ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 2, 2010

ഇത് തോല്‍വിയല്ല, ജയിക്കാനുള്ള തുടക്കമാണ് -അബുജിനാന്‍ അഹ്മദ്-


ഇത് തോല്‍വിയല്ല;
ജയിക്കാനുള്ള തുടക്കമാണ്
-അബുജിനാന്‍ അഹ്മദ്-
അര്‍ഥമറിയാതെ വിളിച്ചു പോകാറുള്ള ചില രാഷ്ട്രീയ മുദ്രാവാക്യങ്ങളുണ്ട്. അതില്‍ ചിലത് യഥാര്‍ഥ്യമാകുന്നത് പോളിംങ് ദിവസമാണ്. ആറ് മാസം മുമ്പ് രക്തസാക്ഷിയായ കണാരന്റെ വോട്ട് രേഖപ്പെടുത്തിയ ആള്‍, ബൂത്തില്‍ നിന്ന് ഇറങ്ങി 'ഇല്ല നിങ്ങള്‍ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന് വിളിച്ചു പറയുന്നു! വാക്കും പ്രവര്‍ത്തിയും ഒരുപോലെ ആവുന്ന അപൂര്‍വമായ അനുഭവം.അങ്ങിനെ ജീവിച്ചിരിപ്പില്ലാത്തവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് സ്വന്തം കൈകൊണ്ട് ചെയ്തത് ബോധ്യമുണ്ടായിട്ടും ഇക്കൂട്ടര്‍ നേടിയ 'വമ്പിച്ച ഭൂരിപക്ഷം' വല്ലാത്ത അവകാശവാദമാവുകയാണ്.
രണ്ട് കണ്ണും തുറന്ന് നടുനിവര്‍ന്ന് നടക്കാന്‍ കഴിയുന്ന ആള്‍ക്കാണ് ഇവര്‍ ഓപ്പണ്‍ വോട്ടിന്റെ ഫോറം പൂരിപ്പിച്ച് നല്‍കിയത്. ഇത് അനുസരിച്ച് പാര്‍ട്ടിക്കാരുടെ കൂടെ ഇറങ്ങാന്‍ തയ്യാറല്ലാതായ വോട്ടറെ വീട്ടില്‍ നിന്ന് ഇറങ്ങരുതെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ ഓപ്പണല്ലാത്ത തനി സ്വകാര്യ വോട്ട് ചെയ്യാന്‍ ഇറങ്ങി വന്ന ഈ ജനാധിപത്യ ബോധക്കാരനോടുള്ള ദേഷ്യം തീര്‍ക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ വീട് വളഞ്ഞു ജനാധിപത്യ സംരക്ഷകര്‍! നോക്കണേ ഉശിര്.
പരേതാത്മാക്കളുടെ വോട്ട് ചെയ്യാന്‍ ജിന്നിലും റൂഹാനിയിലും വലിയ വിശ്വാസമില്ലാത്തവര്‍ക്കാണ് മുമ്പേ ധൈര്യമുണ്ടായിരുന്നത്. പ്രേതബാധയിലൊന്നും വലിയ വിശ്വാസമില്ലാത്ത സഖാക്കള്‍ പണ്ടേ ഇക്കാര്യത്തില്‍ ഡോക്ടറേറ്റ് നേടിയവരാണ്.എല്ലാ സഖാക്കളും അങ്ങിനെയല്ല. അവര്‍ക്കിടയിലും മുജാഹിദുകളെപ്പോലുള്ള ചില യുക്തിവാദികളുണ്ട്. നമ്മുടെ സാമുദായിക രാഷ്ട്രീയത്തില്‍ കളിക്കുന്ന ധീരമുജാഹിദുകള്‍ക്കും ഇങ്ങിനെ മരിച്ചവരുടെ കള്ളവോട്ട് ചെയ്യല്‍ ഹലാലാണ്. കാരണം,ഇവരുടെ രാഷ്ട്രീയത്തിലെ ഖബര്‍വിപ്ളവം ഇതത്രെ.
കൂട്ടപ്രാര്‍ഥനയിലെ ബിദ്അത്തിനും മഖ്ബറ ശിര്‍ക്കിനും എതിരെ ഇസ്ലാഹ് നടത്തുന്ന ദേഹങ്ങള്‍ നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിയോടൊപ്പം ജാറം സന്ദര്‍ശിച്ച് കൂട്ടപ്രാര്‍ഥനയില്‍ മുഴുകുന്നതിനെയാണ് 'പൊളിട്രിക്സ്' എന്ന് പറയുന്നത്. രാഷ്ട്രീയത്തില്‍ തന്ത്രമുണ്ട്. മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തും. അതൊന്നും ഇസ്ലാഹ് നടത്തിയാല്‍ നേരെയാവുന്ന കാര്യമല്ല. രാഷ്ട്രീയമാവുമ്പോള്‍ രാഷ്ട്രീയം. പള്ളിയിലാവുമ്പോള്‍ പള്ളികാര്യം.
കേരളത്തില്‍ മദ്യം സാര്‍വത്രികമാക്കാനുള്ള അജണ്ട ചര്‍ച്ചക്കെടുത്ത മന്ത്രിസഭാ യോഗത്തിലെ മൂത്രശങ്ക ഓര്‍മയുണ്ടോ? ഇരുന്ന സീറ്റില്‍ തൊപ്പി ഊരിവെച്ച് ടിയാന്‍ മുത്രമൊഴിക്കാന്‍ പോയി തിരിച്ചു വന്നപ്പോഴാണ് മന്ത്രിസഭ അജണ്ട ഐക്യകണ്ഠേന പാസ്സാക്കിയത് എന്നാണ് ചരിത്രം. ഇത് പഴയ കഥ. പുതിയ തലമുറക്ക് മൂത്രശങ്കയൊന്നും ഇല്ല. വിളമ്പാന്‍ മാത്രമല്ല, സേവിക്കാനും യോഗ്യരാണവര്‍. പോളിംങിന്റെ തലേന്ന് ബൂത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഒരു മദ്റസ്സയുടെ അരികിലാണ് കുപ്പികള്‍ കുന്നുകൂടിയത്. ദീനിബോധമുള്ളവര്‍ കരഞ്ഞു. പക്ഷെ, കണ്ണീര് തുടക്കാന്‍ മഹല്ല്കമ്മിറ്റിയുടെ സാരഥി തന്നെ ഉറുമാല് നല്‍കിയെന്നാണ് കഥ. കുപ്പി കാലിയാക്കിയവര്‍ക്ക് പിറ്റേന്ന് വോട്ടര്‍മാരെ കണ്ട് ചിഹ്നത്തിന്റെ ഇസ്ലാഹ് നടത്തണം. അതിന് സഞ്ചരിക്കാന്‍ സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനം റെഡി!!
