ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY. Show all posts
Showing posts with label SOLIDARITY. Show all posts

Sunday, July 28, 2013

EGYPTH: SOLIDARITY PROTEST RALLY

 
ഈജിപ്ത്: ഇന്ന് സോളിഡാരിറ്റി 
പ്രതിഷേധ റാലി
 കോഴിക്കോട്: സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ ഈജിപ്തില്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയും ജനകീയ പ്രസ്ഥാനങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയും ചെയ്യുന്ന സൈനിക ഭരണകൂടത്തിന്‍്റെ നിലപാടിള്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍്റ് ഇന്ന് (ഞായര്‍) ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും. ‘ഈജിപ്തില്‍ അറുകൊല ചെയ്യപ്പെടുന്നത് ജനാധിപത്യമാണ്’ എന്ന തലക്കെട്ടില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ സാംസ്കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്‍്റ് മുഹമ്മദ് വേളം അറിയിച്ചു.

Monday, July 22, 2013

ജനകീയ സമരങ്ങളെ കൈയൂക്കുകൊണ്ട് നേരിടരുത് -സോളിഡാരിറ്റി

ജനകീയ സമരങ്ങളെ
കൈയൂക്കുകൊണ്ട്
നേരിടരുത് -സോളിഡാരിറ്റി
കോഴിക്കോട്: എന്‍. ജി. ഐ. എല്‍  കമ്പനിക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്ന നാട്ടുകാര്‍ക്കെതിരെ പൊലീസ് നടത്തിയ ആക്രമണം ജനാധിപത്യ മര്യാദക്ക് നിരക്കാത്തതാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു. ജനകീയ സമരങ്ങളെ കൈയൂക്കുകൊണ്ട് നേരിടുന്ന നടപടിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം. കമ്പനിയുടെ പങ്കുപറ്റുകാരായി മാറിയ പൊലീസിനെ നിലക്കുനിര്‍ത്തണം. അല്ലാത്ത പക്ഷം ശക്തമായ ചെറുത്തുനില്‍പ് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Saturday, July 20, 2013

ദേശീയപാത: കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രതിസന്ധിക്ക് പരിഹാരം -സോളിഡാരിറ്റി

 ദേശീയപാത: കേന്ദ്രമന്ത്രിയുടെ
പ്രസ്താവന പ്രതിസന്ധിക്ക്
പരിഹാരം -സോളിഡാരിറ്റി

കൊച്ചി: ദേശീയപാത വികസന വിഷയത്തില്‍ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ ഗതാഗത വികസനത്തിന് അനിവാര്യമായ ദേശീയപാതകളുടെ വികസനത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസിന്‍െറ പ്രസ്താവനയിലൂടെ പരിഹാരമാകുകയാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി കേരളത്തിലെ മുഴുവന്‍ ദേശീയപാതകളും  മൂന്നു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നാലുവരിയാക്കാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍നിന്നു കഴിഞ്ഞ അഞ്ചുവര്‍ഷം പിരിച്ചെടുത്ത പെട്രോള്‍ സെസും റോഡ് നികുതിയും മാത്രം മതി പാത പണിയാനുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതകളും പ്രധാന സംസ്ഥാന പാതകളും ബി.ഒ.ടിവത്കരിക്കുക പ്രായോഗികമല്ളെന്ന് മുഖ്യമന്ത്രിതന്നെ അംഗീകരിച്ച സാഹചര്യത്തില്‍ ഈശ്രമത്തിന്‍െറ വിജയം കേരളത്തിലെ മുഴുവന്‍ പാതകളുടെ വികസനത്തിനും ഏറെ പ്രയോജനകരമാണ്.
പൊതുഗതാഗതം തിരിച്ചുപിടിക്കാനുള്ള സമരത്തിന്‍െറ രാഷ്ട്രീയം തിരിച്ചറിയാന്‍ കേരളത്തിലെ അധികാര രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കണം. ഒന്നാം സര്‍വകക്ഷിയോഗ തീരുമാനം നടപ്പാക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഇനിയും തയാറായില്ളെങ്കില്‍ കടുത്ത വഞ്ചനയായിരിക്കും. ഫ്രഞ്ച് കമ്പനിയെ ഏല്‍പിച്ച പാലിയേക്കര ടോള്‍ പിരിവ് തിരിച്ചുപിടിക്കാനും ഹൈകോടതികളിലെ കേസുകളില്‍ ജനഹിതത്തിന് അനുകൂലമായി നിലപാടെടുക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പി.ഐ.നൗഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എം. സൈനുദ്ദീന്‍, ജില്ലാ സെക്രട്ടറി ഷഫീഖ് പാനായിക്കുളം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Saturday, July 13, 2013

ഉമ്മന്‍ ചാണ്ടി രാജിവെക്കണം -സോളിഡാരിറ്റി

ഉമ്മന്‍ ചാണ്ടി രാജിവെക്കണം -സോളിഡാരിറ്റി
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എത്രയും വേഗം അദ്ദേഹം രാജിവെച്ച് ജനാധിപത്യ സംവിധാനത്തിന്‍െറ ധാര്‍മികത വീണ്ടെടുക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. കളത്തില്‍ ഫാറൂഖ്, പി.ഐ. നൗഷാദ്, സാദിഖ് ഉളിയില്‍, സി.എം. ശരീഫ്, ഷഹീന്‍ കെ. മൊയ്തുണ്ണി, കെ.എം. അശ്ഫാഖ്, ടി.എ. ഫയാസ് എന്നിവര്‍ സംസാരിച്ചു.

