ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, May 20, 2013

‘യുവജന രോഷമുയരണം ’


‘യുവജന രോഷമുയരണം ’
കോഴിക്കോട്: കോടികള്‍ കൈയടക്കിയ  കടല്‍ക്കിഴവന്മാരായ രാഷ്ട്രീയ നേതൃത്വത്തിനെതിരെ യുവജന രോഷമുയരണമെന്ന് മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. യൂത്ത് സ്പ്രിങ്ങിന്‍െറ ഭാഗമായി യുവജന രാഷ്ട്രീയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡല്‍ കമീഷന്‍ വിരുദ്ധ പ്രസ്ഥാനം, അണ്ണാഹസാരെ പ്രസ്ഥാനം, ദല്‍ഹി മാനഭംഗത്തെ തുടര്‍ന്നുണ്ടായ ജനരോഷം തുടങ്ങി അടുത്ത കാലത്തുണ്ടായ പ്രധാന ബഹുജന മുന്നേറ്റങ്ങള്‍ സവര്‍ണ-മധ്യവര്‍ഗ താല്‍പര്യമാണ് ഉയര്‍ത്തിപ്പിടിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശങ്കര്‍ അഭിപ്രായപ്പെട്ടു. യുവജന സംഘടനകളെല്ലാം മാതൃസംഘടനകളുടെ ചട്ടുകങ്ങളാണെന്ന അഭിപ്രായം ശരിയല്ളെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള അഭിപ്രായപ്പെട്ടു.  സലീന പ്രക്കാനം (ഡി.എച്ച്.ആര്‍.എം), ജുനൈദ് കടക്കല്‍ (കെ.എം.വൈ.എഫ്),  ശശി പന്തളം (വെല്‍ഫെയര്‍ പാര്‍ട്ടി), യഹ്യാഖാന്‍ (ഐ.എസ്.എം), നിസാര്‍ മത്തേര്‍ (പി.ഡി.പി), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), പി.എം. ശ്രീകുമാര്‍ (എ.ഐ.ഡി.വൈ.ഒ), പ്രമോദ് സമീര്‍ (മദ്യനിരോധന സമിതി), ടി. ശാക്കിര്‍ (സോളിഡാരിറ്റി), എഴുത്തുകാരായ സി.കെ അബ്ദുല്‍ അസീസ്, ഡോ. അസീസ് തരുവണ എന്നിവര്‍ സംസാരിച്ചു. കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ അബ്ദുസ്സലാം സ്വാഗതവും സുബ്ഹാന്‍ ബാബു നന്ദിയും പറഞ്ഞു.
ലോകത്തെയും കേരളത്തിലെയും വിവിധ ജനകീയ മുന്നേറ്റങ്ങളില്‍ ആവിഷ്കരിക്കപ്പെട്ട വിവിധ സമരരീതികളുടെ ദൃശ്യാവിഷ്കാരവും പാനല്‍ ചര്‍ച്ചയും നടന്നു. ജെ.എന്‍.യുവിലെ പശ്ചിമേഷ്യന്‍ പഠനവിഭാഗം തലവന്‍ ഡോ.എ.കെ. രാമകൃഷ്ണന്‍, മുത്തുകൃഷ്ണന്‍, ടി.കെ. ഫാറൂഖ്, ഷഹീന്‍ കെ. മൊയ്തുണ്ണി, എസ്. ഖമറുദ്ദീന്‍, വൈ. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. യൂത്ത് ക്ളബുകളുടെ ഗ്രാന്‍റ് ഫിനാലെയില്‍ വികാസ് വടക്കുംപുറം (മലപ്പുറം), സൗപര്‍ണിക പബ്ളിക് ലൈബ്രറി  ആന്‍ഡ് ക്ളബ് തിരുവമ്പാടി (കോഴിക്കോട്), വിവേകാനന്ദ സേവാ കേന്ദ്രം (തൃശൂര്‍) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

