ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 20, 2012

പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭാ നീക്കം

ഹൈകോടതി സ്റ്റേ പിന്‍വലിച്ചെന്ന്
പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം
നിക്ഷേപിക്കാന്‍ നഗരസഭാ നീക്കം

തലശ്ശേരി: മാലിന്യ നിക്ഷേപത്തിനുള്ള സ്റ്റേ ഹൈകോടതി പിന്‍വലിച്ചെന്ന് അവകാശപ്പെട്ട് പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭാ നീക്കം. സി.ആര്‍.സെഡ് നിയമം അനുസരിച്ച് മാലിന്യ നിക്ഷേപം നിരോധിച്ചുള്ള ഉത്തരവിന് ഹൈകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചെന്ന് വ്യാഴാഴ്ച ചേര്‍ന്ന നഗരസഭാ യോഗത്തിലാണ് ചെയര്‍പേഴ്സന്‍  ആമിന മാളിയേക്കല്‍ അറിയിച്ചത്.  അതിനാല്‍, പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നത് നഗരസഭ വീണ്ടും ആരംഭിക്കും. യോഗം ചേര്‍ന്ന് ഇതിനായുള്ള തുടര്‍ നടപടി സ്വീകരിക്കും. യോഗത്തില്‍ മാലിന്യ നിക്ഷേപം ആരംഭിക്കാനുള്ള തീയതിയും തീരുമാനിക്കും. പ്രതിപക്ഷവും ഭരണപക്ഷവും തീരുമാനത്തെ ഒരുപോലെ അനുകൂലിച്ചു.
തീരദേശ സംരക്ഷണ നിയമം (സി.ആര്‍.സെഡ് ആക്ട്) അനുസരിച്ച് തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നതോ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതോ കുറ്റകരമാണ്. നിയമത്തിന്‍െറ പിന്‍ബലത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ഹൈകോടതി നിരോധിച്ചിരുന്നു. നിയമം ലംഘിച്ച് പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിച്ച നഗരസഭാ സെക്രട്ടറിക്ക് മുമ്പ് തീരദേശ നിയമ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.  എന്നാല്‍, ഈ സ്റ്റേ പിന്‍വലിച്ചുള്ള ഉത്തരവ് ഹൈകോടതിയില്‍ നിന്ന് ലഭിച്ചെന്ന് അവകാശപ്പെട്ടാണ് നഗരസഭ നിലവില്‍ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.
പെട്ടിപ്പാലത്തുള്ള മാലിന്യ നിക്ഷേപം കുറ്റകരമാണെന്ന് കോസ്റ്റല്‍ സോണ്‍ അതോറിറ്റി ഉത്തരവിറക്കിയിരുന്നു. 2011 ഒക്ടോബര്‍ 31നായിരുന്നു പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് പെട്ടിപ്പാലത്ത് തുടര്‍ച്ചയായുള്ള മാലിന്യ നിക്ഷേപം നിര്‍ത്തിവെച്ചിരുന്നു.
സംസ്ഥാന സര്‍ക്കാറിന്‍െറ ശുചിത്വ മിഷന്‍ അംഗങ്ങള്‍ പെട്ടിപ്പാലം സന്ദര്‍ശിച്ച് പ്രദേശത്ത് ഒരു കാരണവശാലും മാലിന്യം നിക്ഷേപിക്കരുതെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ സ്ഥാപിക്കുമെന്ന് നിരവധി തവണ നഗരസഭാധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടുകയാണെന്നും പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം നടത്താതെ മറ്റ് മാര്‍ഗമില്ളെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
നഗരത്തില്‍ പൂര്‍ണമായ പ്ളാസ്റ്റിക്ക് നിരോധം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതി തേടേണ്ടതുണ്ട്. 40 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് വസ്തുക്കള്‍ നഗരത്തില്‍ നിരോധിച്ചെങ്കിലും ഇവയുടെ ഉപയോഗം വ്യാപകമാണെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് നഗരസഭാധ്യക്ഷ നിര്‍ദേശം നല്‍കി.

No comments:

Post a Comment

Thanks