ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 3, 2013

പഴശ്ശി പദ്ധതി കനാല്‍ സമാന്തര പാത; സര്‍ക്കാറിന് വിമുഖത

 പഴശ്ശി പദ്ധതി കനാല്‍ സമാന്തര പാത;
സര്‍ക്കാറിന് വിമുഖത
കണ്ണൂര്‍: പഴശ്ശി പദ്ധതിയുടെ ഭാഗമായ കനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സമാന്തര പാതയാക്കി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശത്തിന് പ്രാധാന്യമേറുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഏറെ ഉപകരിക്കുന്ന പദ്ധതി നിര്‍ദേശം പരിഗണിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല.
പഴശ്ശി അണക്കെട്ടില്‍ നിന്നാരംഭിച്ച് കണ്ണൂര്‍ കക്കാട് അവസാനിക്കുന്ന മെയിന്‍ കനാലിന്‍െറ ഇരു കരകളും മട്ടന്നൂരിലെ നിര്‍ദിഷ്ട വിമാനത്താവളത്തിലേക്കുള്ള സമാന്തര റോഡായി വികസിപ്പിക്കണമെന്നാണ് നിര്‍ദേശം.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ പഠനവിഭാഗം ജനകീയ കാമ്പയിന്‍െറ ഭാഗമായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.
കണ്ണൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനുള്ള ബദല്‍ മാര്‍ഗമെന്ന നിലയിലാണ് പദ്ധതി നിര്‍ദേശിച്ചത്. 1967ല്‍ കമീഷന്‍ ചെയ്ത പഴശ്ശി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നിരവധി കനാലുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്. ഏക്കര്‍കണക്കിന് പുറമ്പോക്ക് ഭൂമിയും ഇതോടനുബന്ധിച്ചുണ്ട്.
കക്കാടുനിന്ന് അതിരകം, വലിയന്നൂര്‍, ഏച്ചൂര്‍, കാഞ്ഞിരോട്, തലമുണ്ട, മുഴപ്പാല, അഞ്ചരക്കണ്ടി, മുരിങ്ങേരി വഴി മട്ടന്നൂര്‍ റോഡുമായി ബന്ധപ്പെടുന്ന കനാലിന്‍െറ ദൈര്‍ഘ്യം 21 കിലോമീറ്ററാണ്. ഇതുവഴി ഇപ്പോള്‍ 15 കിലോമീറ്റര്‍ റോഡ് ഗതാഗതമുണ്ട്.
12 മീറ്റര്‍ വീതിയുള്ള കനാലിന്‍െറ ഇരുഭാഗത്തും ഏഴുമീറ്റര്‍ വീതിയില്‍ റോഡ് നിലവിലുണ്ട്. ഇരുവശങ്ങളിലുമായി മൂന്നുമീറ്ററോളം പുറമ്പോക്ക് ഭൂമിയുമുണ്ട്. ഇത് ഉപയോഗപ്പെടുത്തി സമാന്തര റോഡായി വികസിപ്പിക്കണമെന്നാണ് നിര്‍ദേശം.
 ഭൂമി ഏറ്റെടുക്കാതെ ചുരുങ്ങിയ ചെലവില്‍ ബദല്‍ പാത സാധ്യമാക്കാനാവും എന്നതാണ് പദ്ധതിയുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്.
കനാലിന്‍െറ ഇരുവശങ്ങളിലും 3.5 മീറ്റര്‍ വീതിയിലുള്ള ട്രാക്കുകള്‍ ഉണ്ടാക്കി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്നും ട്രാക്കുകളുടെ ഇടയില്‍ ചെടികള്‍ നട്ടുവളര്‍ത്തി ആകര്‍ഷകമാക്കാമെന്നും പദ്ധതി നിര്‍ദേശത്തില്‍ പറയുന്നു.
പാതക്കരികില്‍ വേലി സ്ഥാപിച്ച് ശേഷിച്ച പുറമ്പോക്ക് ഭൂമി പങ്കാളിത്ത വ്യവസ്ഥയില്‍ കൃഷി ആവശ്യത്തിന് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. മേലെചൊവ്വ മുതല്‍ നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളം വരെ നിലവിലുള്ള റോഡിന് 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കനാല്‍ പാത യാഥാര്‍ഥ്യമായാല്‍ ദൂരം 21 കിലോമീറ്ററായി ചുരുങ്ങുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാനാവുമെന്നാണ് പ്രതീക്ഷ. പരിഷത്ത് സംഘം വിശദമായ പരിശോധനയും പഠനവും നടത്തിയാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.
വിവിധ സന്നദ്ധ സംഘടനകള്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്.
 കനാല്‍ പുറമ്പോക്ക് ഭൂമി ഗതാഗതത്തിനും കൃഷിക്കും ഉപയോഗപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റിയും മുണ്ടേരി വില്ളേജ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. 
Courtesy: Madhyamam

BODHANAM


കുരുന്നുകളുടെ ഭവന നിര്‍മാണ ഫണ്ട് ശേഖരം മാതൃകയായി

 കുരുന്നുകളുടെ ഭവന നിര്‍മാണ
ഫണ്ട് ശേഖരം മാതൃകയായി
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘത്തിലെ പാവപ്പെട്ട ഒരുകുടുംബത്തിന് ഒരുവീട് എന്ന പദ്ധതിയുടെ ഭാഗമായി കുരുന്നുകള്‍ നടത്തിയ ഫണ്ട് ശേഖരം മാതൃകയായി. നിര്‍ധനനായ സഹപ്രവര്‍ത്തകന് വീടൊരുക്കാന്‍ മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയുടെ നിര്‍ദേശാനുസരണം ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിലെ കുരുന്നുകളുടെ കൂട്ടായ്മയില്‍ പിരിച്ചെടുത്ത സംഖ്യ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. 36,000 രൂപയാണ് കൊച്ചുകൂട്ടുകാര്‍ പിരിച്ചെടുത്തത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖില്‍ നിന്ന് മലര്‍വാടി ബാലസംഘം സംസ്ഥാന സ്കൂള്‍ കോഓഡിനേറ്റര്‍ എം.എച്ച്. റഫീഖ് തുക ഏറ്റുവാങ്ങി.  മലര്‍വാടി ബാലസംഘം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെങ്ങും പ്രവര്‍ത്തനം നടത്തിയപ്പോള്‍ അഞ്ച് വീട് പണിയാനുള്ള തുകയാണ് കിട്ടിയതെന്നും പാവപ്പെട്ട മറ്റുള്ളവര്‍ക്ക് കൂടി പദ്ധതിയിലൂടെ വീട് നിര്‍മിച്ചു നല്‍കുമെന്നും എം.എച്ച്. റഫീഖ് പറഞ്ഞു. ഐഡിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി.സി. മുനീര്‍ സംസാരിച്ചു. എ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു.

പ്രബന്ധ മത്സരം

 പ്രബന്ധ മത്സരം
ഇരിട്ടി: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രബന്ധമത്സരം നടത്തും. ‘മാതൃകാ മഹല്ല് എന്‍െറ ഭാവനയില്‍’ ആണ് വിഷയം. ജനുവരി 10നകം ഉളിയില്‍ മഹല്ല് അസോസിയേഷന്‍, നരേമ്പാറ, ഉളിയില്‍ പി.ഒ, മട്ടന്നൂര്‍, കണ്ണൂര്‍ 670 702 എന്ന വിലാസത്തില്‍ ലഭിക്കണം. email: umma@uliyil.com