തങ്ങള്‍ അവര്‍കളുടെ ഫോട്ടൊയുമായി വോട്ടര്‍മാരെ സമീപിക്കുന്നത് ഒരു യുഗപുരുഷനെ ഓര്‍മിപ്പിക്കാനാണെന്ന് ന്യായം പറയാം. പക്ഷെ, നാട്ടില്‍ മൈക്ക് കെട്ടി ഇസ്ലാഹ് നടത്തുന്നവരും തങ്ങള്‍ അവര്‍കളുടെ ഫോട്ടൊ കയ്യിലേന്തി നടന്നു! ഇതാണ് ജനാധിപത്യത്തിലെ 'കുഴലൂത്ത്'!
കോട്ടക്കല്‍ പ്രമേയത്തിലൂടെ അവസാനമായി ഊര്വിലക്ക് പരസ്യപ്പെടുത്തിയത് ശരി. തീവ്രവാദികളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞു. മലപ്പുറത്തെ കുഞ്ഞാക്ക ഇത് ആവര്‍ത്തിച്ച് പറയാത്ത കവലകളില്ല. പക്ഷെ, കാസര്‍കോട് ജില്ലയിലെ മധൂര്‍ പഞ്ചായത്തില്‍ സംഘ്പരിവാറിനെ തോല്‍പിക്കാന്‍ എസ്.ഡി.പി.ഐ. സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യൂത്ത്ലീഗ് നേതാവിന് പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവനയിലൂടെ തന്നെ പരസ്യപ്പെടുത്തി.മലപ്പുറത്തെ കുഞ്ഞാക്ക ഇത് കണ്ടില്ല. കേട്ടില്ല. തീവ്രവാദ വിരോധിയായ യൂത്ത്നേതാവിന്റെ വയനാട്ടിലിറങ്ങിയ പത്രത്തില്‍ ഈ പ്രസ്താവന വന്നിരിക്കില്ല. മധൂരില്‍ മല്‍സരിച്ച് 'തീവ്രവാദികളുടെ' കൂടി വോട്ട് നേടി ജയിച്ച യൂത്ത്ലീഗ് നേതാവായ സ്ഥാനാര്‍ഥിയുടെ ഭാഗ്യം.!
വേറൊരു കൂട്ടര്‍. കൈവെട്ടിയത് ഇപ്പോഴും പരസ്യമായി നിഷേധിക്കുന്നവരാണ്. പക്ഷെ, തെരഞ്ഞെടുപ്പ് വേളയില്‍ വീടുവീടാന്തരം അത് വലിയ വീരകൃത്യമായി വിളമ്പിയാണ് വോട്ട് ചോദിച്ചത്. വെള്ളവും വായുവും വെളിച്ചവും ജാതിയും മതവും നോക്കാതെ പ്രസരിപ്പിച്ച ദൈവത്തിന്റെ മക്കളാണിത്. പ്രാണവായുവിന് കേഴുന്ന ഒരാള്‍ക്ക് രക്തം നല്‍കിയാല്‍ അത് അപരാധമാകുന്നതെങ്ങിനെ.? എന്നിട്ടും ദൈവനീതിയുടെയും ഏകതയുടെയും ഏകവര്‍ണമുള്ള ചോരക്ക് വര്‍ഗീയത കല്‍പിച്ചു കളഞ്ഞു ഇവര്‍. അതാണത്രെ അവരുടെ ഇലക്ഷന്‍ ട്രിക്സ്.
ജനകീയ കൂട്ടായ്മകള്‍ക്ക് എത്രവോട്ട് കിട്ടും എന്നാണ് ആദ്യത്തെ ചോദ്യം. പക്ഷെ, പോര്‍ക്കളം മുറുകിയപ്പോള്‍ ഉറക്കം വന്നില്ല. വോട്ട് വാങ്ങി പോയ നിങ്ങള്‍ നാട്ടിന് എന്താണ് ഇത്വരെ ചെയ്തതെന്ന് യാതന അനുഭവിക്കുന്ന കുടിലുകളില്‍ ചോദ്യമുയര്‍ന്നപ്പോഴാണ് ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ ജനസേവന ശൌര്യം പിടികിട്ടിയത്. വളപട്ടണത്ത് സഹകരണ ബാങ്കില്‍ ചിലരുടെ കടം എഴുതി തള്ളാന്‍ വരെ വാക്ക് കൊടുക്കേണ്ടി വന്നു. പോളിംങിന് മുമ്പ് തന്നെ മൌദൂദികള്‍ ഇവിടെ വിജയിച്ചുവെന്ന് സാരം.
ജനപക്ഷ മുന്നണിക്ക് സീറ്റ് കുറഞ്ഞ് പോയതിലാണ്് പ്രയാസം. ജമാഅത്തുകാര്‍ക്ക് നഷ്ടപ്പെടാനെന്തുണ്ട്? അവര്‍ നേടിയ സീറ്റുകളോ? എപ്പോഴാണ് അവര്‍ക്ക് സീറ്റുള്ളത്? സീറ്റല്ല വോട്ടാണ് അവര്‍ക്കിപ്പോള്‍ കിട്ടിയത്. അതിന് വേണ്ടിയാണ് മല്‍സരിച്ചതും. കിട്ടിയത് ചില്ലറ വോട്ടല്ല. കണ്ണൂര്‍ ജില്ലയില്‍ 18 സീറ്റുകളില്‍ ജനകീയമുന്നണികള്‍ രണ്ടാം സ്ഥാനത്താണ്. കാസര്‍കോട് ജില്ലയില്‍ ഒമ്പതിടത്ത് രണ്ടാം പാര്‍ടിയാണിത്. കാസര്‍കോട്ട് എന്തെല്ലാം വേഷത്തിലാണ് ഇവര്‍ വോട്ട് പിടിച്ചത്. ജാറം സന്ദര്‍ശിക്കാത്ത പുത്തന്‍വാദിയായ സ്ഥാനാര്‍ഥി എന്നാണ് ജനപക്ഷ സാരഥിയെ ഇവര്‍ പരിചയപ്പെടുത്തിയത്. എന്നിട്ടും ഉള്ളാള്‍ കടലോരവുമായി കൈകോര്‍ത്ത് നില്‍ക്കുന്ന കുമ്പളയിലേക്ക് ഒരു മൌദൂദിപ്പെണ്ണിനെ 548 വോട്ട് നല്‍കി രണ്ടാം സ്ഥാനത്തേക്ക് ജനം ഉയര്‍ത്തി.
