Saturday, October 8, 2011
OBITUARY_PC MUSTHAFA
അനുസ്മരണം:
പി.സി.മുസ്തഫ:
ജീവിതം തന്നെ പ്രബോധനം
പി.സി.മുസ്തഫ:
ജീവിതം തന്നെ പ്രബോധനം
കണ്ണൂര്‍:കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്ത് സെക്രട്ടറി പി.സി.മുസ്തഫ (42) ഇക്കഴിഞ്ഞ സപ്തംബര്‍ ഒന്നിന് നിര്യാതനായി. പ്രസ്ഥാനത്തിന്റെ പുതിയ ഘടനാ സംവിധാനമനുസരിച്ച് നിലവില്‍ വന്ന കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്തിന്റെ പ്രഥമ സെക്രട്ടറി എന്ന നിലയില്‍ പ്രദേശത്തെ പ്രവര്‍ത്തനം ചടുലമാക്കുന്നതിന് മുതല്‍കൂട്ടാവേണ്ടിയിരുന്ന സാരഥിയുടെ ആകസ്മിക വിയോഗമാണിത്.
റമദാന്‍ 29ന് തളിപ്പറമ്പില്‍ മുസ്തഫ സഞ്ചരിച്ച മാരുതി വാന്‍ ബസ്സുമായി കൂട്ടിമുട്ടി അത്യാസന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ നിലയില്‍ പിന്നീട് മംഗലാപുരത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആ കര്‍മയൌവനം അല്ലാഹുവിലേക്ക് തിരിച്ചു വിളിക്കപ്പെട്ടു.
ജീവിതം കൊണ്ട് പ്രബോധനം നിര്‍വഹിക്കുന്നതെങ്ങിനെയെന്ന് കര്‍മത്തിലൂടെ സാക്ഷ്യം വഹിച്ചാണ് മുസ്തഫ നമ്മോട് വിടപറഞ്ഞത്. കണ്ണാടിപ്പറമ്പ് ഗ്രാമത്തില്‍ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരുടെ ഘടകത്തെ വലിയ സാന്നിധ്യമാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് മുസ്തഫ വഹിച്ചത്. ബീഡിതൊഴിലാളിയായിരിക്കെ വിദ്യാര്‍ഥിയുവജന പ്രസ്ഥാന രംഗത്ത് വരികയും എസ്.ഐ.ഒ.വിന്റെ കണ്ണൂര്‍ ജില്ലാ സമിതിയില്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദീര്‍ഘമായ മീഖാത്തുകളിലായി എസ്.ഐ.ഒ. ജില്ലാ സമിതികളില്‍ വിവിധ തലമുറകള്‍ക്കിടയില്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടുവെന്നത് മുസ്തഫയുടെ പ്രത്യേകതയാണ്. ഈ ലേഖകന്‍ സാരഥിയായ എസ്.ഐ.ഒ.ജില്ലാ സമിതി മുതല്‍ അംഗമായ മുസ്തഫ ഒടുവില്‍ ടി.പി.മുഹമ്മദ്ശമീം പ്രസിഡന്റായ എസ്.ഐ.ഒ. ജില്ലാ സമിതിയുടെ സെക്രട്ടറിയായിരുന്നിട്ടുണ്ട്. ഇത്ര ദീര്‍ഘ കാലം എസ്.ഐ.ഒ.വിന്റെ ജില്ലാ സമിതിയില്‍ സാന്നിധ്യം നല്‍കിയവര്‍ ചുരുക്കമാണ്.
