ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, March 10, 2012

മലയാള സിനിമയില്‍ നടക്കുന്നത് പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി

 മലയാള സിനിമയില്‍ നടക്കുന്നത്
പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി
കണ്ണൂര്‍: പ്രതിലോമ രാഷ്ട്രീയവത്കരണത്തിനുള്ള  ശ്രമങ്ങളാണ് മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന്  ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ‘ആദിമധ്യാന്തം’ സിനിമയുടെ സംവിധായകന്‍ ഷെറി അഭിപ്രായപ്പെട്ടു.  സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ടൗണ്‍സ്ക്വയറില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പ്രതിലോമപരമായ ഉള്ളടക്കങ്ങളുമായാണ് മലയാളത്തില്‍ സിനിമകള്‍ ഇറങ്ങുന്നത്. തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ ‘ആദിമധ്യാന്തം’ തഴയപ്പെട്ടപ്പോള്‍ തങ്ങളുടെ ഭാഗം ആദ്യമായി ലോകത്തിനു മുന്നില്‍ പറയാന്‍ വഴിതന്നത് ‘മാധ്യമം’പത്രമാണ്. സിനിമക്ക് ഇന്ന് ലഭിച്ച അംഗീകാരത്തിന് മാധ്യമത്തോട് കടപ്പെട്ടിരിക്കുന്നു.ആനന്ദ് പട്വര്‍ധന്‍ ഇന്ത്യന്‍ ജാതീയതയെക്കുറിച്ച് ചെയ്ത ഡോക്യുമെന്‍ററിക്ക് ഉത്തരേന്ത്യയില്‍ വലിയ ജനക്കൂട്ടമാണ് ലഭിക്കുന്നത്.
ഈ ആള്‍ക്കൂട്ടങ്ങള്‍ ഭരണാധികാരികളെ ഭയപ്പെടുത്താന്‍  തുടങ്ങിയിരിക്കുന്നു.  മലയാളത്തിലും അത്തരം സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ട്. അവയെ മുളയിലേ  നുള്ളിക്കളയാനുള്ള ശ്രമങ്ങളുമുണ്ടെന്ന് ഷെറി ചൂണ്ടിക്കാട്ടി. ആദിമധ്യാന്തം സിനിമയുടെ നിര്‍മാതാവ് പി.എ. റഷീദിനെയും ആദരിച്ചു.  സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഷെറിക്കും റഷീദിനും ഉപഹാരം നല്‍കി.

സര്‍ഗസായാഹ്നം

സര്‍ഗസായാഹ്നം
കണ്ണൂര്‍: തനിമ കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ടൗണ്‍സ്ക്വയറില്‍ സര്‍ഗ സായാഹ്നം സംഘടിപ്പിച്ചു.  തനിമ രക്ഷാധികാരി ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ധാര്‍മികതയിലും നന്മയിലുമൂന്നിയ കലാസൃഷ്ടികളാണ് ഉണ്ടാവേണ്ടതെന്നും അത്തരം സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
 ചടങ്ങില്‍ തനിമ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.തനിമ സംസ്ഥാന കമ്മിറ്റിയംഗം ടി.പി. മുഹമ്മദ് ശമീം സംസാരിച്ചു. സെക്രട്ടറി സി.പി.മുസ്തഫ സ്വാഗതം പറഞ്ഞു.
കവിയരങ്ങ് കളത്തില്‍ ബഷീര്‍ കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. പപ്പന്‍ ചെറുതാഴം, അബ്ദുല്‍ അസീസ് പുതിയങ്ങാടി, പുരുഷന്‍ ചെറുകുന്ന് എന്നിവര്‍ കവിത ആലപിച്ചു. തുടര്‍ന്ന് തനിമ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേളയും നടന്നു.

ISLAMIC SPEECH

കുടുക്കിമൊട്ടയില്‍ നാല് കടകളില്‍ മോഷണം

 കുടുക്കിമൊട്ടയില്‍ നാല്
കടകളില്‍ മോഷണം
കാഞ്ഞിരോട്: കുടുക്കിമൊട്ട ടൗണിലെ കടകളില്‍ മോഷണം. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് നാലു കടകളില്‍ മോഷണം നടന്നത്. കെ. നജീബിന്‍െറ ഉടമസ്ഥതയിലുള്ള ബേക്കറി,ഫ്രൂട്സ്കട, കുടുംബശ്രീ സംരംഭമായ പൗര്‍ണമി ടെക്സ്റ്റൈല്‍, ട്രെന്‍ഡ് ടെയ്ലേഴ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ ഷട്ടര്‍ തകര്‍ന്ന നിലയിലാണ്. തുണിത്തരങ്ങളും പണവും നഷ്ടപ്പെട്ടതായി ഉടമസ്ഥര്‍ അറിയിച്ചു. ചക്കരക്കല്‍ പൊലീസ് കേസെടുത്തു.

ചേലോറ സമരനായികമാരെ ആദരിച്ചു

ചേലോറ സമരനായികമാരെ ആദരിച്ചു
ചേലോറ മാലിന്യവിരുദ്ധ സമരനായികമാരെ ലോക വനിതാ ദിനത്തില്‍ മാനിഷാദ സാംസ്കാരിക വേദി പൊന്നാടയണിയിച്ച് ആദരിച്ചു. സമരനായികമാരായ താളിയന്‍കമല, ജമീല, പന്ന്യോട്ട് ശ്യാമള, സദ്ഗുരു രാധ, കൗസല്യ എന്നിവരെ വീട്ടമ്മയായ ഖദീജ പൊന്നാട അണിയിച്ചു. രമ്യന്‍ ഏച്ചൂര്‍ അധ്യക്ഷത വഹിച്ചു.
ചാലോടന്‍ രാജീവന്‍, കെ.പി. അബൂബക്കര്‍, കെ.കെ. മധു, സുഹൈല, സദ്ഗുരു രാധ, പന്ന്യോട്ട് ശ്യാമള, ജമീല, താളിയന്‍കമല എന്നിവര്‍ സംസാരിച്ചു.

നഴ്സുമാരുടെ സമരം: ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി

 
 
 
 നഴ്സുമാരുടെ സമരം: 
ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി
എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടി മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. അകാരണമായി പിരിച്ചുവിട്ട നഴ്സുമാരെ മാനേജ്മെന്‍റ് തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് സ്വാഗതവും റിവിന്‍ ജാസ് നന്ദിയും പറഞ്ഞു.

ഒൗഷധ വിലനിര്‍ണയത്തില്‍ സര്‍ക്കാറും എം.പിമാരും ഇടപെടണം -സോളിഡാരിറ്റി

 ഒൗഷധ വിലനിര്‍ണയത്തില്‍
സര്‍ക്കാറും എം.പിമാരും
ഇടപെടണം  -സോളിഡാരിറ്റി
കൊച്ചി: കേന്ദ്ര ഒൗഷധ വിലനിര്‍ണയ നയത്തില്‍ കേരള സര്‍ക്കാറും എം.പിമാരും അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി.  2001 ല്‍ സ്വീകരിച്ച വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ’2005ലെ ഉല്‍പന്ന പേറ്റന്‍റ് രീതി തുടങ്ങിയ തെറ്റായ സമീപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒൗഷധ മേഖല തകര്‍ക്കുകയും വിദേശ കുത്തകകള്‍ക്ക് അമിതലാഭം നേടുന്ന വിപണിയായി ഇന്ത്യയെ മാറ്റുകയും ചെയ്തിരിക്കുന്നു.  വില കുറഞ്ഞ മരുന്ന് വിപണിയിലിറക്കിയിരുന്ന റാന്‍ബാക്സി, മാട്രിക്സ് ലബോറട്ടറീസ്, പിരമില്ല്, ശാന്ത ബയോടെക് തുടങ്ങി ഇന്ത്യയിലെ പ്രധാന  കമ്പനികളെയെല്ലാം വിദേശ കമ്പനികള്‍ വിലക്കെടുത്തുകഴിഞ്ഞു. അതിനാല്‍  അടിസ്ഥാന മരുന്നുകളില്‍ പലതിനും  അഞ്ചുവര്‍ഷത്തിനുള്ളില്‍  പത്തിരട്ടിയിലധികം  വര്‍ധനയുണ്ടായതായി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നയരേഖയുടെ കരട് നവംബറില്‍  എം.പിമാര്‍ക്കും  സംസ്ഥാനങ്ങള്‍ക്കും  അയച്ചുകൊടുത്തിട്ടും രാജസ്ഥാനിലെ ഒരു എം.പി ഒഴിച്ച് ആരും പ്രതികരിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരെ ഭീതിജനകമായ രീതിയില്‍ ബാധിക്കുന്നതാണ് ബില്ലിലെ നിര്‍ദേശങ്ങള്‍. ആരോഗ്യ സാക്ഷരത വര്‍ധിച്ച കേരളമാണ് മൊത്തം  ഉല്‍പാദനത്തിന്‍െറ 15 ശതമാനം മരുന്നും ഉപയോഗിക്കുന്നത്. ചികിത്സാച്ചെലവ് രൂക്ഷമായ കേരളത്തിലെ സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷയെ ഗുരുതരമായി  ബാധിക്കുന്ന ബില്ലിനെതിരെ  കേരളത്തിലെ മുഴുവന്‍ എം.പിമാരും സര്‍ക്കാറും  രംഗത്തിറങ്ങണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു.