കണ്ണൂരില്‍ രണ്ടാം സ്ഥാനത്തെത്തിയ പതിനെട്ട് സീറ്റുകളിലുമായി ജയിച്ചവര്‍ നേടിയത് 7029 വോട്ടാണെങ്കില്‍, ജന കീയ സമിതി നേടിയത് 2827 വോട്ടാണ്. എല്ലാ വിധ മുള്ള്മുരട് മൂര്‍ഖന്‍ പാമ്പുകളും ഒരുമിച്ച് വിഷം ചീറ്റിയിട്ടും വലിയൊരു പാരമ്പര്യമുള്ള മുഖ്യധാരാ മുന്നണിയുടെ മൂന്നിലൊരു ഭാഗം വോട്ട് ജനപക്ഷത്ത് ഉറച്ചു നിന്നു.ഇടത്മുന്നണിയോടുള്ള ശക്തമായ നിഷേധ വോട്ട് യു.ഡി.എഫ് തരംഗമായി മാറിയിട്ടും ജനപക്ഷ രാഷ്ട്രീയത്തെ ജില്ലയില്‍ പതിനെട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഉയര്‍ത്തി നിര്‍ത്താന്‍ വോട്ടര്‍മാര്‍ തയ്യാറായി.
കയ്യൂക്കിന്റെയും കള്ളവോട്ടിന്റെയും ജനാധിപത്യധ്വംസനമാര്‍ഗം ഉപേക്ഷിച്ച് മാന്യമായി മല്‍സരിക്കാന്‍ തയ്യാറുണ്ടോ? അങ്ങിനെയെങ്കില്‍ ഇപ്പോള്‍ തന്നെ സീറ്റുകള്‍ പലതും കടപുഴകും. തീര്‍ച്ച. കുട്ടരേ അപ്പോള്‍ നിങ്ങള്‍ ഉപ്പ്വെച്ച കലം പോലെയാവും. അല്ലെങ്കില്‍ തന്നെ വോട്ടിന്റെ കണക്ക് പറയുന്നവരുടെ കണക്ക് പുസ്തം ഒന്ന് സ്വയം തുറന്ന് നോക്കുമോ?
2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ ഇന്ത്യന്‍യൂനിയനായ മലപ്പുറത്തിന് പുറത്ത് ഉണ്ടായ സ്തിഥി എന്തായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ 1.20 ശതമാനം വോട്ടാണ് ഇവര്‍ക്ക് കിട്ടിയത്. കൊല്ലത്ത് 0.30 ശതമാനം. പത്തനം തിട്ടയില്‍ ശതമാനത്തിന്റെ അവസാന പോയിന്റ് പോലും കിട്ടിയില്ല. കോട്ടയത്ത് 0.10 വോട്ട്.
ഇത്തവണ തകര്‍പ്പന്‍ ജയം നേടിയ മുനിസിപ്പാലിറ്റികളില്‍ പോലും മുഖ്യധാരാ മുന്നണികള്‍ക്ക് നൂറിന് താഴെ വോട്ട് കിട്ടാത്ത എത്രയോ വാര്‍ഡുകളുണ്ട്. നീലേശ്വരം മുനിസിപ്പാലിറ്റി തൂത്തുവാരിയ സി.പി.എമ്മിന് തൈക്കടപ്പുറത്തെ രണ്ട് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തായിട്ടും കിട്ടിയത് 101ഉം 77 ഉം വോട്ടാണ്. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഏഴ് വോട്ട് വാങ്ങിയ സി.പി.എം. സ്ഥാനാര്‍ഥിയുണ്ട്.കാസര്‍കോട് മുനിസിപ്പാലിറ്റി തൂത്തുവാരിയ യു.ഡി.എഫിന് അതേ മുനിസിപ്പാലിറ്റയില്‍35ഉം 43 ഉം വോട്ട് കിട്ടിയ വാര്‍ഡുകളുണ്ട്.
വോട്ടുകളുടെ എണ്ണം നോക്കി വിലയിരുത്താവുന്നതല്ല ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന തെരഞ്ഞെടുപ്പ് നയം. ഒരു തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു നില്‍ക്കേണ്ട വിഷയങ്ങളല്ല പാര്‍ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കിയത്. ചെങ്ങളായി പഞ്ചായത്തില്‍ ജനകീയനായ ഒരു സ്ഥാനാര്‍ഥി ജയിച്ചാല്‍ മഹല്ല് പിളരുമെന്നാണ് മതനേതൃത്വം മുന്നറിയിപ്പ് നല്‍കിയത്. ജുമുഅപ്രസംഗത്തില്‍ പോലും അങ്ങേയറ്റം പ്രകോപനപരമായി പ്രസംഗിച്ച് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പരത്തപ്പെട്ടു.
കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമുണ്ടായിരുന്നു. കാരണം ഓരോ വോട്ടറുടെയും ഫോട്ടൊ ഉള്‍പ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാവുന്നതാണ് ഈ പട്ടിക. പക്ഷെ, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമില്ലാത്ത ഒരു അഴകൊഴമ്പന്‍ ജനാധിപത്യ പരീക്ഷണമാണ് നടന്നത്. അത് കൊണ്ട് തന്നെ യഥാര്‍ഥ വോട്ടര്‍ പുറത്തായി.അങ്ങിനെ നേടിയ വിജയമാണ് ഇവര്‍ ആഘോഷിക്കുന്നത്.