Friday, July 5, 2013

സാമൂതിരി കുടുംബ പെന്‍ഷന്‍: തീരുമാനം പിന്‍വലിക്കണം -സോളിഡാരിറ്റി

 
സാമൂതിരി കുടുംബ പെന്‍ഷന്‍: 
തീരുമാനം പിന്‍വലിക്കണം 
-സോളിഡാരിറ്റി
 കോഴിക്കോട്: സാമൂതിരി കുടുംബത്തിലെ പിന്മുറക്കാരായ 826 പേര്‍ക്ക് പ്രതിമാസം 2500 രൂപ പെന്‍ഷന്‍ നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു.വിവിധ കുടുംബ-സാമൂഹിക പെന്‍ഷന്‍ പദ്ധതികള്‍ക്കനുവദിക്കുന്ന തുക അടിസ്ഥാന ആവശ്യം നിറവേറ്റാന്‍ പോലും പര്യാപ്തമല്ല. പ്രൗഢിയോടെയും പ്രതാപത്തോടെയും കഴിയുന്ന സാമൂതിരി കുടുംബത്തിന്  പ്രതിവര്‍ഷം രണ്ടരക്കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ നല്‍കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Tuesday, July 2, 2013

ടി. മുഹമ്മദ് വേളം സോളിഡാരിറ്റി സംസ്ഥാന പ്രസി. കളത്തില്‍ ഫാറൂഖ് ജന. സെക്ര.

 ടി. മുഹമ്മദ് വേളം
സോളിഡാരിറ്റി സംസ്ഥാന  പ്രസി.
കളത്തില്‍ ഫാറൂഖ് ജന. സെക്ര.
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് 2013-2015 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്‍റായി ടി. മുഹമ്മദ് വേളത്തിനേയും ജനറല്‍ സെക്രട്ടറിയായി കളത്തില്‍ ഫാറൂഖിനേയും തെരഞ്ഞെടുത്തു. സാദിഖ് ഉളിയില്‍, സി.എം. ശരീഫ് എന്നിവര്‍ സെക്രട്ടറിമാരാണ്. പി.ഐ. നൗഷാദ്, സി. ദാവൂദ്, ഷഹീന്‍ കെ. മൊയ്തുണ്ണി, എ. മുഹമ്മദ് അസ്ലം, ടി. ശാകിര്‍, വി.എം. നിഷാദ്, സമദ് കുന്നക്കാവ്, ശിഹാബ് പൂക്കോട്ടൂര്‍, എ.ടി. ശറഫുദ്ദീന്‍, എം.പി. ഫൈസല്‍, എസ്.എ. അജിംസ്, എസ്.എം. സൈനുദ്ദീന്‍ എന്നിവരാണ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Sunday, June 23, 2013

ഡി.പി.ഐ ഉത്തരവ് മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റം -സോളിഡാരിറ്റി

ഡി.പി.ഐ ഉത്തരവ്
മതസ്വാതന്ത്ര്യത്തിനുനേരെയുള്ള
കൈയേറ്റം -സോളിഡാരിറ്റി
കോഴിക്കോട്: കൊല്ലം ജില്ലയിലെ ചില മാനേജ്മെന്‍റ് വിദ്യാലയങ്ങളിലെ ശിരോവസ്ത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വഴി സ്കൂളുകളിലേക്ക് അയച്ച സര്‍ക്കുലര്‍ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ വിഭാഗത്തിന്‍െറയും ന്യായവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘സോളിഡാരിറ്റി’യെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇ-മെയില്‍ വിവാദത്തിലുള്‍പ്പെടെ പിന്തുടരുന്ന മുസ്ലിം വിരുദ്ധ നിലപാടിന്‍െറ തുടര്‍ച്ചയുമാണിത്.  മതസ്പര്‍ധ വളര്‍ത്തുന്ന സര്‍ക്കുലര്‍ പിന്‍വലിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Thursday, June 20, 2013

സമുദായ സംഘടനകള്‍ വര്‍ഗീയത അഴിച്ചുവിടുന്നത് മതേതരത്വത്തിന് ആപത്ത്

സമുദായ സംഘടനകള്‍
വര്‍ഗീയത അഴിച്ചുവിടുന്നത്
മതേതരത്വത്തിന് ആപത്ത്
 കൊച്ചി: താല്‍ക്കാലിക നേട്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമായി സാമുദായിക സംഘടനകള്‍  വര്‍ഗീയതയെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.  ‘എന്‍.എസ്.എസ് കേരളത്തെ വര്‍ഗീയവത്കരിക്കരുത്’ എന്ന തലക്കെട്ടില്‍ നടന്ന കണ്‍വെന്‍ഷന്‍  മുമ്പില്ലാത്ത വിധത്തില്‍ കേരളീയ സമൂഹം വര്‍ഗീയവത്കരിക്കപ്പെടുന്നതിലേക്കു വിരല്‍ ചൂണ്ടി. ഒരുകാലത്ത് കേരളത്തിന്‍െറ നവോത്ഥാനത്തിന് മുന്നിട്ടിറങ്ങിയ സമുദായങ്ങള്‍ തന്നെ ഇപ്പോള്‍ വര്‍ഗീയത അഴിച്ചുവിടുന്നത് മതേതരത്വത്തിന് ആപത്താണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഇതര സംസ്ഥാനങ്ങളെക്കാള്‍ മതസൗഹാര്‍ദം സൂക്ഷിക്കുന്ന നാടാണിതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളും പദവികളും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ എങ്ങനെ കൈയടക്കാമെന്ന്  ആലോചിക്കുന്ന സാമുദായിക സംഘടനകള്‍ അതുപയോഗിച്ച് തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനാണ്  ആഗ്രഹിക്കുന്നതെന്നും  അവയുടെ നേട്ടങ്ങള്‍ അവരില്‍തന്നെയുള്ള ദുര്‍ബലരിലേക്ക് ചെല്ലുന്നില്ളെന്നും മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതില്‍ സമുദായങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പ്രമുഖ ദലിത് നേതാവ് കെ.കെ. കൊച്ച് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പലരും വര്‍ഗീയ ചേരിതിരിവ് ആഗ്രഹിക്കുന്നവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കേരളത്തിലെ ഒരു സംഘടനക്കും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കഴിയില്ളെന്ന്  പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. പ്രഫ. ടി.ബി. വിജയകുമാര്‍, സി.എസ്.മുരളി, അഡ്വ. എന്‍.കെ.അലി, അഡ്വ. ബിനോയ് ജോസഫ്, എം.പി.ഫൈസല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tuesday, June 18, 2013

