ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, April 3, 2013

ഗള്‍ഫ് മേഖലയില്‍ ഇന്ത്യ കാര്യക്ഷമമായി ഇടപെടണം -ടി. ആരിഫലി

 ഗള്‍ഫ് മേഖലയില്‍ ഇന്ത്യ കാര്യക്ഷമമായി
ഇടപെടണം -ടി. ആരിഫലി
 കോഴിക്കോട്: സൗദിയില്‍ സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ പ്രവാസികളെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കാര്യക്ഷമമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. പ്രവാസികളില്‍ ആശങ്കയും ഭീതിയും വളര്‍ത്തുന്ന പ്രസ്താവനകള്‍ക്കുപകരം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന നയതന്ത്ര നീക്കങ്ങളാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. പുതിയ നിയമങ്ങള്‍ സൃഷ്ടിക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങള്‍ വളരെ ചെറുതല്ല. ചെറുകിട സംരംഭകരെയും നിരവധി തൊഴിലാളികളെയും സാരമായി ബാധിക്കുന്നതാണിത്. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തു നിന്നുള്ള ശക്തവും ആസൂത്രിതവുമായ നയതന്ത്ര നീക്കത്തിലൂടെ ഇതുമൂലമുണ്ടായേക്കാവുന്ന ആഘാതം ലഘൂകരിക്കാന്‍ സാധിക്കും. അദ്ദേഹം പറഞ്ഞു. അനധികൃത തൊഴിലാളികള്‍ക്ക് നിയമാനുസൃത തൊഴിലുകളിലേക്ക് മാറുന്നതിന് സാവകാശം ലഭ്യമാക്കാനും നിയമം നടപ്പിലാക്കുന്നതില്‍ മാനുഷിക പരിഗണന ഉറപ്പുവരുത്താനുമാണ് സര്‍ക്കാര്‍  ശ്രമിക്കേണ്ടത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്രബന്ധത്തിന്‍െറ അടിസ്ഥാനത്തില്‍ ഇത് സാധ്യമാകും. രാജ്യത്തിന്‍െറ സമ്പദ് ഘടന നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളിലുണ്ടായ ഭീതിയും അനിശ്ചിതത്വവും വളര്‍ത്തുന്നതിലല്ല, സാധ്യമായ പരിഹാരശ്രമങ്ങളിലൂടെ അവരെ പിന്തുണക്കുന്നതിലാണ് രാജ്യം കരുത്ത് കാണിക്കേണ്ടത്. ഇത് സൗദിയുടെ മാത്രം പ്രശ്നമല്ല. ഏതാനും വര്‍ഷങ്ങളായി മുഴുവന്‍ ഗള്‍ഫ് മേഖലയിലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. നയതന്ത്രപരമായ നീക്കത്തിലൂടെ സാധ്യമാവുന്നത്ര തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിക്കുന്നതിലും സര്‍ക്കാര്‍ ഏറെ വൈകിയിരിക്കുകയാണെന്നും അമീര്‍ അഭിപ്രായപ്പെട്ടു.

No comments:

Post a Comment

Thanks