സി.പി. എം. പ്രതിനിധാനം ചെയ്യുന്ന ദാര്‍ഷ്ട്യപരമായ രാഷ്ട്രീയത്തോടുള്ള വിരോധം യു.ഡി.എഫ്. തരംഗമായി മാറിയതാണ് ഈ തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ചിത്രം.അതിനാല്‍, നിഷേധ വോട്ടിനെ സ്വന്തം ശക്തിയായി ആരും അളന്നെടുക്കേണ്ടതില്ല. ഐ.എന്‍.എല്‍. നേതൃത്വം ഇതെക്കുറിച്ച് നല്ല വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. ഇടത്മുന്നണിയിലായിരുന്നുവെങ്കില്‍ ഈ തരംഗത്തില്‍ ഇപ്പോള്‍ നമുക്ക് കിട്ടിയത് പോലും നേടാനാവില്ലായിരുന്നു എന്നാണ് ഐ.എന്‍.എല്‍. നേതാവ് എന്‍.എ.നെല്ലിക്കുന്ന് സ്വയം വിലയിരുത്തിയത്.
ജനകീയ വികസന മുന്നണി തോല്‍ക്കാനുള്ള കാരണം വല്ലാതെ ഗവേഷണം നടത്തി കണ്ടു പിടിക്കേണ്ടതൊന്നും ഇല്ല. ഇരു മുന്നണികള്‍ക്കും എതിരായ ഒരു ബദല്‍ശക്തിയല്ല ജനകീയ വികസന സമിതികള്‍ എന്ന തോന്നല്‍ വളര്‍ത്തപ്പെട്ടതിനാലാണ് ജമാഅത്തുകാര്‍ തൂത്തുവാരപ്പെട്ടത്. സി.പി.എമ്മിനെതിരായി ഊതിവീര്‍പ്പിച്ച വികാരം വോട്ടായപ്പോള്‍ അത് ഒരു മുന്നണി എന്ന നിലയില്‍ യു.ഡി.എഫിന്‍െ വിജയമായെന്ന് മാത്രം.

അല്ലാഹു പോലും മാറ്റാന്‍ തയ്യാറാവാത്ത ഒരു അവസ്ഥയെ മറ്റാര്‍ക്കും മാറ്റാനാവുകയില്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. 'ഒരു ജനതയുടെ അവസ്ഥ. അവര്‍ സ്വയം മാറ്റത്തിന് സന്നദ്ധമല്ലാത്തിടത്തോളം അല്ലാഹു മാറ്റുകയില്ല' (വിശുദ്ധഖുര്‍ആന്‍:13:11) എന്ന വിശുദ്ധ വാക്യമാണ് ഈ ജനതയുടെ ഉപമ. മാറാനുള്ള അവസരമാണ് അവര്‍ക്ക് നല്‍കിയത്. അവര്‍ അതിന് സന്നദ്ധമായില്ലെന്ന് മാത്രം.
എന്നാല്‍ പോലും ഇത് അവസാനിക്കാത്ത പുതിയ യാത്രയാണെന്ന് അറിഞ്ഞിരിക്കുക. തോറ്റാലും പ്രശ്നമല്ലാത്ത ഒരു നിശ്ചദാര്‍ഡ്യത്തോടെയാണ് ഇക്കുറി മല്‍സരിച്ചത്. കാരണം നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ. ആള്‍ക്കൂട്ടം മാത്രമായവര്‍ക്ക് തലയെണ്ണി സായൂജ്യമടയാം. പക്ഷെ, ജനപക്ഷരാഷ്ട്രീയം ഒരു ആള്‍ക്കൂട്ടം മാത്രമല്ല. ആദര്‍ശം കൂടിയാണ്.
അതിനാല്‍, ഞങ്ങള്‍ തുടങ്ങിയതേ ഉള്ളൂ. ഇനി സീറ്റ് നേടാനിരിക്കുന്നേ ഉള്ളു. നേടും ജയിക്കും എന്നതിന്റെ സാക്ഷ്യമാണ് ഈ കോലാഹലങ്ങള്‍. ഇവരുടെ വെപ്രാളവും, വിഭ്രാന്തിയും, കയ്യൂക്കും, നുണപ്രചാരണവും, കള്ളക്കേസുമെല്ലാം സാക്ഷി നില്‍ക്കുന്നത് വരാനിരിക്കുന്ന ഒരു ജനപക്ഷ രാഷ്ട്രീയ വസന്തത്തിന്റെ മുന്നറിയിപ്പ് തന്നെയാണ്.
02-11-2010

തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം -എ.ആര്‍


തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാഷ്ട്രീയസൂനാമി. എല്‍.ഡി.എഫിന്റെ തകര്‍ച്ചക്കും യു.ഡി.എഫിന്റെ ഉയര്‍ച്ചക്കും ഇടയാക്കിയ കാരണങ്ങളെയും സാഹചര്യങ്ങളെയുംകുറിച്ച് ചൂടേറിയ ചര്‍ച്ചകളാണിപ്പോള്‍ മാധ്യമങ്ങളിലെല്ലാം. യു.ഡി.എഫ് നേതാക്കളുടെ ദൃഷ്ടിയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്ന് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങളിലൂടെ പ്രകടമായ ജനവിധിയുടെ തുടര്‍ച്ചയാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. അത് വ്യക്തമാക്കുന്നത് ഇടതുമുന്നണി ഭരണത്തെ ജനങ്ങള്‍ പാടെ വെറുത്തു എന്നുതന്നെ. വെറുക്കാനുണ്ടായ കാരണം ഭരണപരാജയവും അതിലേക്ക് നയിച്ച സി.പി.എമ്മിലെ വിഭാഗീയതയുമാണുതാനും. തദ്ദേശതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പൂര്‍വാധികം ശക്തിയായി പ്രതികരിച്ചു എന്നതാണവസ്ഥ. ഇനി ആറ് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലം മറ്റൊന്നാവാന്‍ വഴിയില്ല. കഴിഞ്ഞ തവണ എല്‍.ഡി.എഫ് നേടിയ അമ്പരപ്പിക്കുന്ന വിജയത്തെ കവച്ചുവെക്കുന്നതാവും യു.ഡി.എഫിന്റെ പ്രദര്‍ശനം. എല്‍.ഡി.എഫില്‍നിന്ന് വിട്ടുപോന്ന കേരള കോണ്‍ഗ്രസ്-ജെ, സോഷ്യലിസ്റ്റ് ജനത, ഐ.എന്‍.എല്‍ എന്നീ കക്ഷികള്‍കൂടി യു.ഡി.എഫിന്റെ ഭാഗമായതോടെ മുന്നണി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു.

ഇടതുമുന്നണിയുടെ, വിശേഷിച്ച് മുഖ്യഘടകമായ സി.പി.എമ്മിന്റെ സൂക്ഷ്മവും സമഗ്രവുമായ വിലയിരുത്തല്‍ വരാനിരിക്കുന്നേയുള്ളൂ. എങ്കിലും സി.പി.എം സംസ്ഥാനസമിതിയുടെ പ്രാഥമികാവലോകനത്തില്‍ ന്യൂനപക്ഷസമുദായങ്ങള്‍ യു.ഡി.എഫിന്റെ പിന്നില്‍ കേന്ദ്രീകരിച്ചതാണ് തിരിച്ചടിക്ക് കാരണം. ഇതിനു പുറമെ റോഡ്, ഗതാഗതം മുതലായ സാമൂഹിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. അടിസ്ഥാനവര്‍ഗത്തിലേക്ക് ഇടതുസര്‍ക്കാറിന്റെ നേട്ടങ്ങള്‍ എത്തിയെങ്കിലും മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടി കരുതുന്നു. തെരഞ്ഞെടുപ്പ് കാലയളവില്‍ സാമുദായികധ്രുവീകരണം ഉണ്ടാകുന്ന തരത്തില്‍ അജണ്ട സൃഷ്ടിച്ച സി.പി.എം നേതാക്കളുടെ നിലപാടാണ് ഇടതുമുന്നണിയെ വന്‍പരാജയത്തിലേക്ക് കൂപ്പുകുത്തിച്ചതെന്നാണ് സി.പി.ഐയുടെയും ആര്‍.എസ്.പിയുടെയും വിലയിരുത്തല്‍. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റുന്ന തരത്തിലുള്ള തീവ്ര വിമര്‍ശങ്ങളാണ് സി.പി.എം നേതാക്കള്‍ നടത്തിയതെന്ന് ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്.

കേരളത്തിലുടനീളം ഇടതിനെതിരെ വീശിയടിച്ച ഈ രാഷ്ട്രീയ സുനാമിക്കുള്ള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം, തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിലും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെന്നപോലെ തികഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങളാണ് നടന്നത് എന്നാണ്. രാഷ്ട്രീയാതീതമായി ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരവും വികസനവുമാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇഷ്യൂ ആവേണ്ടതെങ്കിലും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതായ ആരോപണവും ലോട്ടറി വിവാദവും വര്‍ഗീയ തീവ്രവാദ സംഘടനകളെന്ന് വിവരിക്കപ്പെടുന്നവയുമായുള്ള കൂട്ടുകെട്ടുമൊക്കെയാണ് ഇരുമുന്നണികളുടെയും ബി.ജെ.പിയുടെയും പ്രചാരണത്തില്‍ നിറഞ്ഞുനിന്നത്. അത് മാധ്യമങ്ങളുംകൂടി ഏറ്റെടുത്തപ്പോള്‍ ഗ്രാമവികസനവും നഗരവികസനവുമൊക്കെ അപ്രസക്തങ്ങളായി.

മുമ്പെന്നത്തേക്കാളുമേറെ ഭീകരമായി പണവും മദ്യവുമൊഴുകിയ തെരഞ്ഞെടുപ്പായിരുന്നു ഇതെന്നതും ദുഃഖകരമായ സത്യമാണ്. ഇക്കാര്യത്തില്‍ ഇരുമുന്നണികളും കളങ്കിതമാണെങ്കിലും സ്വാഭാവികമായും കൂടുതല്‍ മികവ് തെളിയിക്കാനായത് യു.ഡി.എഫിനുതന്നെ. ഒരു നഗരസഭാ വാര്‍ഡില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുതല്‍മുടക്ക് ഒന്നര കോടിയെങ്കിലും വന്നു എന്നറിഞ്ഞാല്‍ കേട്ടവര്‍ക്ക് ഞെട്ടാനുള്ള ശേഷിപോലും നഷ്ടപ്പെടുന്നു. മങ്കടയില്‍ വീശിയടിച്ച മഞ്ഞളാംകുഴി അലി തരംഗത്തില്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളാകെ അട്ടിമറിഞ്ഞത് എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി. പക്ഷേ എന്താണീ അലി ഇഫക്ട്? സിനിമാനിര്‍മാതാവും വ്യവസായിയും ബിസിനസുകാരനുമായ അലി ഇടതുമുന്നണിയിലായിരുന്നപ്പോഴും മുന്നണിവിട്ട് വലതുമുന്നണിയുടെ സഹയാത്രികനായപ്പോഴും അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച വിധം എങ്ങനെയെന്ന് ആരും പരിശോധിച്ചുകണ്ടില്ല. അതുപോലെ എല്ലാ ജില്ലകളിലെയും പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ചേരിപ്രദേശങ്ങളിലും പോളിങ്ങിന്റെ തലേ രാത്രി നടന്ന 'ജലസേചന' ഓപറേഷന്റെ കഥകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടില്ല. കാഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍പോലും പാര്‍ട്ടി പറയുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ ബൂത്തിലെത്തണമെങ്കില്‍ ദ്രവ്യത്തിന്റെ പിന്‍ബലംകൂടി വേണം എന്നതാണവസ്ഥ. കുതിരപ്പന്തയവും ഐ.പി.എല്‍ ക്രിക്കറ്റുംപോലെ പണക്കൊഴുപ്പിന്റെ മത്സരവേദിയായി മാറുകയാണ് തെരഞ്ഞെടുപ്പുകളും. അതിന്് യോഗ്യരല്ലാത്തവര്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ കെട്ടിവെച്ച കാശ് ജനാധിപത്യത്തിന് മുതല്‍ക്കൂട്ടാക്കുകയേ ചെയ്യൂ.

