ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, December 4, 2012

പി.കെ. അബൂബക്കര്‍ നദവി

 പി.കെ. അബൂബക്കര്‍ നദവി
കാഞ്ഞങ്ങാട്: ജമാഅത്തെ ഇസ്ലാമി മുന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് പി.കെ. അബൂബക്കര്‍ നദ്വി (75) നിര്യാതനായി. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.‘പ്രബോധനം’ മുന്‍ സബ് എഡിറ്ററും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു. ആലിയ അറബിക് കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം ദാറുസ്സലാം ഉമറാബാദ്, ലഖ്നൗവിലെ നദ്വത്തുല്‍ ഉലൂം എന്നിവിടങ്ങളില്‍നിന്ന് ബിരുദം നേടി.ഭാര്യ: ആയിഷ. മക്കള്‍: നസീം അഹമ്മദ് (സൗദി), അനീസ, ഷമീമ, ഡോ. നജീബ്, ഷാജഹാന്‍ (ഇരുവരും ദുബൈ), അന്‍സാര്‍, ഷാഹിന (ഇരുവരും സൗദി), നഷീദ, ഷാനവാസ്, ഷക്കീബ് (മൂവരും ദുബൈ).
മരുമക്കള്‍: സാഹിറ, ഡോ. മഹ്മൂദ്, മുനീര്‍, ഡോ. സല്‍മ, ഫായിസ, ഷമീല, മഹ്ബൂബ്, അഹ്മദ്, ഹംന, ഫാസില. സഹോദരങ്ങള്‍: പി.കെ. ഫസ്ലുല്ല, ഖദീജ, പരേതരായ പി.കെ. മുഹമ്മദ്, പി.കെ. ഇബ്രാഹിം, പി.കെ. അബ്ദുല്ല, പി.കെ. ഹംസ, പി.കെ. കുഞ്ഞാസിയ.
 അബൂബക്കര്‍ നദ്വി: വിനയും
വിട്ടുവീഴ്ചയും നിറഞ്ഞ വ്യക്തിത്വം
വി.കെ. ഹംസ അബ്ബാസ്
പാണ്ഡിത്യത്തിന്‍െറ ഗരിമയും സമ്പത്തിന്‍െറ പൊലിമയും ഒരാളില്‍ ഒരുമിച്ചുകാണുക വളരെ വിരളം. അത് രണ്ടും ഒന്നിച്ചാല്‍ ചില വ്യക്തികള്‍ പിന്നെ ഭൂമിയിലായിരിക്കയില്ല; വാനലോകത്താണെന്ന അഹംഭാവവും തന്നെ സമസ്ത ചരാചരങ്ങളും വണങ്ങണമെന്ന അഹംബോധവുമായിരിക്കും അവരില്‍.  ഇതില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് തിങ്കളാഴ്ച ഈ ലോകത്തോട് വിടപറഞ്ഞ പി.കെ. അബൂബക്കര്‍ നദ്വി.  ലഖ്നോ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍നിന്ന് ആദ്യകാലത്ത് ബിരുദം നേടിയ അദ്ദേഹം വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും സാമ്പത്തിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. വിനയവും വിട്ടുവീഴ്ചയും അദ്ദേഹത്തിന്‍െറ മഹിത സ്വഭാവങ്ങളില്‍പെട്ടതാണ്.
പഠനം പൂര്‍ത്തീകരിച്ച് കേരളത്തിലത്തെിയ നദ്വിയെ ശാന്തപുരം ഇസ്ലാമിയാ കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രബോധനം പാക്ഷികത്തിലും മാസികയിലും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. അറബി, ഉര്‍ദു ഭാഷകളിലുള്ള അദ്ദേഹത്തിന്‍െറ പ്രാവീണ്യം പ്രസിദ്ധീകരണ രംഗത്ത് വളരെയേറെ പ്രയോജനപ്രദമായി അനുഭവപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ചെംനാട് ആലിയാ അറബിക് കോളജ്, പടന്ന ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ്, കാഞ്ഞങ്ങാട് ദാറുല്‍ഹിദായ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ  ഭാരവാഹിയും കാസര്‍കോട് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗള്‍ഫില്‍ പലയിടങ്ങളിലായി ബിസിനസ് ശൃംഖലകള്‍ സ്ഥാപിച്ച് നടത്തിവന്നിരുന്ന ഘട്ടത്തിലും വിദ്യാഭ്യാസ രംഗത്തുള്ള സേവനം തുടര്‍ന്നുപോന്നിരുന്നു. ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച മാതൃകാ വനിതകള്‍, മുഹമ്മദ്നബിയുടെ പ്രവാചകത്വം തുടങ്ങിയ അദ്ദേഹത്തിന്‍െറ ഗ്രന്ഥങ്ങള്‍ ലളിതമായ ഭാഷയില്‍ വക്രതയില്ലാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന അദ്ദേഹത്തിന്‍െറ സൗമ്യഭാവത്തിന്‍െറ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്. കാസര്‍കോട് ജില്ലയിലെ കടലോര മേഖലയായ പള്ളിക്കരയിലെ പുരാതന കുടുംബത്തില്‍ ജനിച്ച  നദ്വി ഉത്തര കേരളത്തില്‍ സാമൂഹിക സാംസ്കാരിക മേഖലകളിലും അറിയപ്പെടുന്ന വ്യക്തിയായിരുന്നു. ഉത്തര കേരളത്തില്‍ മാധ്യമത്തിന്‍െറ വളര്‍ച്ചക്ക് അദ്ദേഹം മഹത്തായ  സേവനമാണ് കാഴ്ചവെച്ചത്. പഴയങ്ങാടി പള്ളിക്കരയിലെ പ്രസിദ്ധ കുടുംബമായ മൈലാഞ്ചിക്കല്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ മകള്‍ ആയിഷയാണ് ഭാര്യ. ജമാഅത്തെ ഇസ്ലാമിയുടെ വടക്കന്‍ മേഖലയിലെ നെടുംതൂണായിരുന്ന അബ്ദുറഹ്മാന്‍ ഹാജി പ്രഥമ അമീര്‍ വി.പി. മുഹമ്മദലി ഹാജിയുമായി അടുത്തബന്ധമുള്ള വ്യക്തിയായിരുന്നു. പരേതാത്മാവിന്‍െറ പാരത്രികമോക്ഷത്തിനായി പ്രാര്‍ഥിക്കുന്നതോടൊപ്പം സന്തപ്ത കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുന്നു.
Courtesy:Madhyamam

No comments:

Post a Comment

Thanks