സോളിഡാരിറ്റി യൂത്ത് സ്പ്രിങ് സമാപിച്ചു
ആത്മീയതയിലൂന്നിയ രാഷ്ട്രീയ മാറ്റം
കാലത്തിന്‍െറ സവിശേഷത
 -സല്‍മാ യാഖൂബ്
 കോഴിക്കോട്: ആത്മീയതയിലൂന്നിയ രാഷ്ട്രീയ ഇടപെടല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ് കാലഘട്ടത്തിന്‍െറ സവിശേഷതയെന്ന് ബ്രിട്ടനിലെ റെസ്പെക്ട് പാര്‍ട്ടി മുന്‍ ചെയര്‍പേഴ്സനും  യുദ്ധവിരുദ്ധ പ്രവര്‍ത്തകയുമായ സല്‍മാ യാഖൂബ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് സ്പ്രിങ്ങിന്‍െറ സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മതവിശ്വാസികളും മതേതര പ്രവര്‍ത്തകരും കൈകോര്‍ക്കുന്ന രാഷ്ട്രീയ  പ്രവര്‍ത്തനം ഈ സവിശേഷതയുടെ ഭാഗമാണ്. നീതിക്ക് വേണ്ടി നിലകൊള്ളുകയെന്ന വിശുദ്ധ വേദവാക്യത്തിന്‍െറ സാമൂഹിക ആവിഷ്കാരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം വിശ്വാസം ആവശ്യപ്പെടുന്നു. ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സാമ്രാജ്യത്വ ശക്തികള്‍ക്ക് തളര്‍ച്ചയുണ്ടായിട്ടുണ്ട്. എങ്കിലും സാമ്പത്തിക തകര്‍ച്ച നേരിടുന്ന കോര്‍പറേറ്റുകള്‍ പാവങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രതിസന്ധി അതിജീവിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനംശക്തമായി മുന്നോട്ട് കൊണ്ടുപോകണം. 
പാശ്ചാത്യ രാജ്യങ്ങളില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായത് 9/11ന് ശേഷമാണ്. ഈ കാലയളവുകളില്‍ സംസ്കാരങ്ങള്‍ തമ്മില്‍ ആശയ സംവാദങ്ങള്‍ക്ക് ഇടം ലഭിച്ചത് ബോംബുകളേക്കാള്‍ വലിയ സന്ദേശം തീര്‍ത്തു. ഉച്ചത്തില്‍ ശബ്ദിക്കുക, അല്ളെങ്കില്‍ നിശ്ശബ്ദരായിരിക്കുക എന്നതായിരുന്നു പാശ്ചാത്യ ലോകത്തെ മുസ്ലിംകള്‍ക്കു മുന്നിലുണ്ടായിരുന്ന സാധ്യത. സമുദായത്തിനകത്തും സമുദായങ്ങള്‍ തമ്മിലും ഐക്യമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍ മുഖ്യ പ്രഭാഷണം നടത്തി. സത്യസന്ധതയാണ് ലോകത്തിന് നേതൃത്വം നല്‍കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യത്യസ്ത ആശയഗതികള്‍ക്കും ജനകീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ പൊതു ഇടം രൂപപ്പെടുത്താനാണ് സോളിഡാരിറ്റി ശ്രമിച്ചതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. ഇസ്ലാമിന്‍െറ സാന്നിധ്യമായി മാറിയ സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമായാണ് 10ാം വര്‍ഷത്തിലേക്ക് കടന്നത്. സോളിഡാരിറ്റിയുടെ ഇടപെടലുകളോട്  മാധ്യമങ്ങളും വിവിധ സംഘങ്ങളും അക്കാദമിക സമൂഹവും സ്വീകരിച്ച നിലപാട് സ്വയം ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കവി സച്ചിദാനന്ദന്‍, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ.  സിദ്ധീഖ് ഹസന്‍, കേരള അമീര്‍ ടി. ആരിഫലി, സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ കൂട്ടില്‍ മുഹമ്മദലി, ഹമീദ് വാണിയമ്പലം, പി. മുജീബ് റഹ്മാന്‍ എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും കളത്തില്‍ ഫാറൂഖ് നന്ദിയും പറഞ്ഞു. ലോകത്തെ വിവിധ ഭാഗങ്ങളിലെ ജനകീയ പോരാളികളുടെ പ്രശസ്തമായ സമരപ്പാട്ടുകള്‍ ‘റെവലൂഷന്‍ ബാന്‍ഡ്’ അരങ്ങേറി. അറബ് ലോകത്തെ നാദവിസ്മയമായ മലയാളി ബാലന്‍ നാദിര്‍ അബദുസ്സലാം നേതൃത്വം നല്‍കി.