പൊതുവായ ഈ അപചയം മാറ്റിനിര്‍ത്തിയാല്‍തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ നടന്നതെന്ത് എന്ന് പരിശോധിക്കുമ്പോള്‍ ഒരു വസ്തുത കാണാതെ പോകരുത്. ഒരു വശത്ത് ഇടതുമുന്നണി എന്നു പറഞ്ഞാല്‍ നേര്. പക്ഷേ, ഫലത്തില്‍ അത് ഒരു പാര്‍ട്ടിയാണ്- സി.പി.എം. ബാക്കി മുന്നണിഘടകങ്ങളൊക്കെയും ജനപിന്തുണയില്ലാത്ത, പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ മാത്രം കൊള്ളാവുന്ന ചെറുകക്ഷികള്‍. മറുവശത്തോ? കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ് എന്നീ മൂന്ന് ബഹുജന-സാമുദായിക ശക്തികള്‍. ചില മേഖലകളില്‍ സ്വാധീനമുള്ള സോഷ്യലിസ്റ്റ് ജനത, ജെ.എസ്.എസ്, ഐ.എന്‍.എല്‍ തുടങ്ങിയ കൊച്ചു കക്ഷികള്‍ വേറെയും. പുറമെ, കെ. മുരളീധരനും അദ്ദേഹത്തിന്റെ അനുയായികളും. ഇതെല്ലാമടങ്ങിയ യു.ഡി.എഫിന് ഏറ്റവും പ്രഹരശേഷിയുള്ള ആയുധവും ലഭിച്ചു; മുഖ്യധാരാപത്രങ്ങളും ചാനലുകളും. ഒരു 'ദേശാഭിമാനി'യും കൈരളിയുംകൊണ്ട് സി.പി.എമ്മിന് നേരിടാന്‍ കഴിയുന്നതാണോ ഈ കൂട്ടായ ആക്രമണത്തെ? കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തില്‍ പ്രധാനപങ്ക് വഹിച്ചത് മുഖ്യധാരാ മാധ്യമങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും ആഘോഷമാക്കിയ പിണറായി-മഅ്ദനി വേദിപങ്കിടല്‍ ആയിരുന്നു എന്നോര്‍ക്കണം. ഇത്തവണ ക്രൈസ്തവസഭകളെ ഏതാണ്ട് പൂര്‍ണമായി ഇടതിന്റെ എതിര്‍ചേരിയില്‍ നിര്‍ത്തിയത് സി.പി.എം നേതൃത്വത്തിന്റെ നയവൈകല്യങ്ങളോടൊപ്പം മാധ്യമ ഇടപെടല്‍ കൂടിയാണ്.

സാമുദായിക ധ്രുവീകരണമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തുന്ന സി.പി.എം ക്രൈസ്തവ സഭകളോടൊപ്പം മുസ്‌ലിം സംഘടനകളെക്കൂടി ചേര്‍ത്തുപറയുന്നു. യു.ഡി.എഫിലെ രണ്ടാമത്തെ ഘടകമായ മുസ്‌ലിംലീഗ് സമുദായത്തിലെ പരമാവധി മത-സാംസ്‌കാരികസംഘടനകളെ സംഘടിപ്പിച്ച് സ്വന്തം ശക്തി തെളിയിക്കാന്‍ ഫലപ്രദമായി ശ്രമിച്ചുവെന്നത് വസ്തുതയാണ്. ഈ സംഘടനകളില്‍ മുക്കാലും പക്ഷേ മുമ്പേ ലീഗിന്റെ ചിറകിനടിയില്‍ അഭയം കണ്ടെത്തിയവരാണ്. ഇവരില്‍ സുന്നി എ.പി വിഭാഗമൊഴിച്ച് മറ്റെല്ലാ സംഘടനകളും ആദ്യമേ ലീഗിന്റെ രാഷ്ട്രീയ രക്ഷാകവചം അംഗീകരിച്ചവരാണ്. ഇടക്കാലത്ത് അകറ്റിനിര്‍ത്തിയ സുന്നി എ.പി വിഭാഗത്തെക്കൂടി സി.പി.എം സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് ഒപ്പം കൊണ്ടുപോവാനുള്ള ശ്രമമായിരുന്നു കോട്ടക്കല്‍ യോഗത്തിലൂടെ മുഖ്യമായി ലക്ഷ്യമിട്ടത്. ഒരു പൊതുശത്രുവിനെതിരെയല്ലാതെ ഇത്തരം കൂട്ടായ്മകള്‍ കരുപ്പിടിപ്പിക്കുക എളുപ്പമല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവാദവിധേയമായ ചെയ്തികളിലൂടെ മുസ്‌ലിം തീവ്രവാദ പ്രശ്‌നം കേരളത്തിലെ സാമുദായികാന്തരീക്ഷത്തില്‍ കത്തിനിന്ന സന്ദര്‍ഭമായിരുന്നതിനാല്‍ പൊതുശത്രുവിനെ ചൂണ്ടിക്കാട്ടാന്‍ പ്രയാസമുണ്ടായില്ല. ഇരയായത് പക്ഷേ പോപ്പുലര്‍ ഫ്രണ്ടല്ല, ജമാഅത്തെ ഇസ്‌ലാമിയാണെന്നു മാത്രം. മുസ്‌ലിം തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്‌ലാമിയാണെന്നാണ് ഇതിന് ന്യായീകരണമായി കണ്ടെത്തിയത്. മുസ്‌ലിം വര്‍ഗീയ തീവ്രവാദിസംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന് സി.പി.എം പ്രഖ്യാപിച്ച പശ്ചാത്തലം കൂടിയായപ്പോള്‍ ഞങ്ങളും അങ്ങനെത്തന്നെ എന്ന് കുഞ്ഞാലിക്കുട്ടിക്ക് പറയാന്‍ അവസരമായി. അങ്ങനെയാണ് ഈ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ ഗ്രാമനഗരവികസനവുമായോ ജനകീയാവശ്യങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത മതരാഷ്ട്രീയ വിവാദം എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ കൊഴുപ്പിക്കുന്നത്. അത്തരമൊരു വിവാദത്തിന് വല്ല പ്രസക്തിയുമുണ്ടെങ്കില്‍ അത് ലോക്‌സഭ, നിയമസഭാതെരഞ്ഞെടുപ്പുകളിലാണ്. യഥാര്‍ഥത്തില്‍ പുതുതായി ഒരു സാമുദായികധ്രുവീകരണവും സംസ്ഥാനത്ത് സംഭവിച്ചിട്ടില്ല. ആകപ്പാടെ സി.പി.എം ഭൂരിപക്ഷ സമുദായപ്രീണനം ലാക്കാക്കി, മുസ്‌ലിം-ക്രൈസ്തവ സംഘടനകളോടും സഭകളോടുമുള്ള നിലപാട് കര്‍ശനമാക്കിയപ്പോള്‍ ആ വിഭാഗങ്ങളെ വശത്താക്കാന്‍ സ്വാഭാവികമായും യു.ഡി.എഫിന് അവസരം കൈവന്നതാണ്. ഇത് വോട്ടുചോര്‍ച്ചക്കിടവരുത്തിയെങ്കില്‍ ഉത്തരവാദി സി.പി.എം തന്നെ.

അതേയവസരത്തില്‍, മുസ്‌ലിം പ്രതിരോധത്തിനായി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായ എസ്.ഡി.പി.ഐ 2500 സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത് പുതിയ സംഭവമാണ്. ഫലങ്ങള്‍ വന്നപ്പോള്‍ അഞ്ച് നഗരസഭകളില്‍ ഉള്‍പ്പെടെ 15 സീറ്റുകളാണ് അവര്‍ക്ക് നേടാനായത്. ഏതാനും സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. തീവ്ര മുസ്‌ലിം വൈകാരികതയുടെ പ്രതലത്തിലാണ് പാര്‍ട്ടി പ്രചാരണം നടത്തിയത് എന്ന വസ്തുത നിഷേധിക്കാനാവില്ല. തൊടുപുഴ ന്യൂമാന്‍ കോളജ് പ്രഫസര്‍ ടി.ജെ. ജോസഫ് പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ കൈ ഒരു സംഘം അക്രമികള്‍ വെട്ടിമാറ്റിക്കളഞ്ഞ സംഭവം കേരളത്തിലാകെ ഉത്കണ്ഠക്കിടയാക്കിയതാണ്. അതിന്റെ ഉത്തരവാദിത്തം പോപ്പുലര്‍ ഫ്രണ്ടിന്റെ ചുമലില്‍ സര്‍ക്കാറും പൊലീസും മാധ്യമങ്ങളും ചുമത്തിയപ്പോള്‍ തുടക്കത്തില്‍ അവരത് നിഷേധിച്ചു. തുടര്‍ന്ന് സംഘടനാ ഓഫിസുകളില്‍ റെയ്ഡും ഏതാനും അറസ്റ്റുകളും നടന്നപ്പോള്‍ സംഭവം സംസ്ഥാനതലത്തിലെ ഗൂഢാലോചനയുടെ ഫലമല്ലെന്നും പ്രാദേശികം മാത്രമാണെന്നും പറഞ്ഞൊഴിയാനായി ശ്രമം. അതാരും മുഖവിലക്കെടുക്കാതിരിക്കെ, എസ്.ഡി.പി.ഐ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇത് മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടിയാണ്. പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ നടത്തിയ മഹാ പുണ്യകര്‍മത്തിന്റെ പരിവേഷമണിയിച്ച് കൈവെട്ട് മുസ്‌ലിം കേന്ദ്രങ്ങളിലാകെ എസ്.ഡി.പി.ഐ പ്രചാരണത്തിനുപയോഗിച്ചു. വെട്ടേറ്റ പ്രഫസര്‍ ജോസഫിന് ആശുപത്രിയില്‍ രക്തം നല്‍കിയ സോളിഡാരിറ്റിയുടെ നടപടിയെ കണക്കിന് പരിഹസിക്കുകയും മതവിരുദ്ധമായി ചിത്രീകരിക്കുകയും ചെയ്യുന്ന വൈകാരിക പ്രചാരണങ്ങള്‍ നടന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തൊടുപുഴ നഗരസഭയില്‍ ന്യൂമാന്‍ കോളജ് സ്ഥിതിചെയ്ത വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കേസില്‍ പ്രതിയായ പ്രഫ. അനസിന് എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക് പഞ്ചായത്ത് വഞ്ചിനാട് ഡിവിഷനില്‍ രണ്ടായിരത്തോളം വോട്ടിന്റെ ഞെട്ടിക്കുന്ന വിജയവും. തൊടുപുഴ നഗരസഭയില്‍ എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കി എന്നാദ്യമായാരോപിച്ചത് മുസ്‌ലിംലീഗ് പ്രാദേശികനേതാവാണ്. അനസ് വിജയിച്ച ബ്ലോക് പഞ്ചായത്ത് വാര്‍ഡിലെ ഗ്രാമപഞ്ചായത്തുകളൊന്നിലും എസ്.ഡി.പി.ഐക്ക് സീറ്റില്ല. മുഴുക്കെ യു.ഡി.എഫ് സീറ്റുകള്‍. എങ്ങനെ സംഭവിച്ചു ഈ മറിമായം? എസ്.ഡി.പി.ഐയുടെ ഇലക്ഷന്‍ പ്രചാരണത്തിന്റെ കുന്തമുനയത്രയും ജമാഅത്തെ ഇസ്‌ലാമിയുടെ നേരെയായിരുന്നു. ആര് ജയിച്ചാലും വികസനമുന്നണി സ്ഥാനാര്‍ഥികളെ ജയിപ്പിക്കരുതെന്നായിരുന്നു നിരന്തരമായ ആഹ്വാനം. മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിര്‍ലോഭമായ പിന്തുണയും ലഭിച്ചു ഈ കാമ്പയിനിന്.