മുഖ്യമന്ത്രി തുടരുന്നത് അപമാനം -സോളിഡാരിറ്റി

 മുഖ്യമന്ത്രി തുടരുന്നത്
അപമാനം -സോളിഡാരിറ്റി
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനകരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പ്രസ്താവനയില്‍ പറഞ്ഞു.
കേസില്‍ മുഖ്യമന്ത്രിയുടെ അടുത്ത ആളുകള്‍ കുറ്റാരോപിതരാണ്.
വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ വിശദീകരണം വസ്തുതാവിരുദ്ധമാണ്.
ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് സത്യസന്ധമായ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ രാജി അനിവാര്യമായെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Tuesday, June 11, 2013

സോളിഡാരിറ്റിയെ പഠനവിധേയമാക്കണം -കെ.പി. ശശി

 സോളിഡാരിറ്റിയെ പഠനവിധേയമാക്കണം -കെ.പി. ശശി
തിരുവനന്തപുരം: ജനകീയ സമരങ്ങളിലും മനുഷ്യാവകാശ രംഗങ്ങളിലും സജീവമായിരുന്ന സോളിഡാരിറ്റിയെ കേരളീയ സമൂഹം പഠനവിധേയമാക്കണമെന്ന് പ്രമുഖ ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശി പറഞ്ഞു.
 സോളിഡാരിറ്റിയുടെ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ നിരൂപണംചെയ്ത് മുസ്തഫ ദേശമംഗലം സംവിധാനം ചെയ്ത പോരാട്ടങ്ങളുടെ 10 വര്‍ഷങ്ങള്‍ എന്ന ഡോക്യുമെന്‍ററി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
 സംഘ്പരിവാര്‍ സാംസ്കാരികത ദേശീയതയുമായി രംഗത്തുവന്നപ്പോള്‍ ബദലായി മറു സാംസ്കാരിക ദേശീയത ഉയര്‍ത്തിപ്പിടിപ്പിക്കുന്നതിന് പകരം സാമ്പത്തിക ദേശീയതയെ ആണ് അഭിസംബോധന ചെയ്തതെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ജെ.ദേവിക പറഞ്ഞു. സോളിഡാരിറ്റിയുടെ അജണ്ട രഹസ്യമല്ളെന്ന് പെഡസ്ട്രിയന്‍ പിക്ചേഴ്സ് പ്രതിനിധിയും ഡോക്യുമെന്‍ററി സംവിധായകനുമായ ദീപു പറഞ്ഞു. തീരദേശ മഹിളാവേദി നേതാവ് മാഗ്ളിന്‍ പീറ്റര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ശ്രീമിത്ത്, അഡ്വ ഷാനവാസ് തുടങ്ങിയവരും സംസാരിച്ചു.റോംബസും പെഡസ്ട്രിയന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ഡോക്യുമെന്‍ററി നിര്‍മിച്ചത്.

Monday, May 20, 2013

‘യുവജന രോഷമുയരണം ’


