ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, March 21, 2012

പെട്ടിപ്പാലം: പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം

 
 
 
ഡിവൈ.എസ്.പി നഗരസഭയുടെ
ചട്ടുകമായി  -സമര നേതാക്കള്‍
തലശ്ശേരി: പെട്ടിപ്പാലത്ത് നഗരസഭയുടെ ചട്ടുകമായി പ്രവര്‍ത്തിച്ച ഡിവൈ.എസ്.പി പൊലീസ് സേനക്ക് അപമാനമാണെന്ന് വിവിധ സമര സമിതികളുടെ നേതാക്കളായ പി.എം. അബ്ദുന്നാസിര്‍, എന്‍.വി. അജയകുമാര്‍, സിദ്ദീഖ് സന എന്നിവര്‍ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഉറപ്പ് ലംഘിച്ച് സി.പി.എം നേതൃത്വത്തിലുള്ള നഗരസഭയെ സഹായിക്കാനിറങ്ങിയത് എന്തിനെന്ന് മുഖ്യമന്ത്രിയും യു.ഡി.എഫും വ്യക്തമാക്കണം. സമരക്കാര്‍ക്കെതിരെ സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തന്നെ പൊലീസ് ആവര്‍ത്തിക്കുന്നതിലൂടെ സി.പി.എം-പൊലീസ് ഗൂഢാലോചന വ്യക്തമാണ്. സമരക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലത്തെിച്ചശേഷം പുന്നോലില്‍ നടന്ന ഒരു സംഭവത്തിനും സമരസമിതികള്‍ക്ക് പങ്കില്ല.  സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി  പ്രതിഷേധിച്ചു
കണ്ണൂര്‍: പെട്ടിപ്പാലത്തെ പൊലീസ് അതിക്രമത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി പ്രതിഷേധിച്ചു. അക്രമത്തിലൂടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റവരെ ജില്ലാ നേതാക്കളായ പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, സി.ടി. ഫൈസല്‍, സി. അബ്ദുല്‍ നാസിര്‍ എന്നിവര്‍ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും സന്ദര്‍ശിച്ചു.
കള്ളക്കേസില്‍  പ്രതിഷേധിച്ചു
തലശ്ശേരി: സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖിനെതിരെ കള്ളക്കേസെടുത്ത് മൃഗീയമായി പീഡിപ്പിച്ചതില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, കെ.എം. മഖ്ബൂല്‍, കെ. സാദിഖ്, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
പൊലീസിന്‍േറത് നരനായാട്ട്
-സാംസ്കാരിക നായകര്‍
തലശ്ശേരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരക്കാര്‍ക്കെതിരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് നടത്തിയ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. പെട്ടിപ്പാലത്ത് പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഒപ്പുവെച്ച പ്രസ്താവന ആരോപിച്ചു. സ്ത്രീകളെയും പിഞ്ചുകുട്ടികളെയുമുള്‍പ്പെടെ മര്‍ദിച്ച് അവശരാക്കുകയും സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്ത പൊലീസ് നടപടി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് സി.ആര്‍. നീലകണ്ഠന്‍, ബി.ആര്‍.പി ഭാസ്കര്‍, കാനായി കുഞ്ഞിരാമന്‍, എം.എ. റഹ്മാന്‍, എന്‍. സ്മിത, ഡോ. ഡി. സുരേന്ദ്രനാഥ്, ഡോ. വി. വേണുഗോപാല്‍, ഡോ. പി. ഗീത, സാറാ ജോസഫ്, പി. സുരേന്ദ്രന്‍, കെ. സുനില്‍കുമാര്‍, കെ. വേണു, ചൂര്യയി ചന്ദ്രന്‍ എന്നിവര്‍ പ്രസ്താവിച്ചു.
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസും ഗുണ്ടകളും ചേര്‍ന്ന് നടത്തിയ കാടത്തമാണ് അരങ്ങേറിയതെന്ന് ജില്ലാ സമരസഹായ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്. രാഷ്ട്രപിതാവിന്‍െറ ഛായാചിത്രം തീയിട്ട് ചുടാന്‍ നേതൃത്വം കൊടുത്തവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജനകീയ സമരങ്ങളെ നേരിടാന്‍ പൊലീസിനെ കയറൂരിവിട്ടാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) തലശ്ശേരി മേഖലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. യു.കെ. അഭിലാഷ് അധ്യക്ഷത വഹിച്ചു. പോള്‍ ടി. സാമുവല്‍, സനൂപ് എന്നിവര്‍ സംസാരിച്ചു.
അക്രമത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രതിഷേധിച്ചു
തലശ്ശേരി: പെട്ടിപ്പാലത്തെ പൊലീസ് അതിക്രമത്തില്‍ ജമാഅത്തെ ഇസ്ലാമി  പ്രതിഷേധിച്ചു. ഇരുട്ടിന്‍െറ മറവില്‍ മാലിന്യസമരത്തെ നേരിട്ടത് ഭരണവര്‍ഗത്തിന്‍െറ ഭീരുത്വവും നട്ടെല്ലില്ലായ്മയുമാണ് കാണിക്കുന്നത്. 140 ദിവസം പിന്നിട്ട സമരം ന്യായമാണെന്ന് നീതിപീഠങ്ങളും പരിസ്ഥിതി പഠനങ്ങളും ശരിവെച്ചിരിക്കെ പൊലീസിനെ ഉപയോഗിച്ച് നഗരസഭ നടത്തിയ അക്രമം ന്യായീകരിക്കാനാവില്ല.
ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍, സി. അബ്ദുന്നാസിര്‍, ജമാല്‍ കടന്നപ്പള്ളി, കെ.പി. അബ്ദുല്‍ അസീസ്, ഇബ്രാഹിം മാസ്റ്റര്‍, കെ.എല്‍. ഖാലിദ്, എം.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ശിഹാബുദ്ദീന്‍ ഇബ്നുഹംസ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
പ്രതിഷേധാര്‍ഹം -ന്യൂമാഹി ഗ്രാമപഞ്ചായത്ത്
തലശ്ശേരി: പഞ്ചായത്ത് അനുമതിയില്ലാതെ പൊലീസ് സഹായത്തോടെ  പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ പറഞ്ഞു. പെട്ടിപ്പാലത്ത് മാലിന്യനിക്ഷേപം ഹൈകോടതി നിരോധിച്ചതും ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചതുമാണ്. സംഭവത്തില്‍ സി.പി.എം അനുകൂല പെട്ടിപ്പാലം പരിസര മലിനീകരണ വിരുദ്ധസമിതി പ്രതിഷേധിച്ചു.ന്യൂമാഹിയിലെ ജനങ്ങളെ വെല്ലുവിളിച്ചാണ് പൊലീസ് മാലിന്യം തള്ളാന്‍ സൗകര്യമൊരുക്കിയതെന്ന് കണ്‍വീനര്‍ സി.കെ. പ്രകാശന്‍  പറഞ്ഞു.
നഗരസഭയും പൊലീസും ഗുണ്ടായിസം വെടിയണം -എസ്.ഐ.ഒ
കണ്ണൂര്‍: പെട്ടിപ്പാലം ജനകീയ സമരത്തെ ചോരയില്‍ മുക്കി ഇല്ലാതാക്കാനുള്ള പൊലീസിന്‍െറയും നഗരസഭ അധികൃതരുടെയും നീക്കത്തെ എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അപലപിച്ചു. ആഷിഖ് കാഞ്ഞിരോട്, യൂനുസ് സലീം, ഷംസീര്‍ ഇബ്രാഹിം, റിവിന്‍ജാസ് എന്നിവര്‍ സംസാരിച്ചു.
ഡിവൈ.എസ്.പിക്കെതിരെ
നടപടി വേണം -സോളിഡാരിറ്റി
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് ഇടപെടില്ളെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടും ഇരുട്ടിന്‍െറ മറവില്‍ സമരപന്തല്‍ പൊളിച്ച് പൊലീസ് നടത്തിയ തേര്‍വാഴ്ചയുടെ ഉത്തരവാദിയായ തലശ്ശേരി ഡിവൈ.എസ്.പിക്കെതിരെ നടപടി വേണമെന്ന് സോളിഡാരിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗാന്ധിയുടെ ചിത്രമടക്കം പൊലീസ് കത്തിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞ സംഭവം സി.പി.എം എഴുതിയ തിരക്കഥയാണെന്ന് ജില്ലാ സെക്രട്ടറി കെ. സാദിഖ് ആരോപിച്ചു. പൊലീസ് സാന്നിധ്യത്തിലാണ് മാലിന്യവണ്ടി കത്തിയത്. ഇത് പൊലീസ് സഹായത്തോടെ നഗരസഭ നടത്തിയ നാടകമാണെന്ന് സംശയിക്കണം. സോളിഡാരിറ്റി നേതാവ് ഷഫീഖിനെ ക്രൂരമായി മര്‍ദിച്ചാണ് ജിപ്പില്‍ കയറ്റിയത്.  ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍, ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കെ.എന്‍.എം പ്രതിഷേധിച്ചു
കണ്ണൂര്‍: പെട്ടിപ്പാലം സമരക്കാരെ ആക്രമിച്ച പൊലീസ് നടപടിയില്‍ കെ.എന്‍.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രസിഡന്‍റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സി.ശക്കീര്‍ ഫാറൂഖി, കെ.എല്‍.പി. ഹാരിസ്, പി.ടി.പി. മുസ്തഫ, ടി. മുഹമ്മദ് നജീബ് എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലം: പൊലീസ് നടപടിയില്‍ 
വ്യാപക പ്രതിഷേധം
കണ്ണൂര്‍: പെട്ടിപ്പാലത്തെ ജനങ്ങളുടെ ധാര്‍മിക സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിക്കണമെന്ന് ജനകീയ പ്രതിരോധ സമിതി ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്‍റ് ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സജി, വി. കൃഷ്ണന്‍ കരിങ്കല്‍കുഴി, പത്മനാഭന്‍ തായക്കര, എം.കെ. ജയരാജന്‍, മേരി എബ്രഹാം, അഡ്വ. പി.സി. വിവേക് എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലത്തും ചേലോറയിലും നടന്നുവരുന്ന സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ചോരക്കളം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് പൗരാവകാശ സംരക്ഷണ സമിതി. ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥും കണ്‍വീനര്‍ സി. ശശി എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള തലശ്ശേരി നഗരസഭയുടെയും സര്‍ക്കാറിന്‍െറയും ആസൂത്രിത നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കണമെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. എസ്.യു.സി.ഐ (സി) ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, കെ.എ. ആഗസ്തി, പോള്‍ ടി. സാമുവല്‍, അനൂപ് ഏരിമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
മാലിന്യവിരുദ്ധ പ്രക്ഷോഭം പൊലീസിനെ ഉപയോഗിച്ച് നേരിട്ട ഭരണകൂട നടപടി കാടത്തമാണെന്ന് എ.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സമരങ്ങള്‍ക്ക് എസ്.ഡി.പി.ഐയുടെ മുഴുവന്‍ പിന്തുണയുണ്ടാവുമെന്നും ജില്ലാ സെക്രട്ടേറിയറ്റിനുവേണ്ടി നൗഷാദ് പുന്നക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു.
