ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 29, 2013

അന്തര്‍സംസ്ഥാന പലിശരഹിത സഹായ സഹകരണ സംഘം യാഥാര്‍ഥ്യമാവുന്നു

അന്തര്‍സംസ്ഥാന പലിശരഹിത സഹായ
സഹകരണ സംഘം യാഥാര്‍ഥ്യമാവുന്നു
കോഴിക്കോട്: പലിശരഹിത സാമ്പത്തിക വ്യവസ്ഥയുടെ വിളംബരമായി ‘സംഗമം’ മള്‍ട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി പ്രവര്‍ത്തനത്തിന് തുടക്കമായി.
തമിഴ്നാട്, കേരളം, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ പ്രവര്‍ത്തന മേഖലയാക്കിയാണ് സംഗമം ആരംഭിച്ചത്. കോഴിക്കോട്  ഹൈലൈറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ പദ്ധതിയുടെ ഒൗപചാരിക പ്രഖ്യാപനം നിര്‍വഹിച്ചു.
 മനുഷ്യത്വരഹിതമായ പലിശക്കെതിരായ പോരാട്ടത്തിന്‍െറ ഭാഗമാണ് ഈ സംരംഭമെന്ന് സിദ്ദീഖ് ഹസന്‍ പറഞ്ഞു.
ലോകത്തിന് മാതൃകയായ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ  പ്രായോഗിക മാതൃകയാണ് ‘സംഗമം’ കൊണ്ട് സാധ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇച്ഛാശക്തിയും അര്‍പ്പണബോധവുമുണ്ടെങ്കില്‍ ഇത് വിജയിപ്പിക്കാനാവും. ഇന്ത്യയില്‍ കൊള്ളപ്പലിശക്ക് കര്‍ഷകര്‍ക്ക് പണം കടം കൊടുക്കുന്ന സഹകരണ സംഘങ്ങള്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണ സംഘങ്ങള്‍ക്കുമേല്‍  റിസര്‍വ് ബാങ്കിന്‍െറ നിയന്ത്രണം വരാനിടയായത് ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ കെ. ശംസുദ്ദീന്‍ പദ്ധതി വിശദീകരിച്ചു.
50 കോടി രൂപയുടെ അംഗീകൃത മൂലധനമുള്ള, കേന്ദ്ര സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്ത അന്തര്‍ സംസ്ഥാന സഹകരണ സംഘമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഓഹരിയെടുക്കുന്നവര്‍ക്കാണ് അംഗത്വം നല്‍കുക. അംഗങ്ങളില്‍നിന്ന് പലിശരഹിത നിക്ഷേപങ്ങള്‍ സ്വീകരിക്കും. നിക്ഷേപങ്ങള്‍ക്ക് സുരക്ഷയും പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ടാവും. ലാഭനഷ്ടങ്ങള്‍ അംഗങ്ങള്‍ പങ്കുവെക്കും.
അംഗങ്ങള്‍ക്ക് വിവിധ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും പലിശരഹിത സൂക്ഷ്മ വായ്പകള്‍ നല്‍കും. ഒരംഗത്തിന് പരമാവധി 10 ലക്ഷം രൂപവരെ വായ്പ നല്‍കും. നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്പകള്‍ നല്‍കുകയും ബ്രാഞ്ചു വഴിയായിരിക്കും.
കേരളത്തിലും തമിഴ്നാട്ടിലുമായി മൂന്നു വീതം ബ്രാഞ്ചുകള്‍ ആദ്യം തുടങ്ങും. കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുക. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ചടങ്ങില്‍ സംസാരിച്ചു. സാമ്പത്തിക വ്യവസ്ഥകളുടെ തകര്‍ച്ചക്കും ധനത്തിന്‍െറ വിലയിടിവിനും കാരണം പലിശയാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയിലെ ധാര്‍മിക പ്രതിസന്ധിക്കുള്ള പരിഹാരമാണ് പലിശരഹിത വായ്പാ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുലൈമാന്‍, സംഗമം വൈസ്  പ്രസിഡന്‍റ് തുഫൈല്‍ അഹ്മദ് വാണിയമ്പാടി എന്നിവര്‍ സംസാരിച്ചു.
 ‘സംഗമം’ പ്രസിഡന്‍റ് ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

Thanks