‘യുവജന രോഷമുയരണം ’
കോഴിക്കോട്: കോടികള്‍ കൈയടക്കിയ  കടല്‍ക്കിഴവന്മാരായ രാഷ്ട്രീയ നേതൃത്വത്തിനെതിരെ യുവജന രോഷമുയരണമെന്ന് മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. യൂത്ത് സ്പ്രിങ്ങിന്‍െറ ഭാഗമായി യുവജന രാഷ്ട്രീയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡല്‍ കമീഷന്‍ വിരുദ്ധ പ്രസ്ഥാനം, അണ്ണാഹസാരെ പ്രസ്ഥാനം, ദല്‍ഹി മാനഭംഗത്തെ തുടര്‍ന്നുണ്ടായ ജനരോഷം തുടങ്ങി അടുത്ത കാലത്തുണ്ടായ പ്രധാന ബഹുജന മുന്നേറ്റങ്ങള്‍ സവര്‍ണ-മധ്യവര്‍ഗ താല്‍പര്യമാണ് ഉയര്‍ത്തിപ്പിടിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശങ്കര്‍ അഭിപ്രായപ്പെട്ടു. യുവജന സംഘടനകളെല്ലാം മാതൃസംഘടനകളുടെ ചട്ടുകങ്ങളാണെന്ന അഭിപ്രായം ശരിയല്ളെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള അഭിപ്രായപ്പെട്ടു.  സലീന പ്രക്കാനം (ഡി.എച്ച്.ആര്‍.എം), ജുനൈദ് കടക്കല്‍ (കെ.എം.വൈ.എഫ്),  ശശി പന്തളം (വെല്‍ഫെയര്‍ പാര്‍ട്ടി), യഹ്യാഖാന്‍ (ഐ.എസ്.എം), നിസാര്‍ മത്തേര്‍ (പി.ഡി.പി), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), പി.എം. ശ്രീകുമാര്‍ (എ.ഐ.ഡി.വൈ.ഒ), പ്രമോദ് സമീര്‍ (മദ്യനിരോധന സമിതി), ടി. ശാക്കിര്‍ (സോളിഡാരിറ്റി), എഴുത്തുകാരായ സി.കെ അബ്ദുല്‍ അസീസ്, ഡോ. അസീസ് തരുവണ എന്നിവര്‍ സംസാരിച്ചു. കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ അബ്ദുസ്സലാം സ്വാഗതവും സുബ്ഹാന്‍ ബാബു നന്ദിയും പറഞ്ഞു.
ലോകത്തെയും കേരളത്തിലെയും വിവിധ ജനകീയ മുന്നേറ്റങ്ങളില്‍ ആവിഷ്കരിക്കപ്പെട്ട വിവിധ സമരരീതികളുടെ ദൃശ്യാവിഷ്കാരവും പാനല്‍ ചര്‍ച്ചയും നടന്നു. ജെ.എന്‍.യുവിലെ പശ്ചിമേഷ്യന്‍ പഠനവിഭാഗം തലവന്‍ ഡോ.എ.കെ. രാമകൃഷ്ണന്‍, മുത്തുകൃഷ്ണന്‍, ടി.കെ. ഫാറൂഖ്, ഷഹീന്‍ കെ. മൊയ്തുണ്ണി, എസ്. ഖമറുദ്ദീന്‍, വൈ. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. യൂത്ത് ക്ളബുകളുടെ ഗ്രാന്‍റ് ഫിനാലെയില്‍ വികാസ് വടക്കുംപുറം (മലപ്പുറം), സൗപര്‍ണിക പബ്ളിക് ലൈബ്രറി  ആന്‍ഡ് ക്ളബ് തിരുവമ്പാടി (കോഴിക്കോട്), വിവേകാനന്ദ സേവാ കേന്ദ്രം (തൃശൂര്‍) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

സോളിഡാരിറ്റി യൂത്ത് സ്പ്രിങ് സമാപിച്ചു
ആത്മീയതയിലൂന്നിയ രാഷ്ട്രീയ മാറ്റം
കാലത്തിന്‍െറ സവിശേഷത
 -സല്‍മാ യാഖൂബ്
 കോഴിക്കോട്: ആത്മീയതയിലൂന്നിയ രാഷ്ട്രീയ ഇടപെടല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ് കാലഘട്ടത്തിന്‍െറ സവിശേഷതയെന്ന് ബ്രിട്ടനിലെ റെസ്പെക്ട് പാര്‍ട്ടി മുന്‍ ചെയര്‍പേഴ്സനും  യുദ്ധവിരുദ്ധ പ്രവര്‍ത്തകയുമായ സല്‍മാ യാഖൂബ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് സ്പ്രിങ്ങിന്‍െറ സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മതവിശ്വാസികളും മതേതര പ്രവര്‍ത്തകരും കൈകോര്‍ക്കുന്ന രാഷ്ട്രീയ  പ്രവര്‍ത്തനം ഈ സവിശേഷതയുടെ ഭാഗമാണ്. നീതിക്ക് വേണ്ടി നിലകൊള്ളുകയെന്ന വിശുദ്ധ വേദവാക്യത്തിന്‍െറ സാമൂഹിക ആവിഷ്കാരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം വിശ്വാസം ആവശ്യപ്പെടുന്നു. ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സാമ്രാജ്യത്വ ശക്തികള്‍ക്ക് തളര്‍ച്ചയുണ്ടായിട്ടുണ്ട്. എങ്കിലും സാമ്പത്തിക തകര്‍ച്ച നേരിടുന്ന കോര്‍പറേറ്റുകള്‍ പാവങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രതിസന്ധി അതിജീവിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനംശക്തമായി മുന്നോട്ട് കൊണ്ടുപോകണം. 
പാശ്ചാത്യ രാജ്യങ്ങളില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായത് 9/11ന് ശേഷമാണ്. ഈ കാലയളവുകളില്‍ സംസ്കാരങ്ങള്‍ തമ്മില്‍ ആശയ സംവാദങ്ങള്‍ക്ക് ഇടം ലഭിച്ചത് ബോംബുകളേക്കാള്‍ വലിയ സന്ദേശം തീര്‍ത്തു. ഉച്ചത്തില്‍ ശബ്ദിക്കുക, അല്ളെങ്കില്‍ നിശ്ശബ്ദരായിരിക്കുക എന്നതായിരുന്നു പാശ്ചാത്യ ലോകത്തെ മുസ്ലിംകള്‍ക്കു മുന്നിലുണ്ടായിരുന്ന സാധ്യത. സമുദായത്തിനകത്തും സമുദായങ്ങള്‍ തമ്മിലും ഐക്യമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍ മുഖ്യ പ്രഭാഷണം നടത്തി. സത്യസന്ധതയാണ് ലോകത്തിന് നേതൃത്വം നല്‍കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യത്യസ്ത ആശയഗതികള്‍ക്കും ജനകീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ പൊതു ഇടം രൂപപ്പെടുത്താനാണ് സോളിഡാരിറ്റി ശ്രമിച്ചതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. ഇസ്ലാമിന്‍െറ സാന്നിധ്യമായി മാറിയ സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമായാണ് 10ാം വര്‍ഷത്തിലേക്ക് കടന്നത്. സോളിഡാരിറ്റിയുടെ ഇടപെടലുകളോട്  മാധ്യമങ്ങളും വിവിധ സംഘങ്ങളും അക്കാദമിക സമൂഹവും സ്വീകരിച്ച നിലപാട് സ്വയം ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കവി സച്ചിദാനന്ദന്‍, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ.  സിദ്ധീഖ് ഹസന്‍, കേരള അമീര്‍ ടി. ആരിഫലി, സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ കൂട്ടില്‍ മുഹമ്മദലി, ഹമീദ് വാണിയമ്പലം, പി. മുജീബ് റഹ്മാന്‍ എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും കളത്തില്‍ ഫാറൂഖ് നന്ദിയും പറഞ്ഞു. ലോകത്തെ വിവിധ ഭാഗങ്ങളിലെ ജനകീയ പോരാളികളുടെ പ്രശസ്തമായ സമരപ്പാട്ടുകള്‍ ‘റെവലൂഷന്‍ ബാന്‍ഡ്’ അരങ്ങേറി. അറബ് ലോകത്തെ നാദവിസ്മയമായ മലയാളി ബാലന്‍ നാദിര്‍ അബദുസ്സലാം നേതൃത്വം നല്‍കി.

Sunday, May 19, 2013

ഗാന്ധിജി ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണച്ചത് നയവ്യതിയാനമല്ല -നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍


ഗാന്ധിജി ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണച്ചത്  നയവ്യതിയാനമല്ല 
-നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍
കോഴിക്കോട്: അഹിംസ രാഷ്ട്രീയ നയമായി സ്വീകരിച്ച മഹാത്മാ ഗാന്ധി ഫലസ്തീനിലെ സായുധ പോരാട്ടത്തെ പിന്തുണച്ചത് തന്‍െറ നയത്തില്‍നിന്നുള്ള വ്യതിയാനമല്ളെന്ന് പ്രമുഖ അമേരിക്കന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍. ഒരു സാഹചര്യത്തിലും ആയുധം കൈയിലെടുക്കാത്ത നിലപാടിനെയല്ല ഗാന്ധിജി അഹിംസ എന്നുപറഞ്ഞത്. ഫലസ്തീനികള്‍ നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ സായുധ പോരാട്ടത്തെ ഗാന്ധിജി അംഗീകരിച്ചിരുന്നു.
ഉറച്ചുനിന്ന് പ്രതിസന്ധികളെ നേരിടുന്നതാണ് ഗാന്ധിജി വിഭാവനം ചെയ്ത അഹിംസ.  അതിനാലാണ് ഗാന്ധിജി ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണച്ചത്.  സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ ദശവാര്‍ഷിക പരിപാടികളുടെ ഭാഗമായ യൂത്ത് സ്പ്രിങ്ങിലെ ഓപണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക രാഷ്ട്രീയ സാഹചര്യത്തില്‍  ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യക്തിയാണ് ഗാന്ധി. സ്വന്തത്തെ നിലക്ക് നിര്‍ത്തി സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കാന്‍ ഗാന്ധി വ്യക്തികളെ പരിശീലിപ്പിച്ചു. മനസ്സിലും ആത്മാവിലും ശരീരത്തിലും അഹിംസ പരിശീലിക്കേണ്ടതുണ്ട്. ഗാന്ധി സ്വന്തം ശരീരത്തെക്കുറിച്ചും ശരീര ഭാരത്തെക്കുറിച്ചും ശ്രദ്ധയുള്ളയാളായിരുന്നു. സമഗ്രമായ വ്യക്തി സാമൂഹിക രാഷ്ട്രീയ നയമാണ് ഗാന്ധിയുടെ അഹിംസയെന്നും അദ്ദേഹം വിലയിരുത്തി.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, പ്രവര്‍ത്തക സമിതിയംഗം ശഹിന്‍ കെ. മൊയ്തുണ്ണി, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ യാസീന്‍ അശ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഞായറാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന സമാപന ചടങ്ങില്‍ ബ്രിട്ടനിലെ റെസ്പെക്ട് പാര്‍ട്ടിയുടെ മുന്‍ ചെയര്‍പേഴ്സന്‍ സല്‍മാ യാക്കൂബ്, ഡോ. നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍, പ്രഫ.കെ.എ. സിദ്ദീഖ് ഹസന്‍, ടി. ആരിഫലി എന്നിവര്‍ പങ്കെടുക്കും.
ഗതാഗത നിയന്ത്രണം
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് സ്പ്രിങ് സമാപനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരുമായി വരുന്ന മലപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മീഞ്ചന്ത, പുഷ്പ ജങ്ഷന്‍, ഫ്രാന്‍സിസ് റോഡ് വഴി ബീച്ചിലും മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നും വരുന്നവ സി.എച്ച് ഓവര്‍ബ്രിഡ്ജ് വഴിയും ബാലുശ്ശേരി ഭാഗത്തുനിന്നുള്ളവ എരഞ്ഞിപ്പാലം ക്രിസ്ത്യന്‍കോളജ്, ഗാന്ധിറോഡ് വഴിയും കണ്ണൂര്‍ ഭാഗത്തുനിന്നുള്ളവ വെങ്ങാലി വഴിയും ബീച്ചില്‍ എത്തണം.