80 കളുടെ അവസാനത്തില്‍ എസ്.ഐ.ഒ. കണ്ണൂരില്‍ നടത്തിയ ധര്‍മച്യുതിക്കെതിരായ പോരാട്ടങ്ങളില്‍ മുസ്തഫ നേതൃപരമായ വലിയ പങ്കാണ് വഹിച്ചത്. കണ്ണൂരിലെ കാബറെ വിരുദ്ധ പോരാട്ടം, ചൂതാട്ടവിരുദ്ധ സമരം, മദ്യവിരുദ്ധ സമരങ്ങള്‍, തുടങ്ങിയവയില്‍ മുസ്തഫ ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു. വലിയൊരു കയ്യൂക്ക് വൃത്തം എതിര്‍പക്ഷത്ത് നിലകൊള്ളുന്ന കാബറെ നൃത്ത വേദിക്കെതിരായും സമ്പന്നരുടെ ചൂതാട്ട കേന്ദ്രമായ കണ്ണൂര്‍ സിറ്റി മക്കാനി ക്ളബ്ബിനെതിരായും ചുരുക്കം പ്രവര്‍ത്തകരെ അണിനിരത്തി എസ്.ഐ.ഒ.നേടിയെടുത്ത സമര വിജയം മുസ്തഫയെപ്പോലുള്ള സമര്‍പ്പിതരുടെ സാന്നിധ്യം കൊണ്ട് മാത്രമാണ് പൂര്‍ത്തീകരിച്ചത്. കാബറെ നൃത്തം നിരോധിക്കുകയും അതിന്റെ ആസ്ഥാനമായ ക്ളിഫ് ഹോട്ടല്‍ പൊലീസ് അടച്ചു പൂട്ടുകയും ചെയ്ത സംഭവം എസ്.ഐ.ഒ.വിന്റെ കണ്ണൂരിലെ സമരപോരാട്ടങ്ങളില്‍ വലിയ ചരിത്രമായിരുന്നു.
ജില്ലാ സമിതിയുടെ ചുമതലകള്‍ക്കിടയിലും പ്രാദേശിക പ്രവര്‍ത്തനത്തില്‍ ഒരു വീഴ്ചയും വരുത്താത്ത ആളാണ് മുസ്തഫ.ആള്‍ബലമല്ല, ആര്‍ജവമാണ് പ്രവര്‍ത്തനത്തിന് തേജസ്സ് നല്‍കുന്നതെന്ന് മുസ്തഫയുടെ അന്നത്തെ ദുര്‍ബല ഘടകം കാഴ്ചവെച്ച സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ സാക്ഷിയാണ്.
മരത്തിന്റെ ഫ്രെയിമുകളില്‍ ചാക്കുകള്‍ തറച്ച് ചുണ്ണാമ്പ് പൂശി പ്രചാരണ ബോര്‍ഡുകള്‍ ഘടകങ്ങള്‍ സ്വന്തം അദ്ധ്വാനത്തിലൂടെ നിര്‍മിച്ചിരുന്ന കാലമാണത്. ഒരു ബോര്‍ഡ് തന്നെ പലതവണ ചുണ്ണാമ്പ് പൂശി മാറിമാറി എഴുതുകയാണ് പതിവ്. സംസ്ഥാന സമ്മേളനത്തിനുള്ള പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള പ്രാദേശിക തല ടാര്‍ഗറ്റ് അനുസരിച്ച് കണ്ണാടിപ്പറമ്പ് ഘടകത്തില്‍ ബോര്‍ഡ് എഴുതാന്‍ ഈ ലേഖകന്‍ പോയപ്പോള്‍ അവിടെ തയ്യാറാക്കി വെച്ചിരിക്കുന്ന ബോര്‍ഡുകളുടെ എണ്ണം 40 ലേറെ! ചുരുങ്ങിയത് അഞ്ച് ബോര്‍ഡുകളെഴുതണമെന്നായിരുന്നു നിര്‍ദേശം. സന്ധ്യവരെയും ബീഡിപണിയെടുത്ത ശേഷം കിട്ടുന്ന രാത്രിയിലെ സമയം ഉപയോഗിച്ചാണ് മുസ്തഫയുടെ നേതൃത്വത്തില്‍ 40 ബോര്‍ഡുകള്‍ ഒരാഴ്ഫ(ച കൊണ്ട് ഉണ്ടാക്കിയത്. വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരുള്ള ഒരു ഘടകം ഇത്രയും ബോര്‍ഡുകള്‍ പോസ്റ്റ് കുഴിച്ചിട്ട് എങ്ങിനെ സ്ഥാപിക്കും എന്ന് മുസ്തഫയോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു:
'ബോര്‍ഡ് കെട്ടുന്ന കാര്യത്തില്‍ എനിക്ക് അലോസരമില്ല, എഴുതി തരുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രയാസം ഉണ്ടോ? ബോര്‍ഡ് നിര്‍മിക്കാന്‍ ഒരാഴ്ച ഉറക്കമൊഴിഞ്ഞ മുസ്തഫ അന്ന് പുലരുവോളം ബോര്‍ഡ് എഴുതുന്ന ഞങ്ങളോടൊപ്പവും ഉറക്കമൊഴിഞ്ഞു നിന്നു.
ദീനി മാര്‍ഗത്തിലെ സമര്‍പ്പണത്തിന് രാവും പകലുമില്ലെന്ന് പ്രവര്‍ത്തനം കൊണ്ട് സാക്ഷ്യംവഹിച്ച മുസ്തഫയുടെ ഈ ശൈലി തന്നെയാണ് അദ്ദേഹം മരണം വരെയും സ്വീകരിച്ചത്.
റമദാനിലെ ലൈലത്തുല്‍ഖദറിനെ പ്രതീക്ഷിച്ചിരുന്ന രാവുകളിലെ ഉറക്കം പിറ്റേന്ന് പകലില്‍ കടം വീട്ടാന്‍ നോക്കിയില്ല. വൈകീട്ട് കണ്ണൂര്‍ ഐ.സി.എം. ജുമാമസ്ജിദിലെ ഫിത്വര്‍ സക്കാത്ത് ശേഖരണത്തില്‍ മുഴുകി. രാത്രി ഇഅ്തികാഫിരുന്നു. പുലര്‍ച്ചെ കിട്ടിയ സമയം ഫിത്വര്‍ അരി പാക്കറ്റുകളിലാക്കാന്‍ വിനിയോഗിച്ചു.രാവിലെ വീട്ടിലെത്തി ഭാര്യാമക്കളെ കാണാന്‍ സമയമില്ലാതെ തന്റെ ജീവിതമാര്‍ഗം തേടി വാഹനത്തില്‍ കയറുകയായിരുന്നു.
ഏത് നിമിഷവും മരണത്തെ വരവേല്‍ക്കേണ്ടവന്‍ ഏറ്റെടുത്ത ചുമതലകള്‍ നാളേക്ക് നീട്ടിവെക്കില്ല എന്നത് ഭംഗി വാക്കല്ലെന്ന് മുസ്തഫ അവസാന മണിക്കൂറുകളില്‍ തെളിയിച്ചു. മുസ്തഫ അപകടത്തില്‍ പെട്ട ദിവസം കണ്ണൂര്‍ സിറ്റി ഞാലുവയലിലെ പള്ളിയില്‍ നിന്നാണ് പുറപ്പെട്ടത്. പള്ളിയിലേക്ക് പതിനൊന്ന് വയസ്സുകാരനായ മകന്‍ മിസ്ഹബിനെ വിളിച്ച് കൊണ്ടുപോയി താന്‍ വിതരണം ചെയ്യേണ്ട ഫിത്വര്‍ അരി പാക്കറ്റുകള്‍ ഏല്‍പിച്ചു. എത്തിക്കേണ്ട വീടുകളുടെ ലിസ്റ്റും നല്‍കി. ബാപ്പാ വൈകീട്ട് വരാന്‍ വൈകിയാന്‍ വിതരണം മുടങ്ങിപ്പോകരുതെന്നും മറ്റുള്ളവരോടൊപ്പം മോനും ബാപ്പയുടെ പ്രതിനിധിയായി പങ്കാളിയാവണമെന്നും നിര്‍ദേശിച്ചു. ആ യാത്ര അന്ത്യയാത്രയായിരിക്കുമെന്ന് പുന്നാര മകന്‍ ഓര്‍ത്തിരിക്കില്ല. ഏല്‍പിച്ച ജോലി കൃത്യമായി നിര്‍വഹിച്ച് അവന്‍ കാത്തിരുന്നു. പെരുന്നാള്‍ രാത്രിയിലെ ബാപ്പയുടെ മധുരമുള്ള സാന്നിധ്യത്തിനായി പുലരുവോളം. അത്യാഹിത്തില്‍ പെട്ട് ബാപ്പ മരണത്തോട് മല്ലടിക്കുന്ന വിവരം മകനെ നാട്ടുകാര്‍ മറച്ചു വെച്ചു. പെരുന്നാള്‍ പിറ്റേന്ന് ചലനമറ്റ പിതാവിന്റെ ശരീരത്തെയാണ് കണ്ണീരോടെ മോന്‍ ഏറ്റുവാങ്ങിയത്.
