ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, April 10, 2012

ചേലോറയിലെ സമരക്കാര്‍ ചാനല്‍ വെളിച്ചത്തിലെ വെളിച്ചപ്പാടുകള്‍ -കെ. സുധാകരന്‍

ചേലോറയിലെ സമരക്കാര്‍ ചാനല്‍ വെളിച്ചത്തിലെ വെളിച്ചപ്പാടുകള്‍ -കെ. സുധാകരന്‍
കണ്ണൂര്‍: ചേലോറയിലെ സമരക്കാര്‍ ചാനല്‍ വെളിച്ചത്തിലെ വെളിച്ചപ്പാടുകള്‍ മാത്രമാണെന്ന് കെ. സുധാകരന്‍ എം.പി. കാമറ ഓഫ് ചെയ്താല്‍ അവരൊക്കെ രംഗംവിടും. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും കണ്ണൂര്‍ പ്രസ്ക്ളബും സംയുക്തമായി നടത്തിയ വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. 26 ഏക്കര്‍ സ്വന്തമായുള്ള ഏക നഗരസഭയാണ് കണ്ണൂര്‍. ചേലോറയിലെ ഈ ഭൂമിയില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതില്‍ ചേലോറക്കാര്‍ക്ക് എതിര്‍പ്പില്ല. ചാലോട്ടുനിന്നും കുടുക്കിമൊട്ടയില്‍നിന്നുമുള്ളവരാണ് സമരം ചെയ്യുന്നത്. ചാനലുകളും പത്രങ്ങളും ഇവരുടെ വാര്‍ത്തകള്‍ കൊടുക്കരുത്. വാര്‍ത്ത വന്നില്ളെങ്കില്‍ സമരം നിര്‍ത്തി പോയ്ക്കോളും. സമരങ്ങളുടെ മുന്നില്‍ ചെന്ന് സംസാരിക്കുന്ന ഏക ജനപ്രതിനിധിയാണ് ഞാന്‍. എന്‍െറ വീട്ടിലേക്ക് ദേശീയപാത വികസനത്തെ എതിര്‍ക്കുന്നവര്‍ മാര്‍ച്ച് നടത്തി. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അന്ന് ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല.

മരിച്ച കണ്ടല്‍മരങ്ങള്‍ സാക്ഷി

 മരിച്ച കണ്ടല്‍മരങ്ങള്‍ സാക്ഷി
വേണു കള്ളാര്‍
കണ്ണൂര്‍: പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിനരികിലൂടെ ഒരു കൈത്തോട് ഒഴുകുന്നുണ്ട്. ഇതിന്‍െറ കരകളില്‍ ഉണങ്ങി കരിഞ്ഞുനില്‍ക്കുന്ന കണ്ടല്‍ മരങ്ങള്‍ കാണാം. പാരിസ്ഥിതിക സന്തുലനാവസ്ഥ സംരക്ഷിക്കാനും പ്രതികൂല അന്തരീക്ഷത്തെപോലും അതിജീവിക്കാനും അസാമാന്യ ശേഷിയുള്ള കണ്ടല്‍ മരങ്ങളെ കൊന്നൊടുക്കിയത് മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്ന് ഭൂമിക്കടിയിലേക്ക് അരിച്ചിറങ്ങുന്ന മെര്‍ക്കുറി ഉള്‍പ്പെടെയുള്ള രാസവിഷങ്ങളാണ്. മാലിന്യ നിക്ഷേപ കേന്ദ്രം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും അതീവ ഗുരുതരമാണെന്നതിന് അകാലമരണം പ്രാപിച്ച ഈ കണ്ടല്‍മരങ്ങള്‍ തെളിവാകുന്നു.
മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥിതി ചെയ്യുന്ന ന്യൂമാഹി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട പെട്ടിപ്പാലം, പുന്നോല്‍, കുറിച്ചിയില്‍ പ്രദേശങ്ങളില്‍ കാന്‍സര്‍, മന്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്നു കാണിച്ച് പഞ്ചായത്ത് അധികൃതര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തണമെന്ന് 2011 മേയ് മാസത്തില്‍ സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.
മാലിന്യ കേന്ദ്രത്തില്‍ തള്ളുന്ന ടണ്‍ കണക്കിന് ആശുപത്രി മാലിന്യങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍ എന്നിവയില്‍നിന്ന് രാസവിഷങ്ങള്‍ കിണറുകളിലേക്ക് കിനിഞ്ഞത്തെുന്നത് മാരക ഭവിഷ്യത്തുകള്‍ക്ക് വഴിയൊരുക്കുന്നു. സമീപത്തുകൂടി ഒഴുകുന്ന കൈത്തോടിലെ വെള്ളം പൂര്‍ണമായി മലിനീകരിക്കപ്പെട്ടു. 12 മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി മൂന്നു മീറ്ററായി ചുരുങ്ങി. ഇതിലെ വെള്ളം കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന പെട്ടിപ്പാലം കോളനി വാസികളില്‍ ചര്‍മരോഗങ്ങളും ശ്വാസകോശ രോഗങ്ങളും വ്യാപകമാണ്. പെട്ടിപ്പാലം കോളനിയിലെ ബന്ധുവീട്ടില്‍ അവധിക്കാലം ചെലവഴിക്കാനത്തെിയപ്പോള്‍ തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിച്ചുവീര്‍ത്ത കുട്ടിയെ ചേലോറക്കടുത്ത മതുക്കോത്ത് കാണാനിടയായി. പുന്നോല്‍, പെട്ടിപ്പാലം പ്രദേശത്തെ ഓരോ വീട്ടിലും ശരാശരി അഞ്ചു രോഗികളുണ്ടെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാന ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്. മന്ത്, കാന്‍സര്‍, ചര്‍മരോഗങ്ങള്‍, അലര്‍ജി,ശ്വാസകോശ രോഗങ്ങള്‍ എന്നിവ ബാധിച്ചവരാണേറെയും. സ്ത്രീകളുടെയും കുട്ടികളുടെയും കൈകാലുകള്‍ നീരുവെച്ച് തടിച്ചു വീങ്ങിയതായി കാണാം. മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്ന് ഒരു കിലോമീറ്ററിലധികം അകലത്തു താമസിക്കുന്നവര്‍പോലും പലവിധ രോഗങ്ങള്‍ക്കടിമകളാണ്.എന്നാല്‍, ഇതുസംബന്ധിച്ച് പഠനമോ സര്‍വേയോ നടത്താന്‍ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. പരിസ്ഥിതി സംഘടനകളുംഈ വിഷയം വേണ്ടത്ര ഗൗരവത്തിലെടുത്തതിന്‍െറ ലക്ഷണം കണ്ടില്ല.
ജില്ലയിലെ ആരോഗ്യ വകുപ്പധികൃതര്‍ക്ക് തലശ്ശേരി നഗരസഭയിലെ ജനങ്ങളുടെ ആരോഗ്യാവസ്ഥയിലാണ് കൂടുതല്‍ ശ്രദ്ധയെന്ന് പെട്ടിപ്പാലത്തുകാര്‍ക്ക് പരാതിയുണ്ട്. മാലിന്യ നിക്ഷേപം തടഞ്ഞാല്‍ തലശ്ശേരി നിവാസികളെ പകര്‍ച്ചവ്യാധികള്‍ ബാധിക്കുമെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പത്രക്കുറിപ്പിറക്കിയതാണ് പരാതിക്കിടയാക്കിയത്. പ്രദേശത്തെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയകള്‍ അമിതമായി അടങ്ങിയതിനാല്‍ തിളപ്പിച്ചാല്‍പോലും കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ നാട്ടുകാര്‍ മുന്നറിയിപ്പ് കേട്ടില്ളെന്നു നടിച്ച് കിണര്‍വെള്ളം ഉപയോഗിക്കുന്നു. ന്യൂമാഹി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 13 വാര്‍ഡുകളെയും തലശ്ശേരി നഗരസഭയിലെ 32, 33 വാര്‍ഡുകളെയുമാണ് മാലിന്യ നിക്ഷേപ പ്രശ്നം നേരിട്ടു ബാധിക്കുന്നത്. 1958ല്‍ തന്നെ ഇവിടെ 6000 ജനസംഖ്യയുണ്ടെന്നാണ് കണക്ക്. ഇപ്പോഴതിന്‍െറ മൂന്നിരട്ടിയെങ്കിലും ഉണ്ടാവും. ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ മാലിന്യ നിക്ഷേപം നിര്‍ത്തിവെക്കാന്‍ നഗരസഭക്ക് നിര്‍ദേശം നല്‍കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ പരിസ്ഥിതി വിഭാഗം എന്‍ജിനീയര്‍ ഹൈകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. കടലിനോടു ചേര്‍ന്ന പ്രദേശത്താണ് മാലിന്യം തള്ളുന്നത്. ദേശീയപാതയും റെയില്‍വേട്രാക്കും തൊട്ടടുത്താണ്. മാലിന്യ നിക്ഷേപം നാട്ടുകാര്‍ക്കു മാത്രമല്ല ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മാലിന്യങ്ങള്‍ കുന്നുകൂടി ട്രഞ്ചിങ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞപ്പോള്‍ 2010 ജൂലൈയില്‍ കടല്‍ഭിത്തി പൊളിച്ച് ഓവുചാലുണ്ടാക്കി കടലിലേക്ക് ഒഴുക്കിവിടുകയാണ് നഗരസഭ ചെയ്തത്. സമരസമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആര്‍.ഡി.ഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി ആര്‍.ഡി.ഒ സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടിയൊന്നുമുണ്ടായില്ല. ന്യൂമാഹി പഞ്ചായത്തിന്‍െറ അനുമതിയില്ലാതെയാണ് തലശ്ശേരി നഗരസഭ പതിറ്റാണ്ടുകളായി ഇവിടെ മാലിന്യനിക്ഷേപം നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം 2011 നവംബര്‍ അഞ്ചിനുശേഷം മാലിന്യം തള്ളാന്‍ പാടില്ളെന്ന് നഗരസഭക്ക് നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ, നഗരസഭാധികൃതര്‍ ഇതു വകവെച്ചില്ല.
പെട്ടിപ്പാലം കോളനി വാസികളില്‍ നല്ളൊരുഭാഗവും മാലിന്യ നിക്ഷേപകേന്ദ്രം വിതക്കുന്ന ദുരിതങ്ങള്‍ക്കിരകളാണെങ്കിലും അധികൃതര്‍ ഇവരുടെ വായ മൂടിയ സ്ഥിതിയാണ്. തലശ്ശേരി നഗരസഭയുടെ അതിര്‍ത്തിയിലാണ് കോളനി. ദേഹമാസകലം ചൊറിഞ്ഞുപൊട്ടിയും ഏക്കംവലിച്ചും പ്രയാസപ്പെടുമ്പോഴും തങ്ങള്‍ക്കു പരാതിയൊന്നുമില്ളെന്ന് ഇവര്‍ പറയും. പുറമ്പോക്കില്‍ കഴിയുന്ന ഈ പാവങ്ങള്‍ക്ക് നഗരസഭ കെട്ടിക്കൊടുക്കാമെന്നു പറഞ്ഞ വീട് നഷ്ടപ്പെട്ടാലോ എന്ന പേടിയാണ്. കോളനിക്കു മുന്നിലാണ് സമരപ്പന്തല്‍. 142 ദിവസം നീണ്ട സത്യഗ്രഹത്തിലോ പൊലീസ് നരവേട്ട നടത്തിയപ്പോഴോ കോളനിവാസികളിലാരും ഇങ്ങോട്ടുവന്നില്ല.(തുടരും)
Courtesy:Madhyamam.10-04-10

ജി.ഐ.ഒ ടീന്‍സ് മീറ്റ് തുടങ്ങി

 
 
 ജി.ഐ.ഒ ടീന്‍സ് മീറ്റ് തുടങ്ങി
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ടീന്‍സ് മീറ്റ് വിളയാങ്കോട് വാദിസലാമില്‍ ആരംഭിച്ചു. എഴുത്തുകാരന്‍ താഹ മാടായി ഉദ്ഘാടനം ചെയ്തു. ലോകം അതിവേഗത്തില്‍ പോകുമ്പോള്‍ ടീനേജുകാര്‍ കണ്ണാടി നോക്കിയിരിക്കുന്ന അവസ്ഥയില്‍നിന്നു മാറി സര്‍ഗാത്മകമായി ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിജി റിസോഴ്സ് പേഴ്സന്‍ എം. മനോജ് ക്ളാസെടുത്തു. ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്‍റ് ടി. സുഹൈല അധ്യക്ഷത വഹിച്ചു. വി.കെ. നഫ്സീന സ്വാഗതം പറഞ്ഞു. അഫീദ ഖുര്‍ആന്‍ പാരായണം നടത്തി. എസ്.എല്‍.വി. മര്‍ജാന, സീനത്ത്, സക്കീന, ഷബാന, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി.

മെഡിക്കല്‍ ക്യാമ്പ്

 മെഡിക്കല്‍ ക്യാമ്പ്
കണ്ണൂര്‍: കൗസര്‍ മെഡികെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ‘ഗള്‍ഫ് മാധ്യമം’ എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കൗസര്‍ മെഡികെയര്‍ കണ്‍വീനര്‍ ഡോ. എ.പി. അശ്റഫ് അധ്യക്ഷത വഹിച്ചു. വി.കെ. ഖാലിദ് സ്വാഗതവും ഡോ. എന്‍.പി. ബഷീര്‍ നന്ദിയും പറഞ്ഞു.

അവധിക്കാല സഹവാസ ക്യാമ്പ്

അവധിക്കാല
സഹവാസ ക്യാമ്പ്
കണ്ണൂര്‍: എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ പത്താം ക്ളാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് കൗസര്‍ സ്കൂളില്‍ ഏപ്രില്‍ 13, 14, 15 തീയതികളില്‍ ഇസ്ലാമിക സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇസ്ലാമിക ആദര്‍ശം, വ്യക്തിത്വ വികസനം, ഐ.ടി ലോകം, കരിയര്‍ ഗൈഡന്‍സ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ പഠനസംഗമവും ചര്‍ച്ചകളും ഖുര്‍ആന്‍-ഹദീസ് ദര്‍സുകളുമുണ്ടാകും. വിദ്യാര്‍ഥികളുടെ മാനസിക-ശാരീരിക വളര്‍ച്ചക്കുതകുന്ന വിനോദങ്ങളും കായികമത്സരങ്ങളും ക്യാമ്പിന്‍െറ സവിശേഷതയാണ്. ഫോണ്‍: 9388790321, 8891 295 299.

KAOSER SCHOOL