ന്യൂമാഹി പഞ്ചായത്തിന്‍െറ നിലപാട് സ്വാഗതാര്‍ഹം

ന്യൂമാഹി പഞ്ചായത്തിന്‍െറ
നിലപാട് സ്വാഗതാര്‍ഹം
തലശ്ശേരി: ശുദ്ധവായു, കുടിവെള്ളം എന്നിവക്കായി പെട്ടിപ്പാലത്ത് അമ്മമാര്‍മുന്‍കൈയെടുത്ത് നടത്തുന്ന സമരത്തെ തകര്‍ക്കാന്‍ പൊലീസ് നടപടിയുണ്ടാവുകയാണെങ്കില്‍ ജനങ്ങളുടെ കുടെ നില്‍ക്കുമെന്ന് പറഞ്ഞ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജയുടെ നിലപാട് മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ് സ്വാഗതം ചെയ്തു. സമരം 130 ദിവസം പിന്നിടുമ്പോഴും വിജയം വരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ഏത് സാഹചര്യത്തെയും നേരിടാന്‍ ധീരമായി മുന്നേറുകയാണ് ഇവിടുത്തെ അമ്മമാര്‍. വരുംതലമുറയുടെ രക്ഷക്കും നാടിന്‍െറ മോചനത്തിനുമായി പോരാടുന്ന അമ്മമാരെ ഭൂമാഫിയയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നര്‍ ഭൂമാഫിയ നടത്തിയ ഇടപാടിന്‍െറ രേഖകള്‍ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വനിതകളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ച് ലോക വനിതാദിനമാചരിക്കുന്ന വേളയില്‍ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന പുന്നോല്‍പെട്ടിപ്പാലത്തെ അമ്മമാര്‍ക്ക് നീതി ലഭ്യമാക്കണമെന്നും നാടിന്‍െറ ആവാസവ്യവസ്ഥയെ തകര്‍ത്ത തലശ്ശേരി നഗരസഭയെ പിടിച്ചുകെട്ടണമെന്നും മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

ചേലോറയിലേത് അതിജീവനത്തിനായുള്ള പോരാട്ടം

ചേലോറയിലേത് അതിജീവനത്തിനായുള്ള പോരാട്ടം
കണ്ണൂര്‍: ചേലോറ നിവാസികളുടേത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ. 75 ദിവസം പിന്നിട്ട സമരത്തിന് നേതൃത്വം നല്‍കിയ വനിതകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രമ്യന്‍ ഏച്ചുര്‍ അധ്യക്ഷത വഹിച്ചു. രാജീവന്‍ ചാലോടന്‍, ജി.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ടി. സുഹൈല, കെ.പി. അബൂബക്കര്‍ തുടങ്ങിയവര്‍സംസാരിച്ചു. കെ.കെ. മധു സ്വാഗതം പറഞ്ഞു. താളിയന്‍ കമല, പി. ജമീല, പി. രാധ , പന്നിയോട്ടു ശ്യാമള, പി. കൗസല്യ തുടങ്ങിയവരെയാണ് ആദരിച്ചത്.