Saturday, May 18, 2013

സോളിഡാരിറ്റി യൂത്ത് സ്പ്രിങ്ങിന് പ്രൗഢമായ തുടക്കം

 സോളിഡാരിറ്റി യൂത്ത് സ്പ്രിങ്ങിന് പ്രൗഢമായ തുടക്കം
കോഴിക്കോട്: പ്രതിരോധ സമരങ്ങളുടെ പത്തു വര്‍ഷത്തെ അനുഭവക്കരുത്തുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ ദശവാര്‍ഷികാഘോഷം ‘യൂത്ത് സ്പ്രിങ്ങിന്’ കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ തുടക്കം. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകയും ഗവേഷകയുമായ സാറ മര്‍സേക് മൂന്നു ദിവസത്തെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
അമിതമായ സ്വകാര്യവത്കരണം മൂലം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഴിമതി രാഷ്ട്രമായി മാറിയെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച്  മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷണ്‍  പറഞ്ഞു. ധാതുസമ്പത്തുകൊണ്ട് സമ്പന്നമാണ് ഇന്ത്യ. സാമ്പത്തിക ഉദാരവത്കരണത്തിന്‍െറ ഭാഗമായി ധാതു ഖനന മേഖല സ്വകാര്യവത്കരിച്ചപ്പോള്‍ ആദിവാസികളടക്കമുള്ള അധ$സ്ഥിതരെ അവരുടെ ആവാസ കേന്ദ്രങ്ങളില്‍നിന്ന് ആട്ടിപ്പായിക്കുകയാണ് സര്‍ക്കാറും സ്വകാര്യ മുതലാളിമാരും. ഇതിനെ പ്രതിരോധിക്കുന്നവരെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി പീഡിപ്പിക്കുന്നു.
 സി.ബി.ഐയും പൊലീസുമൊക്കെ ഭരിക്കുന്നവരുടെ ഉപകരണമാണ്. അഴിമതി നടത്തുന്നവര്‍ തന്നെയാണ് അത് അന്വേഷിക്കുന്ന സി.ബി.ഐ പോലുള്ള ഏജന്‍സികളെയും പൊലീസിനെയും നിയന്ത്രിക്കുന്നത്. പൊലീസ്-സി.ബി.ഐ ഘടനയിലും മറ്റും സമഗ്ര അഴിച്ചുപണി  അനിവാര്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു.
പ്രതിരോധത്തിന്‍െറ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ സോളിഡാരിറ്റിക്ക് സാധിച്ചു എന്ന് അദ്ദേഹംപറഞ്ഞു. എം.ഐ. അബ്ദുല്‍ അസീസ്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഫീര്‍ഷാ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ശിഹാബ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായുള്ള എക്സിബിഷന്‍ ചെറുകഥാകൃത്ത് പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. ഫിലിംഫെസ്റ്റിവല്‍ സിനിമാ സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്തു. മധു ജനാര്‍ദനന്‍, പി. ബാബുരാജ്, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവസേവന പ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ തൃശൂര്‍ കിഡ്നി കെയര്‍  ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഫാദര്‍ ഡേവിഡ് ചിറമേല്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ഇദ്രീസ്, വി. മുഹമ്മദ്കോയ, സിദ്ദീഖ് കളന്‍തോട്, കരീം കാരശ്ശേരി, റഈസ് വെളിമുക്ക്, ബഷീര്‍ കൊണ്ടോട്ടി എന്നിവരെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ടി.കെ. ഹുസൈന്‍, കെ.കെ. ബഷീര്‍, ജലീല്‍ മോങ്ങം എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കുടുംബ വിചാരണ സദസ്സ് വ്യത്യസ്ത മേഖലയില്‍നിന്നുള്ളവരുടെ ആശയസംവാദം കൊണ്ട് ശ്രദ്ധേയമായി. കുടുംബഘടനയിലെ പുതിയ മാറ്റങ്ങളോടും പുതുതലമുറയിലെ ശീലങ്ങളോടും ഉള്ള സമൂഹത്തിന്‍െറ നിസ്സംഗത ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധികള്‍ കുടുംബങ്ങളില്‍ രൂപപ്പെടാന്‍ ഇടയാക്കുമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രഫ. എന്‍.പി. ഹാഫിസ് മുഹമ്മദ്, നാസിറുദ്ദീന്‍ ആലുങ്ങല്‍, ഹബീബ ഹുസൈന്‍, സഫിയ അലി, കെ. ജസീം, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ പങ്കെടുത്തു. വൈ. ഇര്‍ശാദ് മോഡറേറ്ററായിരുന്നു. കവിസദസ്സ് പി.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വീരാന്‍കുട്ടി, സഹീറാ തങ്ങള്‍, ജമീല്‍ അഹമ്മദ്, മലികാ മറിയം, ജസീല്‍ പേരാമ്പ്ര തുടങ്ങിയവര്‍  പങ്കെടുത്തു. യൂത്ത് കള്‍ചര്‍ സംവാദം ഡോ. പി.കെ. പോക്കര്‍ ഉദ്ഘാടനം ചെയ ്തു. താഹ മാടായി, കെ.പി. ശശി, കെ.കെ. ബാബുരാജ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എ.എസ്. അജിത്കുമാര്‍, സി. ദാവൂദ്, എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
ഇന്ന്  യുവജന രാഷ്ട്രീയം സിമ്പോസിയം, യുവസംരംഭകരുടെ ഒത്തുചേരല്‍, വേറിട്ട ആക്ടിവിസ്റ്റുകളുടെ ഒത്തുചേരല്‍, ന്യൂ മീഡിയ ആക്ടിവിസം, കഥാവേദി, യൂത്ത് ക്ളബുകളുടെ ഗ്രാന്‍റ് ഫിനാലെ, ഡോക്യുമെന്‍ററി, പ്രദര്‍ശനം, നാടകം എന്നിവ നടക്കും.


