ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 1, 2010

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്നു കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ ശക്തമായ യു.ഡി.എഫ് തരംഗം ആഞ്ഞുവീശി എന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെയും പ്രത്യേകത. വിമതശല്യവും ആഭ്യന്തര ശൈഥില്യങ്ങളും വേണ്ടതു പോലെ ഉണ്ടായിട്ടും തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞതില്‍ യു.ഡി.എഫ് ക്യാമ്പിന് തീര്‍ച്ചയായും അഭിമാനിക്കാം.
ലോക്സഭാ, നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മുന്നേറിയാലും പ്രാദേശിക തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മേല്‍ക്കൈ നേടുന്നുവെന്നതായിരുന്നു ഏതാനും വര്‍ഷങ്ങളായി കേരളത്തിലുണ്ടായിരുന്ന പതിവ്. എല്‍.ഡി.എഫിലെ മുഖ്യ ഘടകക്ഷിയായ സി.പി.എമ്മിന് പ്രാദേശിക തലത്തിലുള്ള അതിശക്തമായ സംഘടനാ സംവിധാനമാണ് അവരെ ഇതിന് സഹായിക്കുന്നത്. കൂടാതെ, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ എന്നിവയിലൂടെ ബൃഹത്തായ പ്രാദേശിക അടിത്തറ രൂപപ്പെടുത്താന്‍ സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. ഇത്തവണയാകട്ടെ, സംസ്ഥാന ഭരണത്തിന്റെ തണലും സൌകര്യവും അവര്‍ക്കുണ്ട്. ഈ സൌകര്യമുപയോഗിച്ച് തങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്താനും അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, സാധാരണഗതിയില്‍ അത്യന്തം അനുകൂലമായ ഈ ഘടകങ്ങള്‍ എല്ലാമുണ്ടായിട്ടും അതിശക്തമായ തിരിച്ചടിയാണ് എല്‍.ഡി.എഫ് നേരിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കണക്കുകളുടെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്ന മുറക്ക് വിശദമായി വിശകലനം ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ഇതിലുണ്ട്.
പ്രാദേശിക വികസനത്തിനു വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ സംവിധാനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍. യഥാര്‍ഥത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതില്‍ വലിയ പ്രസക്തിയില്ല. പക്ഷേ, കേരളത്തിന്റെ പ്രത്യേകമായ പശ്ചാത്തലത്തില്‍ തദ്ദേശ ഭരണം അടിമുടി കക്ഷി രാഷ്ട്രീയത്തില്‍ അധിഷ്ഠിതമാണ്. രാഷ്ട്രീയ ഭേദമന്യേ താരതമ്യേന മൂല്യബോധമുള്ള, വികസന തല്‍പരരായ ആളുകളെ പിന്തുണക്കുകയെന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം കാലങ്ങളായി സ്വീകരിച്ചു പോന്ന നിലപാട്. എന്നാല്‍ ആരെയും അസ്വസ്ഥപ്പെടുത്തുന്ന തരത്തില്‍ കക്ഷി രാഷ്ട്രീയവും അഴിമതിയുടെ വികേന്ദ്രീകരണവും തദ്ദേശ സ്ഥാപനങ്ങളില്‍ ശക്തിപ്പെടുന്നതാണ് നാള്‍ക്കുനാള്‍ കണ്ടുവരുന്നത്.
തദ്ദേശ സ്ഥാപനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണമെന്ന ആശയം ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിയത് ഈ പശ്ചാത്തലത്തിലാണ്. വിവിധ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അണി നിരത്തി പ്രാദേശിക ജനകീയ സംഘടനകള്‍ രൂപീകരിക്കാനുള്ള ആഹ്വാനം ജമാഅത്ത് നടത്തുന്നത് ആ പശ്ചാത്തലത്തിലാണ്. ഈ ആഹ്വാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് കോര്‍പറേഷനുകളിലും 34 മുന്‍സിപ്പാലിറ്റികളിലും 328 പഞ്ചായത്തുകളിലും പ്രാദേശിക വികസന സംഘടനകള്‍ ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിക്കപ്പെടുകയുണ്ടായി. സാമൂഹിക