ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, October 4, 2012

ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി അന്തരിച്ചു

 ഡോ. അബ്ദുല്‍ ഹഖ്
അന്‍സാരി അന്തരിച്ചു
ന്യൂദല്‍ഹി: പ്രമുഖ ഇസ്ലാമിക ചിന്തകനും ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യാ അമീറുമായ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി നിര്യാതനായി. 81 വയസ്സായിരുന്നു. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ അലീഗഢിലെ വസതിയില്‍ ഹൃദയാഘാതം മൂലമാണ് അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഖബറടക്കം വ്യാഴാഴ്ച രാവിലെ അലീഗഢ് മുസ്ലിം വാഴ്സിറ്റി ഖബര്‍സ്ഥാനില്‍.
 ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി ഏറെക്കാലമായി അലീഗഢിലാണ് താമസം.  2003 മുതല്‍ 2007 വരെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ സ്ഥാനം വഹിച്ച അദ്ദേഹം  സംഘടനയുടെ കേന്ദ്ര കൂടിയാലോചന സമിതി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
 സ്കൂള്‍ പഠനകാലത്തുതന്നെ ജമാഅത്തെ ഇസ്ലാമിയുമായി  അടുത്ത അബ്ദുല്‍ ഹഖ് അന്‍സാരി  റാംപൂരിലാണ് പ്രാഥമിക പഠനം നേടിയത്. അലീഗഢ് സര്‍വകലാശാലയില്‍നിന്ന്  ബിരുദാനന്തര ബിരുദം. 62ല്‍ അവിടെനിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. 72ല്‍ അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന്  മതതാരതമ്യ പഠനത്തില്‍ മാസ്റ്റേര്‍സ് ബിരുദം. ഡസനോളം ഇസ്ലാമിക് ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഫിലോസഫി, സൂഫിസം തുടങ്ങിയ വിഷയങ്ങളിലാണ്  ഏറെയും എഴുതിയത്.
 വിവിധ സര്‍വകലാശാലകളില്‍ പ്രഭാഷകനായിരുന്നു. ദേശീയ, അന്തര്‍ദേശീയ ഇസ്ലാമിക സെമിനാറുകളില്‍ ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബ്ദുല്‍ ഹഖ് അന്‍സാരിയുടെ നേതൃത്വത്തില്‍ അലീഗഢില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളിലാണ് അവസാനകാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇസ്ലാമും ഇതര മതങ്ങളും തമ്മിലുള്ള താരതമ്യപഠനങ്ങള്‍ക്കാണ് അബ്ദുല്‍ ഹഖ് അന്‍സാരി ഡയറക്ടറായ  ഇസ്ലാമിക് അക്കാദമി ഊന്നല്‍ നല്‍കുന്നത്. 
 ഭാര്യ: റാബിയ അന്‍സാരി. മക്കള്‍: ഖാലിദ് ഉമര്‍ അന്‍സാരി, ഹസ്റ മഹ്മൂദ്, സുഹറ അന്‍സാരി, സല്‍മ അന്‍സാരി,  സൈമ അന്‍സാരി (എല്ലാവരും അമേരിക്ക).

No comments:

Post a Comment

Thanks