പ്രതിരോധത്തിന് ആത്മീയാടിത്തറ
വേണം -സാറ മര്‍സേക്
കോഴിക്കോട്: ജീവിതത്തിന്‍െറ എല്ലാ മേഖലകളിലും യുവാക്കള്‍ പ്രതിരോധം ശക്തമാക്കണമെന്ന് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകയും ഗവേഷകയുമായ സാറ മര്‍സേക്. സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ദുര്‍ബലരെ പാര്‍ശ്വവത്കരിക്കുകയും അവരെ മാനസികമായി കീഴ്പ്പെടുത്തുകയുമാണ് നവലിബറലിസം ചെയ്യുന്നത്. ഉദാരവത്കരണത്താല്‍ മനസ്സിനും ശരീരത്തിനും പക്ഷാഘാതം സംഭവിച്ചുപോയവരാണ് അമേരിക്കന്‍ യുവത. അവരെ കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സങ്കടമാണ്. എന്നാല്‍, ഫലസ്തീന്‍ ജനതയുടെ പോരാട്ടവീര്യം ലോകത്തെ വിപ്ളവ പ്രസ്ഥാനങ്ങള്‍ക്ക് ആവേശമാണ്.
വിശ്വാസത്തില്‍ ഊന്നിയ പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് പ്രതിരോധശേഷിയുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുന്നത് എന്നതാണ് എന്‍െറ ഗവേഷണ വിഷയം. വിമോചനത്തിന്‍െറ ആത്മീയ പാഠങ്ങള്‍ അറിയുകയും പഠിക്കുകയും ചെയ്യണം. അടിച്ചമര്‍ത്തപ്പെടുന്നവരെ എല്ലാവിധ ബന്ധനങ്ങളില്‍നിന്നും മോചിപ്പിക്കാന്‍ ആത്മീയാടിത്തറയുള്ള പ്രതിരോധം ഉയര്‍ന്നുവരണമെന്നും അവര്‍ പറഞ്ഞു. സോളിഡാരിറ്റിയില്‍ ആത്മീയ രാഷ്ട്രീയത്തിന്‍െറ മാതൃക തനിക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്നതായും അവര്‍ പറഞ്ഞു.

Thursday, May 16, 2013

YOUTH SPRING




സോളിഡാരിറ്റി ദശവാര്‍ഷികാഘോഷം യൂത്ത് സ്പ്രിങ്ങിന് ഒരുക്കം പൂര്‍ത്തിയായി

 സോളിഡാരിറ്റി ദശവാര്‍ഷികാഘോഷം
യൂത്ത് സ്പ്രിങ്ങിന് ഒരുക്കം പൂര്‍ത്തിയായി
കോഴിക്കോട്: വ്യത്യസ്ത ആവിഷ്കാരങ്ങളോടെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ 10ാം വാര്‍ഷികാഘോഷത്തിന് കോഴിക്കോട് കടപ്പുറത്ത് ഒരുക്കം പൂര്‍ത്തിയായി. പതിവു സമ്മേളന അജണ്ട തിരുത്തിയാണ് യൂത്ത് സ്പ്രിങ് എന്ന പേരില്‍ മേയ് 17, 18, 19 തീയതികളില്‍ സംഘടനയുടെ ദശവാര്‍ഷിക പരിപാടി നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രത്യേകം സജ്ജമാക്കിയ പന്തലില്‍, ഒരേസമയം വിവിധ വേദികളില്‍ വ്യത്യസ്ത പരിപാടികള്‍ ഉണ്ടാവും. 17ന് രാവിലെ 10ന്  ബ്രിട്ടണിലെ റെസ്പെക്ട് പാര്‍ട്ടി മുന്‍ ചെയര്‍പേഴ്സനും യുദ്ധവിരുദ്ധ കൂട്ടായ്മ നേതാവുമായ സല്‍മാ യാഖൂബ് പരിപാടി  ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രശാന്ത് ഭൂഷണ്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വൈവിധ്യം നിറഞ്ഞ ആശയാവിഷ്കാരവുമായി നടക്കുന്ന പ്രദര്‍ശനമാണ് യൂത്ത് സ്പ്രിങ്ങിന്‍െറ സവിശേഷതയെന്ന് സംഘാടകര്‍ പറഞ്ഞു. വികസന ബദല്‍ മാതൃകകള്‍, പ്രവാസി യൂത്ത് പവലിയന്‍, പരിസ്ഥിതി സൗഹൃദ കാര്‍ഷിക- പാര്‍പ്പിട മാതൃകകള്‍,  ആനുകാലിക വിഷയങ്ങള്‍ ആവിഷ്കരിക്കുന്ന ശില്‍പങ്ങള്‍, ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തിനായി തിയറ്ററും സജ്ജമായിട്ടുണ്ട്. സോളോ പെര്‍ഫോമന്‍സുകള്‍ക്കുവേണ്ടി ഓപണ്‍ സ്റ്റേജുമുണ്ട്.
സേവന പ്രതിഭകളെ ആദരിക്കുന്ന വേദി ഒന്നില്‍ 17ന് ഡോ. ഇദ്രീസ്, മുരുകന്‍ തെരുവോരം, ലൈലാ സെന്‍, വി. മുഹമ്മദ് കോയ, കെ.ബി. ജോയ്, സിദ്ദീഖ് കളന്‍തോട്, ഫാ. ഡേവിഡ് ചിറമേല്‍, ഡോ. പന്ന്യന്‍ കുര്യന്‍, റഈസ് വെളിമുക്ക് എന്നിവരെ ആദരിക്കും. ജനപ്രതിനിധികളുടെയും മികച്ച ക്ളബുകളുടെയും റിയാലിറ്റി ഷോ, യൂത്ത് കള്‍ചര്‍ സംവാദം, കവിസദസ്സ്, മെലോഡ്രാമ എന്നിവയാണ് ഒന്നാംദിവസത്തെ പരിപാടികള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവ സംരംഭകരുടെ അനുഭവം പങ്കിടല്‍, യുവജന പ്രതിനിധി സംഗമം, ആക്ടിവിസ്റ്റുകളുടെ ഒത്തുചേരല്‍, കഥാചര്‍ച്ച, യുവജന രാഷ്ട്രീയ സിമ്പോസിയം, യൂത്ത് ക്ളബുകളുടെ ഗ്രാന്‍ഡ് ഫിനാലെ എന്നീ പരിപാടികളുണ്ടാവും. സമാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4.30ന് അമേരിക്കയിലെ ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ നോര്‍മല്‍ ഫിങ്കല്‍സ്റ്റീന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7.30ന് റവലൂഷന്‍ ബാന്‍ഡോടെ യൂത്ത് സ്പ്രിങ് സമാപിക്കും.

