ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 4, 2011

JIH MATTANNUR

ജമാഅത്തെ ഇസ്ലാമി ഭവന പദ്ധതി:
വീടുകളുടെ താക്കോല്‍ ദാനം ആറിന്
മട്ടന്നൂര്‍: ഭവനമെന്ന സ്വപ്നത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന നിരാലംബര്‍ക്ക് ആശ്വാസമായി ജമാഅത്തെ ഇസ്ലാമിയുടെ വീടൊരുങ്ങി.
നിരവധി സേവന പ്രവര്‍ത്തനങ്ങളിലൂടെ ജന ശ്രദ്ധയാകര്‍ഷിച്ച ജമാഅത്തെ ഇസ്ലാമി ഉളിയില്‍ ഘടകം ആവിഷ്കരിച്ച ഭവന പദ്ധതിയാണ് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമാകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ പൂര്‍ത്തിയാക്കിയ ആറ് വീടുകളുടെ താക്കോല്‍ ദാനം ജൂണ്‍ ആറിന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ്  അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് നിര്‍വഹിക്കും.
കഴിഞ്ഞ മഹല്ല് സംഗമത്തിലാണ് ജമാഅത്തെ ഇസ്ലാമി ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചത്. ഉളിയില്‍, നരയമ്പാറ പ്രദേശങ്ങളിലെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി 14 വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കുകയും ചെയ്തു. ഇതില്‍ ആറ് വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ള എട്ട് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. പാവപ്പെട്ടവരെ കണ്ടെത്തി അവരുടെ സ്ഥലത്ത് തന്നെ രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിര്‍മാണം. ജാതി- മത പരിഗണനയില്ലാതെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്നത് . ഐഡിയല്‍ സലാല വെല്‍ഫെയര്‍ കമ്മിറ്റിയും ഈ സദുദ്ദ്യമത്തില്‍ നിസ്സീമ സഹായം നല്‍കി. ഏവരുടെയും സഹകരണമാണ് കാലതാമസം കൂടാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കാരണമായതെന്ന് സംഘാടകര്‍ വ്യക്തമാക്കി. പൂര്‍ത്തിയായ ആറ് വീടുകളുടെ താക്കോല്‍ദാന ചടങ്ങ് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് നരയമ്പാറ ഐഡിയല്‍ മസ്ജിദ് ഗ്രൌണ്ടിലാണ് ഒരുക്കിയിട്ടുള്ളത്. ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ഉപഹാര വിതരണം കീഴൂര്‍^ ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഷീദും മുഖ്യ പ്രഭാഷണം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂലും നടത്തും.  വി.കെ. കുട്ടു അധ്യക്ഷത വഹിക്കും.

IDEAL ULIYIL

ഐഡിയല്‍ സ്ഥാപനങ്ങളിലേക്ക്
പ്രവേശനം ആരംഭിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഉളിയില്‍ ഐഡിയല്‍ അറബിക് കോളജില്‍ അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പഠനം തീര്‍ത്തും സൌജന്യമായിരിക്കും. പ്ലസ്ടു പാസായവര്‍ക്ക് ബി.എ അഫ്ദലുല്‍ ഉലമ കോഴ്സില്‍ നേരിട്ട് പ്രവേശനം ലഭിക്കും. പുതുതായി ആരംഭിക്കുന്ന ഐഡിയല്‍ കോളജ് ഓഫ് കൊമേഴ്സില്‍ ബികോം പ്ലസ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 15, 22 തീയതികളില്‍ രക്ഷാകര്‍ത്താക്കളോടൊപ്പം ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ എന്‍.സി.വി.ടി അംഗീകാരമുള്ള ഐഡിയല്‍ ഐ.ടി.സിയില്‍ ആര്‍കിടെക്ടറല്‍ അസിസ്റ്റന്റ്, പ്ലംബിങ്, വസ്ത്രനിര്‍മാണം എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഈ ഏക വര്‍ഷ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0490 2434915.

SIO KANNUR

എസ്.ഐ.ഒ നേതാക്കള്‍ക്കെതിരായ കേസ്  തള്ളി
കണ്ണൂര്‍: എസ്.ഐ.ഒ സംസ്ഥാന നേതാക്കളടക്കം 23 പേര്‍ ഉള്‍പ്പെട്ട കേസ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) പി. മുജീബുറഹ്മാന്‍ തള്ളി. 2008 മേയ് 29ന് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ എം. വിജയകുമാര്‍, എസ്. ശര്‍മ എന്നിവര്‍ പങ്കെടുത്ത, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന പരിപാടിയില്‍ മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെ മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. അന്നത്തെ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ടൌണ്‍ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി കേസ് തള്ളിയത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, അഡ്വ. എം. കിഷോര്‍കുമാര്‍ എന്നിവര്‍ ഹാജരായി.