നാലു ദിവസമായി വിഷപ്പുക തിന്ന് പുന്നോല്‍

 നാലു ദിവസമായി വിഷപ്പുക തിന്ന് പുന്നോല്‍
 തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിലുണ്ടായ അഗ്നി ബാധ നാല് ദിവസമായിട്ടും പൂര്‍ണമായും അണഞ്ഞില്ല. പ്ളാസ്റ്റിക്, ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് തീ പിടിച്ച് പുന്നോല്‍ പ്രദേശം വിഷപ്പുകമയമായിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് തീ പിടിച്ചത്. ബുധനാഴ്ച വൈകിയും തീ പൂര്‍ണമായും അണയാത്തതിനെ തുടര്‍ന്ന് വിഷ പുക ശ്വസിച്ച് പ്രദേശ വാസികള്‍ ഗുരുതര ആരോഗ്യ ഭീഷണി നേരിടുകയാണ്.
തലശ്ശേരി, ഫയര്‍ഫോഴ്സ് യൂനിറ്റത്തെി മൂന്ന് തവണ തീയണച്ചെങ്കിലും ശക്തമായ പുക ഇപ്പോഴും ഉയരുകയാണ്. ദുര്‍ഗന്ധവും പുകയും കാരണം തലശ്ശേരി -കോഴിക്കോട് ദേശീയപാതയിലൂടെ മൂക്കു പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. പുക കാരണം ബുധനാഴ്ച വൈകീട്ട് വാഹന ഗതാഗതം പോലും ദുഷ്കരമായിരുന്നു. പുകമയമായതിനെ തുടര്‍ന്ന് പുന്നോലിലെ മിക്ക കുടുംബങ്ങളും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതിനാല്‍ ഉള്ളിലുള്ള തീ പെട്ടെന്ന് അണയാന്‍ സധ്യതയില്ളെന്നാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ന്യൂ മാഹി പഞ്ചായത്ത് അധികൃതരും തലശ്ശേരി നഗരസഭയും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
തീ പിടിത്തത്തില്‍ നഗരസഭക്ക് ഒരു പങ്കുമില്ളെന്നും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ നാല് ദിവസമായിട്ടും തലശ്ശേരി, ന്യൂ മാഹി പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശ വാസികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിട്ടും ആരോഗ്യ വകുപ്പിന്‍െറ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പ്രദേശവാസികള്‍ ഗുരുതരമായ ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. പ്രദേശവാസികളില്‍ കടുത്ത ചുമ, കണ്ണെരിച്ചില്‍, ശ്വാസ തടസ്സം, തലകറക്കം എന്നിവ അനുഭവപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടു പോലുമില്ല.  പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിന്‍െറ തോതും തീരദേശ നിയമ ലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴച ഇവിടെ തീപ്പിടിത്തമുണ്ടായത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട പ്ളാസ്റ്റിക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് ബോധപൂര്‍വ്വം തീയിട്ടതാണെന്ന സംശയം പ്രദേശ വാസികള്‍ ഉന്നയിച്ചിരുന്നു. ഇത്രയും വിശാലമായ പ്രദേശത്ത് സ്വാഭാവികമായ രീതിയില്‍ തീപിടിത്തം ഉണ്ടാവില്ളെന്നും അതിനാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തലശ്ശേരി ഫയര്‍ഫോഴ്സ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ നടപടി സ്വീകരിക്കാത്ത ന്യൂമാഹി, നഗരസഭ അധികൃരുടെ നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍  പ്രതിഷേധിച്ചു. തലശ്ശേരി നഗരസഭ പുന്നോലുകാരുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പുകമയമായ പ്രദേശത്ത്ജീവിക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിയില്‍ പഞ്ചായത്ത്, നഗരസഭ ഓഫിസിലേക്ക് ജനങ്ങള്‍ താമസം മാറ്റും. മാലിന്യങ്ങള്‍ക്ക് തീയിട്ടതിനും കടല്‍ ഭിത്തി തകര്‍ത്ത് മാലിന്യങ്ങള്‍ കടലിലേക്ക് തള്ളിയതിനും നഗരസഭ അധികൃതര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
 പെട്ടിപ്പാലത്ത് അഞ്ച് ടണ്‍ ശേഷിയുള്ള ബയോഗ്യാസ്
മാലിന്യ സംസ്കരണ പ്ളാന്‍റിന് പദ്ധതി
തലശ്ശേരി: ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരസഭ നല്‍കുന്ന ബയോഗ്യാസ് പ്ളാന്‍റുകളുടെ വിതരണോദ്ഘാടനം ജനുവരി അഞ്ചിന് നടക്കുമെന്ന് ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പെട്ടിപ്പാലത്ത് അഞ്ച് ടണ്‍ ശേഷിയുള്ള പ്ളാന്‍റ് സ്ഥാപിക്കും. ഇതിന് നടപടികള്‍ പൂര്‍ത്തിയായി.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 21 വാര്‍ഡുകളിലെ 1000 വീടുകളിലും നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്ളാന്‍റ് വിതരണം ചെയ്യും. രണ്ടര കിലോ ഗ്രാം ശേഷിയുള്ള ബയോഗ്യാസ് പ്ളാന്‍റുകളാണ് വീടുകളില്‍ വിതരണം ചെയ്യുക. ഇതിന് 6,500 രൂപയാണ് നിര്‍മ്മാണ ചെലവ്. ഇതില്‍ 1650 രൂപ ഉപഭോക്താവും ബാക്കി തുക ശുചിത്വ മിഷനും വഹിക്കും.
ഏഴര കിലോ ശേഷിയുള്ള പ്ളാന്‍റാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കുക. 10,000 രൂപ നിര്‍മാണ ചെലവ് വരുന്ന ഇതിന്‍െറ തുക പകുതി നഗരസഭയും പകുതി ശുചിത്വ മിഷനും വഹിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൗണ്‍ ഹാള്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പ്ളാന്‍റുകള്‍ വിതരണം ചെയ്യുക.
പെട്ടിപ്പാലത്തിന് പുറമെ സെയ്ദാര്‍പള്ളി, ചാലില്‍, ലോട്ടസ് എന്നിവിടങ്ങളിലും ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കും. എന്നാല്‍, ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതേയുള്ളു. പെട്ടിപ്പാലത്ത് പ്ളാന്‍റ് സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും നഗരസഭ അധികൃതര്‍ അറിയിച്ചു. പൊതു ഇടങ്ങള്‍ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ മിഷന്‍െറ സഹകരണത്തോടെ നഗരസഭ ബയോഗ്യാസ് പ്ളാന്‍റുകള്‍ വിതരണം ചെയ്യുന്നത്.
സഹകരണ ഏജന്‍സിയായ റെയ്ഡ്കോ, സ്വകാര്യ ഏജന്‍സിയായ സൂര്യ എന്നിവയുടെ നേതൃത്വത്തിലാണ് പ്ളാന്‍റുകള്‍ സഥാപിക്കുന്നത്. ഒരു വര്‍ഷം വരെയുള്ള പ്ളാന്‍റുകളുടെ അറ്റകുറ്റപ്പണി ഏജന്‍സിയുടെ ഉത്തരവാദിത്തത്തില്‍ നിര്‍വഹിച്ച് കൊടുക്കും.
പ്ളാന്‍റുകളുടെ വിതരണോദ്ഘാടനം അഞ്ചിന് വൈകീട്ട് മുന്നിന് ടൗണ്‍ഹാളില്‍ കോടിയേരി  ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. സബ് കലക്ടര്‍ ടി.വി. അനുപമ പ്ളാന്‍റുകള്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ അധ്യക്ഷത വഹിക്കും. ശുചിത്വ മിഷന്‍ ഡയറക്ടര്‍ ജോര്‍ജ് ചക്കാച്ചേരി പദ്ധതി വിശദീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ സി.കെ. രമേശന്‍, കൗണ്‍സിലര്‍മാരായ ഇ.കെ. ഗോപിനാഥ്, ഷംസുദ്ദീന്‍ ബംഗ്ള, എ.കെ. സക്കരിയ എന്നിവര്‍ പങ്കെടുത്തു. 
 പുന്നോലില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍
പുന്നോല്‍: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിന് തലശ്ശേരി നഗരസഭ തീയിട്ടെന്നും ന്യൂമാഹി പഞ്ചായത്ത് പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷക്കായി നടപടിയെടുക്കുന്നില്ളെന്നുമാരോപിച്ച് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ ആറുമുതല്‍ ഉച്ച രണ്ടുമണിവരെ പുന്നോല്‍ പ്രദേശത്ത് ഹര്‍ത്താലാചരിക്കും.
കടകളും സ്ഥാപനങ്ങളുമടച്ച് ഹര്‍ത്താലില്‍ സഹകരിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അഭ്യര്‍ഥിച്ചു. 
Courtesy:Madhyamam

