കാഞ്ഞിരോട്: കേരളോത്സവത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബാള്‍ മത്സരം നടന്നുകൊണ്ടിരിക്കെ കാണികളായി വന്ന സി.പി.എം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഗ്രൌണ്ട് കൈയേറി ആക്രമണം അഴിച്ചുവിട്ടു. അക്രമത്തില്‍ പരിക്കേറ്റ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദര്‍ (28), ബി.കെ. ഹാരിസ് (32), ഷരീഫ് (25), ഇസ്മാഈല്‍ (26) എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദറിന്റെ പരിക്ക് ഗുരുതരമാണ്. സി.പി.എം പ്രവര്‍ത്തകരായ ഗിരീശന്‍ (37), ബൈജു (30), ശ്രീജിത്ത് (30), പ്രിഗേഷ് (30) എന്നിവരെ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈജു, ശ്രീജിത്ത് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കസേരകളും കാണികളുടെ നിരവധി മോട്ടോര്‍ ബൈക്കുകളും തകര്‍ത്തു.
മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ പഞ്ചായത്തുതല കേരളോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന ഫുട്ബാള്‍ മത്സരത്തിന്റെ സെമിഫൈനലിനിടയിലാണ് അക്രമം അരങ്ങേറിയത്.
ഇരുവിഭാഗത്തില്‍പെട്ട പ്രവര്‍ത്തകരും കത്തി, വടിവാള്‍, ഇരുമ്പുദണ്ഡ്, സൈക്കിള്‍ ചെയിന്‍ തുടങ്ങിയ ആയുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഗ്രൌണ്ട് കൈയേറുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ഫുട്ബാള്‍ മത്സരത്തില്‍ തലമുണ്ടയിലെ റെഡ്സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ് മായന്‍മുക്ക് ക്ലബിനോട് പരാജയപ്പെട്ടിരുന്നു. കളിയുടെ അവസാനസമയം പരാജയപ്പെട്ട ക്ലബ് അംഗങ്ങള്‍, വിജയിച്ച ക്ലബംഗങ്ങളിലൊരാളെ ദേഹോപദ്രവമേല്‍പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച നടന്ന അക്രമസംഭവം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എം- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇവിടെനിന്ന് പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് ചക്കരക്കല്ല് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Courtesy:madhyamam/12-12-2010