ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 18, 2013

ദലിത്, ന്യൂനപക്ഷ വിശാല ഐക്യമുന്നണി രൂപപ്പെടണം -ഡോ.ടി.ടി.ശ്രീകുമാര്‍

 ദലിത്, ന്യൂനപക്ഷ വിശാല ഐക്യമുന്നണി
രൂപപ്പെടണം -ഡോ.ടി.ടി.ശ്രീകുമാര്‍
തൃശൂര്‍:  ദലിത്-ന്യൂനപക്ഷ-ഫെമിനിസ്റ്റ് - മനുഷ്യാവകാശ സംഘടനകളുടെ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന വിശാല ഐക്യമുന്നണി രാജ്യത്ത് രൂപപ്പെടേണ്ടതുണ്ടെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ഡോ.ടി.ടി.ശ്രീകുമാര്‍.  ഈ രാഷ്ട്രീയം  പ്രായോഗിക തലത്തിലേക്ക് വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ് രൂപവത്കരണത്തിന്‍െറ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സോഷ്യല്‍ ഓഡിറ്റിങ് സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരവേദികള്‍ക്കപ്പുറം സംഘടനകള്‍ പരസ്പരം മനസ്സിലാക്കുന്ന വിശാല സംവിധാനമാണ് രൂപം കൊള്ളേണ്ടത്. യോജിക്കാവുന്ന മേഖലകള്‍ കണ്ടത്തെണം. കേവലം അനുഷ്ഠാനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സമരങ്ങളെ ചലനാത്മകമാക്കണം. സാമൂഹിക മാറ്റത്തിനായി പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്കും സ്വയംവിമര്‍ശങ്ങള്‍ക്കും മുന്‍തൂക്കം നല്‍കണം.
1920 കളില്‍ മുസ്ലിംകളും ഈഴവരും ദലിതുകളുമടങ്ങുന്ന സമൂഹം ശ്രീമൂലം അസംബ്ളിയിലെ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന് വേണ്ടി നടത്തിയ നിവര്‍ത്തന പ്രക്ഷോഭം ധീരസമരമുറയായിരുന്നു. ഇതടക്കമുള്ള നവോത്ഥാന സംഭവങ്ങളെ പഠനവിഷയമാക്കാതെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് പോകാനാവില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
തങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ മറ്റാര്‍ക്കും അവകാശമില്ളെന്ന പൊതുനിലപാടാണ് സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ തിരുത്തിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്  ചൂണ്ടിക്കാട്ടി. 
കിനാലൂരിലും മൂലമ്പള്ളിയിലും തെരഞ്ഞെടുപ്പ് വേളയില്‍ സോളിഡാരിറ്റി സ്വീകരിച്ച നിലപാടില്‍ വിയോജിപ്പുണ്ടെന്ന് സമരപക്ഷ സെഷനില്‍ സംസാരിച്ച സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. വനിതകള്‍ക്ക് സംഘടനയില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ചലച്ചിത്ര സംവിധായകന്‍ കെ.പി. ശശി നിര്‍ദേശിച്ചു. വിളയോടി വേണുഗോപാല്‍, ജി.ഒ. ജോസ്, ഡോ. വി. വേണുഗോപാല്‍, റോബിന്‍ എന്നിവരും സംസാരിച്ചു.
പുരുഷ കേന്ദ്രീകൃത മൂല്യവ്യവസ്ഥയാണ് സോളിഡാരിറ്റിക്കുള്ളതെന്ന് യുവജന സെഷനില്‍ അഭിപ്രായപ്പെട്ട മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന തനിക്ക് സംഘടനയോട് പ്രശ്നാധിഷ്ഠിത അടുപ്പമാണുള്ളതെന്ന് വെളിപ്പെടുത്തി. ലൈംഗിക ന്യൂനപക്ഷങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സോളിഡാരിറ്റി വിമുഖത കാണിച്ചുവെന്നും അവര്‍ പറഞ്ഞു. രേഖാ രാജ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ശോഭാ സുബിന്‍ എന്നിവരും സംസാരിച്ചു.
സാംസ്കാരിക സെഷനില്‍ ഡോ. എം.പി. പരമേശ്വരന്‍, എം.ജി. രാധാകൃഷ്ണന്‍, ഡോ. ആസാദ്, കെ.കെ. ബാബുരാജ്, ടോമി മാത്യു എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റിയുടെ മാധ്യമ അവാര്‍ഡുകള്‍ പി. സുരേഷ് ബാബു (മാതൃഭൂമി), അനീഷ് ബര്‍സോം (റിപ്പോര്‍ട്ടര്‍ ടിവി), ഡോക്യുമെന്‍ററി സംവിധായകന്‍ എ.എസ്. അജിത്കുമാര്‍ എന്നിവര്‍ ഡോ. ടി.ടി. ശ്രീകുമാറില്‍ നിന്ന് ഏറ്റുവാങ്ങി. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ മത്സര വിജയികള്‍ക്ക് സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
സോളിഡാരിറ്റി സംസ്ഥാന രക്ഷാധികാരി ടി. ആരിഫലി സമാപന പ്രഭാഷണം നിര്‍വഹിച്ചു.  സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും സി.എം. ശരീഫ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks