ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, December 23, 2012

‘തനിമ’ സഞ്ചാരം ഇന്ന് ജില്ലയില്‍

 ‘തനിമ’ സാംസ്കാരിക സഞ്ചാരം
ഇന്ന്  ജില്ലയില്‍
 കണ്ണൂര്‍: തനിമ കലാസാഹിത്യ വേദിയുടെ ‘സാംസ്കാരിക സഞ്ചാരം’ ഞായറാഴ്ച ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് ആറുമണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നല്‍കുന്ന പൗരസ്വീകരണത്തില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായിരിക്കും. താഹ മാടായി ഉദ്ഘാടനം ചെയ്യും. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിക്കും. അപ്പുക്കുട്ടപൊതുവാള്‍, ഡോ. വി.സി. രവീന്ദ്രന്‍, അസീസ് തായിനേരി, രാഘവന്‍ കടന്നപ്പള്ളി തുടങ്ങി 13 പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് കലാനിശ അരങ്ങേറും. തിങ്കളാഴ്ച രാവിലെ 9.30ന് തളിപ്പറമ്പ് സര്‍ഗവേദി വ്യാപാരഭവനില്‍ ഒരുക്കുന്ന സ്വീകരണത്തില്‍ കാസിം മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സുനില്‍ (മക്തബ്) ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഫോക്ലോര്‍ അക്കാദമിയും ചിറക്കല്‍ കോവിലകവും സന്ദര്‍ശിക്കും. വൈകീട്ട് നാലിന് വളപട്ടണം സ്റ്റേഡിയം പരിസരത്ത് നടക്കുന്ന കഥയരങ്ങ് ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. ആറുമണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൗരസ്വീകരണ സമ്മേളനം ശിഹാബുദ്ദീന്‍ പൊയ്തുംകടവ് ഉദ്ഘാടനം ചെയ്യും. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.  ഷെറി (ആദിമധ്യാന്തം) മുഖ്യാതിഥിയായിരിക്കും. പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് കലാനിശ അരങ്ങേറും.
ചൊവ്വാഴ്ച രാവിലെ അറക്കല്‍ സന്ദര്‍ശനം. പത്തുമണിക്ക് എടക്കാട് ഗ്രാമവര്‍ണം പി. പ്രമീള ഉദ്ഘാടനം ചെയ്യും. 11 മണിക്ക് തലശ്ശേരി മാളിയേക്കല്‍ മുറ്റത്ത് നടക്കുന്ന ‘ഓര്‍മയുടെ പകല്‍’ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ റഹിം അധ്യക്ഷത വഹിക്കും. വിവിധ കലാകാരന്‍മാരെ ആദരിക്കും.

ഉണര്‍ത്തുപാട്ടായി സാംസ്കാരിക സഞ്ചാരം

 
  തനിമ സാംസ്കാരിക സഞ്ചാരത്തിന്
ഇശല്‍ഗ്രാമത്തില്‍ തുടക്കമായി
കാസര്‍കോട്:  തമസ്കരിക്കപ്പെട്ട സാംസ്കാരിക മുദ്രകളെ വീണ്ടെടുക്കാന്‍ തനിമ കലാ സാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് കുമ്പളയിലെ ഇശല്‍ ഗ്രാമമായ മൊഗ്രാലില്‍ ഉജ്വല തുടക്കം. ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഹസന്‍ കമാല്‍ ഉദ്ഘാടനം ചെയ്തു. മതേതര കാഴ്ചപ്പാടിന് കേരളം എന്നും മാതൃകയാണെന്ന് ഹസന്‍ കമാല്‍ പറഞ്ഞു. ഏത് ആശയത്തെയും ഏത് ഭാഷയെയും നല്ലമനസോടെ നെഞ്ചേറ്റുന്നവരാണ് കേരളീയര്‍. കേരളത്തില്‍ ഉര്‍ദു സംസാരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. മുമ്പ് ഇത് ആലോചിക്കാന്‍പോലും പറ്റുമായിരുന്നില്ല. ഉര്‍ദുവിനെ സ്നേഹിക്കുന്ന നിരവധി പേര്‍ കാസര്‍കോട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. മഹാരാഷ്ട്ര ഉര്‍ദു അക്കാദമി ചെയര്‍മാന്‍ മുഹമ്മദ് ഖുര്‍ഷിദ് സിദ്ദീഖി സഞ്ചാരം ഫ്ളാഗ് ഓഫ് ചെയ്തു. ‘തനിമ’ രക്ഷാധികാരി ടി.കെ. ഹുസൈന്‍ പതാക ഏറ്റുവാങ്ങി.
എം.എസ്. മൊഗ്രാല്‍, എം.സി. മമ്മി, എം.സി. അബ്ദുല്‍ഖാദര്‍ ഹാജി, എം.കെ. അബ്ദുല്ല, എം.ടി. അബ്ദുല്‍ഖാദര്‍, നാങ്കി അബ്ദുല്ല മാസ്റ്റര്‍, ടി. മമ്മൂഞ്ഞി മാസ്റ്റര്‍, എം.പി. ഫക്രുദ്ദീന്‍, മാപ്പിള കവികളായിരുന്ന സാഹുകാര്‍ കുഞ്ഞിപക്കി, ബാലാമു ഇബ്നു ഫക്കി, നടത്തോപ്പില്‍ അബ്ദുല്ല, നടത്തോപ്പില്‍ മമ്മുഞ്ഞി, നടത്തോപ്പില്‍ കുഞ്ഞയിശു, അഹമ്മദ് ഇസ്മായില്‍, മമ്മുഞ്ഞി മുസ്ലിയാര്‍, കെ.കെ. അബ്ദുല്‍ഖാദര്‍ എന്നിവരെ അനുസ്മരിച്ചു. സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം പ്രഫ. ഇബ്രാഹിം ബേവിഞ്ച അനുസ്മരണ പ്രഭാഷണം നടത്തി. മലര്‍ ജയറാം റൈ, പ്രഫ. പി.സി.എം. കുഞ്ഞി, എം. മാഹിന്‍ മാസ്റ്റര്‍, പി.എസ്. മുഹമ്മദ് ഹാജി, കുത്തിരിപ്പ് മുഹമ്മദ്, കെ.എം. അബ്ദുറഹ്മാന്‍, എസ്.കെ. ഇഖ്ബാല്‍, എ.കെ. അബ്ദുറഹ്മാന്‍, ആര്‍ട്ടിസ്റ്റ് മൊയ്തീന്‍കുഞ്ഞ്, ബി.എം. സാലിഹ്, എം.എസ്. മുഹമ്മദ്കുഞ്ഞി, മുഹമ്മദ്കുഞ്ഞി മൈമൂണ്‍ നഗര്‍, ഇ.എം. ഇബ്രാഹിം, ഖാദര്‍ മൊഗ്രാല്‍, എ.എ. സിദ്ദീഖ് റഹ്മാന്‍  എന്നിവരെ ആദരിച്ചു.
‘തനിമ’ സംസ്ഥാന പ്രസിഡന്‍റ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ തനിമ അബ്ദുല്ല മുഖ്യാതിഥികളെ പരിചയപ്പെടുത്തി. അഡ്വ. സി.എച്ച്. കുഞ്ഞമ്പു, കുമ്പള പഞ്ചായത്ത് പ്രസിഡന്‍റ് പി.എച്ച്. റംല, റഹ്മാന്‍ തായലങ്ങാടി, യു.പി. സിദ്ദീഖ് മാസ്റ്റര്‍, മഞ്ജുനാഥ ആള്‍വ, കവി പി.എസ്. ഹമീദ് എന്നിവര്‍ സംസാരിച്ചു. തനിമ സെക്രട്ടറി ഫൈസല്‍ കൊച്ചി സ്വാഗതവും അഷ്റഫ് അലി ചേരങ്കൈ നന്ദിയും പറഞ്ഞു.
 
ഉണര്‍ത്തുപാട്ടായി സാംസ്കാരിക സഞ്ചാരം
 കാസര്‍കോട്: തനിമ കലാ സാംസ്കാരിക വേദിയുടെ സാംസ്കാരിക സഞ്ചാരം സാംസ്കാരിക മേഖലയില്‍ പുതിയ ഉണര്‍ത്തുപാട്ടായി. കുമ്പള മൊഗ്രാലിലെ ഇശല്‍ നഗറില്‍ പ്രൗഢഗംഭീരമായ ചടങ്ങിലാണ് സാംസ്കാരിക സഞ്ചാരം തുടങ്ങിയത്.
കപ്പലോട്ടക്കാരുടെ നാടിന്‍െറ പാരമ്പര്യം അനുസ്മരിപ്പിച്ച് പായിക്കപ്പലാകൃതിയില്‍ പണിത വേദിയിലായിരുന്നു സഞ്ചാരത്തിന്‍െറ ഉദ്ഘാടനം. മൊഗ്രാലിന്‍െറ തനത് സാംസ്കാരിക മുദ്രയായ പക്ഷിപ്പാട്ടോടെ തുടക്കമിട്ട ചടങ്ങ് ഏറെ  ഹൃദ്യമായി. ഷാഹിറ, മുന്‍ഷിറ, മുബഷിറ എന്നിവര്‍ ആലപിച്ച പക്ഷിപ്പാട്ട് ഏറെ ആസ്വാദ്യകരമായി. ഉദ്ഘാടന ചടങ്ങിനുശേഷം സംഗീതശില്‍പം, കോല്‍ക്കളി, നാടകം, ദഫ്മുട്ട്, മക്കാനിപ്പാട്ട്, വായ്പാട്ട്, ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നിവ നടന്നു.
ജില്ലാതല പര്യടന സമാപനം 23ന് ചെറുവത്തൂരില്‍ നടക്കും. ചെറുവത്തൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാധവസ്വാമി അധ്യക്ഷത വഹിക്കും. ഡോ. എന്‍.പി. വിജയന്‍ പ്രഭാഷണം നടത്തും. സുറാബ്, വാസു ചോറോട്, സുബൈദ നീലേശ്വരം, സി. കാര്‍ത്യായനി, മുകേഷ് ബാലകൃഷ്ണന്‍, എം.സി. ഖമറുദ്ദീന്‍, കെ. വിനോദ്കുമാര്‍, ഗംഗാധരന്‍ കുട്ടമത്ത്, അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല, സി.എച്ച്. മുത്തലിബ് എന്നിവര്‍ സംബന്ധിക്കും. മഹാകവി കുട്ടമത്ത്, ടി.എസ്. തിരുമുമ്പ്, പി. കോമന്‍നായര്‍, കണ്ണന്‍ പെരുവണ്ണാന്‍, ഇബ്രാഹിം ബീരിച്ചേരി, സി.എം.എസ്. ചന്തേര, കെ.എം.കെ എന്നിവരെ ചടങ്ങില്‍ അനുസ്മരിക്കും. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഡോ. പി.എം. കൃഷ്ണന്‍ ഗുരിക്കള്‍, കെ.പി. കണ്ണന്‍ മാസ്റ്റര്‍, ഉദിനൂര്‍ ബാലഗോപാലന്‍, നഫീസ മടിക്കുന്നില്‍, ടി.പി. കുഞ്ഞിക്കണ്ണന്‍, കെ.എം. കൃഷ്ണന്‍, ടി.കെ. അബ്ദുറഹ്മാന്‍, പ്രകാശന്‍ കുതിരുമ്മല്‍, സി. ഭരതന്‍, പൊക്കന്‍ പണിക്കര്‍ എന്നിവരെ ആദരിക്കും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.