ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 18, 2013

അറബ്വസന്തം അന്യവത്കരണത്തിനെതിരായ ചെറുത്തുനില്‍പ് -എ.കെ രാമകൃഷ്ണന്‍

 അറബ്വസന്തം അന്യവത്കരണത്തിനെതിരായ ചെറുത്തുനില്‍പ് -എ.കെ രാമകൃഷ്ണന്‍
ന്യൂദല്‍ഹി: യൂറോപ്യന്‍ ചിന്താരീതിയെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആധുനിക ഇസ്ലാമിക ലോകത്ത് വേണ്ടത്ര ഉണ്ടായില്ളെന്നും അതിന്‍െറ ബഹിര്‍സ്ഫുരണമാണ് അറബ് വസന്തമായി പുറത്തുവന്നതെന്നും ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല പ്രഫസര്‍ എ.കെ രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങള്‍ കൂടിയുണ്ടെങ്കിലും ആധുനികതയുടെ ലോകവീക്ഷണം ഇസ്ലാമിക ലോകത്തെ അന്യവത്കരിച്ചതിനെതിരെയുള്ള സ്വത്വത്തിന്‍െറ ചെറുത്തുനില്‍പാണ് അറബ് തെരുവുകളില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘മാറുന്ന കാലത്തെ ഇസ്ലാമിന്‍െറ ഇടം’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദല്‍ഹി-ഹരിയാന ഘടകം ന്യൂദല്‍ഹി രാജേന്ദ്ര ഭവനില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു രാമകൃഷ്ണന്‍.
 മതഗ്രന്ഥങ്ങളിലുള്ള പാരമ്പര്യമായ ജ്ഞാനവും സമകാലിക വിഷയങ്ങളിലുള്ള അറിവും രണ്ട് അറകളില്‍ നില്‍ക്കുന്ന സ്ഥിതിയാണിപ്പോള്‍. ഈ അവസ്ഥ മാറി  രണ്ടും ഉള്‍ചേര്‍ന്നുനിന്നെങ്കില്‍ മാത്രമേ ഇസ്ലാമിന്‍െറ ഇജ്തിഹാദ് അര്‍ഥവത്താകൂ എന്ന് രാമകൃഷ്ണന്‍ പറഞ്ഞു. വ്യാഖ്യാനങ്ങളുടെ സമകാലികതയിലാണ് ഇസ്ലാമിക സമൂഹം ഊന്നേണ്ടത്. ഇന്നത്തെ കാലത്തെക്കുറിച്ചും അതിന്‍െറ ദര്‍ശനങ്ങളെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടെങ്കിലേ പ്രസക്തമായ വ്യാഖ്യാനത്തിന് സാധ്യമാകൂ. ഇത്തരം ബോധ്യമുള്ള  ബൗദ്ധികനിരയെയാണ് ഇസ്ലാം ഇന്ന് തേടുന്നതെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.  ഇസ്ലാമിക ശരീഅത്ത് ശിക്ഷാവിധികളുടെ സമാഹാരമല്ളെന്നും സാമൂഹിക സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള നടപടിക്രമമാണെന്നും ‘മാധ്യമം, മീഡിയാ വണ്‍‘ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. സാമൂഹിക സുരക്ഷക്കുള്ള സാഹചര്യം സൃഷ്ടിച്ച ശേഷം കടുത്ത നിയമലംഘനം നടത്തുന്നവര്‍ക്കുള്ളതാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു. 
ഇസ്ലാമിക രാഷ്ട്രീയം നിഷിദ്ധമെന്നുപറഞ്ഞ് മാറ്റിനിര്‍ത്തിയ കാലം കഴിഞ്ഞുവെന്നും അതൊരു വിപ്ളവ ബദലാണെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞുവെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.   ദല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സി. ചന്ദ്രന്‍, ഫാദര്‍ തോമസ് (സി.ബി.സി.ഐ) എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment

Thanks