പ്രവര്‍ത്തന കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണ് വേണ്ടതെന്ന് എല്ലാ വേദികളിലും മുസ്തഫ പറയുമായിരുന്നു. അതിനാല്‍, ഏത് പ്രവര്‍ത്തനവും ഏറ്റെടുക്കുന്നതില്‍ മുസ്തഫാക്ക് മടിയില്ലായിര ുന്നു. പ്രവര്‍ത്തിയിലൂടെ അത് തെളിയിക്കുകയും ചെയ്യുമായിരുന്നു. കണ്ണൂര്‍ സിറ്റി ഹല്‍ഖയിലെ സെയ്ത് സാഹിബ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായപ്പോള്‍ ഹല്‍ഖാ പരിധിലെ പ്രബോധനം വാരികയുടെ വീടുവീടാന്തരമുള്ള വിതരണ ചുമതല വലിയ പ്രതിസന്ധിയിലാവുമെന്ന് കരുതിയതാണ്. പക്ഷെ, മുസ്തഫ യാതൊരു സന്ദേഹവുമില്ലാതെ പ്രബോധനം വിതരണം ഏറ്റെടുത്ത് നിര്‍വഹിക്കുകയായിരുന്നു. ഇത് മുസ്തഫയുടെ മറ്റൊരു ജോലിയെയും പ്രതികൂലമാക്കിയില്ല.
ഏറെ കാലം ഗള്‍ഫിലായിരുന്നു മുസ്തഫ. അവിടെ സഹിക്കാനാവാത്ത ജോലി ഭാരം കൈവിട്ടാണ് നാട്ടിലെത്തിയത്. വീണ്ടും ഗള്‍ഫിലേക്ക് പോകാനുള്ള കാത്തിരിപ്പിനിടയില്‍ നാട്ടിലെ സമയം പാഴാക്കാതിരിക്കാനാണ് നട്സ്ആന്റ് ഡ്രൈഫ്രൂട്ട്സ് വിതരണ ഏജന്‍സി ജോലിയില്‍ മുഴുകിയത്. ഇടക്കാലത്ത് കാനിച്ചേരിയിലെ മസ്ജിദ് ഖുബൈബിലെ ഇമാമായി സേവനം അനുഷ്ടിച്ചിരുന്നു.
പരിമിതമായ വരുമാനമാണ് ഉണ്ടായിരുന്നത്. പക്ഷെ, ജീവിതലാളിത്യം കൊണ്ട് പരിമിതികളെ നേരിട്ടു. സാമ്പത്തികമായ അച്ചടക്കവും സൂക്ഷ്മതയും എത്രത്തോളമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരനുഭവം മുസ്തഫയുടെ അവസാന നാളില്‍ നിന്ന് അടയര്‍ത്തിയെടുക്കാം.:
രണ്ടു വയസ്സുകാരനായ ഇളയമകന് പെരുന്നാളിന് ധരിക്കാന്‍ ഷൂസ് വാങ്ങാന്‍ സമയം കിട്ടിയിരുന്നില്ല. അത് വാങ്ങാനുള്ള പണം ഭാര്യയെ ഏല്‍പിക്കാന്‍ മറന്നാണ് റമദാന്‍ 29ന് തിരക്കിട്ട് പോയത്. മുസ്തഫ ഭാര്യയെ ഫോണില്‍ വിളിച്ച് ഇങ്ങനെ നിര്‍ദേശിച്ചു. 'എന്നെ പരിചയമുള്ള ഫൂട്ട്വെയര്‍ കടയില്‍ പോയി ഷൂസ് സെലക്ട് ചെയ്യുക. അവിടെ കടം പറഞ്ഞ് വാങ്ങണ്ട.ഷൂസിന്റെ പായ്ക്കറ്റില്‍ പേര് എഴുതി വെച്ചാല്‍ മതി. രാത്രി വരുമ്പോള്‍ ഞാന്‍ വാങ്ങിക്കോളാം,'
-കടം വാങ്ങിപ്പോകാതിരിക്കാനുള്ള സൂക്ഷ്മമായ ഫോര്‍മുലയായിരുന്നു അതെന്ന് ഭാര്യക്ക് മനസ്സിലായി. ജമാഅത്തെഇസ്ലാമി കണ്ണൂര്‍ സിറ്റി വനിതാ ഹല്‍ഖയുടെ നാസിമത്തായ ഭാര്യ ഹസീബ അത് അനുസരിച്ചു. പൊന്നോമന മകന് വേണ്ടി പൊതിഞ്ഞു വെച്ച ഷൂസ് രാത്രി കടയില്‍ വന്ന് വാങ്ങും മുമ്പ് മുസ്തഫ അത്യാഹിതത്തില്‍ പെട്ടിരുന്നു. ഭാര്യ അത് നേരത്തെ വാങ്ങിരുന്നുവെങ്കില്‍ ഒരു ഷൂസ് വാങ്ങിയ കടബാധ്യയോടെ മുസ്തഫ അല്ലാഹുവിലേക്ക് മടങ്ങിയേനെ!! എന്തൊരു സൂക്ഷ്മത. എന്ത് മാത്രം വിശുദ്ധി.!!!
