങള്‍ ബുദ്ധിജീവികളുടെ നാട്യം കാണിക്കാനുള്ള മാര്‍ഗമായി  മാറരുതെന്ന് ‘ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ അപാകതകള്‍ പരിഹരിക്കുക’ എന്ന വിഷയത്തിലുള്ള സംവാദം ഉദ്ഘാടനം ചെയ്ത് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പ്രഫ. ആര്‍.എസ്. പണിക്കര്‍ അഭിപ്രായപ്പെട്ടു. ഉദാരവത്കരണത്തെ എപ്പോഴും എതിര്‍ക്കുന്നവരാണ് ഡിഗ്രി തലത്തില്‍ അത് നടപ്പാക്കിയത്. കേരളത്തിലെ സാഹചര്യം പരിഗണിക്കാതെയാണ് സംവിധാനം കൊണ്ടുവന്നത്. ഇനി അപാകതകള്‍ പരിഹരിക്കുകയേ മാര്‍ഗമുള്ളൂ. എല്ലാ സെമസ്റ്ററുകളിലും പരീക്ഷ സര്‍വകലാശാല നടത്താതെ കുറെയെണ്ണം അതത് കോളജുകള്‍ക്ക് നല്‍കാം. ഇതിന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വിശ്വാസത്തിലെടുക്കണം. കോളജുകളിലെ ഡി.പി. ഇ.പിയാണ് സെമസ്റ്റര്‍ സമ്പ്രദായമെന്ന് സേവ് എജുക്കേഷന്‍ ഫോറം നേതാവ് എം. ഷാജര്‍ഖാന്‍ പറഞ്ഞു.
ആഗോളീകരണ കാലത്ത് അമേരിക്കയുടെ നേതൃത്വത്തിലെ പദ്ധതികളുടെ ഭാഗമാണിത്. സെമസ്റ്റര്‍ സംവിധാനം കൊണ്ടുവന്ന കാലത്തുള്ള പ്രശ്നങ്ങള്‍ ഇന്നും നിലനില്‍ക്കുകയാണെന്നും സര്‍ക്കാറാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്ന് എ.ഐ.എസ്.എഫ് ട്രഷറര്‍ കെ. ഷാജഹാന്‍ പറഞ്ഞു. പുതിയ മാറ്റം ഏറെ മെച്ചപ്പെട്ട കാര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും കണ്ണടച്ച് എതിര്‍ക്കാതെ അപാകതകള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് എന്നിവരും സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സമീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ സ്വാഗതവും കെ.പി.എം. ഹാരിസ് നന്ദിയും പറഞ്ഞു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥി മുന്‍സിഫ് വേങ്ങാട്ടില്‍ തയാറാക്കിയ ക്രെഡിറ്റ് സമ്പ്രദായത്തെപ്പറ്റിയുള്ള സീഡി പ്രഫ. സെബാസ്റ്റ്യന്‍ ജോസഫിന് നല്‍കി ആര്‍.എസ്. പണിക്കര്‍   പ്രകാശനം ചെയ്തു.

No comments:

Post a Comment

Thanks