ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 11, 2013

മീഡിയവണ്‍ ജനങ്ങളിലേക്ക്

 
 മീഡിയവണ്‍ ജനങ്ങളിലേക്ക്
കോഴിക്കോട്: നേരിന്‍െറ വാര്‍ത്തകളും നന്മയുടെ വിനോദ പരിപാടികളുമായി സാമൂതിരിയുടെ മണ്ണില്‍നിന്നും ‘മീഡിയവണ്‍’ ചാനലിന് പ്രൗഢഗംഭീര തുടക്കം. മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ‘മാധ്യമം’ കുടുംബത്തിന്‍െറ ഈ രജത ജൂബിലി ഉപഹാരം പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമര്‍പ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 4.30ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി വന്‍ ജനാവലി സ്വപ്ന നഗരിയിലേക്ക് ഒഴുകി.
ഇരുപത്തിയഞ്ച് വര്‍ഷമായി മുന്നേറുന്ന ‘മാധ്യമം’ കുടുംബത്തിലെ നവജാത ശിശുവായ മീഡിയവണിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന ആമുഖത്തോടെയാണ് ലോഞ്ച് ബട്ടണ്‍ അമര്‍ത്തിയശേഷം ആന്‍റണി വികാരഭരിതമായ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ‘നേര്, നന്മ’ എന്ന മീഡിയവണിന്‍െറ മുദ്രാവാക്യം എന്നെ ഏറെ ആകര്‍ഷിക്കുന്നു. ഒഴുക്കിനെതിരെ നീന്തിയായാലും നേരിനും നന്മക്കും വേണ്ടി നില്‍ക്കാനുള്ള ശക്തി മാധ്യമം കുടുംബത്തിനുണ്ടാവട്ടെ -അതത്ര എളുപ്പമുള്ള കാര്യമല്ല, ചാനല്‍ മത്സരങ്ങള്‍ക്കിടയില്‍ നേരും നെറിയും നിലനിര്‍ത്തി മുന്നേറുകയെന്നത് ദുഷ്കരമാണ്. എങ്കിലും ഞാന്‍ നേരുന്നു, നിങ്ങള്‍ വിജയിച്ചുവരട്ടെ. നിങ്ങള്‍ ഒരിക്കലും പരാജയപ്പെട്ടുകൂടാ -നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ ആന്‍റണി പറഞ്ഞു.
മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. മാധ്യമം കുടുംബത്തിന്‍െറ സ്വാഭാവികവും അനിവാര്യവുമായ വളര്‍ച്ചയാണ് മീഡിയവണെന്ന് അദ്ദേഹം പറഞ്ഞു. ‘എന്തിനും പേരിടുമ്പോള്‍ ഓരോ സ്വപ്നങ്ങള്‍ നാം മുന്നില്‍ കാണാറുണ്ട്. ആ സ്വപ്നം മുന്നില്‍വെച്ചാണ് മാധ്യമം ചാനലിനെ മീഡിയവണ്‍ എന്നു വിളിച്ചത്. ഇന്ത്യയില്‍തന്നെ ഏറ്റവുംമികച്ച ചാനലാവുകയെന്നതാണ് ഈ പേരിനു പിന്നിലെ സ്വപ്നം. നേരും നന്മയുമായിരിക്കും മീഡിയവണിന്‍െറ മുഖമുദ്ര’ -അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. വെള്ളിപറമ്പിലെ ആസ്ഥാന സമുച്ചയത്തിന്‍െറ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും  ന്യൂസ് സ്റ്റുഡിയോയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിച്ചു. മീഡിയവണ്‍ വെബ്സൈറ്റ് സാംസ്കാരിക മന്ത്രി കെ.സി. ജോസഫും പ്രോഗ്രാം സ്റ്റുഡിയോ ഗള്‍ഫാര്‍ മുഹമ്മദലിയും ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകന്‍ രഞ്ജിത്ത് മീഡിയവണിന്‍െറ സിഗ്നേച്ചര്‍ മ്യൂസിക് പ്രകാശനം ചെയ്തു.
എം. മുകുന്ദന്‍, പി. വത്സല, ബിനോയ് വിശ്വം, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. അംബുജാക്ഷന്‍, ഡോ. ആസാദ് മൂപ്പന്‍, പി.വി. അബ്ദുല്‍ വഹാബ്,  സ്വാമി ഗുരുരത്നം ജ്ഞാന തപസി, ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്,  തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി.കെ. അഹമ്മദ്, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉപസംഹാര പ്രസംഗം നടത്തി.
എം.പിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, പി.ടി.എ. റഹീം,  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, എം.പി. അഹമ്മദ്, ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.ഇ. ഫൈസല്‍, ഹുസൈന്‍ മടവൂര്‍ എന്നിവര്‍ സംബന്ധിച്ചു.
മീഡിയവണ്‍ എം.ഡി ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന് പ്രണാമം അര്‍പ്പിച്ച് തയാറാക്കിയ ‘നന്മയുടെ അപാരതീരം’ ബഷീര്‍ കഥാപ്രപഞ്ചം അരങ്ങേറി.
 
 

No comments:

Post a Comment

Thanks