മുസ്തഫയുമായി സാമ്പത്തിക ഇടപാട് നടത്തിയവര്‍ക്കെല്ലാം ഇത്തരം നിരവധി അനുഭവങ്ങള്‍ നിരത്തി വെക്കാനുണ്ടാവും. മുസ്തഫയുടെ സാമ്പത്തിക ഇടപാടുകള്‍ തലനാരിഴ പിഴവില്ലാത്തതായിരുന്നു. മുസ്തഫ സാമ്പത്തികമായി ആരുടെ മുന്നിലും കടപ്പെട്ടിട്ടില്ല. ഒന്നും സമ്പാദിച്ചിട്ടുമില്ല. സല്‍കര്‍മങ്ങളൂം, സ്വാലിഹായ ഭാര്യ മക്കളും അല്ലാതെ.
മുസ്തഫയുടെ ജനാസ നമസ്കാരം തുടങ്ങാന്‍ അല്‍പം കാത്തിരിക്കേണ്ടി വന്നു. കാരണം, ഉമ്മയുടെ ചാരത്ത് കരഞ്ഞു കിടന്ന പതിനൊന്നുകാരന്‍ മിസ്ഹബ്ിനെ ആരും ഗൌനിച്ചിരുന്നില്ല. എല്ലാ നേരവും പള്ളിയില്‍ ചെന്ന് തന്നെ നമസ്കരിക്കണമെന്ന് ഉപദേശിച്ച ബാപ്പയുടെ മയ്യിത്ത് നമസ്കരിക്കാന്‍ തന്നെ ആരും പള്ളിയിലേക്ക് വിളിച്ചില്ല എന്നായിരുന്നു മോന്റെ പരിഭവം. അങ്ങിനെ മിസ്ഹബിനെ ഒന്നാമത്തെ സ്വഫ്ഫില്‍ കൊണ്ട് നിര്‍ത്തിയാണ് നമസ്കാരം തുടങ്ങിയത്. എല്ലാവരും ഭയപ്പെട്ടത് പോലെ അവന്‍ ബാപ്പയുടെ മുഖം കണ്ട് നിലവിളിച്ചില്ല. ഒരു മുത്തം ചോദിച്ചു വാങ്ങി.
ബാപ്പ ഗുരുതരനിലയില്‍ പരിക്കേറ്റ് കിടക്കുന്ന ദിനങ്ങളിലും ഇടറാത്ത സ്വരത്തില്‍ പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുകയും, മുസ്തഫയുടെ ജനാസനമസ്കാരത്തിന് ഒന്നാമത്തെ സ്വഫില്‍ നില്‍ക്കാനുള്ള അവകാശം ചോദിച്ചു വാങ്ങുകയും ചെയ്ത പതിനൊന്ന് കാരന്‍ മിസ്ഹബും, സ്ത്രീകളുടെ നമസ്കാരത്തിന്റെ ഇമാറത്ത് പക്വതയോടെ നിര്‍വഹിച്ച പതിമൂന്ന് കാരി ഹംനയും മുസ്തഫ നല്‍കിയ തങ്കത്തിളക്കമുള്ള സന്താനങ്ങളാണ്. മൂന്നാമത്തെ മകന് രണ്ട് വയസ്സാണ് പ്രായം. ഹല്‍ഖയുടെ 'പ്രബോധനം' വാരിക വിതരണം ഏറ്റെടുക്കേണ്ടി വന്ന മുസ്തഫ പ്രബോധനം വാങ്ങുന്നവരുടെ പട്ടിക നല്‍കിയത് മിസ്ഹബിനാണ്. അവനത് കൃത്യമായി ജനങ്ങളിലെത്തിച്ചു കൊണ്ടിരിക്കുന്നു. അപകടത്തില്‍ പെടുന്നതിന്റെ തലേന്നാണ് പ്രബോധനത്തിന്റെ അവസാന മാസത്തെ സാമ്പത്തിക ഇടപാടുകളും മുസ്തഫ കണക്ക് തീര്‍ത്ത് വെച്ചത്.
