കൃഷി ഓഫിസര് അവധിയില്;
കര്ഷകര് ദുരിതത്തില്
കാഞ്ഞിരോട്: കൃഷി ഓഫിസര് അവധിയിലായതുകാരണം കര്ഷകര് ദുരിതത്തില്. മുണ്ടേരി കൃഷിഭവനിലെ ഓഫിസര് പ്രസവാവധിയിലായതുകാരണം കര്ഷകര്ക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങള് യഥാസമയം ലഭിക്കുന്നില്ലത്രെ. ചെമ്പിലോട് കൃഷിഭവന് ഓഫിസര്ക്കാണ് ഇവിടത്തെ താല്ക്കാലിക ചുമതല. സാമ്പത്തികവര്ഷാവസാനമായതിനാല് ഓരോ കൃഷിഭവനിലും ഭാരിച്ച ജോലികള് പൂര്ത്തീകരിക്കേണ്ടതുണ്ട്. ഇതിനിടയില് രണ്ടു കൃഷിഭവനുകളുടെ ചുമതല ഏറെ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.
ഈമാസം കര്ഷകര്ക്ക് ലഭിക്കേണ്ട, മുറിച്ചുമാറ്റപ്പെട്ട തെങ്ങുകള്ക്കുള്ള ആനുകൂല്യം ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഇതിനു പുറമെ മുണ്ടേരി കൃഷിഭവനില് മതിയായ ജീവനക്കാരില്ലാത്തതും ആനുകൂല്യങ്ങള് വൈകാന് കാരണമായിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം തങ്ങള്ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള് ഇല്ലാതാവുമെന്ന ആശങ്കയിലാണ് കര്ഷകര്.