Wednesday, May 15, 2013

സോളിഡാരിറ്റി യൂത്ത് സ്പ്രിങ് 17 മുതല്‍ കോഴിക്കോട്ട്

സോളിഡാരിറ്റി യൂത്ത് സ്പ്രിങ്
17 മുതല്‍ കോഴിക്കോട്ട്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് മേയ് 17, 18, 19 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രിട്ടനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ബര്‍മിങ്ഹാം യുദ്ധവിരുദ്ധ കൂട്ടായ്മയുടെ അധ്യക്ഷയുമായ സല്‍മ യാക്കൂബ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും.
വേറിട്ട കണ്ടുപിടിത്തങ്ങളുടെയും ബദല്‍ വികസന മാതൃകകളുടെയും പ്രദര്‍ശനം, പോരാട്ട ഗാനങ്ങളുടെ അവതരണമായ റെവലൂഷന്‍ ബാന്‍ഡ്, മൂന്നു ദിനം നീളുന്ന ഫിലിം ഫെസ്റ്റ്, തെരുവ്/അരങ്ങ് നാടകങ്ങള്‍, സമരാവിഷ്കാരങ്ങള്‍, വേറിട്ട സാമൂഹിക സേവന പ്രവര്‍ത്തകരുടെ സംഗമം, പ്രവാസി യൂത്ത്, യുവജന രാഷ്ട്രീയ, സംസ്കാര സംവാദങ്ങള്‍, യുവ സംരംഭകരുടെ ഒത്തുചേരല്‍, ന്യൂമീഡിയാ രംഗത്തെ പ്രമുഖരുടെ ടോക് ഷോ, യൂത്ത് ക്ളബുകളുടെ ഗ്രാന്‍ഡ് ഫിനാലെ തുടങ്ങി വിവിധ പരിപാടികളാണ് മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കുക. അമേരിക്കന്‍ ബുദ്ധിജീവിയും എഴുത്തുകാരനുമായ ഡോ. നോര്‍മന്‍ ഫിങ്കല്‍സ്റ്റിന്‍, അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷക ഡോ. സാറാ മര്‍സേക്ക്, പ്രശാന്ത് ഭൂഷന്‍, കെ. സച്ചിദാനന്ദന്‍, എ.കെ. രാമകൃഷ്ണന്‍, ഇ.വി. രാമകൃഷ്ണന്‍, പി.പി. രാമചന്ദ്രന്‍, ഗള്‍ഫാര്‍ മുഹമ്മദലി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
പൂക്കാട് കലാവേദി അവതരിപ്പിക്കുന്ന നാടകം, അമീന്‍ യാസര്‍ നേതൃത്വം നല്‍കുന്ന സംഗീത നിശ, എന്നിവയും അരങ്ങേറും. സോളിഡാരിറ്റിയുള്ള കേരളത്തിന് പത്ത് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ യുവാക്കളുടെ പാട്ടും പോരാട്ടവും സംഗമിക്കുന്ന ആഘോഷങ്ങളാണ്  യൂത്ത് സ്പ്രിങ്ങിലൂടെ സാധ്യമാകുന്നതെന്ന് പി.ഐ. നൗഷാദ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ടി. മുഹമ്മദ് വേളം, കളത്തില്‍ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂര്‍, ശഹീന്‍ കെ. മൊയ്തുണ്ണി എന്നിവരും പങ്കെടുത്തു.