മാലിന്യ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് സോളിഡാരിറ്റി. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ ജനങ്ങള്‍ അധികാരം ഏറ്റെടുക്കുന്ന കാലം വരുമെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടറി ബി. യാസര്‍ പറഞ്ഞു.  പെട്ടിപ്പാലം സമരക്കാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തി.  ഹനീഫ് മാസ്റ്റര്‍, കെ.കെ. ഷുഹൈബ് മുഹമ്മദ്, പി.ബി.എം. ഫര്‍മീസ്, പി.സി. ഷമീം, റംസി ചൊവ്വ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  ബസ്സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പി.ബി.എം. ഫര്‍മീസ് സംസാരിച്ചു.
പെട്ടിപ്പാലം: പൊലീസ് നടപടി കാടത്തം
കണ്ണൂര്‍: പെട്ടിപ്പാലം മാലിന്യവിരുദ്ധ പ്രക്ഷോഭം പൊലീസിനെ ഉപയോഗിച്ച് നേരിട്ട ഭരണകൂട നടപടി കാടത്തമാണെന്ന് എ.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പെട്ടിപ്പാലത്ത് നടക്കുന്ന സമരങ്ങള്‍ക്ക് എസ്.ഡി.പി.ഐയുടെ മുഴുവന്‍ പിന്തുണയുണ്ടാവുമെന്നും ജില്ലാ സെക്രട്ടേറിയറ്റിനുവേണ്ടി നൗഷാദ് പുന്നക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രകടനം നടത്തി
ഇരിക്കൂര്‍: പെട്ടിപ്പാലത്തെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരിക്കൂറില്‍ പ്രകടനം നടത്തി.യൂനുസ് സലീം, കെ. ഫാറൂഖ്, കെ.പി. ഹാരിസ്, ഇഖ്ബാല്‍ മാസ്റ്റര്‍, ഹാഷിഖ്,എന്‍.വി. ത്വാഹിര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഇരിട്ടി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തല്‍ തീയിട്ടുകരിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി. അന്‍സാര്‍ ഉളിയില്‍, നൗഷാദ് മത്തേര്‍, ഫായിസ് ഇരിട്ടി, ഷമീര്‍ ആറളം, ഫൈസല്‍,മെഹറൂഫ്, ശമീം എന്നിവര്‍ നേതൃത്വം നല്‍കി.
തലശ്ശേരിയിലെ പൊലീസ് 
അതിക്രമത്തില്‍  പ്രതിഷേധം
 കോഴിക്കോട്: തലശ്ശേരി നഗരസഭ, ജനവാസപ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ അതിക്രമം തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പുലര്‍ച്ചെ വന്ന് സമരപ്പന്തലിന് തീകൊടുക്കുകയാണ് പൊലീസ് ചെയ്തത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകകളടക്കം പൊലീസ് തീവെച്ച് നശിപ്പിച്ചു. സമരസമിതി നേതാവ് പി.എം. അബ്ദുന്നാസറിനെയും കൈക്കുഞ്ഞുങ്ങളെയും നിഷ്ഠൂരമായി മര്‍ദിച്ചു. വിളപ്പില്‍ശാലയില്‍നിന്നും ലാലൂരില്‍നിന്നും സര്‍ക്കാര്‍ ഒരു പാഠവും പഠിക്കുന്നില്ല എന്നാണിതിന്‍െറ അര്‍ഥം. 
ബി.ആര്‍.പി. ഭാസ്കര്‍, സി.ആര്‍. നീലകണ്ഠന്‍, സാറാ ജോസഫ്, കെ. വേണു, പി. സുരേന്ദ്രന്‍, കെ.ആര്‍. മീര, പി. ഗീത, വിളയോടി വേണുഗോപാല്‍, ലീലാകുമാരിയമ്മ, ശൈഖ് മുഹമ്മദ് കാരകുന്ന്, ളാഹ ഗോപാലന്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എം.എ. റഹ്മാന്‍, അംബികാസുതന്‍ മങ്ങാട്, അഡ്വ. പി.എ. പൗരന്‍, ഡോ. എസ്. ബലരാമന്‍, കെ. അജിത, കെ.കെ. കൊച്ച്, ജിയോ ജോസ്, ടി. പീറ്റര്‍, കെ.പി. ശശി, ജോയ് കൈതാരം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി തുടങ്ങി 43 പേര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.

