ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 20, 2011

മലബാറിനോടുള്ള അവഗണന: പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റ് സ്തംഭിച്ചു


മലബാറിനോടുള്ള അവഗണന: പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റ് സ്തംഭിച്ചു
തിരുവനന്തപുരം: മലബാര്‍ മേഖലയോടുള്ള വികസന വിവേചനത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം പ്രതിഷേത്തിന്റെ കൊടുങ്കാറ്റായി. നാല് കവാടങ്ങളും സെക്രട്ടേറിയറ്റ് അനക്സും ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തില്‍ ഭരണസിരാകേന്ദ്രം സ്തംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് വളയല്‍ ഭരണകൂട വിവേചനത്തിന് കനത്ത താക്കീതായി. ഏഴ് മണിക്കൂറോളം നീണ്ട ഉപരോധം സമാധാനപരമായിരുന്നു.
പുലര്‍ച്ചെ ആറിന് ആരംഭിച്ച സെക്രട്ടേറിയറ്റ് വളയല്‍ ഉച്ചക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. അര്‍ധരാത്രി മുതല്‍ എത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളും അനക്സും ഉപരോധിച്ചാണ് സമരത്തിന് തുടക്കമിട്ടത്. പിന്നീട് കന്റോണ്‍മെന്റ് ഗേറ്റിലെ ഉപരോധക്കാരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. അതിനുശേഷമാണ് ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാനായത്. അനക്സും മറ്റ് മൂന്ന് ഗേറ്റുകളും ഉപരോധം അവസാനിക്കുംവരെ അടഞ്ഞുകിടന്നു. പാലക്കാട് മുതല്‍ കാസര്‍കോടുവരെ ആറ് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മേഖലയോട് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കടുത്ത അവഗണനയാണ് കാട്ടിയതെന്ന് സമരക്കാര്‍ വിളിച്ചുപറഞ്ഞു. മലബാറിനോടുള്ള വിവേചനങ്ങള്‍ അക്കമിട്ട് നിരത്തിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഓട്ടന്തുള്ളല്‍, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങളും ശ്രദ്ധ പിടിച്ചുപറ്റി.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയോട് മുന്നണികള്‍കാട്ടുന്ന പൊറുക്കാനാവാത്ത വിവേചനത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭം വിപ്ലവ കൊടുങ്കാറ്റാകുമെന്നും അത് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
വിദ്യാഭ്യാസവകുപ്പ് കൂടുതല്‍ തവണ കൈകാര്യംചെയ്തത് മലബാര്‍ മേഖലയില്‍നിന്ന് വിജയിച്ച മുസ്ലിംലീഗ് മന്ത്രിമാരാണ്. എന്നാല്‍ വിദ്യാഭ്യാസകാര്യത്തില്‍ മലബാര്‍ ഇപ്പോഴും വട്ടപ്പൂജ്യമാണ്^മുജീബ്റഹ്മാന്‍ ചൂണ്ടിക്കാട്ടി. വികസനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി തെലുങ്കാനയിലും ഝാര്‍ഖണ്ഡിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ പാഠമാണ്. മലബാര്‍ വികസന വിവേചനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമീഷനെ പ്രഖ്യാപിക്കണമെന്നും കോഴിക്കോട് ആസ്ഥാനമായി സെക്രട്ടേറിയറ്റിന്റെ  അനക്സ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുല്യനീതി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു. മലബാറുകാര്‍ക്ക് കിട്ടേണ്ടത് നിഷേധിക്കുന്നത് ജനാധിപത്യസംവിധാനങ്ങള്‍ക്ക് യോജിച്ചതല്ല. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് നേരെ തെരഞ്ഞെടുക്കപ്പെട്ടവരാരും ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാറിലെ ജനങ്ങളെ രണ്ടാംകിട പൌരന്മാരായി കാണുന്ന രീതി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് ആവശ്യപ്പെട്ടു. കുറ്റകരമായ അനീതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഭരണനേതൃത്വങ്ങളെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഐക്യകേരളം രൂപപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സന്തുലിത വികസനം ഉണ്ടായിട്ടില്ലെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബറലി ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് ബുഹാരി മന്നാനി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാനപ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, കെ. സജീദ്, ഈയച്ചേരി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

'ടാലന്റീന്‍^2011' രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നു

'ടാലന്റീന്‍-2011'
രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നു
കണ്ണൂര്‍: എസ്.ഐ.ഒവിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടാലന്റീന്‍^2011 ഇന്റര്‍നാഷനല്‍ ടാലന്റ് സേര്‍ച്ച് എക്സാമിനേഷന്റെ രജിസ്ട്രേഷന്‍ കൌണ്ടര്‍ കണ്ണൂര്‍ കൌസര്‍ കോംപ്ലക്സിലെ എസ്.ഐ.ഒ ഓഫിസില്‍ ആരംഭിച്ചു. നവംബര്‍ 27ന് നടക്കുന്ന പരീക്ഷയുടെ രജിസ്ട്രേഷന്‍ കൌണ്ടര്‍ ദിവസവും വൈകീട്ട് നാലു മുതല്‍ ആറുവരെ പ്രവര്‍ത്തിക്കും. രജിസ്ട്രേഷന്‍ അവസാന തീയതി നവംബര്‍ 23. 
ഫോണ്‍: 9895852023, 9946801110.

