ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 5, 2012

വരുംതലമുറക്ക് ഗൗരവതരമായ വിദ്യാഭ്യാസം നല്‍കണം -ടി. ആരിഫലി

 
 
 വരുംതലമുറക്ക് ഗൗരവതരമായ വിദ്യാഭ്യാസം
നല്‍കണം -ടി. ആരിഫലി
തലശ്ശേരി: യുവാക്കളുടെയും കുട്ടികളുടെയും കാര്യത്തില്‍ ചൈനയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ലോകത്തെ നയിക്കണമെന്ന ആഗ്രഹം അര്‍ഥവത്താവണമെങ്കില്‍ വരുംതലമുറക്ക് കൂടുതല്‍ ഗൗരവതരമായ വിദ്യാഭ്യാസം നല്‍കിയേ പറ്റൂ എന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിന്‍െറ ഉണര്‍വ് ഏറെ മുന്നിലാണ്.
വിദ്യാഭ്യാസം നല്‍കാനുള്ള ബാധ്യത ഗവണ്‍മെന്‍റുകള്‍ക്കുണ്ട്. വിദ്യാഭ്യാസപരമായും രാജ്യത്തിന്‍െറ മൗലികമായ ആശയങ്ങളെകുറിച്ച് ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമാകുന്നത് വളരെ വൈകിയാണെന്നത് വിഷമകരമാണ്. സര്‍ക്കാറുകള്‍ ജനസേവനരംഗത്തുനിന്നും ക്രമേണ പിന്‍വാങ്ങുന്നതായും കാണുന്നുണ്ട്.എന്നാല്‍, വിദ്യാഭ്യാസപരമായ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന് കഴിയില്ല. സ്വകാര്യ ഏജന്‍സികളും ചാരിറ്റബിള്‍ ട്രസ്റ്റുകളും പൊതുസമൂഹവും ഇക്കാര്യത്തില്‍ രംഗത്തുവരണം. വിദ്യാഭ്യാസ കാര്യത്തില്‍ മലബാര്‍ മേഖല ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. രക്ഷിതാക്കള്‍ മക്കളുടെ വിദ്യാഭ്യാസത്തിന് ബജറ്റിന്‍െറ നല്ളൊരു ഭാഗം നീക്കിവെക്കണം. ഒരിക്കലും നഷ്ടമാവാത്ത നിക്ഷേപമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.
കുന്ദമംഗലത്തെ കെ.സി. സോണക്ക് സ്കോളര്‍ഷിപ് നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തലശ്ശേരി സര്‍ഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി സേവനവിഭാഗം സംസ്ഥാന സെക്രട്ടറി പി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ.എന്‍.പി. ഉമര്‍കുട്ടി, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍, തലശ്ശേരി പ്രസ്ഫോറം പ്രസിഡന്‍റ് നവാസ് മത്തേര്‍, ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതവും തലശ്ശേരി ഏരിയാ പ്രസിഡന്‍റ് യു. ഉസ്മാന്‍ നന്ദിയും പറഞ്ഞു. എ.കെ. മുസമ്മില്‍ ഖിറാഅത്ത് നടത്തി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര കേരളത്തിലെ നൂറിലധികം വിദ്യാര്‍ഥികള്‍ക്കാണ് തലശ്ശേരിയില്‍ സ്കോളര്‍ഷിപ് വിതരണം ചെയ്തത്.

No comments:

Post a Comment

Thanks