ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, June 15, 2012

പെട്ടിപ്പാലം പ്രശ്നത്തിന് സമയ ബന്ധിത പരിഹാരം കാണും -കലക്ടര്‍

 പെട്ടിപ്പാലം പ്രശ്നത്തിന് സമയ ബന്ധിത
പരിഹാരം കാണും -കലക്ടര്‍
തലശ്ശേരി: പെട്ടിപ്പാലം പ്രശ്നത്തില്‍ സമര സമിതി പ്രവര്‍ത്തകരുമായി ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ നടത്തിയ ചര്‍ച്ച പരിഹാരമാകാതെ പിരിഞ്ഞു. പെട്ടിപ്പാലത്ത് മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം വിളിച്ച് ചേര്‍ത്തത്.
മാലിന്യ പ്രശ്നത്തെക്കുറിച്ച് പഠിച്ച തിരുവനന്തപുരത്തെ ശുചിത്വ മിഷന്‍െറ വിദഗ്ധ അവതരിപ്പിച്ച മാസ്റ്റര്‍ പ്ളാനിലെ ഒമ്പതോളം നിര്‍ദേശങ്ങള്‍ യോഗത്തില്‍ കലക്ടര്‍ മുന്നോട്ട് വെച്ചു. പെട്ടിപ്പാലത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ മാസ്റ്റര്‍ പ്ളാന്‍റിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ തലശ്ശേരി നഗരസഭക്ക് പ്രത്യേകം ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
മാലിന്യം മൂടിയുള്ള കാപ്പിങ് സമ്പ്രദായം നടപ്പാക്കുക, വിവിധയിടങ്ങളില്‍ വികേന്ദ്രീകരണ മാലിന്യ പ്ളാന്‍റുകള്‍ സ്ഥാപിക്കുക, മാലിന്യത്തിന്‍െറ തോത് ഉത്ഭവ സ്ഥാനത്ത് നിന്നുതന്നെ ക്രമാതീതമായി കുറച്ച് കൊണ്ടു വരുക, പെട്ടിപ്പാലത്ത് സസ്യങ്ങള്‍ പിടിപ്പിച്ച് ഗ്രീന്‍ ബെല്‍ട്ട് സ്ഥാപിക്കുക, പ്ളാസ്റ്റിക്ക് നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുക തുടങ്ങിയ ഒമ്പതോളം നിര്‍ദേശങ്ങളാണ് മാസ്റ്റര്‍ പ്ളാനില്‍ മുന്നോട്ട് വെക്കുന്നത്.  ആറ് മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കും. പ്ളാന്‍, എസ്റ്റിമേറ്റ്, ടെന്‍ഡര്‍ എന്നീ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് നഗരസഭയാണെന്നും അവര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കുമെന്നും കലക്ടര്‍ യോഗത്തെ അറിയിച്ചു.
എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത സമര സമിതി നേതാക്കളും പ്രവര്‍ത്തകരും നഗരസഭക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. പെട്ടിപ്പാലത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ഇതിന്‍െറ പേരില്‍ കോടികളുടെ അഴിമതിയാണ് നഗരസഭ നടത്തുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദു നാസ്സിര്‍ ആരോപിച്ചു. പൊലീസ് സംരക്ഷണത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് നിര്‍ത്തുക, പെട്ടിപ്പാലം സമരത്തിന്‍െറ പേരില്‍ സ്ത്രീകളടക്കമുള്ളവരുടെ പേരില്‍ എടുത്ത കള്ളകേസ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി പ്രവര്‍ത്തകര്‍ പ്രധാനമായും ഉന്നയിച്ചത്. പൊലീസ് സംരക്ഷണത്തില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച് എസ്.പിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മറുപടി പറഞ്ഞു.
നഗരത്തിന്‍െറ വിവിധപ്രദേശങ്ങളിലെ മൂന്ന് വാര്‍ഡുകളില്‍ ഒന്ന് എന്ന തോതില്‍ മാലിന്യ പ്ളാന്‍റുകള്‍ സ്ഥാപിക്കണമെന്നും തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. മാലിന്യ വിരുദ്ധ സമരം തുടങ്ങിയിട്ട് ഏഴര മാസമായിട്ടും നഗസഭ ഒരു ശാസ്ത്രീയ നടപടിയും സ്വീകരിച്ചിട്ടില്ളെന്നും സമര സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
യോഗത്തിന് ശേഷം കലക്ടറുടെ നേതൃത്വത്തില്‍ പെട്ടിപ്പാലം സന്ദര്‍ശിച്ചു. നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ്, മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ പ്ളാന്‍റും സ്ഥാപിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ.എം. ശശിധരന്‍, അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ ഇ. മോഹനന്‍, സി.ഐ എം.വി. വിനോദ്, വിവിധ സമര സമിതി നേതാക്കളായ എന്‍.വി. അജയ കുമാര്‍, സി.പി. അശ്റഫ്, കെ. നിയാസ്, പി.കെ.  പ്രകാശന്‍, ജബീന ഇര്‍ഷാദ്, കെ.എം. റാബിയ, റസിയ ലത്തീഫ്, ജുബൈലിയ, സുമയ്യ എന്നിവരും പങ്കെടുത്തു.
പെട്ടിപ്പാലത്ത് ആശുപത്രി മാലിന്യം;
നടപടിയെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം
തലശ്ശേരി: പെട്ടിപ്പാലത്ത് കഴിഞ്ഞ ദിവസം തള്ളിയ മാലിന്യ കൂമ്പാരത്തില്‍ ആശുപത്രി മാലിന്യം കണ്ടത്തെിയ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ കലക്ടര്‍ തലശ്ശേരി നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉപയോഗിച്ച ഇഞ്ചക്ഷന്‍ സിറിഞ്ച്, ഗ്ളൂക്കോസ് കുപ്പികള്‍ തുടങ്ങിയ ആശുപത്രി മാലിന്യങ്ങളാണ് പെട്ടിപ്പാലത്ത് കലക്ടര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത്. സംഭവത്തില്‍ അന്വേഷണം നടത്തി മാലിന്യം തള്ളിയ ആശുപത്രിക്കെതിരെ നടപടിയെടുക്കാനാണ് കലക്ടര്‍ ഉത്തരവിട്ടത്. ആശുപത്രിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയാണ് നഗരസഭ ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നതെന്ന് സമര സമിതി പ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.  മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രാത്രിയും പകലുമായി രണ്ട് സക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു. 

No comments:

Post a Comment

Thanks