പെട്ടിപ്പാലത്ത് സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 പെട്ടിപ്പാലത്ത് സംഘര്‍ഷം; ലാത്തിച്ചാര്‍ജ്
തലശ്ശേരി:  പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരമുഖത്ത് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ക്ക് പരിക്കേറ്റു. മാലിന്യവിരുദ്ധ സമരസമിതി നേതാക്കളടക്കം 58 പേര്‍ അറസ്റ്റിലായി. ഇതില്‍ 21 പേര്‍ സ്ത്രീകളാണ്. പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകനെയും പൊലീസ് പിടികൂടി. സമരക്കാര്‍ സംഘടിക്കാതിരിക്കാന്‍ ഒരു കിലോമീറ്റര്‍ അകലെ വരെ വളഞ്ഞ പൊലീസ് വീട്ടില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിയെ മര്‍ദിച്ചു. സംഘര്‍ഷം ശമിച്ചശേഷം ദേശീയപാതയില്‍ കൂടി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് കല്ളേറുണ്ടായി.
അതിനിടെ, മാലിന്യം കൊണ്ടുവന്ന തലശ്ശേരി നഗരസഭയുടെ ടിപ്പര്‍ ലോറി പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ കത്തിച്ചു. ഇതിനുപിന്നില്‍ ആരെന്ന് വ്യക്തമല്ല.
 സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ രാവിലെ 11 മുതലും ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് വരെയും ഹര്‍ത്താലാചരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലരക്കാണ് കൃത്യമായ ആസൂത്രണത്തോടെ തലശ്ശേരി ഡിവൈ.എസ്.പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ 400ഓളം വരുന്ന വന്‍ പൊലീസ് സംഘം പെട്ടിപ്പാലത്തത്തെിയത്. തലശ്ശേരി സി.ഐ എം.പി. വിനോദ്, എസ്.ഐ ബിജു ജോണ്‍ ലൂക്കോസ്, ധര്‍മടം എസ്.ഐ ജയരാജ്, ന്യൂമാഹി എസ്.ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പൊലീസുകാരടക്കം സുസജ്ജമായിരുന്നു പൊലീസ്. മൂന്നോളം സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റിയ പൊലീസ് സമീപത്തെ എല്ലാ രാഷ്ട്രീയ, യുവജന സംഘടനകളുടെ കൊടികളും അഴിച്ച് തീകൊടുത്തു.
പന്തലിലുണ്ടായിരുന്ന രാഷ്ട്രപിതാവിന്‍െറ ചിത്രവും തീവെച്ച് നശിപ്പിച്ചതായി ആരോപണമുണ്ട്. നഗരസഭയുടെ അഞ്ച് മാലിന്യവണ്ടികള്‍ ഒന്നൊന്നായി ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു. ഈ സമയം സമരക്കാരടക്കം നാട്ടുകാര്‍ എത്തിയെങ്കിലും പൊലീസ് തടഞ്ഞു.
രാവിലെ നടക്കാനിറങ്ങിയ കൊടുവള്ളി ഗവ. വി.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ എ.കെ. അഷ്റഫിനെ മര്‍ദിച്ച് ജീപ്പില്‍ കയറ്റി. ബസ് കാത്തിരുന്ന, സമരവുമായി ബന്ധമില്ലാത്ത പലരേയും അടിച്ചോടിച്ചതായി പറയുന്നു.