ജമാഅത്തെ ഇസ്‌ലാമിയോ? ആ സംഘടന മുന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഈ തെരഞ്ഞെടുപ്പിലും മത്സരിച്ചില്ല. തങ്ങളൊരു രാഷ്ട്രീയപാര്‍ട്ടിയാവാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ദേശീയതലത്തില്‍ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ മനുഷ്യാവകാശങ്ങള്‍ക്കും ന്യൂനപക്ഷ പീഡിതവിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുന്ന, അഴിമതിക്കും അധാര്‍മികതക്കെതിരെയും പൊരുതുന്ന ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരാന്‍ ജമാഅത്ത് മുന്‍കൈ എടുക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ അതിനിയും യാഥാര്‍ഥ്യമായിട്ടില്ല. അതിനിടെ വന്ന പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സംഘടന അനുവാദംനല്‍കി. അവര്‍ മുന്‍കൈയെടുത്ത് ചില ജില്ലകളില്‍ ജനപക്ഷ, ജനകീയ വികസന മുന്നണികളെന്ന പേരില്‍ കൂട്ടായ്മകളുണ്ടാക്കി രംഗത്തിറങ്ങിയത് കഷ്ടിച്ച് മൂന്നു മാസങ്ങള്‍ക്കുള്ളിലാണ്. ഈ മുന്നണിക്കൊരു പാര്‍ട്ടിയോ ചിഹ്നമോ പതാകയോ നേതൃത്വമോ ഒന്നും ഉണ്ടായിരുന്നില്ല. സ്വതന്ത്രരായി 1700ല്‍പരം വാര്‍ഡുകളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുവെങ്കിലും അവയില്‍ കുറച്ചെണ്ണത്തിലേ സജീവ മത്സരരംഗത്തിറങ്ങിയുള്ളൂ. വിവിധ ജില്ലകളിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 40-50 വാര്‍ഡുകളില്‍ മാത്രം വിജയപ്രതീക്ഷ പുലര്‍ത്തി. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ എണ്ണം പിന്നെയും താണു. മറുവശത്ത് രണ്ട് മഹാമുന്നണികളുടെയും ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഭാഗത്തുനിന്നുള്ള ആക്രമണം അതിരൂക്ഷമായിരുന്നു. മുസ്‌ലിം മത, സാംസ്‌കാരികസംഘടനകളെ മുഴുവന്‍ കോട്ടക്കലില്‍ വിളിച്ചുചേര്‍ത്ത് മുസ്‌ലിംലീഗ് പ്രഖ്യാപിച്ച ഊരുവിലക്ക് അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കി. സുന്നി, മുജാഹിദ് സംഘടനകളാകെ പ്രളയത്തില്‍ പ്രാണനുംകൊണ്ട് നീന്തുന്ന ജീവികളെപ്പോലെ ജമാഅത്ത് നിയന്ത്രിത വികസന മുന്നണികള്‍ക്കെതിരെ ഐക്യപ്പെട്ടു. മതപണ്ഡിതന്മാര്‍ പരസ്യപ്രസംഗങ്ങള്‍ നടത്തി. വീടുവീടാന്തരം കയറിയിറങ്ങി വോട്ട് മറ്റാര്‍ക്ക് ചെയ്താലും വികസനമുന്നണിക്കാര്‍ക്ക് ചെയ്യരുതെന്ന് ഉദ്‌ബോധിപ്പിക്കുക മാത്രമല്ല, സ്ത്രീകളെക്കൊണ്ട് ഖുര്‍ആന്‍ തൊട്ട് സത്യവും ചെയ്യിച്ചു.

മതപ്രസിദ്ധീകരണങ്ങള്‍ വിഷലിപ്തമായ ലേഖനങ്ങള്‍കൊണ്ട് നിറഞ്ഞു. രാഷ്ട്രീയത്തില്‍ മതത്തിന്റെ നഗ്‌നമായ ഈ ഇടപെടല്‍ ആരും വിഷയമാക്കിയില്ല. വികസനമുന്നണികളാകട്ടെ, ഈ കോലാഹലങ്ങളോടൊന്നും പ്രതികരിച്ചതേയില്ല. വികസനോന്മുഖ, അഴിമതിമുക്ത പഞ്ചായത്ത് ഭരണമെന്നുള്ള ഏകയിന അജണ്ടയില്‍ പ്രചാരണം ഒതുക്കി. മതം, രാഷ്ട്രീയം, സമുദായം തുടങ്ങി ഒന്നിനെയും തെരഞ്ഞെടുപ്പില്‍ വിഷയമാക്കിയില്ല. വോട്ടെടുപ്പ് ദിവസമായപ്പോള്‍ പലേടത്തും ഇടത്-വലത് മുന്നണികളുടെ പരോക്ഷ ധാരണ, വികസന മുന്നണി സ്ഥാനാര്‍ഥികള്‍ ഒരു കാരണവശാലും ജയിച്ചുകയറരുതെന്ന്. ആ ധാരണ ശരിക്കും പ്രാവര്‍ത്തികമായെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുകയും ചെയ്തു. വികസന മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളിലൊക്കെ ഈ ഇടത്-വലത് അവിശുദ്ധ കൂട്ടുകെട്ടും വോട്ട് അട്ടിമറിയും നടന്നതിന്റെ ഫലമാണ് മുന്നണിയുടെ വിജയം ഒമ്പത് വാര്‍ഡുകളിലൊതുങ്ങിയത്. വയനാട്- ഒന്ന്, കോഴിക്കോട്- രണ്ട്, മലപ്പുറം- രണ്ട്, പാലക്കാട്- ഒന്ന്, തൃശൂര്‍- രണ്ട്, കൊല്ലം- ഒന്ന് എന്നിങ്ങനെയാണ് ലഭിച്ച സീറ്റുകള്‍. വികസന-ജനപക്ഷ മുന്നണികള്‍ നഗരസഭകളിലടക്കം രണ്ടാം സ്ഥാനം പിടിച്ച വാര്‍ഡുകള്‍ തൊണ്ണൂറോളം വരും. ഒന്നര ലക്ഷത്തിലധികം വോട്ടുകളും വികസന മുന്നണികള്‍ക്കനുകൂലമായി വീണു. മുന്നൊരുക്കങ്ങളോ പാര്‍ട്ടിയോ കൊടിയോ ചിഹ്നമോ പ്രചാരണത്തിന് നേതാക്കളോ ഇല്ലാതെ നടത്തിയ ഈ സാഹസികപരീക്ഷണം ഇത്രയളവിലെങ്കിലും വിജയിച്ചതാണദ്ഭുതം. അരനൂറ്റാണ്ടോളം പഴക്കമുള്ള രണ്ട് വന്‍ മുന്നണികളുടെ ബാനറില്‍ നുണച്ചാക്കും പണച്ചാക്കും വാരിവിതറി, എല്ലാതരം ജാതി, മത വിഭാഗീയ വികാരങ്ങളും സമൃദ്ധമായുപയോഗിച്ച് ഇടത്-വലത് പാര്‍ട്ടികള്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ബാക്കിപത്രമാണ് നമ്മുടെ മുന്നിലുള്ളത്. അവരുടെ പൊതുശത്രുവും മുഖ്യശത്രുവും, അഴിമതിമുക്ത വികസന മന്ത്രം ഉയര്‍ത്തിയ ജനപക്ഷ മുന്നണികളാണെന്നത് രാജ്യവും സംസ്ഥാനവും ചെന്നെത്തിയ അധഃപതനത്തിന്റെ ആഴം വിളിച്ചോതുന്നു.
Courtesy:AR/Madhyamam/02-11-2010