പ്രവാസി വോട്ടവകാശം: വിജ്ഞാപനമായി
ന്യൂദല്‍ഹി: പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസികള്‍ക്ക് വോട്ടവകാശം രേഖപ്പെടുത്താന്‍ എല്ലാ തടസ്സങ്ങളും നീങ്ങി.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമ(ഭേദഗതി) ബില്‍ പാസായതോടെയാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തു വന്നത്. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി അറിയിച്ചു.
11 ദശലക്ഷം പ്രവാസികള്‍ക്കെങ്കിലും ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. പോളിങ് ദിവസം നാട്ടിലുള്ള ആര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയണമെന്നത് ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യമാണ്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി സാധിക്കും. എന്നാല്‍, പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ മറ്റു വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമീഷനാകും തീരുമാനിക്കുക.
പ്രവാസികള്‍ക്ക് രാജ്യത്തെ ജനായത്ത പ്രക്രിയയില്‍ സജീവ പങ്കാളിത്തം അനുവദിക്കുന്നതാണ് പുതിയ നിയമം. നിലവിലെ നിയമപ്രകാരം തുടര്‍ച്ചയായി ആറു മാസം ഒരാള്‍ നാട്ടില്‍നിന്നു വിട്ടുനിന്നാല്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താകും. പുതിയ വിജ്ഞാപനം വന്നതോടെ ഈ കടമ്പയാണ് മറികടന്നിരിക്കുന്നത്.
madhyamam/25-11-2010