ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, May 11, 2013

GIO


മാപ്പിളപ്പെണ്ണിന്‍െറ കാന്‍വാസ്

 മാപ്പിളപ്പെണ്ണിന്‍െറ കാന്‍വാസ്
കോഴിക്കോട്: മൂടുപടങ്ങള്‍ക്കുള്ളിലും  ചായക്കൂട്ടുകളുടെ മനോഹാരിത സൂക്ഷിച്ച ഒരു കൂട്ടം ചിത്രകാരികളുടെ കാന്‍വാസ് പ്രദര്‍ശനം ആര്‍ട്ട് ഗാലറിയില്‍ പ്രത്യേക കാഴ്ചയൊരുക്കുന്നു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 22 മുസ്ലിം ചിത്രകാരികളുടെ നിറക്കാഴ്ചകളാണ് കോഴിക്കോട് ടൗണ്‍ഹാളിനടുത്ത ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. മൈലാഞ്ചിയുടെ ചുവപ്പില്‍ തുടങ്ങിയ കലാവാസനക്ക് നിറം ചാര്‍ത്തിയതിന്‍െറ സന്തോഷത്തിലാണിവര്‍. മുസ്ലിം പെണ്‍കുട്ടികളെടുത്ത ഫോട്ടോകളും പ്രദര്‍ശനത്തിനുണ്ട്. പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്‍െറ ആവശ്യകത വെളിപ്പെടുത്തുന്ന ‘എജുക്കേഷന്‍ വിത്തൗട്ട് സ്കൂള്‍’, പെണ്‍ കണ്ണുകളെ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത താക്കീതുമായി ‘ഹു ആര്‍ യു’, ജീവജാലങ്ങളില്‍ ദൈവത്തിനുള്ള വാത്സല്യം പ്രകടമാക്കുന്ന ‘ഐ ഓഫ് ഗോഡ്’ തുടങ്ങി 50ലേറെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍.
വികസിത ഇന്ത്യയിലെ കണ്‍കെട്ടിയ സ്ത്രീത്വത്തെയാണ് ‘ഡെവലപ്ഡ് ഇന്ത്യയില്‍’ ചിത്രീകരിച്ചിരിക്കുന്നത്. കഷ്ടതകള്‍ക്കിടയില്‍ വിജയം നേടിയ സ്ത്രീകളെ ‘ലൈറ്റ് ഫ്രം ദ ഡാര്‍ക്ക്നസ്’ പ്രതിനിധാനം ചെയ്യുന്നു. ‘ബേണിങ് കാന്‍ഡ്ല്‍’ ‘സ്ളീപ്ലെസ് നൈറ്റ്’, ‘ഡെവലപ്ഡ് ഇന്ത്യ’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഉരുകിത്തീരുന്ന പെണ്‍ജന്മങ്ങള്‍ ദര്‍ശിക്കാം. ഗേള്‍സ് ഇസ്ലാമിക ഓര്‍ഗനൈസേഷന്‍െറ (ജി.ഐ.ഒ) ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ എല്ലാ ജില്ലകളിലെയും 15നും 25നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ വരച്ച ചിത്രങ്ങളാണുള്ളത്. എഴുത്തുകാരി ഷബ്ന പൊന്നാട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേയ്  10 ന് അവസാനിക്കും. 

ജമാഅത്തെ ഇസ്ലാമി വീഡിയോ പോര്‍ട്ടല്‍ ആരംഭിച്ചു


ജമാഅത്തെ ഇസ്ലാമി വീഡിയോ 
പോര്‍ട്ടല്‍ ആരംഭിച്ചു
കോഴിക്കോട്: പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി സമുദായത്തിന്‍െറ മുഖം പൊതുസമൂഹത്തില്‍ വികൃതമാക്കുന്നതിന് പകരം രചനാത്മകമായ ഇടപെടലുകളാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നടക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാഅത്തെ ഇസ്ലാമിയുടെ വീഡിയോ പോര്‍ട്ടല്‍ ഹിറാ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിലെ ജിഹാദിന്‍െറ പ്രധാന ആയുധമാണ് മാധ്യമങ്ങള്‍. ദൈവപ്രീതിക്കായി ജനങ്ങള്‍ക്കുപകാരപ്പെടുന്ന രീതിയില്‍ അതുപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി 4 മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു അധ്യക്ഷത വഹിച്ചു. ആയിരത്തോളം വീഡിയോ ക്ളിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്ടല്‍ www. jihkerala.tv എന്ന അഡ്രസിലാണ് ലഭ്യമാവുക.

ബൈത്തുസകാത്ത് പദ്ധതികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു

 ബൈത്തുസകാത്ത് പദ്ധതികളുടെ
വിതരണോദ്ഘാടനം നിര്‍വഹിച്ചു
തലശ്ശേരി: കൈത്താങ്ങ് ആവശ്യമുള്ളവര്‍ സമൂഹത്തിലുണ്ടെന്ന് ഓര്‍മപ്പെടുത്താന്‍ സകാത്തിനാവുമെന്ന് കെ.കെ. നാരായണന്‍ എം.എല്‍.എ പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ സകാത്ത് പദ്ധതികളുടെ വിതരണോദ്ഘാടനം തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നരും ദരിദ്രരും ഒരുപോലെ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ബൈത്തുസകാത്ത് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മൂന്നുകോടി രൂപയുടെ പദ്ധതികളാണ് ഇത്തവണ നടപ്പാക്കുന്നതെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 കോടിയുടെ സകാത്ത് വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോ തൊഴിലാളികള്‍ക്ക് ഏഴ് ഓട്ടോകള്‍, രണ്ട് ഗുഡ്സ് ഓട്ടോ, വികലാംഗര്‍ക്ക് ഓടിക്കാവുന്ന നാലുചക്ര വാഹനം എന്നിവയും മുയല്‍ വളര്‍ത്തല്‍, പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, സ്റ്റേഷനറി വ്യാപാരം, ഫേന്‍സി, ബാഗ് നിര്‍മാണ യൂനിറ്റ്, റെഡിമെയ്ഡ് നിര്‍മാണ യൂനിറ്റ് തുടങ്ങിയവക്ക് ധനസഹായവും ആണ് തലശ്ശേരിയില്‍ വിതരണം ചെയ്തത്. ഓട്ടോകള്‍ക്ക് 16 ലക്ഷവും മറ്റു തൊഴില്‍ സംരംഭങ്ങള്‍ക്ക് 6.45 ലക്ഷവും ആണ് പദ്ധതി തുക. ഓട്ടോ വിതരണം സി.വി. അബൂബക്കറിന് നല്‍കി ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടിയും സ്റ്റേഷനറി വ്യാപാരത്തിനുള്ള ധനസഹായം കെ.കെ. സുഹറക്ക് നല്‍കി അഡ്വ. പി.വി. സൈനുദ്ദീനും നിര്‍വഹിച്ചു. ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജനസേവന വകുപ്പ് സെക്രട്ടറി പി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.