പെട്ടിപ്പാലം പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍  പി.എം. അബ്ദുന്നാസിര്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് നേതാവ് ജബീന ഇര്‍ഷാദ്, വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍, മാലിന്യവിരുദ്ധ സമിതി നേതാവ് സിദ്ദീഖ് സന, സ്ഥലത്തത്തെിയ സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് എന്നിവരുള്‍പ്പെടെ 40 ഓളം പേരെ അസ്റ്റ് ചെയ്തു. തുടര്‍ന്ന് രാവിലെ 8.30ഓടെ സംയുക്തസമരസമിതി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തവെ പ്രകോപനമില്ലാതെ പൊലീസ്  പ്രകടത്തിനിടയിലേക്ക് ഇരച്ചുകയറി ലാത്തിച്ചാര്‍ജ് നടത്തി. ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ഇത്. പലരേയും വളഞ്ഞിട്ട് മര്‍ദിച്ചു. പരിക്കേറ്റ 15 പേരില്‍ 10 പേര്‍ സ്ത്രീകളാണ്. ഏഴും പത്തും വയസ്സുള്ള കുട്ടികളും പരിക്കേറ്റവരി ലുള്‍പ്പെടും. ഈ സമയമാണ് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് കല്ളേറുണ്ടായത്. കല്ളേറില്‍ ബസിന്‍െറ ചില്ല് തകര്‍ന്നു.
11.30ഓടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ KL 58 D7187 ടിപ്പര്‍ ലോറിക്ക് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചത്. പൊലീസ് ബന്തവസ്സുള്ള സമയത്താണ് വാഹനം കത്തിയത്. വാഹനത്തിന് തീവെച്ചതെന്ന് കരുതുന്നയാളെ പൊലീസ് നോക്കിനില്‍ക്കേ കടലില്‍ നിന്ന് ബോട്ടത്തെി രക്ഷപ്പെടുത്തി കൊണ്ടുപോയി.  പരിക്കേറ്റ 15 പേരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്തവരില്‍ 19 പേര്‍ വൈകീട്ട് ജാമ്യമെടുത്തു.
സമരമുഖത്ത് കുട്ടികളെ പങ്കെടുപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23ാം വകുപ്പനുസരിച്ച് കേസെടുത്തതായി ഡിവൈ. എസ്.പി വ്യക്തമാക്കി.
അറസ്റ്റിലായ നാലുപേരൊഴികെ മറ്റുള്ളവര്‍ക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് നിഷ ജാമ്യം അനുവദിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, സാഹില്‍, കെ.പി. അര്‍സു തുടങ്ങിയവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പൊലീസ് അതിക്രമത്തില്‍ പുന്നോല്‍ നടുങ്ങി
തലശ്ശേരി: സംരക്ഷിക്കേണ്ടവര്‍ തന്നെ മര്‍ദിച്ചൊതുക്കിയപ്പോള്‍ സ്ത്രീകളുള്‍പ്പെടെ ഒരു ദേശം മുഴുവനും ഭീതിയിലായി. ശുദ്ധവായുവിനും വെള്ളത്തിനും വേണ്ടി സമാധാനപരമായി സമരം ചെയ്ത തങ്ങളെ കൈക്കരുത്തില്‍ പൊലീസ് നേരിടുമെന്ന് പുന്നോലുകാര്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ പൊലീസ് ഇടപെടലുണ്ടാവില്ളെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനവും നാട്ടുകാര്‍ വിശ്വസിച്ചു.