ജനകീയ പോരാട്ടങ്ങളെ അവഗണിക്കാനാവില്ല -ശൈഖ് മുഹമ്മദ് കാരകുന്ന്

ജനകീയ പോരാട്ടങ്ങളെ അവഗണിക്കാനാവില്ല
-ശൈഖ് മുഹമ്മദ് കാരകുന്ന്
തലശേãരി: ജനകീയ പോരാട്ടങ്ങളെ ഭരണാധികാരികള്‍ക്ക് അവഗണിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. പുന്നോല്‍ പെട്ടിപ്പാലത്ത് പൊതുജനാരോഗ്യ  സംരക്ഷണ സമിതിയുടെ മാലിന്യ വിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എടുത്ത ആദ്യതീരുമാനങ്ങളെല്ലാം രാഷ്ട്രീയ പിന്‍ബലമില്ലാതെ വിജയംകണ്ട എന്‍ഡോസള്‍ഫാന്‍, ചെങ്ങറ തുടങ്ങിയ സമരങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അതിനാല്‍ ജീവിക്കാനുള്ള ന്യായമായ അവകാശങ്ങള്‍ക്കായി പെട്ടിപ്പാലത്ത് അമ്മമാര്‍ തുടങ്ങിയിരിക്കുന്ന പോരാട്ടം വിജയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും സമ്പൂര്‍ണ പിന്തുണ സമരത്തിന് അദ്ദേഹം ഉറപ്പുനല്‍കി.  ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, വഖഫ് ബോര്‍ഡംഗം പി.പി. അബ്ദുറഹ്മാന്‍, ജബീന ഇര്‍ഷാദ്, പി.എം. അബ്ദുന്നാസര്‍ എന്നിവര്‍ സംസാരിച്ചു.
പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കുന്നു
ഇടത് നേതാക്കള്‍ക്ക് കോടതി
വിധിയെക്കുറിച്ച് അജ്ഞത -
പൊതുജനാരോഗ്യ സമിതി
തലശേãരി: കോടതി വിധിയെക്കുറിച്ച അജ്ഞത മൂലമാണ് മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്ന് പെട്ടിപ്പാലത്തെ ഒഴിവാക്കാന്‍ പറ്റില്ലെന്ന് ഇടതുമുന്നണി നേതാക്കള്‍ പ്രസ്താവന നടത്തിയതെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി കുറ്റപ്പെടുത്തി. പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് ഉടന്‍ നിര്‍ത്തുമെന്നും കണ്ടിക്കലില്‍ ആധുനിക പ്ലാന്റ് സ്ഥാപിക്കുമെന്നും 1999ല്‍ നഗരസഭ സത്യവാങ്മൂലം നല്‍കിയതാണ്. പൊതുജനങ്ങള്‍ക്ക് ദ്രോഹകരമാകുന്ന മാലിന്യംതള്ളല്‍ നിരോധിക്കണമെന്നാണ് കേസില്‍ സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് 2004ല്‍ നഗരസഭക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്ത കേസിലും നഗരസഭയുടെ വാദം തള്ളി മാലിന്യം തള്ളാന്‍ മറ്റ് സ്ഥലം കണ്ടെത്തണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൌണ്ടിന്റെ ഉടമസ്ഥാവകാശം ആര്‍ക്കായാലും മാലിന്യംതള്ളല്‍ നിയമവിരുദ്ധമാണ്.
പ്രശ്നം പരിഹരിക്കാനല്ല, ഭീമമായ ഫണ്ട് ഉറപ്പാക്കുന്നതിലാണ് നഗരസഭക്ക് താല്‍പര്യമെന്ന് കരുതേണ്ടിയിരിക്കുന്നു. ഭൂമാഫിയയെന്ന് അധിക്ഷേപിക്കുന്നവര്‍ സ്വന്തം അണികളില്‍ നിന്നുതന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടികള്‍ സമരസ്ഥലത്ത് ഉയര്‍ന്നത് ഇതിന് തെളിവാണെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ പറഞ്ഞു.