പ്രവര്‍ത്തകര്‍, പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകള്‍, മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി രൂപീകരിക്കപ്പെട്ട ഇത്തരം സംഘങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ക്രിയാത്മകമായി സ്വാധീനിക്കണം എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ നിലപാട്. പ്രാദേശികമായ വിവിധ അതിജീവന സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമരമുന്നണികളും ഇത്തരത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് 1500 ഓളം വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഈ സംഘങ്ങള്‍ മുന്നോട്ട് വന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അജണ്ടയെ ഗുണപരമായി സ്വാധീനിക്കാന്‍ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. നിസ്സാരവും സങ്കുചിതവുമായ കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് പ്രാദേശിക വികസന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഉയര്‍ത്തപ്പെട്ടു. പ്രചാരണ രംഗത്ത് ചിലയിടങ്ങളിലെല്ലാം മുഖ്യധാരാ കക്ഷികളെ അമ്പരപ്പിക്കുന്ന കാമ്പയിനുകള്‍ സംഘടിപ്പിക്കാനും ജനങ്ങളെ അണിനിരത്താനും ഇത്തരം ജനകീയ മുന്നണികള്‍ക്ക് സാധിച്ചു. നോമിനേഷന്‍ കൊടുത്ത് വീട്ടില്‍ പോയി ഉറങ്ങിയാലും പല കക്ഷികളും എളുപ്പത്തില്‍ ജയിച്ചു കയറുന്ന വാര്‍ഡുകളില്‍ അതിശക്തമായ മത്സരം ഉയര്‍ത്തുന്നതില്‍ ഈ ജനകീയ കൂട്ടായ്മകള്‍ ഏറെ മുന്നോട്ട് പോയി. കോഴിക്കോട് ജില്ലയിലെ ഫലങ്ങള്‍ വരുന്നതിന് മുമ്പ് സംസ്ഥാനത്ത് ഏഴ് പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയിക്കാനും 80 വാര്‍ഡുകളില്‍ (ആറ് മുന്‍സിപ്പാലിറ്റി വാര്‍ഡ്, 74 പഞ്ചായത്ത് വാര്‍ഡ്) രണ്ടാം സ്ഥാനത്ത് എത്താനും ജനകീയ മുന്നണികള്‍ക്ക് കഴിഞ്ഞു. കൂടാതെ തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് എന്‍.ജി.ഐ.എല്‍ ഫാക്ടറി വിരുദ്ധ സമരമുന്നണി രണ്ട് സീറ്റുകളില്‍ വിജയിച്ചു. വളരെ നിസ്സാരമായ വോട്ടുകള്‍ക്ക് പരാജയപ്പെട്ട ഇടങ്ങളും ഇതില്‍ ധാരാളമുണ്ട്. (കോഴിക്കോട് ജില്ലയിലെ ഫലം വരുന്നതിന് മുമ്പുള്ള കണക്കാണിത്)
പലേടങ്ങളിലും പ്രചാരണങ്ങളില്‍ വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കാനും ജനങ്ങളെ അണിനിരത്താനും ജനകീയ മുന്നണികള്‍ക്ക് സാധിച്ചിരുന്നു. പലേടത്തും വിജയിക്കുമെന്ന് പ്രതീതി സൃഷ്ടിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. അതേ സമയം, കാമ്പയിന്‍ സമയത്തേത് പോലെയുള്ള ആഹ്ളാദകരമായ അനുഭവമല്ല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നത് ശരിയാണ്. പക്ഷേ, കാലങ്ങളായി രാഷ്ട്രീയ രംഗത്തുള്ള ശക്തരായ ഇരുമുന്നണികള്‍ക്കിടയില്‍ ശക്തമായി പിടിച്ചു നിന്നുവെന്നത് രാഷ്ട്രീയമായി വളരെ പ്രസക്തമാണ്.
ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള, മലപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഇരു മുന്നണികള്‍ക്കിടയില്‍ വേണ്ടത്ര കേന്ദ്രീകരണമോ പാര്‍ട്ടി ഘടനയോ ഇല്ലാത്ത പ്രാദേശിക മുന്നണികള്‍ ഒറ്റക്ക് പൊരുതി ജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വമ്പിച്ച സാമ്പത്തിക ശേഷിയും ഭരണ-രാഷ്ട്രീയ പിന്‍ബലവും ആവശ്യമുള്ള ഈ പ്രക്രിയയില്‍ തുടക്കക്കാര്‍ അനുഭവിക്കുന്ന കിതപ്പാണ് ജനകീയ മുന്നണികളുടെ പ്രകടനം മൊത്തത്തില്‍ കാഴ്ച വെക്കുന്നത്. ആ അര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമായി പിടിച്ചു നില്‍ക്കാനും മികച്ച മത്സരം കാഴ്ച വെക്കാനും സാധിച്ചുവെന്നത് സന്തോഷകരമായ കാര്യമാണ്. സുസംഘടിതവും