പക്ഷേ, കൃത്യമായ ആസൂത്രണത്തോടെ 400ഓളം പൊലീസ് ബറ്റാലിയന്‍ ഒന്നടങ്കം എത്തിയത് സമരപന്തല്‍ പൊളിച്ച് മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കാന്‍ മാത്രമായിരുന്നില്ല;  നാട്ടുകാരുടെ സമരൈക്യം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു. സമരവുമായി ബന്ധവുമില്ലാത്തവരെപ്പോലും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പുന്നോല്‍ സലഫി മസ്ജിദിന് സമീപം ‘സലിംസി’ല്‍ സഹല്‍ (18) രാവിലെ 9.15ഓടെ ബഹളം കേട്ട് റോഡിലേക്കിറങ്ങിയതാണ്. നാല് പൊലീസുകാര്‍ ചേര്‍ന്ന് സഹലിനെ ഓടിച്ച് സ്വന്തം വീട്ടുമുറ്റത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞെന്ന് പറഞ്ഞായിരുന്നു ഇത്. സ്വന്തം ഉമ്മയുടെയും സഹോദരിയുടെയും കണ്‍മുന്നിലായിരുന്നു സഹലിന് മര്‍ദനമേറ്റത്. മര്‍ദനത്തിനിടെ സിവില്‍ പൊലീസ് ഓഫിസറുടെ നെയിംപ്ളേറ്റ് അടര്‍ന്ന് മുറ്റത്തുവീണു. തുടര്‍ന്ന് സഹലിനെ പൊലീസ് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. യുവാവ് നിരപരാധിയാണെന്ന് വീട്ടുകാരും നാട്ടുകാരും ആണയിടുന്നു.
 സമരരംഗത്തെ സജീവ സാന്നിധ്യമായ സി.പി. അഷ്റഫിനെ വളഞ്ഞിട്ടാണ്  മര്‍ദിച്ചത്. മിസ്വ എന്ന പത്തുവയസ്സുകാരിയെ കരണത്തടിച്ചു. മിസ്വയുടെ ഉമ്മ റനീഷയുടെ കഴുത്തിലെ ഷാള്‍ പിടിച്ച് വലിച്ചിഴച്ചു. ഇവരെ കാല്‍മുട്ടുകൊണ്ട് മര്‍ദിക്കുകയും ചെയ്തു. ഏഴ് വയസുകാരി മര്‍വയും പരിക്കേറ്റവരിലുള്‍പ്പെടുന്നു.
52 കാരി റാബിയ അറസ്റ്റ്വരിക്കാന്‍ വിസമ്മതിച്ച് റെയില്‍പാളത്തോട് കൈ ചേര്‍ത്ത് പിടിച്ചപ്പോള്‍ കൈക്കായിരുന്നു ലാത്തിയടി. പി.എം. ജമാലിനെയും ഭാര്യയെയും പൊലീസ് കൊണ്ടുപോയത് വീട്ടില്‍ തനിച്ചുള്ള 13 കാരി മകള്‍ ഫൗമിയെ കൂടെക്കൂട്ടാന്‍ സമ്മതിക്കാതെ. തലശ്ശേരി പൊലീസ് സ്റ്റേഷനില്‍വെച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസറിനെ ഡിവൈ.എസ്.പികരണത്തടിച്ചു. വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാറിന് ധര്‍മടം സ്റ്റേഷനിലായിരുന്നു മര്‍ദനം.
തലശ്ശേരി, ധര്‍മടം സ്റ്റേഷനുകളിലായാണ് അറസ്റ്റിലായവരെ പാര്‍പ്പിച്ചിട്ടുള്ളത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേശീയപാത ഉപരോധം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളിലായി 200 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാലിന്യവണ്ടി കത്തിച്ചതിന് പ്രത്യേകം കേസെടുത്തതായി ഡിവൈ.എസ്.പി പറഞ്ഞു.  ബസിന് കല്ളെറിഞ്ഞെന്ന കേസില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് ഷഫീഖ്, സഹല്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു. പൊലീസ് പിടികൂടിയ ഷഫീഖിനെ റോഡിലിട്ടും പൊലീസ് സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദിച്ചു.
പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: എ.പി.അര്‍ഷാദ്  (42), സി.പി. അഷ്റഫ് (47), കെ.എം. അഷ്ഫാഖ് (36), ഷരീഫ (50), സുഹ്റ (53), ജുബൈരിയ (32), റാബിയ (52), സീബ (27), മറിയം സിതാര (29), മര്‍വ (7), മിസ്വ (10), റനീഷ (32), നഫീസ (50), സുബൈദ നാലകത്ത് (50), ഷബ്ന (27).

