ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 22, 2011

SOLIDARITY KANNUR

ദേശീയപാത വികസനം: തെളിവെടുപ്പ് നടത്തി
കണ്ണൂര്‍: ദേശീയപാത -17 വികസന പദ്ധതിയുടെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച തെളിവെടുപ്പ് ജില്ലാ കലക്ടര്‍ ആനന്ദ് സിങ്ങിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കണ്ണൂര്‍^വളപട്ടണം മുതല്‍ കോഴിക്കോട്^ വെങ്ങളം വരെ നടത്താനുദ്ദേശിക്കുന്ന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാന്‍ ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതിനായിരുന്നു തെളിവെടുപ്പ്.
പരിപാടി പ്രഹസനമാണെന്നാരോപിച്ച് ചില പരിസ്ഥിതി സംഘടനകള്‍ തെളിവെടുപ്പ് ബഹിഷ്കരിച്ചു. ഇക്കാര്യം മിനുട്സില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രോജക്ട് റിപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ് ദല്‍ഹി ആസ്ഥാനമായ ഐ.സി.ടി പ്രൈവറ്റ് ലിമിറ്റഡിലെ ആര്‍.എം. നദീം അവതരിപ്പിച്ചു.  റോഡ് വികസിപ്പിക്കുമ്പോള്‍ 1277 വാസസ്ഥലങ്ങള്‍, 33 ആരാധനാലയങ്ങള്‍, 986 വാണിജ്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ 2296 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതായി വരുമെന്ന് അദ്ദേഹം പറഞ്ഞു.
തെളിവെടുപ്പില്‍ ഡോ. പി.വി. ബാലകൃഷ്ണന്‍(കാനനൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി), കേണല്‍ പി.വി.ഡി. നമ്പ്യാര്‍ (മുണ്ടയാട് ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി), സതീഷ് കുമാര്‍ പാമ്പന്‍ (പരിസ്ഥിതി സംരക്ഷണ സമിതി), ഭാസ്കരന്‍ വെള്ളൂര്‍ (സെക്രട്ടറി, ജില്ലാ പരിസ്ഥിതി സമിതി), ഡോ: ഡി.സുരേന്ദ്രനാഥ് (ചെയര്‍മാന്‍ ദേശീയ പാത സംരക്ഷണ സമിതി), പോള്‍ ടി.സാമുവല്‍ (കണ്‍വീനര്‍, എന്‍.എച്ച് ആക്ഷന്‍ കൌണ്‍സില്‍), പി.കെ.സെയ്ത്, സി.പി. ദാമോദരന്‍, അബൂബക്കര്‍ ടി.വി കടാങ്കോട് തുടങ്ങിയവര്‍ പദ്ധതിമൂലമുള്ള പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചും ജനജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചും ആക്ഷേപങ്ങള്‍ ഉന്നയിച്ചു.
നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ എം. സുബ്ബറാവു, കോഴിക്കോട് റീജനല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ കെ.ജി.വിജു, ഷീന മോസസ്, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ പാത^17 വികസന പദ്ധതിപ്രകാരം വളപട്ടണം ടൈല്‍ ഫാക്ടറി മുതല്‍ നടാല്‍ വരെയുളള 18.6 കി.മീ ബൈപ്പാസ്, മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.15 കി.മീ. ബൈപ്പാസ്, കൊയിലാണ്ടിയില്‍ നന്തി മുതല്‍ മറ്റൊരു ബൈപ്പാസ് എന്നിവ നിലവില്‍ വരും.  വളപട്ടണം പുഴക്ക് കുറുകെ 1 .5 കി.മീ നീളത്തിലും മാഹിപ്പുഴ, മൂര്യാട് പുഴ എന്നിവിടങ്ങളിലും പുതിയ പാലം പദ്ധതിയിലുണ്ട്. 45 മീറ്റര്‍ വീതിയും 83 കി.മീ നീളവുമുള്ള റോഡ് വികസന പദ്ധതിക്ക് 1330 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നപദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ദല്‍ഹി ആസ്ഥാനമായ ഐ.സി.ടി പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍വഹിക്കുന്നത്.
സമരസമിതി ബഹിഷ്കരിച്ചു
കണ്ണൂര്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പരിസ്ഥിതി ആഘാത തെളിവെടുപ്പ് പ്രഹസനമാണെന്ന് ആരോപിച്ച് ഇരകളും ദേശീയപാത സംരക്ഷണ സമിതി പ്രവര്‍ത്തകരും തെളിവെടുപ്പ് ബഹിഷ്കരിച്ചു. ദേശീയപാത ബി.ഒ.ടി അടിസ്ഥാനത്തില്‍ നാല്‍പത്തിയഞ്ച് മീറ്ററില്‍ നിര്‍മിക്കുന്നതിനായി ജനസമ്മതി നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കമാണെന്ന് സമിതി കുറ്റപ്പെടുത്തി.
ഫീസിബിലിറ്റി സ്റ്റഡിയും ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കിയ ഇന്റര്‍നാഷനല്‍ കണ്‍സള്‍ട്ടന്റ്സ് ആന്‍ഡ് ടെക്നോക്രാറ്റ്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പ്രാദേശിക സമരസമിതി ഭാരവാഹികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ദേശീയപാതാ സമര നേതാക്കളായ ഡോ. ഡി. സുരേന്ദ്രനാഥ്, യു.കെ. സെയ്ത് പ്രതിഷേധവുമായി രംഗത്തെത്തി. ബഹിഷ്കരണത്തിനുശേഷം കലക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ യോഗം നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ്, യു.കെ. സെയ്ത്, ഭാസ്കരന്‍ വെള്ളൂര്‍, കെ.കെ. ഉത്തമന്‍, പോള്‍ ടി. സാമുവല്‍ എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട്, എം.കെ. ജയരാജന്‍, ബാലന്‍ മുണ്ടയാട്, ഇല്യാസ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദേശീയപാത സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധയോഗത്തില്‍ ഡോ.ഡി. സുരേന്ദ്രനാഥ് സംസാരിക്കുന്നു.
ദേശീയപാത തെളിവെടുപ്പ്:
സോളിഡാരിറ്റി പ്രതിഷേധിച്ചു
കണ്ണൂര്‍: കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ദേശീയപാത പരിസ്ഥിതി ആഘാത തെളിവെടുപ്പ് യോഗം ബി.ഒ.ടി കരാറുകാരുടെ പ്രോജക്ട് അവതരണമാക്കി മാറ്റിയതില്‍ സോളിഡാരിറ്റി സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പരിസ്ഥിതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തെ ഇത്തരത്തില്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത് പദ്ധതിയുടെ മറവില്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നത് പൊതുജനം അറിയാതിരിക്കണമെന്ന താല്‍പര്യമാണ്. ഇത്തരത്തില്‍ ഒളിച്ചോട്ടം നടത്തുന്നവരെ ജനകീയ സമരത്തിലൂടെ നേരിടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.സി. ശമീം, ടി.പി. ഇല്യാസ്, സാദിഖ് ഉളിയില്‍, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു.