ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, March 23, 2012

ദേശീയ പാത വികസനം: സംരക്ഷണ സമിതി മാര്‍ച്ച് നടത്തി

 
 ദേശീയ പാത വികസനം:
സംരക്ഷണ സമിതി മാര്‍ച്ച് നടത്തി
കണ്ണൂര്‍: ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുന്ന വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പറേറ്റുകളുടെ കൂടെയാണെന്ന് ദേശീയ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്. ബി.ഒ.ടി പാതക്കു വേണ്ടിയുള്ള സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് താഴെചൊവ്വയിലെ ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ തഹസില്‍ദാറുടെ ഓഫിസിലേക്ക് ദേശീയ പാത സംരക്ഷണ സമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാത വികസനത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടാണ് ഇരു മുന്നണി സര്‍ക്കാരുകളും സ്വീകരിച്ചത്. ദേശീയ പാത 30 മീറ്റര്‍ മതിയെന്ന കാര്യം തുടക്കത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചതാണ്. എന്നാല്‍, ഒരു ഭാഗത്ത് പാവപ്പെട്ട ജനങ്ങളും മറു ഭാഗത്ത് കോര്‍പറേറ്റുകളും അണിനിരന്നപ്പോള്‍ എല്ലാവരും കോര്‍പറേറ്റുകളുടെ ഭാഗത്തേക്ക് മലക്കം മറിയുകയായിരുന്നു. ദേശീയ പാത 45 മീറ്ററാക്കാന്‍ ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് കളമൊരുങ്ങുന്നത്. 15 മീറ്റര്‍ കൂടുതല്‍ വികസിപ്പിക്കുമ്പോള്‍ കേരളത്തില്‍ മൊത്തം 5000 ഏക്കര്‍ കൂടുതല്‍ ഏറ്റെടുക്കേണ്ടി വരും. ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ ഉപജിവനമാര്‍ഗം ഇല്ലാതാവും. ഈ സ്ഥാനത്ത്  വന്‍കിട മാളുകളും ബാര്‍ ഹോട്ടലുകളും സ്ഥാപിക്കാനാണ് ശ്രമം.
ഉദ്യോഗസ്ഥരും ജനങ്ങളേക്കാളേറെ കേര്‍പറേറ്റുകളെയാണ് കണക്കിലെടുക്കുന്നത്. ഭരണകൂടത്തെ മറിച്ചിടാന്‍ കെല്‍പുള്ളവരാണ് ജനങ്ങളെന്നത് ഉദ്യോഗസ്ഥര്‍ മറക്കരുത്. സ്ഥലമെടുപ്പിന്‍െറ പേരില്‍ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന മുഷ്ക് അതിരുവിട്ടാല്‍ സഹികെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും സുരേന്ദ്രനാഥ് പറഞ്ഞു.
മുഴപ്പിലങ്ങാട്, എടക്കാട്, ചാല ദേശീയപാത ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കെ. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ദേശീയ പാത കുടിയിറക്ക് വിരുദ്ധസമിതി ജില്ലാ കണ്‍വീനര്‍ അപ്പുക്കുട്ടന്‍ കാരയില്‍, ടി.സി. മനോജ്, പോള്‍ ടി. സാമുവല്‍, പ്രേമന്‍ പാതിരിയാട്, എം.കെ. അബൂബക്കര്‍, അബ്ദുല്‍ അസീസ് ഹാജി, കെ. സുധര്‍മന്‍, നസീര്‍ കടാങ്കോട് എന്നിവര്‍ സംസാരിച്ചു. യു.കെ. സെയ്ത് സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Thanks