സാധാരണക്കാരെ വിസ്മരിച്ച ബജറ്റ് -വെല്‍ഫെയര്‍ പാര്‍ട്ടി

സാധാരണക്കാരെ വിസ്മരിച്ച ബജറ്റ്
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമായ ഘട്ടത്തില്‍ സാധാരണക്കാര്‍ പ്രതീക്ഷിച്ച ബജറ്റ് അല്ല മന്ത്രി കെ.എം. മാണി അവതരിപ്പിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി പ്രസ്താവിച്ചു. വാറ്റ് ഘടനയില്‍ വരുത്തിയ ഒരു ശതമാനം വര്‍ധന പലരംഗത്തും വിലക്കയറ്റത്തിന് കാരണമാകും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതുവഴി മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ബജറ്റ് മൗനം പാലിക്കുന്നു. എല്ലാ ജില്ലകളിലും വിമാനത്താവളം എന്ന നിര്‍ദേശത്തിലൂടെ പാരിസ്ഥിതിക കാര്‍ഷിക പ്രാധാന്യമുള്ള ഭൂമേഖലയുടെ തകര്‍ച്ചക്കും ഭൂമാഫിയയുടെ കൈയേറ്റത്തിനും ഇടവരുത്തും.
അതേസമയം ചില ക്ഷേമപദ്ധതികളുടെ തുക വര്‍ധിപ്പിച്ച നടപടി സ്വാഗതാര്‍ഹമാണ്. ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ബജറ്റ് യുവാക്കളെയും മലബാറിനെയും പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നത് -സോളിഡാരിറ്റി

ബജറ്റ് യുവാക്കളെയും
മലബാറിനെയും പ്രക്ഷോഭത്തിന്
പ്രേരിപ്പിക്കുന്നത് -സോളിഡാരിറ്റി
കോഴിക്കോട്: ബജറ്റ് മലബാറിനെയും യുവാക്കളെയും  പ്രക്ഷോഭത്തിലേക്ക് നയിക്കുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്. ജനസംഖ്യയില്‍ യുവാക്കള്‍ കൂടുതലുള്ളതും അവരില്‍ ഏറെയും തൊഴില്‍രഹിതരുമായ സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് അശാസ്ത്രീയവും യുവജനവിരുദ്ധവുമാണ്.
വികസനത്തിന് പണം കണ്ടത്തൊനുള്ള വഴി ചെറുപ്പക്കാരുടെ തൊഴിലവസരങ്ങള്‍ നിഷേധിക്കലല്ല, ശരിയായ സാമ്പത്തിക ആസൂത്രണമാണ്. തോമസ് ഐസക്ക് നടപ്പാക്കിയ വിരമിക്കല്‍ തീയതി എകീകരണമാണ് മാണിക്ക് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് സൗകര്യം ഒരുക്കിയത്.
ആ നടപടിയെ ന്യായീകരിച്ചതിന് യുവാക്കളോട് മാപ്പുപറഞ്ഞിട്ടുവേണം  ഡി.വൈ.എഫ്.ഐ പുതിയ പ്രക്ഷോഭത്തിന് പങ്കുചേരാന്‍. പതിറ്റാണ്ടുകളായി വികസന വിവേചനം അനുഭവിക്കുന്ന മലബാറിനെ സവിശേഷമായി പരിഗണിക്കാനോ വികസന അസമത്വം പരിഹരിക്കുന്നതിനുള്ള പ്രത്യേക നടപടികളോ മുന്നോട്ടുവെക്കാത്തതും പ്രതിഷേധാര്‍ഹമാണ്. മലബാര്‍ അനുഭവിക്കുന്ന അസമത്വം പരിഹരിക്കുന്നതുവരെ സമാനമനസ്കരുമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.