‘പ്രബോധനം’ അറബ് വസന്തം വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി

 ‘പ്രബോധനം’ അറബ് വസന്തം
വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി
കോഴിക്കോട്: അറബ് വസന്തത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന പ്രബോധനം പ്രത്യേക പതിപ്പ് ‘ഉയിര്‍പ്പ്’ എസ്.ഐ.ഒ മലപ്പുറം ജില്ലാ സമ്മേളനവേദിയില്‍ ഫ്രീ ഗസ്സ മൂവ്മെന്‍റ് സാരഥി ഡോ. പോള്‍ ലറൂദി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് നല്‍കി പ്രകാശനം ചെയ്തു. ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി, മുഹമ്മദ് അഹ്മദ് കാസിമി, പ്രബോധനം എഡിറ്റര്‍ ടി.കെ. ഉബൈദ്, ഒ. അബ്ദുറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാന്‍, പി.എം. സാലിഹ്, ശിഹാബ് പൂക്കോട്ടൂര്‍, എസ്. ഇര്‍ഷാദ്, തൗഫീഖ് മമ്പാട്, പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍, സുലൈമാന്‍ ഊരകം എന്നിവര്‍ പങ്കെടുത്തു.
അറബ് വസന്തത്തിന്‍െറ താത്ത്വികാചാര്യന്‍ റാശിദുല്‍ ഗനൂശി, യമന്‍ പ്രക്ഷോഭത്തിന്‍െറ മുന്നണിപ്പോരാളിയും നൊബേല്‍ സമ്മാനജേതാവുമായ തവക്കുല്‍ കര്‍മാന്‍, ഇറാനിയന്‍ ചിന്തകന്‍ ഹാമിദ് ദബാശി, തുനീഷ്യന്‍ അക്കാദമീഷ്യന്‍ ലാര്‍ബി സ്വദീഖി, മധ്യ പൗരസ്ത്യ വിഷയങ്ങളില്‍ ഗവേഷകനായ എ.കെ. രാമകൃഷ്ണന്‍, പ്രമുഖ ഇടതുപക്ഷ ചിന്തകന്‍ ബി. രാജീവന്‍ തുടങ്ങിയവരുമായി അഭിമുഖം, ആസിഫ് ബയാത്ത്, ഇര്‍ഫാന്‍ അഹ്മദ്, ഡോ. അലി ലാഗാ, ഡോ. മുഹമ്മദ് റഫ്അത്ത്, ചാള്‍സ് ഹിഷ്കിന്ദ് തുടങ്ങിയവരുടെ പഠനലേഖനങ്ങള്‍, വ്യക്തിചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ പതിപ്പ് അറബ് വസന്തത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പഠനോപഹാരമാണ്.