ശിരോവസ്ത്ര നിരോധം:
വിവാദ സര്‍ക്കുലറില്‍ പ്രതിഷേധിച്ചു
കണ്ണൂര്‍: സ്കൂളിലെ ശിരോവസ്ത്ര നിരോധവുമായി ബന്ധപ്പെട്ട് ഡി.പി.ഐ പുറപ്പെടുവിച്ച വിവാദ സര്‍ക്കുലറും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹീം സംസാരിച്ചു. ശിരോവസ്ത്രം നിരോധിക്കുന്ന സ്കൂള്‍ മാനേജ്മെന്‍റുകള്‍ പൗരാവകാശ ധ്വംസനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണം. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളെ കുഴപ്പക്കാരായി ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷാനടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആശിഖ് കാഞ്ഞിരോട്, ജോ. സെക്രട്ടറി ആര്‍.എ. സാബിഖ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് അഫ്സല്‍ ഹുസൈന്‍, ടി.എ. ബിനാസ്, റംസി സലാം എന്നിവര്‍ നേതൃത്വം നല്‍കി.