സുസ്ഥാപിതവുമായ ഇരുമുന്നണികള്‍ക്കുമിടയില്‍ വ്യത്യസ്തമായ ഒരു രാഷ്ട്രീയ കൂട്ടായ്മയെ പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കാനായി എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഭാവി രാഷ്ട്രീയ പ്രക്രിയയില്‍ ക്രിയാത്മകമായി പങ്കുവഹിക്കാന്‍ കഴിയുന്ന ഒരു അടിത്തറ ഇതിലൂടെ രൂപപ്പെടുത്താന്‍ തീര്‍ച്ചയായും സാധിച്ചിട്ടുണ്ട്. ഇരുമുന്നണികള്‍ക്കുമിടയിലെ ഒരു ബദല്‍ പരീക്ഷണം എന്ന സാഹസികമായ യത്നത്തിനാണ് യഥാര്‍ഥത്തില്‍ ഇതിലൂടെ തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്. സീറോ ബാലന്‍സില്‍ ആരംഭിക്കുന്ന ഒരു കൂട്ടായ്മ വേണ്ടത്ര വിജയിച്ചില്ല എന്നത് വലിയ തിരിച്ചടിയായി വിശകലനം ചെയ്യുന്നത് ശരിയായിരിക്കില്ല. നേരത്തെ ഈ രംഗത്തുള്ളവര്‍ നേരിടുന്ന നഷ്ടമാണ് യഥാര്‍ഥത്തില്‍ തിരിച്ചടി. ജനകീയ മുന്നണികളെ സംബന്ധിച്ചേടത്തോളം അത് നേടിയെടുത്തോളം മുന്നേറ്റം തന്നെയാണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കുറുക്കു വഴികളും തന്ത്രങ്ങളും ജനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനവും രണ്ടും രണ്ട് വഴിക്കാണ് എന്നത് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ജനകീയ മുന്നണികളും പഠിക്കേണ്ട പ്രധാനപ്പെട്ടൊരു പാഠം. അധാര്‍മികവും അറപ്പുളവാക്കുന്നതുമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ മറികടക്കാന്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പലയിടങ്ങളിലും നിര്‍ബാധം പണവും മദ്യവും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ജനകീയ മുന്നണികള്‍ക്ക് വിജയ സാധ്യതയുള്ള ഇടങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചതിന്റെ അനുഭവവും പലേടങ്ങളിലെയും വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ മനസ്സിലാവും.
ജനകീയ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും സംഘാടനത്തിലും ജമാഅത്തെ ഇസ്ലാമിക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ പരമ്പരാഗത മുസ്ലിം മതസംഘടനകള്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കച്ച കെട്ടിയിറങ്ങിയ അനുഭവം എല്ലായിടത്തും ദൃശ്യമായിരുന്നു. കള്ള പ്രചാരണങ്ങള്‍ നടത്തിയും മതപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വ്യാപകമായ പ്രചാരണം അവസാന ഘട്ടങ്ങളില്‍ അവര്‍ നടത്തുകയുണ്ടായി. മറ്റൊരര്‍ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം മത സംഘടനകളെ ഉപയോഗിക്കുകയായിരുന്നു എന്നതാണ് വാസ്തവം. ഒരു വശത്ത് മദ്യവും പണവും മറുവശത്ത് മതപുരോഹിതരെയും തരം പോലെ ഉപയോഗിക്കുന്നതില്‍ ഇരുമുന്നണികളും മിടുക്ക് കാണിച്ചു. മദ്യം കൊടുത്ത് വോട്ടര്‍മാരെ പാട്ടിലാക്കുന്ന സ്ഥാനാര്‍ഥി വിജയിച്ചാലും കുഴപ്പമില്ല, ജമാഅത്തെ ഇസ്ലാമിക്ക് മുന്‍കൈയുള്ള ഒരു കൂട്ടായ്മ വിജയിക്കാന്‍ പാടില്ല എന്ന ഒരൊറ്റ വാശിയായിരുന്നു ഇക്കാര്യത്തില്‍ മതസംഘടനകള്‍ക്ക്. ബി.ജെ.പിക്കെതിരെപ്പോലും ഇതുവരെയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ലാത്ത മതസംഘടനകള്‍ ഉടലോടെ വന്ന് ജനകീയ മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യമായും രഹസ്യമായും മലബാറിലെങ്ങും കാമ്പയിന്‍ നടത്തി. സാധാരണക്കാരായ വിശ്വാസികളെ ജനകീയ മുന്നണിക്ക് വോട്ട് ചെയ്യുന്നതില്‍ നിന്നകറ്റാന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്ന് തീരുമാനിച്ച മതസംഘടനകള്‍ ഇവിടെ വളരെ പച്ചയായി രാഷ്ട്രീയം കളിക്കുകയായിരുന്നു.
കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ മാത്രമല്ല; ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രത്തിലും വ്യത്യസ്തമായ അനുഭവമായിരുന്നു ജനകീയ മുന്നണികള്‍. ലോകത്തെങ്ങുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നത്. എന്നാല്‍ ഈ അനുഭവങ്ങളിലെല്ലാമുള്ള പൊതുവായ ഒരു കാര്യമുണ്ട്. തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടാണ് എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍/തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാലെടുത്തുവെച്ചത്. സാംസ്കാരിക മേഖല, പത്ര-പ്രസിദ്ധീകരണ സംരംഭങ്ങള്‍, ജനസേവന സംരംഭങ്ങള്‍, ട്രേഡ് യൂനിയന്‍, വിദ്യാര്‍ഥി സംഘാടനം, വിദ്യാഭ്യാസ-അക്കാദമിക പ്രവര്‍ത്തനങ്ങള്‍, പ്രക്ഷോഭ രാഷ്ട്രീയം എന്നിവയിലെല്ലാം മുന്നേറുമ്പോള്‍ തന്നെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ നേരിട്ട അനുഭവങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം പൊതുവായുണ്ട്. അതില്‍ നിന്ന് ഭിന്നമാവില്ല ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അനുഭവം എന്നതാണ് കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചന.
വലിയ വൈതരണികളെ വകഞ്ഞുമാറ്റി മുന്നേറാനുള്ള ത്യാഗപൂര്‍ണമായ രാഷ്ട്രീയമാണ് ഇസ്ലാമിക പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നത്. വെയില്‍ കൊള്ളാന്‍ സന്നദ്ധമാവുന്നവര്‍ക്കേ അത്തരമൊരു ത്യാഗത്തിന് സന്നദ്ധരാകാന്‍ കഴിയൂ. അമ്പരപ്പിക്കുന്ന വിജയം വെയിലല്ല, തണലാണ് നല്‍കുക. തണലത്ത് നില്‍ക്കുന്നവര്‍ക്ക് ഈ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ല. വെയില് കൊണ്ട് മുന്നേറാന്‍ ഇനിയും കാതങ്ങളുണ്ട് എന്ന പാഠമാണ് തെരഞ്ഞെടുപ്പ് ഫലം പ്രസ്ഥാനത്തിന് നല്‍കുന്ന ഏറ്റവും വലിയ പാഠം.
C. Davood/Prabodhanam Weekly_6.11.2010

കോഴിക്കോട് ജനകീയ വികസന മുന്നണിക്ക് രണ്ടിടത്ത് ജയം


കോഴിക്കോട് ജനകീയ വികസന മുന്നണിക്ക് രണ്ടിടത്ത് ജയം
കോഴിക്കോട്: തദ്ദേശ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ ജനകീയ വികസന മുന്നണി കോഴിക്കോട് ജില്ലയില്‍ രണ്ട് വാര്‍ഡുകളില്‍ വിജയിച്ചു. വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ വാര്‍ഡില്‍ മല്‍സരിച്ച താര റഹീം, മുക്കം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍(ചേന്ദമംഗല്ലൂര്‍) മല്‍സരിച്ച ഫാത്വിമ കൊടപ്പന എന്നിവരാണ് വിജയിച്ചത്. ഇതോടെ സംസ്ഥാനത്ത് മുന്നണിക്ക് ആകെ ഒമ്പതു സീറ്റായി. 31-10-2010

തെരഞ്ഞെടുപ്പ് ഫലം ഇടതു നിലപാടുകള്‍ക്കേറ്റ തിരിച്ചടി -ജമാഅത്തെ ഇസ്ലാമി


തെരഞ്ഞെടുപ്പ് ഫലം ഇടതു നിലപാടുകള്‍ക്കേറ്റ തിരിച്ചടി
-ജമാഅത്തെ ഇസ്ലാമി

കണ്ണൂര്‍: നാലര വര്‍ഷം പിന്നിട്ട സംസ്ഥാന ഭരണത്തില്‍ മതന്യൂനപക്ഷത്തോടുള്ള നിലപാടുകള്‍ ഇടതുമുന്നണിക്കെതിരെയുള്ള വികാരമായി മാറുകയായിരുന്നു. നിര്‍ണായകമായ വിഷയങ്ങളിലെന്നും നിലപാടില്ലാത്ത യു.ഡി.എഫിന്റെ വിജയം രാഷ്ട്രീയ വിജയമല്ലെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വികസന മുന്നണി മത്സരിച്ച വാര്‍ഡുകളിലെ വോട്ടിങ് നില പരിശോധിച്ചാല്‍ ജില്ലയില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ജനകീയ കൂട്ടായ്മകള്‍ക്ക് സാധിച്ചത് ഇരുമുന്നണികള്‍ക്കും ശക്തമായ മുന്നറിയിപ്പാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മാട്ടൂല്‍, മാടായി, ഇരിക്കൂര്‍ പഞ്ചായത്തുകളില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ അഴിഞ്ഞാട്ടവും അക്രമസംഭവങ്ങളും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി സി. അബ്ദുന്നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കെ. അബ്ദുല്‍ ജബ്ബാര്‍, കെ.പി. അബ്ദുല്‍ അസീസ്, എസ്.എ.പി. അബ്ദുല്‍സലാം, എം.കെ. അബൂബക്കര്‍, ഹനീഫ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
30-10-2010