മുസ്തഫ പോയത് സ്വര്‍ഗത്തിലേക്ക് തന്നെയാണ്. മൂന്ന് മക്കളെയും ഭാര്യയെയും വഴിക്ക് നിര്‍ത്തിയുള്ള യാത്ര. മുസ്തഫയോടൊപ്പം സ്വര്‍ഗത്തിലെത്താനുള്ള പരീക്ഷണങ്ങളാണ് ഇനി ഭാര്യമക്കളുടെ ബാധ്യത. അങ്ങിനെയൊരു പരിണാമത്തിലാണ് ഞങ്ങള്‍ എത്തിപ്പെട്ടത് എന്ന് ഈ കൊച്ചു കുടുംബത്തിന് തിരിച്ചറിവ് നല്‍കാന്‍ നമുക്ക് പ്രാര്‍ഥിക്കാം. പരീക്ഷണങ്ങളെ നേരിടാനും സമാധാനം കൈവരാനും ഈ കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കുമാറാകാട്ടെ. (ആമീന്‍)
മുസ്തഫയുടെ ബാപ്പയുടെ മരണം നടന്നിട്ട് ഒന്നരമാസമേ ആവുന്നുള്ളു. ബാപ്പയുടെ അന്ത്യനിമിഷം വരെ പരിയാരം മെഡിക്കല്‍ കോളേജില്‍ മുസ്തഫ പരിചാരകനായി ഉണ്ടായിരുന്നു. ബാപ്പയുടെ താങ്ങാനാവാത്ത ഈ വേദനക്കൊപ്പം മുസ്തഫയുടെ മരണം മാതാവിനേല്‍പിച്ച മുറിവ് അളക്കാനാവാത്തതാണ്. ആ മാതാവിനും സഹോദരങ്ങള്‍ക്കും അല്ലാഹു സമാധാനം നല്‍കുമാറാകട്ടെ. (ആമീന്‍)
അല്ലാഹുവേ! മുസ്തഫാക്ക് നീ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കേണമേ!! ആമീന്‍
സി.കെ.എ.ജബ്ബാര്‍
ckajabbar@gmail.com
ckajabbar@gmail.com
WIRAS
കോമേഴ്സ് അസോസിയേഷന്‍
ഉദ്ഘാടനം
ഉദ്ഘാടനം
വിളയാങ്കോട്: വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) കോമേഴ്സ് അസോസിയേഷന്‍ ദിനേശ് പ്രോഡക്ട്സ് ചെയര്‍മാന്‍ സി. രാജന്‍ ഉദ്ഘാടനം ചെയ്തു.
ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡോ. രജനി, എ.പി. ശംസീര്‍, ആര്‍.സി. പ്രദീപന്‍, മുനവ്വിര്‍, അപര്‍ണ പവനജന്‍ എന്നിവര്‍ സംസാരിച്ചു. കോമേഴ്സ് ഡിപാര്‍ട്മെന്റ് ഹെഡ് പി. പാര്‍വതി അമ്മ സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി എന്‍.വി. ജസീം നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംരംഭകത്വ വികസനത്തെക്കുറിച്ചുള്ള സെമിനാര്‍ നടന്നു.
ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡോ. രജനി, എ.പി. ശംസീര്‍, ആര്‍.സി. പ്രദീപന്‍, മുനവ്വിര്‍, അപര്‍ണ പവനജന്‍ എന്നിവര്‍ സംസാരിച്ചു. കോമേഴ്സ് ഡിപാര്‍ട്മെന്റ് ഹെഡ് പി. പാര്‍വതി അമ്മ സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി എന്‍.വി. ജസീം നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംരംഭകത്വ വികസനത്തെക്കുറിച്ചുള്ള സെമിനാര്‍ നടന്നു.
Subscribe to:
Posts (Atom)